jpg 20230127 090531 0000

കുടുംബ ചെലവുകൾക്കപ്പുറമുള്ള ആവശ്യത്തിന്‌ വട്ടിപ്പലിശക്കാരെ സമീപിക്കേണ്ടിവന്ന കാലം. ആഴ്‌ചതോറും പടികടന്നെത്തുന്ന പലിശക്കാരനെ പേടിച്ചായിരുന്നു പലപ്പോഴും ഗ്രാമീണമേഖലയിലെ കുടുംബങ്ങൾ കഴിഞ്ഞിരുന്നത്‌. 1998ൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ കുടുംബശ്രീ പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചു. അതുവരെയുണ്ടായിരുന്ന ദാരിദ്ര്യനിർമാർജന പദ്ധതികൾക്ക്‌ സ്‌ത്രീകളുടെ കഷ്ടപ്പാടും തൊഴിലില്ലായ്‌മയും പൂർണമായി പരിഹരിക്കാനാകുന്നില്ലെന്ന തിരിച്ചറിവിലാണ്‌ സമൂഹ്യ സംഘടനാ സംവിധാനത്തിൽ കുടുംബശ്രീ എത്തുന്നത്‌. ആഴ്‌ചതോറും സ്‌ത്രീകളെല്ലാം വീട്ടുമുറ്റങ്ങളിൽ സംഘടിച്ചു. ചെറു തുകകൾ സ്വരുക്കൂട്ടി ബാങ്കിൽ നിക്ഷേപിച്ചു. അത്യാവശ്യങ്ങൾക്ക്‌ ആ തുകയിൽനിന്ന്‌ വായ്‌പ എടുത്തു. അതോടെ വട്ടിപ്പലിശക്കാർ പടിയിറങ്ങിത്തുടങ്ങി. കുടുംബത്തിൽ പുരുഷനുള്ള സാമ്പത്തികാധികാരം സ്‌ത്രീക്കും സ്വന്തമായി. സാമ്പത്തിക സ്വാതന്ത്ര്യത്തിനൊപ്പം തൊഴിലിനും തുല്യതയ്‌ക്കും സ്‌ത്രീ സ്വാതന്ത്ര്യത്തിനും കുടുംബശ്രീ നിലയുറപ്പിച്ചു.

ഇന്ന്‌ 3,09,667 കുടുംബശ്രീ യൂണിറ്റിലായി 46,30,179 സ്‌ത്രീകൾ അംഗങ്ങൾ. രജത ജൂബിലി വർഷത്തിൽ എത്തിയപ്പോഴേക്കും കുടുംബശ്രീയുടെ ഖ്യാതി ലോകത്തോളം വളർന്നു. യുഎൻ ഉൾപ്പെടെ ആദരിച്ചു. നൂറിലേറെ പുരസ്‌കാരങ്ങൾ. രാജ്യം ദാരിദ്ര്യനിർമാർജനത്തിന്‌ കുടുംബശ്രീയുടെ സഹായം തേടി. വിവിധ സംസ്ഥാനങ്ങളിലെ സ്‌ത്രീമുന്നേറ്റ പദ്ധതികളുടെ നോഡൽ ഏജൻസിയായി. 27,000 വയോജന അയൽക്കൂട്ടവും 3000 ഭിന്നശേഷി, 49 ട്രാൻസ്‌ ജെൻഡർ അയൽക്കൂട്ടവും രൂപീകരിച്ചു. അട്ടപ്പാടിയിൽ പ്രത്യേകമായി 730 അയൽക്കൂട്ടവും 130 ഊരു സമിതിയുമുണ്ട്‌.

ഇതിലൂടെ സ്വയംതൊഴിൽ പാതയിൽ നേട്ടങ്ങളുടെ നെറുകയിലെത്തി. കോവിഡ്‌കാലത്ത്‌ സർക്കാരിന്‌ പിന്തുണയായി. അന്ന്‌ രൂപീകരിച്ച കമ്യൂണിറ്റി കിച്ചനുകൾ 1172 ജനകീയ ഹോട്ടലുകളായി 20 രൂപയ്‌ക്ക്‌ ഊണു നൽകുന്നു. സ്‌ത്രീകൾക്ക്‌ തൊഴിൽ ലഭ്യമാക്കാനായി 96,000 സൂക്ഷ്‌മ സംരംഭം, സംഘകൃഷിക്കായി 74,000 ഗ്രൂപ്പ്‌, സ്റ്റാർട്ടപ്‌ പദ്ധതിയിലൂടെമാത്രം കാൽലക്ഷത്തിലേറെ പേർക്ക്‌ തൊഴിലവസരം. കൊച്ചി മെട്രോ നടത്തിപ്പിലും പാഠപുസ്‌തക അച്ചടിയുടെയും വിതരണത്തിന്റെയും ഭാഗം. അങ്കണവാടി കുട്ടികൾക്കുള്ള ന്യൂട്രിമിക്‌സ്‌ ഉൽപ്പാദിപ്പിക്കുന്ന 241 ‘അമൃതം’ യൂണിറ്റ്‌, ന്യായവിലയ്‌ക്ക്‌ കോഴിയിറച്ചി വിതരണത്തിന്‌ ‘കേരള ചിക്കൻ പദ്ധതി’ എന്നിവയുമുണ്ട്‌. കുടുംബശ്രീയിൽ അംഗമല്ലാത്ത യുവതികൾക്കായി 20,000 ഓക്‌സിലറി ഗ്രൂപ്പുമുണ്ട്‌.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *