ഇന്ധനനികുതി വര്‍ധനയില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷം അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പില്‍, സി.ആര്‍. മഹേഷ്, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം എന്നീ എംഎല്‍എമാരാണ് സത്യഗ്രഹം തുടങ്ങിയത്. പ്ലക്കാര്‍ഡുകളുമായാണ് അംഗങ്ങള്‍ സഭയിലെത്തിയത്. പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്തി. ഇതേസമയം, ബജറ്റിലെ നികുതിക്കൊള്ളയ്‌ക്കെതിരേ സെക്രട്ടേറിയറ്റിലും ജില്ലാ കളക്ടറേറ്റുകളിലും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകള്‍ക്കിടെ സംഘര്‍ഷം. സമരക്കാര്‍ കൊണ്ടുവന്ന പഴയ ഇരുചക്ര വാഹനം കത്തിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 13 നു യുഡിഎഫ് ജില്ലാ കളക്ടറേറ്റുകളില്‍ രാപ്പകല്‍ സമരം നടത്തും.

തുര്‍ക്കിയില്‍ ഭൂചലനത്തില്‍ മുന്നൂറു മരണം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. കെട്ടിടങ്ങള്‍ക്കടിയില്‍ അനേകംപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും. സുഡാന്‍ സന്ദര്‍ശനത്തിനുശേഷം മടങ്ങവേയണ് മാര്‍പാപ്പ ഇക്കാര്യം വെളിപെടത്തിയത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് ഒരു മാര്‍പാപ്പ ഇന്ത്യയിലെത്തുന്നത്. 1999 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്.

വ്യാജ ജനന സര്‍ട്ടിഫിക്കറ്റു തയാറാക്കി ദത്തെടുത്ത കുഞ്ഞിനെ വീട്ടുകാര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു മുമ്പാകെ ഹാജരാക്കി. കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ദത്തെടുത്ത കുടുംബവും കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളും ഒളിവിലാണ്. കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളുടെ സഹോദരനാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു മുമ്പാകെ ഹാജരാക്കിയത്. കുഞ്ഞിനു ജന്മം നല്‍കിയ അമ്മ ആശുപത്രിയില്‍ നല്‍കിയ പേരും വിലാസവും ഫോണ്‍ നമ്പരും വ്യാജമാണെന്ന് വ്യക്തമായി. ഇതേസമയം, കുഞ്ഞിന്റെ യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടി ജനിച്ചത് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തന്നെ. സര്‍ട്ടിഫിക്കറ്റ് പ്രകാരം കുട്ടി ജനിച്ചത് ഓഗസ്റ്റ് 27 നാണ്.

കളമശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ നിര്‍ദേശമനുസരിച്ചാണ് ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ നേരിട്ടു സ്വീകരിക്കാന്‍ തുടങ്ങിയതെന്ന് കിയോസ്‌കിലെ ജീവനക്കാരി റെഹന. അറിഞ്ഞില്ലെന്ന് സൂപ്രണ്ട് കള്ളം പറയുകയാണ്. എംആര്‍ഡി വഴി എത്തേണ്ട അപേക്ഷ നേരിട്ട് സ്വീകരിച്ച രെഹ്നക്ക് വീഴ്ച പറ്റിയെന്നായിരുന്നു സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍ പ്രതികരിച്ചത്.

ശമ്പള വര്‍ധന നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് പണിമുടക്കുമെന്നു നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ. എറണാകുളത്ത് തുടങ്ങി എല്ലാ ജില്ലയിലും സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. മാര്‍ച്ച് ആറിന് സൂചന പണിമുടക്ക് നടത്തുമെന്നും യുഎന്‍എ അറിയിച്ചു.

വെള്ളക്കരം വര്‍ധന ബോധംകെട്ടു വീഴുന്നവരുടെ മുഖത്തു തളിക്കാന്‍ വെള്ളമില്ലാത്ത അവസ്ഥ വരുമെന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എ. ബോധംകെട്ടു വീഴുന്നവര്‍ക്ക് തളിക്കാന്‍ വെള്ളത്തിന് എംഎല്‍എ പ്രത്യേകം കത്തു തന്നാല്‍ അനുവദിക്കാമെന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു പൈസയെ വര്‍ധിപ്പിച്ചിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.

റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചയാള്‍ ഓട്ടോറിക്ഷയിടിച്ചു മരിച്ചു. മാറനല്ലൂര്‍ ഊരുട്ടമ്പലം കൊല്ലാലംകോട് രാജേശ്വരി ഭവനില്‍ ഗംഗാധരന്‍ (68) ആണ് മരിച്ചത്. തിരുവനന്തപുരം ബാലരാമപുരത്ത് കാട്ടക്കട റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയ ബൈക്ക് തെന്നിമറിഞ്ഞ് എതിരെവന്ന ഓട്ടോറിക്ഷക്കടിയില്‍പ്പെട്ടാണു ഗംഗാധരന്‍ മരിച്ചത്.

വൈദ്യുതി ബില്ലടക്കാത്തതിനാല്‍ മലപ്പുറം കളക്ടറേറ്റിലെ നാലു സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്യൂസ് കെഎസ്ഇബി ഊരി. കലക്ടറേറ്റിലെ ബി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡയറക്ടറേറ്റ് അടക്കമുള്ള പ്രധാനപ്പെട്ട ഓഫിസുകളുടെ ഫ്യൂസ് ഊരിയതോടെ ഈ ഓഫീസുകള്‍ ഇരുട്ടിലായി. പട്ടിക ജാതി വികസന സമിതിയുടെ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയര്‍ സെക്കണ്ടറി റീജിനല്‍ ഡയരക്ടറേറ്റ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ ജോലി തടസപ്പെട്ടു.

പന്തളം സഹകരണ ബാങ്കിനു മുന്നില്‍ ബിജെപി ഡിവൈഎഫ്‌ഐ സംഘര്‍ഷം. ബാങ്കിലെ സ്വര്‍ണം എടുത്തു മാറ്റിയ ജീവനക്കാരനെതിരെ പോലീസില്‍ പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. പിന്നീട് പൊലീസെത്തി ബിജെപി പ്രവത്തകരെ അറസ്റ്റു ചെയ്തു. പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ കുത്തിയിരിപ്പു സമരം നടത്തി. ബാങ്കിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവത്തകരും സമരത്തിനിറങ്ങിയിരുന്നു. സിപിഎം മുന്‍ പന്തളം ഏരിയ സെക്രട്ടറി പ്രമോദിന്റെ മകന്‍ സ്വര്‍ണം തിരിമറി നടത്തിയെന്ന ആരോപണം ബാങ്ക് ഭരണസമിതി ഒതുക്കിയെന്നാണ് ആരോപണം.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നായി അഷറഫ് നാമധാരികളായ 2,537 പേര്‍ കോഴിക്കോട് ബീച്ചില്‍ ഒത്തുചേര്‍ന്നു. അവരൊന്നിച്ചുനിന്ന് ബീച്ചില്‍ അഷ്‌റഫ് എന്ന് രേഖപ്പെടുത്തുകകൂടി ചെയ്തു. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ‘ലാര്‍ജ്സ്റ്റ് സെയിം നെയിം ഗാദറിംഗ് ‘കാറ്റഗറിയുടെ യുആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡ് നേടി.

ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന അഡ്വ സൈബി ജോസിനെതിരെയുളള ആരോപണം അതീവ ഗുരുതരമെന്നും അന്വേഷിക്കണമെന്നും ഹൈക്കോടതി. ജുഡീഷ്യല്‍ സംവിധാനത്തെ ബാധിക്കുന്ന വിഷയമാണിത്. അന്വേഷണത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നും സൈബി ജോസിന്റെ ഹര്‍ജി തള്ളിക്കൊണ്ടു കോടതി ചോദിച്ചു

ബത്തേരിയില്‍ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ ആക്രമണം നടത്തിയ മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്തു. ബത്തേരി മന്തണ്ടികുന്ന് സ്വദേശികളായ രഞ്ജു, കിരണ്‍ ജോയി, ധനുഷ് എന്നിവരാണു പിടിയിലായത്. ആക്രമണത്തില്‍ എഎസ്‌ഐക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. പ്രതികള്‍ മദ്യലഹരിയില്‍ വാഹനത്തിന്റെ ചില്ലുകള്‍ പ്രതികള്‍ തകര്‍ത്തെന്നും പോലിസ്.

ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം നിര്‍ത്തിവക്കാന്‍ സുപ്രീം കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ഖനനം നിയമവിരുദ്ധമാണെന്നും കേന്ദ്രത്തിന്റെയോ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണ് നീക്കം നടക്കുന്നത്. ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഇടുക്കി മുതിരപ്പുഴയാര്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ഹെദരാബാദ് സ്വദേശിയായ സന്ദീപ് (20) ആണ് മരിച്ചത്. പുഴ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സന്ദീപ് കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീഴുകയായിരുന്നു.

അദാനി വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം. ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെ പ്രക്ഷുബ്ധമായ ലോക്‌സഭയും രാജ്യസഭയും രണ്ടു മണിവരെ നിര്‍ത്തിവച്ചു. ഗാന്ധി പ്രതിമക്കു മുന്‍പിലും പ്രതിഷേധമുണ്ടായി. അദാനിക്കെതിരെ അന്വേഷണം വേണമെന്നും വിവാദത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നും ലോക്‌സഭയിലും രാജ്യസഭയിലും ആവശ്യമുന്നയിച്ചു. ചര്‍ച്ചയില്ലെന്ന് സഭാധ്യക്ഷന്മാര്‍ നിലപാടെടുത്തതോടെ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു.

ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പിനിടെ പ്രക്ഷുബ്ധ രംഗങ്ങള്‍. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത അങ്ങള്‍ക്കു വോട്ടു ചെയ്യാന്‍ അവസരം നല്‍കിയതിനെതിരേ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. ഇതോടെ കൗണ്‍സിലില്‍ കൈയാങ്കളിയോളമായി.

നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളുരുവിലും തുമകുരുവിലുമാണ് മോദി പങ്കെടുക്കുന്നത്. വലിയ ഹെലികോപ്റ്റര്‍ നിര്‍മാണ യൂണിറ്റും 11 സംസ്ഥാനങ്ങളിലായി ഇ 20 ഇന്ധനം ലഭ്യമാകുന്ന 84 റീട്ടെയ്ല്‍ കേന്ദ്രങ്ങളും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

നാടന്‍ ബോംബുണ്ടാക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഗുണ്ടാ നേതാവിനു ഗുരുതര പരിക്ക്. ചെന്നൈ അമ്പത്തൂരിലാണു കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാര്‍ത്തിക്കിനാണ് ഗുരുതര പരിക്കേറ്റത്.

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ നടത്തിയതിനു ജയിലില്‍ അടയ്ക്കപ്പെട്ട പതിനായിരക്കണക്കിനു പേര്‍ക്ക് മാപ്പു നല്‍കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനെയി. ഗുരുതരമായ കുറ്റങ്ങള്‍ക്ക് വധശിക്ഷ കാത്തു കിടക്കുന്ന തടവുകാര്‍ക്കും വിദേശ രാജ്യങ്ങള്‍ക്കു വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ടവര്‍ക്കും തീരുമാനം ബാധകമല്ലെന്നും അദ്ദഹം പറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *