ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തങ്ങളുടെ സ്മാര്‍ട്ട് വാച്ചില്‍ ക്യാമറ സംവിധാനവും ഉള്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് ആപ്പിള്‍. അമേരിക്കന്‍ ടെക് ഭീമന് ഈയിടെ സ്വന്തമാക്കിയ ഒരു പേറ്റന്റാണ് അതിന്റെ സൂചന നല്‍കുന്നത്. കൈയ്യില്‍ കെട്ടിയിരിക്കെ തന്നെ സ്ട്രാപ്പില്‍ നിന്ന് വാച്ച് അഴിച്ചെടുത്ത് എളുപ്പം തിരിച്ച് ഫിറ്റ് ചെയ്യാവുന്ന ‘ഡിറ്റാച്ചബിള്‍ ബാന്‍ഡ് സിസ്റ്റത്തെ’ കുറിച്ചും’ ഒരു സംയോജിത ക്യാമറ യൂണിറ്റിലേക്ക് എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ അനുവദിക്കുന്ന ക്വിക് റിലീസ് മെക്കാനിസത്തെ കുറിച്ചുമാണ് ആപ്പിള്‍ സ്വന്തമാക്കിയ പേറ്റന്റിലുള്ളത്. ഉപയോക്താവിന് വേഗത്തില്‍ ബാന്‍ഡ് റിലീസ് ചെയ്യാനും വാച്ചിന്റെ അടിയില്‍ സജ്ജീകരിച്ചിരിക്കുന്ന ക്യാമറയില്‍ നിന്ന് ഫോട്ടോകള്‍ എടുത്ത്, അത് തിരികെ സ്ട്രാപ്പില്‍ ഫിറ്റ് ചെയ്യാനും സാധിക്കുന്നതാണ് സംവിധാനം. അതേസമയം, സ്മാര്‍ട്ട് വാച്ച് ക്യാമറ സംവിധാനം ആദ്യമായി വിപണിയില്‍ എത്തിക്കാന്‍ പോകുന്നത് ആപ്പിളല്ല. സാംസങ് അവരുടെ ‘ഗാലക്സി ഗിയറി’ല്‍ 1.9 മെഗാപിക്സല്‍ ക്യാമറ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ആ വാച്ച് വിപണിയില്‍ ശ്രദ്ധ നേടിയിരുന്നില്ല. സാംസങ് അത്തരം വാച്ചുമായി പിന്നീട് വന്നതുമില്ല.