ദേവികുളം മണ്ഡലത്തിലെ സിപിഎം എംഎല്‍എ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണ മണ്ഡലമായ ദേവികുളത്ത് ക്രിസ്തുമത വിശ്വാസിയായ രാജ തെറ്റായ വിവരങ്ങളും വ്യാജരേഖകളും ഹാജരാക്കിയാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെന്നു ഹൈക്കോടതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 7,847 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു രാജ ജയിച്ചത്.
പ്രതിപക്ഷത്തോട് അനുനയ ശ്രമവുമായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന പരാമര്‍ശം സഭാ രേഖകളില്‍നിന്നു നീക്കും. അനുചിതമായ പരാമര്‍ശമായിരുന്നെന്നും ഷംസീര്‍ പറഞ്ഞു. സഭാ ടീവിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കും. സമാന്തര സഭാ സമ്മേളനം നടത്തിയാല്‍ നടപടിയെടുക്കുമെന്നും സ്പീക്കര്‍. നിയമസഭാ കാര്യോപദേശക സമിതിക്കു ശേഷമാണ് സ്പീക്കര്‍ ഈ നിലപാടുകള്‍ വ്യക്തമാക്കിയത്. നിയമസഭാ സമ്മേളനത്തിന്റെ തുടക്കംമുതലേ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം കാര്യോപദേശക സമിതി യോഗവും ബഹിഷ്‌കരിച്ചു.
സര്‍ക്കാര്‍ അനുരഞ്ജനത്തിനു ശ്രമിക്കാത്തതിനാല്‍ നിയമസഭാ സമ്മേളനത്തിന്റെ തുടക്കം മുതല്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. അടിയന്തര പ്രമേയം അനുവദിക്കുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥയാണെന്നും വിമര്‍ശിച്ചു. സഭാനടപടികള്‍ നിര്‍ത്തിവച്ച് 11 ന് കാര്യോപദേശക സമിതി ചേര്‍ന്നു.
പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ വിട്ടുവീഴ്ചയ്ക്കു മടിച്ച് സര്‍ക്കാര്‍. സഭ സമ്മേളിക്കുന്നതിനു മുമ്പ് സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും യോഗം ചേര്‍ന്ന് സമവായത്തിനു ശ്രമമുണ്ടായില്ല. എന്നാല്‍ സ്പീക്കര്‍ ഷംസീറും പാര്‍ലമെന്ററി കാര്യ മന്ത്രി കെ. രാധാകൃഷ്ണനും സഭയില്‍ സഹകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടു ഫോണില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
പ്ലകാര്‍ഡുകളുമേന്തിയാാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്രതിപക്ഷത്തെ മനപ്പൂര്‍വം പ്രകോപിപ്പിച്ച് മറുപടി പറയാതെ രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഈ മാസം 30 വരെ നടക്കേണ്ട സമ്മേളനം പ്രതിപക്ഷ പ്രതിഷേധംമൂലം വെട്ടിച്ചുരുക്കാന്‍ ആലോചനയുണ്ടായെങ്കിലും നാലു ബില്ലുകള്‍കൂടി പാസാക്കാനുള്ളതിനാല്‍ സമ്മേളനം തുടരാനാണ് തീരുമാനിച്ചത്.
വിഘടനവാദി നേതാവും ഖലിസ്ഥാന്‍ അനുകൂലിയുമായ അമൃത്പാല്‍ സിംഗിനെ അറസ്റ്റു ചെയ്‌തെന്ന് അയാളുടെ അഭിഭാഷകന്‍ ഇമാന്‍ സിങ് ഖാര. അമൃത്പാല്‍ ഷാഹ്‌കോട്ട് പൊലീസ് സ്റ്റേഷനില്‍ ഉണ്ടെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലാനാണ് ശ്രമമെന്നും അഭിഭാഷകന്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കി. പഞ്ചാബ് പോലീസ് ഇനിയും പ്രതികരിച്ചിട്ടില്ല. പഞ്ചാബില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയക്കു വിധേയയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചു. അര്‍ദ്ധബോധാവസ്ഥയില്‍ യുവതിക്കു പ്രതികരിക്കാനായില്ല. പിന്നീട് യുവതി ബന്ധുക്കളെ വിവരം അറിയിച്ചു. പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി.
വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇന്‍കംടാക്‌സ് റെയ്ഡ്. രാജ്യത്തെ 70 കേന്ദ്രങ്ങളിലാണ് പരിശോധന. കൊച്ചി, കൊയിലാണ്ടി, ഡല്‍ഹി, ചെന്നെ, മുംബൈ തുടങ്ങിയ കേന്ദ്രങ്ങളിലും പരിശോധന തുടരുകയാണ്.
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നു പ്രസംഗിച്ചതില്‍ ഖേദമില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോടാണ് പറയേണ്ടതെന്നും പാംപ്ലാനി പ്രതികരിച്ചു. കര്‍ഷക പ്രശ്‌നത്തിന് മാധ്യമ, രാഷ്ട്രീയ ശ്രദ്ധ കിട്ടിയതില്‍ സന്തോഷമെന്നും പാംപ്ലാനി പറഞ്ഞു.
റബ്ബര്‍ വില മുുന്നൂറു രൂപയാക്കിയാല്‍ ബിജെപിയെ സഹായിക്കുമെന്നു പ്രസംഗിച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസും നേതാക്കളും സന്ദര്‍ശിച്ചു. ആര്‍ച്ച്ബിഷപിന്റെ ആവശ്യം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നു ഹരിദാസ്.
തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം. വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ആക്രമിച്ചത്. പരാതിപ്പെട്ടെങ്കിലും പേട്ട പൊലീസ് കേസെടുത്തത് മൂന്നു ദിവസത്തിനുശേഷമാണ്. മൊഴി രേഖപ്പെടുത്താന്‍ പരാതിക്കാരിയോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ട് പൊലീസ് ചട്ടം ലംഘിക്കുകയും ചെയ്തു.
തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കൂടത്തായി കൊലപാതക പരമ്പര കേസില്‍ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന മുഖ്യപ്രതി ജോളിയുടെ ഹര്‍ജി ഹൈക്കോടതി തളളി. ബലാത്സംഗക്കേസിലോ തീവ്രവാദക്കേസിലോ ആണ് രഹസ്യ വിചാരണയെന്നും കൊലക്കേസായതിനാല്‍ പരസ്യവിചാരണ ആകാമെന്നുമാണ് ജോളി വാദിച്ചത്.
ടൈറ്റാനിയം ജോലി തട്ടിപ്പു കേസില്‍ ഇടനിലക്കാരനായ അധ്യാപകന്‍ അറസ്റ്റില്‍. വെള്ളനാട് സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. അമരവിള എല്‍എംഎസ് സ്‌കൂളിലെ അറബി അധ്യാപകനാണ് ഷംനാദ്.
ഇടുക്കി കുമളി റോസപ്പൂക്കണ്ടത്ത് ഒരാള്‍ കുത്തേറ്റു മരിച്ചു. വാടക വീട്ടില്‍ താമസിക്കുന്ന രുക്മാന്‍ അലി (36) ആണ് കൊല്ലപ്പെട്ടത്.
ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനികളോടു മോശമായി പെരുമാറിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനില്‍ ശ്രീജിത്തിനെ (47)യാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്.
ന്യൂയോര്‍ക്ക്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികന്റെ മൂത്രാഭിഷേകത്തിന് ഇരയായ സ്ത്രീ സുപ്രീംകോടതിയെ സമീപിച്ചു. വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാര്‍ഗരേഖ ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഡിജിസിഎയ്ക്കും വിമാന കമ്പനികള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ നഷ്ടമായെന്നു രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്ത്. വജ്ര, സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും കാണാതാതിനു മൂന്നു ജീവനക്കാരെ സംശയിച്ചുകൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി. കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ജപ്പാന്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. നയതന്ത്രതല ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഫുമിയോ കിഷിദ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.