തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓള്‍ട്ടോ എന്നീ ശ്രദ്ധേയ സിനിമകള്‍ക്ക് ശേഷം സെന്ന ഹെഗ്‌ഡേ ഒരുക്കുന്ന കുഞ്ചോക്കോ ബോബന്‍ ചിത്രം ‘പദ്മിനി’യുടെ മൂന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. മൂന്ന് പോസ്റ്ററുകളിലും മൂന്ന് നായികമാര്‍ക്കൊപ്പമാണ് ചാക്കോച്ചനുള്ളത്. ഒരേ ദിവസമാണ് ഈ മൂന്ന് ഫസ്റ്റ്‌ലുക്ക് പോസ്റ്ററും സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് നായികമാര്‍. വീണ്ടും ഒരു റൊമാന്റിക് നായകനായി കുഞ്ചാക്കോ എത്താനൊരുങ്ങുകയാണെന്നും പോസ്റ്ററുകള്‍ സൂചന നല്‍കുന്നുണ്ട്. ലിറ്റില്‍ ബിഗ് ഫിലിംസ് നിര്‍മ്മിച്ച ‘കുഞ്ഞിരാമായണ’ത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് ‘പദ്മിനി’യുടെയും രചന നിര്‍വഹിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം, കുഞ്ഞിരാമായണം ടീം ഒന്നിക്കുന്ന പ്രത്യേകത കൂടി ‘പദ്മിനി’ക്കുണ്ട്. മാളവിക മേനോന്‍, ആതിഫ് സലിം, സജിന്‍ ചെറുകയില്‍, ഗണപതി, ആനന്ദ് മന്മഥന്‍, സീമ ജി നായര്‍, ഗോകുലന്‍, ജെയിംസ് ഏലിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.