കൊതുകിന് മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തിനും കൊതുക് തിരികള്‍ മാരകമാണ്. കൊതുക് തിരികള്‍ കത്തിക്കുന്നത് ശ്വാസകോശ അര്‍ബുദത്തിലേക്ക് വരെ നയിച്ചേക്കാം. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഇത് കാരണമാകാം. അതിനാല്‍ പരമാവധി ഇത്തരം കൊതുകു തിരികള്‍ കത്തിക്കാതിരിക്കാന്‍ ശ്രമിക്കുന്നതാണ് ഉത്തമം. ഇതിന് പകരമായി കൊതുക് വലകള്‍, ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇന്ന് ഒട്ടു മിക്ക വീടുകളിലും ഓഫീസുകളിലുമൊക്കെ ഇത്തരം കൊതുക് തിരികള്‍ ഉപയാഗിക്കുന്നുണ്ട്. ഇവയില്‍ അലുമിനിയം, ക്രോമിയം, ടിന്‍ തുടങ്ങിയ ഘനലോഹങ്ങള്‍, കീടനാശിനികള്‍, പൈറെത്രിന്‍സ് പോലുളള സുഗന്ധ പദാര്‍ത്ഥങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ കൊതുകുകളെ അകറ്റുകയോ കടിക്കാനുളള സാധ്യത കുറയ്ക്കുകയോ ചെയ്യും എന്നാല്‍ ഇവ മറ്റ് ചില രോഗങ്ങള്‍ക്കും കാരണമാകാം. കൊതുക് തിരികളില്‍ കാര്‍സിനോജനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിന് വളരെ അപകടകരമാണ്, ശ്വാസകോശ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും. ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ വളരെയധികം ജാഗ്രത പാലിക്കണം. കാരണം തിരി കത്തിക്കുന്നത് ആസ്ത്മ കൂടാനും ശ്വാസതടസ്സത്തിനും ചുമയ്ക്കുമൊക്കെ കാരണമാകും. തിരികളില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ ചിലരില്‍ തലവേദനയ്ക്ക് കാരണമാകും. തിരികളില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങള്‍ ചര്‍മ്മത്തില്‍ തിണര്‍പ്പുകളും അലര്‍ജികളെയും ഉണ്ടാക്കിയേക്കാം. അതിനാല്‍ തിരികള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. തിരികളില്‍ ശ്വസിക്കാന്‍ സുരക്ഷിതമല്ലാത്ത രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ഇവ വായു മലിനീകരണം ഉണ്ടാക്കും. ഇത് ശ്വസന പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ വര്‍ദ്ധിപ്പിക്കുകയോ ചെയ്യും. ഇവ കുട്ടികളിലും ശ്വസന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും.