കിടിലന്‍ ത്രില്ലര്‍ ചിത്രവുമായി തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ് പ്രിയദര്‍ശന്റെ ‘കൊറോണ പേപ്പേഴ്സ്’. തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ‘എട്ട് തോട്ടകള്‍’ എന്ന സിനിമയുടെ മലയാളം റീമേക്കാണ് കൊറോണ പേപ്പേഴ്സ്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ ചിത്രം പ്രിയദര്ശന് തന്നെയാണ് നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ശ്രീ ഗണേഷിന്റേതാണ് കഥ. യുവതാരങ്ങളായ ഷെയ്ന് നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഷെയ്ന് നിഗം തിരികെയെത്തുന്നത്. തന്റെ പതിവ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഷെയ്ന് എത്തുന്നത്. തമിഴ് താരം ഗായത്രി ശങ്കര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്, മണിയന് പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്, ശ്രീകാന്ത് മുരളി, നന്ദു പൊതുവാള് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.