യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളായ ഗൂഗിള്‍ പേ, പേടിഎം പോലുള്ള സേവനദാതാക്കളുമായി സഹകരിച്ച് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ സുഗമമാക്കാന്‍ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. റുപേ ക്രെഡിറ്റ് കാര്‍ഡും യു.പി.ഐയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തെ തുടര്‍ന്നാണ് പുതിയ നീക്കം. നിലവില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകളില്‍ മാത്രമാണ് ഈ സേവനം ലഭിച്ചിരുന്നത്. രാജ്യത്ത് യു.പി.ഐയില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ സാധ്യമാക്കുന്നതിനായി ഭാരത്‌പേ, കാഷ്ഫ്രീ പേയ്‌മെന്റ്, ഗൂഗിള്‍ പേ, റേസര്‍പേ, പേടിഎം, പേയു, പൈന്‍ ലാബ്‌സ് തുടങ്ങിയവ പ്രവര്‍ത്തനക്ഷമമാക്കിയതായി എന്‍പിസിഐ അറിയിച്ചു. നേരത്തെ യു.പി.ഐ ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് അക്കൗണ്ടുകള്‍ എന്നിവയിലൂടെ മാത്രമേ ഇടപാടുകള്‍ നടത്താന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യു.പി.ഐയുമായി ബന്ധിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് പേയ്‌മെന്റുകള്‍ക്കായി എപ്പോഴും ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്ക്കേണ്ട ആവശ്യമില്ലെന്ന് എന്‍പിസിഐ അറിയിച്ചു. ഏകദേശം 250 ദശലക്ഷം ഇന്ത്യക്കാര്‍ അവരുടെ ദൈനംദിന ഇടപാടുകള്‍ക്കായി യു.പി.ഐ ഉപയോഗിക്കുന്നുണ്ട്. കൂടാതെ അഞ്ച് കോടിയിലധികം വ്യാപാരികളും യു.പി.ഐ ഉപയോഗിക്കുന്നുണ്ട്.