mid day hd 15

 

സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി യൂ ട്യൂബ് ചാനല്‍ തുടങ്ങാനോ നടത്താനോ പാടില്ലെന്ന് സര്‍ക്കാര്‍. ചാനല്‍ സബ്‌ക്രൈബ് ചെയ്യുന്നതിലൂടെ ഉദ്യോഗസ്ഥന് വരുമാനമുണ്ടാകും. ഇത് ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണ്. യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള അനുമതി തേടി അഗ്‌നിശമന സേനാംഗം നല്‍കിയ അപേക്ഷ നിരസിച്ചുകൊണ്ടാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.

മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോണ്‍ പദ്ധതിയിലും വന്‍ ക്രമക്കേടെന്ന് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. പത്തു കൊല്ലത്തിനിടെ ബില്ലുകളും വൗച്ചറുകളുമില്ലാതെ വന്‍തുക എഴുതിയെടുത്തു. റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഫണ്ട് വിനിയോഗിച്ചതിലും ക്രമക്കേടുണ്ട്. വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് ധനവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി.

സിനിമാ രംഗത്ത് ആദായ നികുതി വകുപ്പു നടത്തിയ റെയ്ഡില്‍ 225 കോടി രൂപയുടെ കളളപ്പണമിടപാട് കണ്ടെത്തി. 72 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണു കണ്ടെത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റ ജോസഫ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി മലയാള സിനിമാ മേഖലയില്‍ നിര്‍മാണ രംഗത്തുള്ളവരുടെ സാമ്പത്തിക ഇടപാടുകളിലും സ്ഥാപനങ്ങളും പരിശോധന നടന്നു. വിദേശത്ത് സ്വത്തുക്കള്‍ വാങ്ങിയതിലും ക്രമക്കേടു കണ്ടെത്തി.

ലൈഫ് മിഷനില്‍ സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് എം ശിവശങ്കറാണെന്ന് ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് എന്‍ഫോഴ്‌സ്‌മെന്റിനു മൊഴി നല്‍കി. കള്ളപ്പണ ഇടപാടോ ഗൂഢാലോചനയോ താന്‍ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളില്‍ കൊച്ചിയും. കൊച്ചിയിലെ കൂണ്ടന്നൂര്‍ മുതല്‍ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം തൂങ്ങിമരിച്ച ആദിവാസി യുവാവ് വിശ്വനാഥനുമായി സംസാരിച്ച ആറു പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

എംഎല്‍എ ഹോസ്റ്റലിലെ ഒരു കെട്ടിടം പൊളിച്ചതോടെ തിരുവനന്തപുരത്ത് താമസ സൗകര്യമില്ലാതെ 19 എംഎല്‍എമാര്‍. പമ്പ ബ്ലോക്ക് കെട്ടിടം പൊളിച്ചതോടെയാണ് ഇത്രയും എംഎല്‍എമാര്‍ പെരുവഴിയിലായത്. എംഎല്‍എമാര്‍ക്ക് പകരം താമസ സ്ഥലം കണ്ടെത്താന്‍ പരസ്യം നല്‍കിയിരിക്കുകയാണ് നിയമസഭാ സെക്രട്ടറിയേറ്റ്. ബലക്ഷയംമൂലമാണ് 50 വര്‍ഷം പഴക്കമുള്ള എംഎല്‍എ ഹോസ്റ്റലിന്റെ പമ്പ ബ്ലോക്ക് ഇടിച്ചു നിരത്തിയത്. പകരം നിര്‍മിക്കുന്ന 11 നില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാന്‍ രണ്ടര വര്‍ഷം വേണം.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിട്ടും പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബിന്‍ അടക്കം നാലു പേരെയാണ് പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്. എന്നാല്‍ ചാലിശ്ശേരിയില്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു.

ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് ഇന്നു നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെടുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടി നടപ്പാക്കിയതോടെ കേരളത്തിന്റെ നികുതി വിഹിതം 16 ശതമാനത്തില്‍നിന്നു 11 ശതമാനമായി കുറഞ്ഞു. വരുമാന നഷ്ടം നികത്താന്‍ നഷ്ടപരിഹാര പാക്കേജ് കൂടുതല്‍ വര്‍ഷത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെടും.

ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരല്‍ത്തുമ്പില്‍ വിറയ്ക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറി. ക്രിമിനലുകള്‍ക്ക് സമൂഹമാധ്യമങ്ങളിലിടം കൊടുത്തത് സിപിഎമ്മാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ആകാശ് തില്ലങ്കേരിയെ പിന്തുണയ്ക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു സിപിഎം മുന്നറിയിപ്പ്. ആകാശിനെ സഹായിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന് ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പങ്കെടുത്ത ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് താക്കീത്

തൊണ്ടി മുതലായ 125 ഗ്രാം കഞ്ചാവിന്റെ പകുതിയിലേറെയും എലി തിന്നുപോയെന്ന് പ്രോസിക്യൂഷന്‍! തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ തെളിവായി സൂക്ഷിച്ചിരുന്ന 125 ഗ്രാം കഞ്ചാവാണ് എലി ശാപ്പിട്ടത്. 2016 ല്‍ കഞ്ചാവുമായി സാബു എന്നയാളെ അറസ്റ്റ് ചെയ്ത കേസിലെ തൊണ്ടിമുതലാണിത്.

മന്ത്രിയെ കാത്ത് സ്റ്റുഡന്റ് ഒന്നര മണിക്കൂര്‍ വെയിലത്ത് നില്‍ക്കേണ്ടി വന്ന പൊലീസ് കേഡറ്റ് വിദ്യാര്‍ത്ഥികളില്‍ അഞ്ചു പേര്‍ കുഴഞ്ഞു വീണു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന് കീഴിലെ ആദ്യ ബാച്ച് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ച വെങ്ങാനൂര്‍ ഗ്രൗണ്ടിലാണു സംഭവം. രാവിലെ ഒമ്പതിനുള്ള പരിപാടിക്ക് എട്ടരയോടെ വിദ്യാര്‍ത്ഥികളെ ഗ്രൗണ്ടില്‍ നിരത്തി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പത്തിനാണ് എത്തിയത്.

കൊല്ലങ്കോട് ഫര്‍ണീച്ചര്‍ സ്ഥാപനം കത്തി നശിച്ചു. കൊല്ലങ്കോട് അഞ്ജലി തടി-ഫര്‍ണ്ണീച്ചര്‍ സ്ഥാപനത്തിനാണ് പുലര്‍ച്ചെ ഒരു മണിയോടെ തീ പിടിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു മല്‍സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി. നോമിനേഷന്‍ രീതി വേണ്ട, തെരഞ്ഞെടുപ്പു വേണമെന്നും പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു.

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയയെ സിബിഐ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. നാളെ എത്താനാണ് നിര്‍ദ്ദേശം. സിസോദിയ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ഹരിയാനയിലെ ലോഹറുവില്‍ വാഹനത്തില്‍ യുവാക്കളെ ജീവനോടെ കത്തിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ടാക്‌സിഡ്രൈവറായ ഹരിയാന സ്വദേശി റിങ്കു സൈനി ആണ് സംഭവത്തില്‍ അറസ്റ്റിലായത്. പ്രതികളായ അഞ്ചു പേരില്‍ ഒരാളാണ് ഇയാള്‍.

പഞ്ചാബിലെ അതിര്‍ത്തിയില്‍ കള്ളക്കടത്തുകാരുമായി ഏറ്റുമുട്ടല്‍. അതിര്‍ത്തി രക്ഷാ സേന ആയുധ ലഹരിക്കടത്ത് നീക്കം തടഞ്ഞു. ഗുരുദാസ്പൂര്‍ സെക്ടറിലാണ് സംഭവം. ആയുധങ്ങളും ലഹരി വസ്തുക്കളും പിടികൂടി.

റസ്റ്റോറന്റിലെ ഫ്രിഡ്ജില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസില്‍ കൊലപാതകത്തിനു മകനെ സഹായിച്ച പിതാവ് അറസ്റ്റിലായി. നിക്കി യാദവ് കൊലപാതക കേസിലാണ് കാമുകന്‍ സഹില്‍ ഗെലോട്ടിന്റെ പിതാവ് അറസ്റ്റിലായത്. കേസില്‍ അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്. സഹിലും നിക്കിയും 2020 ഒക്ടോബറില്‍ നോയിഡയിലെ ഒരു ക്ഷേത്രത്തില്‍ വിവാഹിതരായിരുന്നെന്നു പൊലീസ് അറിയിച്ചു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *