jpg 20230120 140315 0000

പോലീസ് ഓഫീസറുടെ അവിഹിത ബന്ധമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ എണ്ണിപ്പറഞ്ഞ് എഡിജിപിയുടെ റിപ്പോർട്ട്; സിഐയെ സർവീസിൽ നിന്നും പിരിച്ചുവിടാൻ സാധ്യത.
ഗുണ്ടകളുമായുള്ള വഴി വിട്ട ബന്ധത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്ത പേട്ട സിഐ റിയാസ് രാജയുടെ സ്വഭാവ ദൂഷ്യങ്ങൾ അക്കമിട്ട് നിരത്തിയാണ് എഡിജിപിയുടെ റിപ്പോർട്ട് നൽകിയിട്ടുള്ളത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്കുമാറിൻ്റെ ഉത്തരവിലാണ് സിഐയുടെ സ്വഭാവദൂഷ്യങ്ങളെപ്പറ്റി വ്യക്തമാക്കുന്നത്. റിയാസ് രാജയ്ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ റൂറൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എസ് ശ്രീകാന്തിനെ എഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പൊലീസിൽ തുടരാനുള്ള യോഗ്യത റിയാസിനില്ലെന്നും ഇയാളുടെ സ്വഭാവദൂഷ്യങ്ങളും വഴിവിട്ട ബന്ധങ്ങളും പിരിച്ചുവിടാൻ പരിഗണിക്കാവുന്നതാണെന്നും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന് മുന്നിൽ ശുപാർശയും ചെന്നിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് അസാന്മാർഗിക പ്രവർത്തനങ്ങൾ ചെയ്തതാണ് പിരിച്ചുവിടലിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കേരള പൊലീസ് ആക്ട് സെക്ഷൻ 86 (1) (c), സെക്ഷൻ 86 (3), സെക്ഷൻ 29 (1), സെക്ഷൻ 4 എന്നിവ ഉപയോഗിച്ച് റിയാസ് രാജയെ പിരിച്ചുവിടാൻ കഴിയുന്ന കുറ്റങ്ങൾ ഇയാൾ ചെയ്തിട്ടുണ്ടെന്നാണ് ഡിജിപിക്ക് എത്തിയ പിരിച്ചുവിടൽ ശുപാർശയിൽ പറയുന്നത്.

മാനസികമായോ ശാരീരികമായോ പെരുമാറ്റം കൊണ്ടോ പൊലീസിന്റെ ചുമതലകൾ നിർവഹിക്കുന്നതിന് അയോഗ്യനായാൽ പൊലീസുദ്യോഗസ്ഥനായി സേനയിൽ തുടരാൻ അർഹതയില്ല എന്ന് വ്യക്തമാക്കുന്നതാണ് സെക്ഷൻ 86 (1) (c).

അക്രമോത്സുകത, അസാന്മാർഗികത എന്നിവയടങ്ങിയ കുറ്റത്തിന് ശിക്ഷിച്ചതോ, ഈ കുറ്റങ്ങൾക്ക് ക്രിമിനൽ കേസുള്ളതോ ആയവരെ സസ്‌പെൻഡ് ചെയ്‌തശേഷം ഹിയറിംഗ് നടത്തി പിരിച്ചുവിടുകയോ നിർബന്ധമായി വിരമിപ്പിക്കുകയോ ചെയ്യാൻ അനുമതി നൽകുന്നതാണ് സെക്ഷൻ 83 (3).

പൗരൻമാരുടെ ജീവൻ, സ്വത്ത്, മനുഷ്യാവകാശം, അന്തസ് എന്നിവ സംരക്ഷിക്കുന്നതിൽ വീഴ്ച്ച വരുത്തുക, കുറ്റകൃത്യങ്ങൾ നിയമാനുസൃതം അന്വേഷിക്കുന്നതിൽ വീഴ്ച്ചയുണ്ടാക്കുക, പൊലീസ് സേനയുടെ അച്ചടക്കം പാലിക്കാതിരിക്കുക, ജനങ്ങളിൽ പൊതു സുരക്ഷിതത്വബോധം ഉറപ്പാക്കാതിരിക്കുക, സ്ത്രീകളുടെ സുരക്ഷ ഉറപ്പാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ തെളിഞ്ഞാൽ പിരിച്ച് വിടാൻ ശുപാർശ ചെയ്യുന്നതാണ് സെക്ഷൻ 4.

പൊലീസുദ്യോഗസ്ഥർ പൊതുജനങ്ങളോടുള്ള ഇടപെടലുകളിൽ മര്യാദയും ഔചിത്യവും അവസരോചിതമായ സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതും സഭ്യവും മാന്യവുമായ ഭാഷ ഉപയോഗിക്കേണ്ടതുമാണ്. ഇത് ലംഘിച്ചാൽ പിരിച്ചുവിടാൻ ശുപാർശ ചെയ്യുന്നതാണ് സെക്ഷൻ 29 (1).

കൊടും ക്രിമിനലുകൾക്ക് പൊലീസിലെ ഔദ്യോഗിക വിവരങ്ങൾ ചോർത്തുകയും പല സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഒത്താശ ചെയ്യുകയും ചെയ്‌തിരുന്ന റിയാസ് ഏറെക്കാലമായി ഇന്റലിജൻസ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കുപ്രസിദ്ധ ഗുണ്ടകളായ പുത്തൻപാലം രാജേഷും ഓംപ്രകാശുമായി ഇയാൾക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ഇൻ്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഇതിൻ്റെയൊക്കെ അടിസ്ഥാനത്തിലാണ് റിയാസ് രാജയെ എഡിജിപിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.

എഡിജിപി എംആർ അജിത്കുമാറിൻ്റെ ഉത്തരവിൽ പേട്ട സിഐ റിയാസ് രാജയെ സസ്പെൻഡ് ചെയ്യാൻ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങൾ

ലുലുമാളിനടുത്ത് പ്രവർത്തിച്ച അനധികൃത മസാജ് സെന്ററിൽ സ്ത്രീയുമായി സന്ദർശിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്‌തിരുന്നു.

പേട്ട എസ്എച്ച്ഒ ആയിരിക്കെ റിയാസ് രാജയെ വെൺപാലവട്ടത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് അവിഹിതബന്ധങ്ങൾ കാരണം വീട്ടുടമ നിർബന്ധപൂർവം ഒഴിപ്പിച്ചിരുന്നു.

നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഗുണ്ടാലിസ്റ്റിൽ പെട്ടയാളുടെ ഭാര്യയുമായി സിഐക്ക് അവിഹിത ബന്ധമുണ്ടെന്നും ഇത് പൊലീസിസ് സേനാംഗത്തിന് ചേർന്നതല്ലെന്നും സംസ്ഥാന ഇലിജൻസ് റിപ്പോർട്ട് നൽകി.

റിയാസ് രാജക്ക് എതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ റിയാസിനെ സ്ഥലംമാറ്റണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ശുപാർശ നൽകി. ആരോപണങ്ങൾ എഡിജിപി എംആർ അജിത്കുമാർ വിശദമായി അന്വേഷിച്ചപ്പോള്‍ ശരിയാണെന്ന് കണ്ടെത്തിയതായും ഉത്തരവിൽ പറയുന്നു.

ഗുണ്ടാലിസ്റ്റിലുള്ളയാളുടെ ഭാര്യയുമായി പൊലീസ് സേനാംഗത്തിന് ചേരാത്ത സൗഹൃദം റിയാസ് പുലർത്തി. ഈ സ്ത്രീ മദ്യപിച്ച് പൊതുജനമധ്യത്തിൽ വച്ച് അവർക്ക് സിഐയുമായി ബന്ധമുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തിയതായി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ റിയാസിനെതിരെ അന്വേഷണം നടത്തിയ ഉന്നതതല സംഘത്തിന് മൊഴി നൽകിയതായും ഉത്തരവിൽ പറയുന്നു.

പൗരൻമാർക്ക് മാതൃകയാകേണ്ട പൊലീസ് ഉദ്യോഗസ്ഥനായ റിയാസ് രാജയുടെ ഭാഗത്തുനിന്ന് കടുത്ത പെരുമാറ്റ ദൂഷ്യവും ഗുരുതരമായ അച്ചടക്കലംഘനവുമുണ്ടായതായി അന്വേഷണത്തിൽ ബോധ്യമായെന്ന് എഡിജിപിയുടെ ഉത്തരവിൽ പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *