മാർച്ച് 31 വരെ അവധിക്ക് അപേക്ഷ നൽകി കാസർകോട് സർക്കാർ കോളേജ് മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.രമ ദീർഘകാല അവധിയിൽ പ്രവേശിച്ചു.ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടാനാണ് അവധി എടുക്കുന്നതെന്ന് ഡോ. രമ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥാനത്ത് നിന്നും മാറ്റിയ ഡോ.രമ കോളജിൽ മയക്കുമരുന്ന് വിൽപന സജീവമാണെന്നും കോളേജിലെ വിദ്യാർഥികൾക്കിടയിൽ അസാൻമാർഗികമായ പലതും നടക്കുന്നുവെന്നും മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെ വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിരുന്നു.
കോളേജിലെ വെള്ളം മലിനമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. അതിൻ പ്രകാരം കേരള വാട്ടർ അതോറിറ്റിയുടെ കാസർകോട് ലാബിൽ വെള്ളം പരിശോധിക്കുകയും ജല അതോറിറ്റി നടത്തിയ പരിശോധനയിൽ വെള്ളത്തിൽ ഇ – കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു.
കോളേജിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പ്രിൻസിപ്പാൾ ചുമതലയിലുള്ള സന്ദർഭത്തിൽ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ദശാബ്ദങ്ങൾ പഴക്കമുള്ള ടാങ്കിനു പകരം പുതിയ ടാങ്ക് ഒരു വർഷം മുമ്പ് പണിത് മോട്ടോർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്ലംബിങ് പണി മുടങ്ങിയെന്നും അതിനായി മുഖ്യ പരിഗണന നൽകി പണം അനുവദിക്കാൻ സർക്കാരിന് എഴുതിയെങ്കിലും പാസ്സായി കിട്ടിയിട്ടില്ലെന്നും , പുതിയ ടാങ്ക് പ്രവർത്തനക്ഷമമാക്കാൻ സർക്കാർ സഹായം ലഭിച്ചാൽ മാത്രമേ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പറ്റുകയുള്ളൂവെന്നും ഡോ. രമ പറഞ്ഞിരുന്നു.