ബിഎംഡബ്ല്യുവിന്റെ ചെറു എസ്യുവി എക്സ് വണ്‍ സ്വന്തമാക്കി ലുക്മാന് അവറാന്. സൗദി വെള്ളയ്ക്ക, ഉണ്ട, തല്ലുമാല, ഓപ്പറേഷന് ജാവ തുടങ്ങിയ സിനിമകളിലെ കരുത്തുള്ള കഥാപാത്രങ്ങള്‍ നമുക്ക് സമ്മാനിച്ച നടനാണ് ലുക്മാന് അവറാന്. മലപ്പുറത്തെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍മാരായ കല്ലിങ്കല്‍ മോട്ടോഴ്സില്‍ നിന്നാണ് ലുക്മാന് ബിഎംഡബ്ല്യു ഗാരിജിലെത്തിച്ചത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുള്ള വാഹനത്തിന്റെ ഏതു മോഡലാണെന്ന് വ്യക്തമല്ല. എക്സ് 1 ബിഎംഡബ്ല്യുവിന്റെ ലൈനപ്പിലെ മികച്ച വാഹനങ്ങളില്‍ ഒന്നാണ്. 2016 മുതല്‍ 2020 വരെ വിപണിയിലുണ്ടായിരുന്ന മോഡലാണ് ഇത്. 2 ലീറ്റര്‍ പെട്രോള്‍ എന്ജിന് ഉപയോഗിക്കുന്ന വാഹനത്തിന് 192 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട്. 2 ലീറ്റര്‍ ഡീസല്‍ എന്ജിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കരുത്ത് 190 ബിഎച്ച്പിയും ടോര്‍ക്ക് 400 എന്‍എമ്മുമാണ്. പൂജ്യത്തില്‍ നിന്ന് 100 കടക്കാന്‍ 7.6 സെക്കന്റുകള്‍ മതി ഈ കരുത്തന് എസ്യുവിക്ക്. പുതിയ എക്സ് വണ്ണിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് ഏകദേശം 45 ലക്ഷം രൂപ മുതലാണ്.