ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് നടത്തി വോഡഫോണ്‍ ഐഡിയയുടെ ഓഹരികള്‍. ഓഹരി വിലയില്‍ 24 ശതമാനം വര്‍ധനവാണ് ഇന്നുണ്ടായത്. കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശികയ്ക്ക് പകരം ഓഹരികള്‍ നല്‍കാമെന്ന വോഡഫോണ്‍ ഐഡിയയുടെ നീക്കം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതാണ് ഈ കുതിപ്പ് സാധ്യമാക്കിയത്. കഴിഞ്ഞ വര്‍ഷം തന്നെ ബാധ്യതയായ 16,133 കോടി രൂപയ്ക്ക് പകരം ഓഹരി നല്‍കാമെന്ന് വോഡഫോണ്‍ ഐഡിയ ബോര്‍ഡ് തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രം അംഗീകാരം നല്‍കിയിരുന്നില്ല. പ്രൊമോട്ടര്‍മാര്‍ പുതിയ നിക്ഷേപം നടത്തുമെന്ന് ഉറപ്പ് നല്‍കുന്നത് വരെ തീരുമാനം നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. വലിയ നിക്ഷേപം നടത്താമെന്ന് പ്രെമോട്ടര്‍മാരായ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉറപ്പ് നല്‍കിയതോടെയാണ് കേന്ദ്രം വഴങ്ങിയത്.