◾അഞ്ചു വര്‍ഷമായി 7,100 കോടി രൂപയുടെ കുടിശിക ധനവകുപ്പ് പിരിച്ചിട്ടില്ലെന്നു സിഐജി റിപ്പോര്‍ട്ട്. ബജറ്റിലൂടെ മൂവായിരം കോടി രൂപയുടെ അധിക നികുതി ചുമത്തിയിരിക്കേയാണ് ഏഴായിരത്തിലേറെ കോടി രൂപയുടെ കുടിശിക പിരിച്ചില്ലെന്ന റിപ്പോര്‍ട്ടു പുറത്തുവന്നത്. 12 വകുപ്പുകളിലാണു കുടിശ്ശികയുള്ളത്. തെറ്റായ നികുതി നിരക്ക് പ്രയോഗിച്ചതിനാല്‍ 11.03 കോടി രൂപയുടെ കുറവുണ്ടായി. നികുതി രേഖകള്‍ കൃത്യമായി പരിശോധിക്കാത്തതിനാല്‍ നികുതി പലിശ ഇനത്തില്‍ 7.54 കോടി രൂപ കുറഞ്ഞു. സിഐജി റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ഇന്ധന സെസ് അടക്കം ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി – സെസ് വര്‍ധനക്കെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ നിയമസഭ പിരിഞ്ഞു. ഇനി 27 നാണു സഭ സമ്മേളിക്കുക. യുഡിഎഫ് എംഎല്‍എമാര്‍ നടന്നുകൊണ്ടാണ് നിയമസഭയിലേക്ക് എത്തിയത്. മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസിനു മുന്നില്‍ നിലയുറപ്പിച്ചതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു. എന്നാല്‍ കേരളത്തിന്റെ പൊതു താത്പര്യം കണക്കിലെടുത്ത് പ്രതിപക്ഷം സമരത്തില്‍നിന്ന് പിന്മാറണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.
◾തുര്‍ക്കി സിറിയ – ഭൂചലനത്തില്‍ മരണം പതിനാറായിരം കടന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞുവീഴ്ചയുംമൂലം രക്ഷാപ്രവര്‍ത്തനം ഇപ്പോഴും വെല്ലുവിളിയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തിലാണെന്ന് ലോകാരോഗ്യ സംഘടന.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾വനം ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ പീഡനത്തിന് ഇരയായ ആള് തൂങ്ങി മരിച്ച നിലയില്‍. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയാണ് മരിച്ചത്. അമ്പലവയല്‍ അമ്പുകുത്തിയില്‍ കടുവയെ ചത്ത നിലയില്‍ ആദ്യം കണ്ടയാള്‍ എന്ന നിലയിലാണ് ഹരിയെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. വാര്‍ധക്യസഹജമായ അസുഖംമൂലം വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന സ്ഥലമുടമ മുഹമ്മദിനെതിരേ കേസെടുക്കാന്‍ അനുവദിക്കില്ലെന്നു വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. തന്റെ പറമ്പില്‍ അതിക്രമിച്ചുകടന്ന് കുരുക്കു സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് സ്ഥലമുടമ മുഹമ്മദ് അമ്പലവയല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് കടുവയുടെ ജഡം ആദ്യം കണ്ടവരെ പിടികുടി ചോദ്യം ചെയ്തത്.
◾കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്റെ ഉള്ളുരിലുള്ള വാടകവീടിനു നേരെ ആക്രമണം. ജനല്‍ ചില്ലുകള്‍ കല്ലു കൊണ്ട് ഇടിച്ചു തകര്‍ത്തു. അക്രമത്തിനിടെ അക്രമിയുടെ കൈമുറിഞ്ഞുണ്ടായ രക്തകറയുമുണ്ട്. വീടിനു പിന്നിലെ പടിയിലും രക്തക്കറയുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
◾സഭാ ടിവി നിയമസഭയിലെ പ്രതിപക്ഷത്തിന്റെ സമരങ്ങള്‍ തമസ്കരിച്ചു. സഭാ ടിവി ഭരണകക്ഷിക്കുവേണ്ടിയുള്ള പ്രചാരണ ചാനല്‍ മാത്രമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. എല്ലാ ചാനലുകള്‍ക്കും ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള അനുമതി നല്‍കണമെന്നും സതീശന് ആവശ്യപ്പെട്ടു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾യുവജനകമ്മിഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിനെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണമെന്ന അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. എന്തു പണിയാണ് അവള് ചെയ്യുന്നത്? കമ്മീഷന് അടിക്കല്‍ മാത്രമാണ് ജോലി. കോഴിക്കോട് കളക്ടറേറ്റിലേക്കു നടന്ന ബിജെപി മാര്‍ച്ചില്‍ സംസാരിക്കവേയാണു സുരേന്ദ്രന് ഇങ്ങനെ ആക്രമിച്ചത്.
◾ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഇന്ധന സെസില്‍ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത്.
◾സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത്. ബജറ്റിനെതിരായ പ്രതിപക്ഷ സമരം നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ചയാകും. ഇപി ജയരാജനെതിരെ ഗുരുതര ആരോപണമുന്നയിച്ച പി ജയരാജന് പരാതി എഴുതി നല്‍കാത്ത സാഹചര്യത്തില്‍ പാര്‍ട്ടി ആരോപണത്തെ തള്ളിക്കളഞ്ഞേക്കും. ആലപ്പുഴയിലെയും തിരുവനന്തപുരത്തേയും സംഘടനാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യും.
◾എറണാകുളം മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്ട്ടിഫിക്കറ്റുണ്ടാക്കിയ കുഞ്ഞിനെ വിറ്റതല്ലെന്നു കുഞ്ഞിന്റെ പിതാവ്. പങ്കാളിയെ വിവാഹം ചെയ്തിരുന്നില്ല. കുഞ്ഞിനെ സംരക്ഷിക്കാന്‍ സാമ്പത്തിക, സാമൂഹിക പ്രയാസങ്ങളുണ്ടായി. അതിനാലാണ് മക്കളില്ലാത്ത ദമ്പതികള്‍ക്കു കുഞ്ഞിനെ കൈമാറിയത്. മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥന് അനില്കുമാറിനേയോ കുഞ്ഞിനെ ഏറ്റെടുത്ത ദമ്പതികളില്‍ അനൂപിനേയോ നേരത്തെ അറിയില്ലായിരുന്നെന്നും പണമിടപാടു നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പാഠപുസ്തക രചനയ്ക്ക് സ്കൂള്‍ അധ്യാപകര്‍ക്കും വിരമിച്ച സ്കൂള്‍ അധ്യാപകര്‍ക്കുമുള്ള എഴുത്തു പരീക്ഷ 11 ന്. എഴുത്തു പരീക്ഷയുടെയും തുടര്‍ന്നുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു പാനല്‍ തയ്യാറാക്കുന്നത്.
◾യുവതിയുടെ ഫോട്ടോ അശ്ലീല സൈറ്റിലിട്ട സംഭവത്തില്‍ പ്രധാന പ്രതിയെന്നു സംശയിക്കുന്നയാളുടെ വീട്ടില്‍ പൊലീസ് പരിശോധന. ഇയാളുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഇവ ഫോറന്‍സിക് പരിശോധനയക്കു വിധേയമാക്കും.
◾ചെറായിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പിള്ളിശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തത്. ശശിയുടെ മൃതദേഹം ഫോര്‍ട്ട് കൊച്ചി തീരത്തുനിന്ന് കണ്ടെത്തി.
◾കൊല്ലം പുത്തൂരില്‍ സ്വയം ചിതയൊരുക്കി തീകൊളുത്തി ഗൃഹനാഥന് ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. 68 വയസായിരുന്നു. സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടുണ്ട്.
◾തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍. വാണിയമ്പാറ സ്വദേശിനി ശകുന്തള ( 52 ) ആണ് മരിച്ചത്.
◾ജീവകാരുണ്യ സഹായ സംഘടനയില്‍നിന്ന് പണം വാഗ്ദാനം ചെയ്ത് അറുപതുകാരിയുടെ സ്വര്‍ണം അഴിച്ചുവാങ്ങി കബളിപ്പിച്ച വിരുതനെ പോലീസ് തെരയുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡ് ആപ്പൂര് വെളിയില്‍ ഷെരീഫയുടെ ആഭരണമാണ് ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ കവര്‍ന്നത്.
◾കര്‍ണാടകയില്‍ പുതുതായി ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളത്തിന് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദിയൂരപ്പയുടെ പേരിടും. ഈ മാസം 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ വിമാനത്താവളത്തിനാണ് യെദിയൂരപ്പയുടെ പേരിടുകയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ വെളിപെടുത്തി.
◾പെട്രോളിയം റിഫൈനറിയേക്കുറിച്ചു വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് ശശികാന്ത് വരിഷെ എന്ന മാധ്യമ പ്രവര്ത്തകന് കൊല്ലപ്പെട്ടത്. മറാത്തി ദിനപത്രമായ മഹാനഗരി ടൈംസിലെ മാധ്യമ പ്രവര്‍ത്തകനായിരുന്നു ശശികാന്ത് വരിഷെ.
◾അദാനി -മോദി ബന്ധം ആരോപിച്ചു മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ രാജ്യസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കി. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്സഭാ രേഖകളില്‍നിന്ന് കഴിഞ്ഞ ദിവസം നീക്കിയിരുന്നു.
◾അദാനിയുടെ വിദേശയാത്രയും സാമ്പത്തിക ഇടപാടുകളും ചര്‍ച്ച ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി.
◾അദാനി വിവാദത്തിന് വഴിവച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും. രണ്ടു ഹര്‍ജികളാണ് കോടതിക്കു മുന്നിലുള്ളത്.
◾രണ്ട് ദിവസം നേട്ടമുണ്ടാക്കിയ അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് വീണ്ടും തകര്‍ന്നു. ഓഹരി ഈടായി നല്കി എടുത്ത വായ്പകള്‍ അദാനി നേരത്തെ തിരിച്ചടച്ചത് ബാങ്കുകളുടെ സമ്മര്‍ദ്ദം മൂലമാണെന്ന അമേരിക്കന്‍ സാമ്പത്തിക ഉപദേശക സ്ഥാപനമായ എംഎസ് സിഐയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിറകേയാണ് ഓഹരികള്‍ക്കു തിരിച്ചടിയായത്. ഓഹരികള്‍ ഈടായി നല്കി എടുത്ത വായ്പകളിലെ ഒരു ഭാഗം 9100 കോടി രൂപ ചിലവിട്ട് അദാനി ഗ്രൂപ്പ് അടച്ച് തീര്‍ത്തിരുന്നു. ഇത് നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനായിരുന്നു.
◾അദാനി വിവാദം കത്തുന്നതിനിടെ കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലില്‍ അദാനിയുടെ സ്ഥാപനത്തില്‍ എക്സൈസ് റെയ്ഡ്. വര്‍ഷങ്ങളായി ജിഎസ്ടി കുടിശിക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ്.
◾പശുവിനെ ആലിംഗനം ചെയ്താല്‍ രക്തസമ്മര്‍ദം കുറയുമെന്ന വിചിത്ര പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി ധരം പാല് സിംഗ് രംഗത്ത്. വാലന്റൈന്‍സ് ദിനത്തില്‍ കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന
◾പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രീ യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ റായ്ച്ചൂരിലെ പിയു കോളജ് പ്രിന്‍സിപ്പല്‍ രമേഷിനെ ആണ് പൊലീസ് പിടികൂടിയത്.
◾രാജസ്ഥാനിലെ ബിക്കാനീറിലെ പാഞ്ചുവില് ഒട്ടകം ഉടമയുടെ തല കടിച്ചെടുത്തു. ഒട്ടകത്തെ തല്ലിയ സോഹന്‍ റാം നായക് എന്നയാളെയാണ് ആക്രമിച്ചത്. ഒട്ടകത്തെ നാട്ടുകാര്‍ തല്ലിക്കൊന്നു.
◾മൈക്രോ സോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് വീണ്ടും പ്രണയത്തില്‍. ഇവന്റ് പ്ലാനറും സാമൂഹികപ്രവര്‍ത്തകയുമായ പൗല ഹര്ഡാണ് പുതിയ കാമുകി. സോഫ്റ്റ് വെയര്‍ കമ്പനിയായ ഒറാക്കിളിന്റെ സിഇഒ മാര്‍ക്ക് ഹര്‍ഡിന്റെ ഭാര്യയായിരുന്നു പൗള. കാന്‍സര്‍ ബാധിച്ച് 2019 ലാണ് മാര്‍ക്ക് ഹര്‍ഡ് അന്തരിച്ചത്.
◾ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യ പിടിമുറുക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 177 റണ്‍സിന് പുറത്തായി. രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ട് ഓപ്പണര്‍മാരേയും നഷ്ടപ്പെട്ട ഓസീസിനെ 49 റണ്‍സെടുത്ത ലംബുഷെയിന്‍ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെ സ്പിന്നിംഗ് മികവില്‍ തകര്‍ന്നടിയുകയായിരുന്നു. രവിചന്ദ്ര അശ്വിന് മൂന്ന് വിക്കറ്റെടുത്തു.
◾ഫ്രഞ്ച് കപ്പില്‍ നിന്ന് പിഎസ്ജി പുറത്തായി. ഫ്രഞ്ച് കപ്പ് പ്രീ-ക്വാര്‍ട്ടറില്‍ മാഴ്സെയാണ് പിഎസ്ജിയെ തോല്‍പ്പിച്ചത്. സൂപ്പര്‍ താരങ്ങള്‍ അണിനിരന്നിട്ടും ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് മാഴ്സ പിഎസ്ജിയെ കീഴടക്കി ക്വാര്‍ട്ടറിലേക്ക് മുന്നേറിയ്ത്. 14-തവണ ഫ്രഞ്ച് കപ്പ് നേടിയ പിഎസ്ജി കഴിഞ്ഞ സീസണിലും പ്രീ-ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.
◾രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ധനസമാഹരണത്തില്‍ മുന്നേറ്റം. കണക്കുകള്‍ പ്രകാരം, 2023 ജനുവരിയില്‍ സ്റ്റാര്‍ട്ടപ്പ് ധനസമാഹരണം 96.2 കോടി ഡോളറായാണ് ഉയര്‍ന്നത്. 2022 ഡിസംബറില്‍ ഇത് 93.5 കോടി ഡോളറായിരുന്നു. ട്രാക്ക്സണിന്റെ ഇന്ത്യ ടെക് മൊബിലിറ്റി ഫണ്ടിംഗ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജനുവരിയില്‍ സാമ്പത്തിക സാങ്കേതികവിദ്യ, എന്റര്‍പ്രൈസസ് അപ്ലിക്കേഷനുകള്‍, ഊര്‍ജ്ജ സാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് കൂടുതല്‍ ധനസമാഹരണം നടന്നിട്ടുള്ളത്. സാമ്പത്തിക സാങ്കേതികവിദ്യ മേഖലയിലെ ധനസമാഹരണം 2022 ഡിസംബറിലെ 26.1 കോടി ഡോളറില്‍ നിന്ന് 144 ശതമാനം വര്‍ദ്ധനവോടെ 63.7 കോടി ഡോളറായാണ് ഉയര്‍ന്നത്. ഇക്കാലയളവില്‍ യുപിഐ പോലുള്ള ഡിജിറ്റല്‍ ധനകാര്യ സേവനങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചത് ധനസമാഹരണം ഉയരാന്‍ കാരണമായിട്ടുണ്ട്. കൂടാതെ, ഊര്‍ജ്ജ സാങ്കേതികവിദ്യയില്‍ 386 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇത്തവണ ഭക്ഷ്യ, കാര്‍ഷിക സാങ്കേതികവിദ്യ മേഖലകളിലെ ധനസമാഹരണത്തില്‍ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. ഈ മേഖലയിലെ ധനസമാഹരണം 31.9 കോടി ഡോളറില്‍ നിന്ന് 82 ശതമാനം ഇടിവോടെ 5.68 കോടി ഡോളറായി. കൂടാതെ, സീഡ് സ്റ്റേജ് ധനസമാഹരണം 6.1 കോടി ഡോളറില്‍ നിന്ന് 9 ശതമാനം ഇടിഞ്ഞ് 5.6 കോടിയായാണ് രേഖപ്പെടുത്തിയത്.
◾ചാറ്റ്ജിപിടിയോട് മത്സരിക്കാനായി ഗൂഗിള്‍ അവതരിപ്പിച്ച എ.ഐ ചാറ്റ്ബോട്ടായ ‘ബാര്‍ഡ്’ തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചതോടെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന് ബുധനാഴ്ച വിപണി മൂല്യത്തില്‍ നിന്ന് നഷ്ടമായത് 100 ബില്യണ്‍ ഡോളര്‍. മൂന്ന് മാസങ്ങള്‍ക്കിടെ ആദ്യമായാണ് അവര്‍ ഇത്ര വലിയ നഷ്ടം നേരിടുന്നത്. മൈക്രോസോഫ്റ്റിനും ചാറ്റ്ജിപിടിക്കുമുള്ള ഗൂഗിളിന്റെ മറുപടി പ്രതീക്ഷിച്ചവര്‍ക്ക് കാര്യമായൊന്നും നല്കാന് ഗൂഗിളിനായില്ല. ബാര്‍ഡ് ഒരുചോദ്യത്തിന് തെറ്റായി മറുപടി നല്‍കിയത് ഗൂഗിളിന് തിരിച്ചടിയായി. ഒമ്പത് വയസുള്ള കുട്ടിയോട് പറയാനായി ജെയിംസ് വെബ്ബ് ബഹിരാകാശ ടെലസ്കോപ്പിനെ പറ്റിയുള്ള വിവരങ്ങള്‍ പറയാന്‍ ആണ് ബാര്‍ഡിനോട് ആവശ്യപ്പെട്ടു. ജെയിംസ് വെബ്ബാണ് സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ ഫോട്ടോ ആദ്യമായി എടുക്കുന്നതെനന്നായിരുന്നു ബാര്‍ഡിന്റെ മറുപടി. എന്നാല്‍ ഒന്നിലധികം ടെലസ്കോപ്പുകള്‍ ചേര്‍ന്നാണ് ചിത്രം എടുത്തതെന്നാണ് നാസ വ്യക്തമാക്കിയത്. വിപണി മൂല്യത്തില്‍ ഏകദേശം 10,000 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. നിലവില്‍ 1.27 ലക്ഷം കോടി ഡോളറാണ് ഗൂഗിളിന്റെ വിപണി മൂല്യം. ആദ്യഘട്ടത്തില്‍ നെറ്റ്വര്‍ക്ക് കുറഞ്ഞ മേഖലകളില്‍ പോലും ലഭ്യമാവുന്ന ബാര്‍ഡിന്റെ ‘ലൈറ്റ്’ വകഭേദം ആയിരിക്കും എത്തുക. പൊതുജനങ്ങള്‍ക്ക് ബാര്‍ഡ് എന്നത്തേക്ക് ഉപയോഗിച്ച് തുടങ്ങാം എന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.
◾പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭിനയിച്ച ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി പതിപ്പ് ‘സെല്‍ഫി’യിലെ പുതിയ പാട്ട് റിലീസ് ചെയ്തു. അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീഡിയോ സോംഗ് ആണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ പ്രമോയ്ക്ക് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. രാജ് മെഹ്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അക്ഷയ് കുമാറും ഇമ്രാന് ഹാഷ്മിയുമാണ് സെല്‍ഫിയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ചെയ്ത വേഷം അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച കഥാപാത്രം ഇമ്രാന് ഹാഷ്മിയുമാണ് ചെയ്തിരിക്കുന്നത്. ചിത്രം 2023 ഫെബ്രുവരി 24 ന് തിയറ്ററുകളില്‍ എത്തും. സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണിത്. സല്മാന് ഖാന് ഫിലിംസ് ആണ് സെല്‍ഫി രാജ്യമൊട്ടാകെ വിതരണം ചെയ്യുന്നത്.
◾ബാലതാരമായി എത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന അനിഖ സുരേന്ദ്രന് നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. നേരത്തെ പുറത്തിറക്കിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ന്യൂജനറേഷന് പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ലിപ്ലോക്ക് രംഗങ്ങളുടെ അതിപ്രസരം തന്നെയുണ്ടെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ. ജോയ് ആണ് തിരക്കഥ. മെല്വിന് ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്മാനാണ്.
◾ജിക്സര്‍, ജിക്സര്‍ എസ്എഫ്, ജിക്സര്‍ 250, ജിക്സര്‍ എസ്എഫ് 250 എന്നിവ ഉള്‍പ്പെടുന്ന പുതുക്കിയ ജിക്സര്‍ ശ്രേണി ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ അവതരിപ്പിച്ചു. പുതിയ 2023 സുസുക്കി ജിക്സറിന് 1.40 ലക്ഷം രൂപയാണ് വില. ജിക്സര്‍ എസ്എഫിന് 1.45 ലക്ഷം രൂപയും ജിക്സര്‍ 250 ന് 1.95 ലക്ഷം രൂപയും ജിക്സര്‍ എസ്എഫ് 250 ന് 2.02 ലക്ഷം രൂപയുമാണ് വില. ആദ്യമായി, ജിക്സര്‍ ശ്രേണിയില്‍ സുസുക്കി റൈഡ് കണക്ട് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റവും പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ലഭിക്കുന്നു. പുതുക്കിയ 2023 സുസുക്കി ജിക്സര്‍,ജിക്സര്‍ എസ്എഫ് എന്നിവ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. അതായത് ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് സോണിക് സില്‍വര്‍/പേള്‍ ബ്ലേസ് ഓറഞ്ച്, മെറ്റാലിക് ട്രൈറ്റണ്‍ ബ്ലൂ കളര്‍ ഓപ്ഷനുകള്‍. പുതിയ ജിക്സര്‍ 250 ന് മെറ്റാലിക് മാറ്റ് ബ്ലാക്ക്, മെറ്റാലിക് മാറ്റ് സ്റ്റെല്ലാര്‍ ബ്ലൂ ഷേഡുകള്‍ ലഭിക്കുമ്പോള്‍, ജിക്സര്‍ 250 എസ്എഫ് മെറ്റാലിക് ട്രൈറ്റണ്‍ ബ്ലൂ, മെറ്റാലിക് സോണിക് സില്‍വര്‍ പെയിന്റ് സ്കീമുകളില്‍ വരുന്നു.
◾മഹിഷ്മതി അപകടത്തിലാണ്. രാജ്യത്തിനെതിരേ ശത്രുക്കളെല്ലാം ഒരുമിച്ച് ആക്രമണം അഴിച്ചു വിടുമ്പോള്‍ പ്രതികാരത്തെക്കാള്‍ വലുത് പ്രതിരോധമാണെന്ന് ശിവഗാമി തിരിച്ചറിയുന്നു. നിശ്ചയദാര്‍ഢ്യത്തിന്റെ മുഖങ്ങളായി മാറിയ കട്ടപ്പ മഹാദേവ, ഗുണ്ടു രാമു എന്നിവര്‍ക്കൊപ്പം അവള് ചേരുമ്പോള്‍ ആവേശഭരിതമായ പോരിനാണ് മഹിഷ്മതി സാക്ഷിയാകുന്നത്. റാണിയാകാനുള്ള ശിവഗാമിയുടെ യാത്രയില്‍ എത്ര ദൂരം അവള്‍ക്ക് പോകാനാകും? എന്തൊക്കെ നഷ്ടപ്പെടുത്തേണ്ടി വരും? മഹിഷ്മതിയുടെ അറിയാക്കഥകള്‍ വായനക്കാരിലേക്കെത്തിച്ച ബാഹുബലി സീരീസിലെ മൂന്നാമത്തെയും അവസാനത്തെയും പുസ്തകം. ‘മഹിഷ്മതിയുടെ റാണി – ഭാഗം – 3’. ആനന്ദ് നീലകണ്ഠന്. വിവര്‍ത്തനം: സുരേഷ് എം.ജി. ഡിസി ബുക്സ്. വില 522 രൂപ.
◾പതിമൂന്ന് വ്യത്യസ്ത തരം അര്‍ബുദങ്ങളിലേക്ക് അമിതവണ്ണം നയിക്കാമെന്ന് ആരോഗ്യവിദഗ്ധര്‍. അന്നനാളം, വയര്‍, കരള്‍, പാന്‍ക്രിയാസ്, കൊളോണ്‍,റെക്ടം, ഗാള്‍ ബ്ലാഡര്‍, വൃക്ക, തൈറോയ്ഡ് എന്നിവിടങ്ങളില്‍ അര്‍ബുദത്തിനുള്ള സാധ്യത അമിതവണ്ണക്കാരില്‍ 1.5 മുതല്‍ നാല് മടങ്ങു വരെ അധികമാണെന്ന് ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ പുറത്തു വിട്ട വര്‍ക്കിങ് ഗ്രൂപ്പ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമിതവണ്ണക്കാരായ സ്ത്രീകള്‍ക്ക് പ്രത്യുത്പാദന സംബന്ധമായ അവയവങ്ങളില്‍ ഉണ്ടാകുന്ന എന്‍ഡോമെട്രിയല്‍ പോലുള്ള അര്‍ബുദങ്ങള്‍ക്ക് നാലു മുതല്‍ ഏഴ് മടങ്ങു വരെ സാധ്യത അധികമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവര്‍ക്ക് സ്താനാര്ബുദത്തിനുള്ള സാധ്യത ഒന്നര മടങ്ങും അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത 1.1 മടങ്ങും അധികമാണ്. അമിതവണ്ണവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് സ്തനാര്‍ബുദവും പുരുഷന്മാര്ക്ക് കോളോറെക്ടല്‍ അര്‍ബുദവും വരാനുള്ള സാധ്യത അമിതവണ്ണമില്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനം അധികമാണ്. പല തരത്തില്‍ അമിതവണ്ണം അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കാം. മനുഷ്യശരീരത്തിലെ കൊഴുപ്പ് കോശങ്ങള്‍ കൂടിയ അളവില്‍ ഈസ്ട്രജന് ഉത്പാദിപ്പിക്കാറുണ്ട്. ഇത് സ്ത്രീകളില്‍ സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, എന്‍ഡോമെട്രിയല്‍ അര്‍ബുദം എന്നിവയ്ക്ക് കാരണമാകാം. അമിതവണ്ണക്കാരില്‍ ഉയര്‍ന്ന തോതില്‍ ഇന്‍സുലിനും ഇന്‍സുലിന്‍ ലൈക് ഗ്രോത്ത് ഫാക്ടറും ഉണ്ടാകുന്നത് കൊളോറെക്ടല്‍, വൃക്ക, പ്രോസ്റ്റേറ്റ് അര്‍ബുദങ്ങളിലേക്കും നയിക്കാം. ശരീരത്തില്‍ നിരന്തരമായ നീര്‍ക്കെട്ടിനും അമിതവണ്ണം കാരണമാകാറുണ്ട്. ഇതും അര്‍ബുദരോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.57, പൗണ്ട് – 99.99, യൂറോ – 88.74, സ്വിസ് ഫ്രാങ്ക് – 89.92, ഓസ്ട്രേലിയന്‍ ഡോളര്‍ – 57.59, ബഹറിന്‍ ദിനാര്‍ – 218.99, കുവൈത്ത് ദിനാര്‍ -270.04, ഒമാനി റിയാല്‍ – 214.69, സൗദി റിയാല്‍ – 22.00, യു.എ.ഇ ദിര്‍ഹം – 22.48, ഖത്തര്‍ റിയാല്‍ – 22.67, കനേഡിയന്‍ ഡോളര്‍ – 61.59.