yt cover 25

കേരളം കൃത്യസമയത്തു രേഖകളും കണക്കുകളും ഹാജരാക്കാത്തതിനാലാണ് കേരളത്തിനുള്ള കേന്ദ്ര സാമ്പത്തിക വിഹിതം നല്‍കാത്തതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ അക്കൗണ്ടന്റ് ജനറല്‍ സാക്ഷ്യപ്പെടുത്തിയ രേഖ സമര്‍പ്പിക്കണം. 2017 മുതല്‍ ഇക്കാര്യങ്ങളില്‍ കേരളം വീഴ്ച വരുത്തുന്നുണ്ട്. അയ്യായിരം കോടി രൂപ സംസ്ഥാനത്തിനു കിട്ടാനുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം എന്‍.കെ. പ്രേമചന്ദ്രന്‍ ലോകസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ധനമന്ത്രിയുടെ മറുപടി.

ശ്രീലങ്കയിലെ എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന് തമിഴ് നാഷ്ണലിസ്റ്റ് മൂവ്മെന്റ് നേതാവ് പി നെടുമാരന്‍. വേലുപ്പിള്ള പ്രഭാകരന്‍ തക്കസമയത്ത് പൊതുജനത്തിനു മുന്നില്‍ എത്തുമെന്നും പി നെടുമാരന്‍ തഞ്ചാവൂരില്‍ അവകാശപ്പെട്ടു.

കെഎസ്ആര്‍ടിസിയില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ യൂണിയനുകള്‍ അട്ടിമറിക്കുകയാണെന്നു മാനേജ്മെന്റ്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ കുറ്റപ്പെടുത്തല്‍. വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ 50 കോടിരൂപ വേണം. കഴിഞ്ഞ വര്‍ഷം ജനുവരിയ്ക്കുശേഷം വിരമിച്ച 978 പേര്‍ക്ക് ആനുകൂല്യം നല്‍കാനുണ്ട്. 23 പേര്‍ക്കേ നല്‍കാനായിട്ടുള്ളൂ. ആനുകൂല്യം നല്‍കാന്‍ രണ്ടു വര്‍ഷത്തെ സാവകാശം വേണം. സര്‍ക്കാരില്‍നിന്നു ധനസഹായം ലഭിച്ചാലേ നല്‍കാനാകൂ. വിരമിച്ചവരില്‍ 924 പേര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം നല്‍കുന്നുണ്ട്. അച്ചടക്ക നടപടി നേരിട്ട 38 പേര്‍ക്കാണ് പെന്‍ഷന്‍ ആനുകൂല്യം നല്‍കാത്തത്. സത്യവാങ്മൂലത്തില്‍ പറയുന്നു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാലു കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ഇഡി കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസ് എടുത്തത്.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി. കേസില്‍ പുതുതായി 41 സാക്ഷികളെ കൊണ്ടുവന്നത് എന്തിനാണെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം. ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ആറു മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവുള്ള കേസില്‍ 24 മാസമായിട്ടും വിചാരണ നീട്ടുകയാണെന്ന് ദീലിപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വിസ്തരിച്ച 10 പേരെ വീണ്ടും വിസ്തരിക്കുന്നതും വിചാരണ നീട്ടാനാണെന്നു വിശദീകരിച്ചു.

പ്രണയം നിരസിച്ച യുവതിയെ തീകൊളുത്തി കൊല്ലാന്‍ പെട്രോളുമായി എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. താമരശേരിയില്‍ കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത് (24)നെയാണ് പിടികൂടിയത്. യുവതിയുടെ വീട്ടിലേക്ക് അരുണ്‍ജിത്ത് വരുന്നതു കണ്ട അമ്മ വാതില്‍ അടച്ചു. നാട്ടുകാരെ വിവരം അറിയിച്ചതോടെ ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോളും, ലൈറ്ററും കണ്ടെടുത്തു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

നാളെ വാലന്റൈന്‍സ് ഡേ. പ്രണയദിനത്തില്‍ പ്രിയപ്പെട്ടവര്‍ സമ്മാനങ്ങളും ആശംസകളും കൈമാറും. പശുപുണരല്‍ ആഹ്വാനം പിന്‍വലിച്ചതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍.

കോണ്‍ഗ്രസ് തുടങ്ങിവച്ച ജനദ്രോഹ നയങ്ങളാണു ബിജെപി സര്‍ക്കാരും തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷം മാത്രമാണ് ജനങ്ങളുടെ പ്രശ്നം മനസിലാക്കി പ്രവര്‍ത്തിക്കുന്നത്. രാജ്യം ഭരിക്കുന്നവര്‍ക്ക് സാധാരണക്കാരന്റെ നോവ് അറിയുന്നില്ല. അതുകൊണ്ടാണ് പട്ടിണി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നിലായതെന്നും പിണറായി കുറ്റപ്പെടുത്തി. സിപിഎം പാലക്കാട് ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂകമ്പ ദുരിതാശ്വാസത്തിനായി തുര്‍ക്കിക്ക് 10 കോടി രൂപ സഹായം പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ ആദ്യം മരിച്ച ആദിവാസി യുവാവിന്റെ കുടുംബത്തിനും പ്രേരകിന്റെ കുടുംബത്തിനും 50 ലക്ഷം രൂപ വീതം നല്‍കണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. തുര്‍ക്കിയുടെ കാര്യം മോദി നോക്കിക്കോളും. എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത പിണറായി വിജയന്‍ സര്‍ക്കാര്‍ അതു നോക്കണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

കക്കാടംപൊയിലില്‍ പി.വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച തടയണകള്‍ പൊളിച്ചു നീക്കിത്തുടങ്ങി. പ്രകൃതിദത്ത നീരുറവകള്‍ തടഞ്ഞ് നിര്‍മ്മിച്ച നാലു തടയണകളാണ് കോടതി ഉത്തരവനുസരിച്ച് ഉടമകള്‍തന്നെ പൊളിച്ചു നീക്കുന്നത്.

നികുതി വര്‍ധനവിനെതിരേ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലില്‍ അടയ്ക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. രാജാവിനു കരിങ്കൊടി പേടിയാണെങ്കില്‍ ക്ളിഫ് ഹൗസിലിരിക്കണം, അല്ലെങ്കില്‍ അമിത നികുതി കുറയ്ക്കണം. ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.

മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചതിന്റെ മനപ്രയാസംമൂലം തൂങ്ങിമരിച്ച ആദിവാസി യൂവാവ് വിശ്വനാഥന്റെ കുടുംബത്തെ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. മര്‍ദിച്ചു കൊന്നതാണെന്ന പരാതി അന്വേഷിക്കാന്‍ ഇടപെടുമെന്ന് ഉറപ്പു നല്‍കി.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം. തൊട്ടടുത്തുള്ള കെട്ടിടങ്ങളില്‍നിന്നു രോഗികളെ മാറ്റി.

ഇടുക്കിയിലെ കാട്ടാന ശല്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സൃഷ്ടിച്ചതല്ലെന്നും കോണ്‍ഗ്രസ് എന്തിനാണു സമരം ചെയ്യുന്നതെന്നും സിപിഎം നേതാവ് എം എം മണി എംഎല്‍എ. കാട്ടാനശല്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. സോണിയാഗാന്ധി ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ല. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല. ആനയെ പിടിക്കാന്‍ വി.ഡി സതീശനെ ഏല്‍പിക്കാമെന്നും എം എം മണി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിച്ചെന്നും മാപ്പു പറയണമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. അമിത് ഷാ പ്രസ്താവന തിരുത്തണമെന്നും റിയാസ് ആവശ്യപ്പെട്ടു.

കാന്താര സിനിമയുടെ ഗാനത്തിന്റെ പകര്‍പ്പാവകാശ കേസില്‍ സിനിമയുടെ സംവിധായന്‍ ഋഷഭ് ഷെട്ടി, നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ എന്നിവര്‍ ഇന്നും കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യാന്‍ ഇന്നലേയും വിളിച്ചുവരുത്തിയിരുന്നു.

കുട്ടനാട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവ് യുദ്ധം. രണ്ടുപേര്‍ക്കു പരിക്ക്. രാമങ്കരി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശരവണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജപ്തി ഭീഷണിയെത്തുടര്‍ന്ന് പാലക്കാട് മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. കള്ളിക്കാട് കെഎസ്എം മന്‍സിലില്‍ അയ്യൂബ് (60) ആണ് ജീവനൊടുക്കിയത്. മരുമകന്റെ ബിസിനസ് ആവശ്യത്തിനായി സ്വകാര്യ ബാങ്കില്‍നിന്നു വായ്പയെടുത്തതിന് ഒരു കോടി 38 ലക്ഷം രൂപ തിരിച്ചടയ്ക്കാത്തതിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്.

ഷാര്‍ജയില്‍ മലയാളി യുവാവിനെ പാക്കിസ്ഥാന്‍കാരന്‍ കുത്തിക്കൊന്നു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. പാകിസ്ഥാന്‍ സ്വദേശി അറസ്റ്റിലായി. ഷാര്‍ജയിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജറായിരുന്നു ഹക്കീം. ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപത്തെ കഫറ്റീരിയയില്‍ സുഹൃത്തുക്കളും പാകിസ്ഥാന്‍ സ്വദേശിയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിനിടെ പാകിസ്ഥാന്‍കാരന്‍ കുത്തുകയായിരുന്നു.

കൊല്ലം കോര്‍പറേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ബ്ലേഡു മാഫിയയുടെ കൊള്ളപ്പലിശയ്ക്ക് ഇരയായാണു ജീവനൊടുക്കിയതെന്ന് ആത്മഹത്യാകുറിപ്പ്. കൊല്ലം കോര്‍പ്പറേഷന്‍ ജീവനക്കാരനായിരുന്ന കടയ്ക്കോട് സ്വദേശി വി ബിജുവിന്റെ ആത്മഹത്യാ കുറിപ്പിലാണ് ഈ വിവരം. ഉദ്യോഗസ്ഥരില്‍നിന്നു പണം പലിശക്കു വാങ്ങിയിരുന്നുവെന്നും അഞ്ചിരട്ടിയിലധികം തിരിച്ചടച്ചിട്ടും ബ്ലേഡ് മാഫിയ സംഘം മാനസികമായി പീഡിപ്പിക്കുകയാണെന്നുമാണ് ആത്മഹത്യാ കുറിപ്പിലെ ആരോപണം.

ഗര്‍ഭിണിയായ യുവതിക്ക് അമിതമായി ഇന്‍സുലിന്‍ നല്‍കിയെന്ന് ആരോപിച്ച് നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ ആശുപത്രിക്കു നേരെ ആക്രമണം. പൂവാര്‍ റോയല്‍ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് ആക്രമണം.

കൊച്ചിയില്‍ ബസുകളില്‍ പരിശോധനയുമായി പൊലീസ്. മദ്യപിച്ച് ബസോടിച്ച ആറു ഡ്രൈവമാരെ കസ്റ്റഡിയിലെടുത്തു. രണ്ടു കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരെയും നാലു സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരെയുമാണു പിടികൂടിയത്. 20 ലേറെ ബസുകളും കസ്റ്റഡിയിലെടുത്തു.

കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് വന്‍ കഞ്ചാവ് വയനാട് തോല്‍പ്പെട്ടി ചെക്ക്പോസ്റ്റില്‍ പിടികൂടി. കഞ്ചാവുമായെത്തിയ കോഴിക്കോട് മാവൂര്‍ പടാരുകുളങ്ങര സ്വദേശി രാജീവിനെ എക്സൈസ് അറസ്റ്റു ചെയ്തു.

അദാനി ഗ്രൂപ്പിന്റെ പിന്‍വലിച്ച ഫോളോ-ഓണ്‍ പബ്ലിക് ഇഷ്യുവിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സെബി ഈ ആഴ്ച പുറത്തുവിടും. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ബുധനാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തും.

കേന്ദ്രസര്‍ക്കാരിനു കീഴില്‍ കെട്ടിടങ്ങള്‍ പൊളിക്കല്‍ ഭീഷണിയുമായി ഡല്‍ഹി വികസന അതോറിറ്റി. മലയാളികള്‍ അടക്കം അനേകര്‍ക്കാണു വീട് നഷ്ടമാകുന്നത്. നൂറിലധികം മലയാളി കുടുംബങ്ങള്‍ക്കും വീടുവിട്ടിറങ്ങാന്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. നിയമപരമായ രേഖകളുണ്ടായിട്ടും അനധികൃത കെട്ടിടമെന്ന് ആരോപിച്ചാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്. കോര്‍പറേഷന്‍ ഭരണം നഷ്ടപ്പെട്ടതിനു ബിജെപിയുടെ പ്രതികാരമാണു കെട്ടിടം പൊളിക്കല്‍ എന്നാണ് ആരോപണം.

ത്രിപുരയെ രക്ഷിക്കാന്‍ ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനേ കഴിയൂവെന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉനാകോടി ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ വിജയ സങ്കല്‍പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. കോണ്‍ഗ്രസ്, സിപിഎം, തിപ്രമോത്ത എന്നീ മൂന്നു ഭീഷണികളാണ് ത്രിപുരയിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ എയ്റോ ഇന്ത്യ ഷോ ബെംഗളുരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എയ്റോ ഇന്ത്യ വെറും ഷോ അല്ല, ഇന്ത്യയുടെ ശക്തി വിളിച്ചോതുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡല്‍ഹി സ്വദേശിയായ ഡോക്ടറെ അറസ്റ്റു ചെയ്തു. യുകെയിലേക്കു പോകാന്‍ ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് 40 കാരനായ ഡോക്ടറെ പിടികൂടിയത്. മുത്തലാഖ് ചൊല്ലിയുള്ള വിവാഹ മോചനം 2019 ല്‍ നിരോധിച്ചിരുന്നു.

നിക്കരാഗ്വയിലെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയെ വിമര്‍ശിച്ച കത്തോലിക്കാ ബിഷപ് റൊളാന്‍ഡോ അല്‍വാരസിന് 26 വര്‍ഷം ജയില്‍ ശിക്ഷ. ദേശദ്രോഹക്കുറ്റം ചുമത്തി പൗരത്വം റദ്ദാക്കുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റില്‍ റൊളാന്‍ഡോ അല്‍വാരസിനെ അറസ്റ്റു ചെയ്തു വീട്ടുതടങ്കലിലാക്കിയിരുന്നു. ബിഷപ്പിനൊപ്പം അറസ്റ്റിലായ നാലു വൈദികര്‍ക്കും മൂന്നു വൈദിക വിദ്യാര്‍ഥികള്‍ക്കും 10 വര്‍ഷം വീതം ജയില്‍ശിക്ഷയും വിധിച്ചിട്ടുണ്ട്.

ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ വേദി ധരംശാലയില്‍നിന്ന് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റി. ഗ്രൗണ്ട് പരിശോധിച്ച ബി.സി.സി.ഐ ക്യൂറേറ്ററുടെ റിപ്പോര്‍ട്ടില്‍ ഔട്ട്ഫീല്‍ഡ് ഒരു അന്താരാഷ്ട്ര മത്സരത്തിന് അനുയോജ്യമല്ലെന്ന് കണ്ടതിനാലാണ് നടപടി.

പ്രഥമ വനിതാ ഐപിഎല്ലിന്റെ താരലേലം ഇന്ന് മുംബയില്‍. തിരഞ്ഞെടുത്ത 409 പേരാണ് ലേലത്തില്‍ ഉള്‍പ്പെടുക. ഇതില്‍ 246 പേര്‍ ഇന്ത്യയില്‍നിന്നും 163 പേര്‍ വിദേശരാജ്യങ്ങളില്‍നിന്നും ഉള്ളവരാണ്. അഞ്ചു ടീമുകളാണ് രംഗത്തുള്ളത്. ഓരോ ടീമിനും 15 മുതല്‍ 18 കളിക്കാരെ വരെ തിരഞ്ഞെടുക്കാം. ഏഴു വിദേശതാരങ്ങളുമാവാം. ഓരോ ടീമിനും ചെലവാക്കാവുന്ന പരമാവധി തുക 12 കോടി രൂപയാണ്.

മൂന്നാം പാദഫലങ്ങള്‍ പുറത്തുവന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തില്‍ വന്‍ കുതിച്ചുചാട്ടം. ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ സംയുക്തമായി രേഖപ്പെടുത്തിയത് 29,175 കോടി രൂപയുടെ ലാഭമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 65 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം സമാന പാദത്തിലെ ലാഭം 17,729 കോടി രൂപയായിരുന്നു. അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 15,306 കോടി രൂപയുടെയും, രണ്ടാം പാദത്തില്‍ 25,685 കോടി രൂപയുടെയും സംയുക്ത ലാഭം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ ആകെ ലാഭം 70,166 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. മുന്‍ വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 43 ശതമാനമാണ് അധികം. ആദ്യ പാദത്തിലെ വളര്‍ച്ച നിരക്ക് 9 ശതമാനമായിരുന്നു. എന്നാല്‍, രണ്ടും മൂന്നും പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക് യഥാക്രമം 50 ശതമാനം, 65 ശതമാനം എന്നിങ്ങനെയാണ് മെച്ചപ്പെട്ടത്. മൂന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയത് ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തങ്ങളുടെ സ്മാര്‍ട്ട് വാച്ചില്‍ ക്യാമറ സംവിധാനവും ഉള്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് ആപ്പിള്‍. അമേരിക്കന്‍ ടെക് ഭീമന്‍ ഈയിടെ സ്വന്തമാക്കിയ ഒരു പേറ്റന്റാണ് അതിന്റെ സൂചന നല്‍കുന്നത്. കൈയ്യില്‍ കെട്ടിയിരിക്കെ തന്നെ സ്ട്രാപ്പില്‍ നിന്ന് വാച്ച് അഴിച്ചെടുത്ത് എളുപ്പം തിരിച്ച് ഫിറ്റ് ചെയ്യാവുന്ന ‘ഡിറ്റാച്ചബിള്‍ ബാന്‍ഡ് സിസ്റ്റത്തെ’ കുറിച്ചും’ ഒരു സംയോജിത ക്യാമറ യൂണിറ്റിലേക്ക് എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ അനുവദിക്കുന്ന ക്വിക് റിലീസ് മെക്കാനിസത്തെ കുറിച്ചുമാണ് ആപ്പിള്‍ സ്വന്തമാക്കിയ പേറ്റന്റിലുള്ളത്. ഉപയോക്താവിന് വേഗത്തില്‍ ബാന്‍ഡ് റിലീസ് ചെയ്യാനും വാച്ചിന്റെ അടിയില്‍ സജ്ജീകരിച്ചിരിക്കുന്ന ക്യാമറയില്‍ നിന്ന് ഫോട്ടോകള്‍ എടുത്ത്, അത് തിരികെ സ്ട്രാപ്പില്‍ ഫിറ്റ് ചെയ്യാനും സാധിക്കുന്നതാണ് സംവിധാനം. അതേസമയം, സ്മാര്‍ട്ട് വാച്ച് ക്യാമറ സംവിധാനം ആദ്യമായി വിപണിയില്‍ എത്തിക്കാന്‍ പോകുന്നത് ആപ്പിളല്ല. സാംസങ് അവരുടെ ‘ഗാലക്‌സി ഗിയറി’ല്‍ 1.9 മെഗാപിക്‌സല്‍ ക്യാമറ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ആ വാച്ച് വിപണിയില്‍ ശ്രദ്ധ നേടിയിരുന്നില്ല. സാംസങ് അത്തരം വാച്ചുമായി പിന്നീട് വന്നതുമില്ല.

പ്രണയ ദിനത്തോട് അനുബന്ധിച്ച് ഷാരൂഖ് ഖാനും കാജോളും തകര്‍ത്തഭിനയിച്ച ചിത്രം ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ റി- റിലീസ് ചെയ്തു. റിലീസുമായി ബന്ധപ്പെട്ട് ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’യുടെ പ്രീ ബുക്കിംഗ് ഫെബ്രുവരി ആദ്യം തന്നെ ആരംഭിച്ചിരുന്നു. വാലന്റൈന്‍ ആഴ്ച മുഴുവനും ചിത്രം തിയറ്ററില്‍ ഉണ്ടായിരിക്കും. ഫെബ്രുവരി 10നാണ് ചിത്രം റിലീസ് ചെയ്തത്. ആദിത്യ ചോപ്ര രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഇറങ്ങിയ കാലത്ത് ബോക്സ് ഓഫീസിലെ സകല റെക്കോഡും തകര്‍ത്തതാണ്. പിങ്ക് വില്ല റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരി 10ന് പിവിആര്‍, ഇനോക്സ്, സിനിപോളിസ് എന്നീ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ റിലീസ് ചെയ്ത ദിവസം നേടിയ കളക്ഷന്‍ 2.50 ലക്ഷം രൂപയാണ്. എന്നാല്‍ ഫെബ്രുവരി 11-ന് 10 ലക്ഷം രൂപ കളക്ഷന്‍ നേടി. അതായത് കളക്ഷനില്‍ ഏതാണ്ട് 300% വര്‍ദ്ധനവാണ് ഉണ്ടായത്. ഫെബ്രുവരി 11 ന് ചിത്രത്തിന് 10 ലക്ഷം രൂപയ്ക്ക് അടുത്ത് കളക്ഷനാണ് ലഭിച്ചത് എന്നാണ് വിവരം. മൊത്തത്തില്‍ 22.50 ലക്ഷം രൂപയാണ് ആദ്യ മൂന്ന് ദിവസങ്ങളില്‍ നേടിയത്. വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഇംഗ്ലീഷില്‍ നിന്നും ടൈറ്റാനിക്കും ഹിന്ദിയില്‍ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയെ കൂടാതെ തമാഷയും, തമിഴില്‍ നിന്നും വിണ്ണൈത്താണ്ടി വരുവായ, മിന്നലെ എന്നീ ചിത്രങ്ങളും റി- റിലീസ് ചെയ്യുന്നുണ്ട്. മലയാളത്തില്‍ നിന്നും പ്രണവ് മോഹന്‍ലാലിന്റെ ഹൃദയവും റി-റിലീസിന് എത്തിയിട്ടുണ്ട്.

മള്‍ടിവേഴ്സും പാരലല്‍ യൂണിവേഴ്സുമായി ഡിസി കോമിക്സും എത്തുകയാണ്. ദ് ഫ്ലാഷ് എന്ന സൂപ്പര്‍ഹിറോ ചിത്രത്തിലൂടെ അടുത്ത തലത്തിലേക്ക് കടക്കുകയാണ് ഡിസി. ഡിസി കോമിക്സിന്റെ ആദ്യ ബാറ്റ്മാനായ മൈക്കല്‍ കീറ്റണ്‍ മുതല്‍ ബെന്‍ അഫ്ലെക്ക് വരെ ഫ്ലാഷില്‍ അതിഥികളായി എത്തുന്നുണ്ട്. തന്റെ അമ്മയുടെ മരണം തടയുന്നതായി ടൈം ട്രാവല്‍ ചെയ്യുന്ന ഫ്ലാഷ് ഒരു വലിയ കെണിയില്‍ അകപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ജനറല്‍ സോഡ് എന്ന ക്രൂരനായ വില്ലന്‍ ഫ്ലാഷിലൂടെ തിരിച്ചെത്തുന്നു. സൂപ്പര്‍മാന്റെ ശക്തിയുള്ള സൂപ്പര്‍ ഗേളും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സാഷാ കെല്ലെയാണ് ഈ കഥാപാത്രത്തെ അവതരിപപ്ിക്കുന്നത്. എസ്ര മില്ലെര്‍ ഫ്ലാഷ് ആയി എത്തുന്നു. 34 വര്‍ഷങ്ങള്‍ക്കു ശേഷം മൈക്കല്‍ കീറ്റണ്‍ ബാറ്റ്മാന്റെ കുപ്പായമണിയുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്ന ഏറ്റവും വലിയ വാര്‍ത്ത. ചിത്രം ജൂണ്‍ 16ന് തിയറ്ററുകളിലെത്തും.

ലോകത്തിലെ ഏറ്റവും വേഗമേറിയതും ഇന്ത്യയിലെ ഏറ്റവും വില കൂടിയതുമായ ലക്ഷ്വറി കാര്‍ ബാറ്റിസ്റ്റ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹൈദരാബാദില്‍ നടക്കുന്ന ഇ- മോട്ടോര്‍ ഷോയിലാണ് ഈ ലക്ഷ്വറി കാര്‍ മഹീന്ദ്ര അവതരിപ്പിച്ചത്. സാധാരണ നിരത്തുകളില്‍ ഓടാന്‍ അനുമതിയുള്ള കാറുകളില്‍ ഏറ്റവും വേഗമേറിയ കാര്‍ എന്ന പട്ടവും ബാറ്റിസ്റ്റയ്ക്ക് സ്വന്തമാണ്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ വാഹന ഡിസൈനിംഗ് സ്ഥാപനമായ ഓട്ടോമൊബിലിറ്റി പിനിന്‍ഫാരിന നിര്‍മ്മിച്ച ഓള്‍ ഇലക്ട്രിക് അള്‍ട്രാ ഹൈ പെര്‍ഫോമന്‍സ് ഹൈപ്പര്‍ ഇലക്ട്രിക് കാര്‍ കൂടിയാണ് ബാറ്റിസ്റ്റ. മറ്റു കാറുകളെക്കാല്‍ വളരെ വ്യത്യസ്ഥമായ ഡിസൈനിലാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൂജ്യത്തില്‍ നിന്നും 60 മൈല്‍ (96 കിലോമീറ്റര്‍) വെറും 1.79 സെക്കന്‍ഡില്‍ കൈവരിക്കും. ആഗോള വിപണിയില്‍ ബാറ്റിസ്റ്റയുടെ 150 യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്.

മൗര്യകാലഘട്ടത്തിലെ ഉത്കര്‍ഷേച്ഛയും രാഷ്ട്രീയവും സംഘര്‍ഷവും ആഖ്യാനം ചെയ്യുന്ന നോവല്‍. ചന്ദ്രഗുപ്തമൗര്യനും സെലൂക്കസ് നികേറ്റര്‍ ഒന്നാമനും തമ്മിലുള്ള യുദ്ധം, കലിംഗത്തിലെ മൗര്യന്‍ ആക്രമണം- ഇന്ത്യാചരിത്രത്തിലെ സുപ്രധാനമായ രണ്ട് സംഘര്‍ഷങ്ങള്‍ ഇതില്‍ വിവരിച്ചിട്ടുണ്ട്. അശോകന്റെ പരിവര്‍ത്തനം, ഭാരതവര്‍ഷത്തിന്റെ ഏകീകരണം, അശോകന്റെ അവസാനകാലത്തെ സുവര്‍ണ്ണഭരണം എന്നീ പ്രധാനപ്പെട്ട അനന്തരഫലങ്ങള്‍ക്കെല്ലാം ഹേതുവായ കലിംഗയുദ്ധത്തിന്റെ ഗതിവിഗതികള്‍ ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. ആര്യാവര്‍ത്തത്തിലെ ഏറ്റവും മഹാനായ ചക്രവര്‍ത്തിയായി ആരായിരിക്കും ഓര്‍മ്മിക്കപ്പെടുക എന്ന വലിയ ചോദ്യത്തിനുത്തരം ഇതില്‍ കാണാം.അശോകത്രയം ഗ്രന്ഥപരമ്പരയിലെ മൂന്നാമത്തെ പുസ്തകം. ‘കലിംഗത്തിലെ പ്രതികാരദേവത’.ശ്രേയസ് ബവെ. പരിഭാഷ – റോയ് കുരുവിള. മാതൃഭൂമി. വില 314 രൂപ.

ചിട്ടയില്ലാത്ത ജീവിതശൈലിയാണ് പലപ്പോഴും ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണം. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. പച്ചക്കറികളില്‍ നൈട്രേറ്റ് ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവ അടങ്ങിയ ബീറ്റ്‌റൂട്ട് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ചീര, ബോക്കോളി, മുരിങ്ങയില തുടങ്ങിയ പച്ചിലക്കറികള്‍ കഴിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ ശ്വാസകോശത്തെ ബാധിക്കുന്ന അര്‍ബുദത്തെ തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ഇടയ്ക്ക് തക്കാളി ജ്യൂസ് കുടിക്കുന്നത് ശീലമാക്കാം. ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പച്ചക്കറികളിലൊന്നാണ് കാബേജ്. പച്ച കലര്‍ന്ന വെള്ള നിറത്തിലും വയലറ്റ് കലര്‍ന്ന പര്‍പ്പിള്‍ നിറത്തിലും കാബേജ് കാണാറുണ്ട്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജും ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.72, പൗണ്ട് – 99.68, യൂറോ – 88.32, സ്വിസ് ഫ്രാങ്ക് – 89.50, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.24, ബഹറിന്‍ ദിനാര്‍ – 219.44, കുവൈത്ത് ദിനാര്‍ -270.24, ഒമാനി റിയാല്‍ – 215.14, സൗദി റിയാല്‍ – 22.04, യു.എ.ഇ ദിര്‍ഹം – 22.52, ഖത്തര്‍ റിയാല്‍ – 22.72, കനേഡിയന്‍ ഡോളര്‍ – 61.89.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *