mid day hd 13

 

വ്യാജ ആദായ നികുതി റീഫണ്ടുമായി ബന്ധപ്പെട്ട് 31 പേര്‍ക്കെതിരെ സിബിഐ കേസ്. കേരള പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 മലയാളികള്‍ക്കെതിരെയും കേസുണ്ട്. 18 നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തു. കണ്ണുര്‍ റേഞ്ച് ആദായ നികുതി ഓഫീസില്‍നിന്നാണ് തട്ടിപ്പ് കണ്ടെത്തിയത്. കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയിലടക്കമുള്ളവരാണ് നാവിക ഉദ്യോഗസ്ഥര്‍. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ ജി. ചന്ദ്രന്‍, പേരാവൂര്‍ പൊലീസ് സ്റ്റേഷനിലെ കെ വിനോദ് കുമാര്‍ എന്നിവരാണ് പൊലീസ് സേനയിലുള്ളവര്‍.

തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിനുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കൂടുതല്‍ കൂട്ടിച്ചേര്‍ക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. എല്‍ഡിഎഫ് തീരുമാനമനുസരിച്ച് വെള്ളക്കരം ലിറ്ററിന് ഒരു പൈസ നിരക്കില്‍ വര്‍ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ബാങ്ക് അക്കൗണ്ടുകള്‍ വഴി കോഴിക്കോട് കോര്‍പറേഷനില്‍ വന്‍ തിരിമറിയെന്ന് കോണ്‍ഗ്രസ്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. ബാങ്കുകളിലും ട്രഷറിയിലുമായി 60 അക്കൗണ്ടുകള്‍ കോര്‍പറേഷനുണ്ടെന്നാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. എന്നാല്‍ കണക്കില്‍ പെടാത്ത 13 ബാങ്ക് അക്കൗണ്ടുകള്‍ കൂടി കോര്‍പറേഷന്റെ പേരിലുണ്ടെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. 20 കോടിയോളം രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഈ അക്കൗണ്ടുകളിലുള്ളത്.

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തപാല്‍ വോട്ടുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ ട്രഷറി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ സതീഷ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്റ് രാജീവ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് തെറ്റായി പെട്ടി നല്‍കിയതിലെ വീഴ്ചയ്ക്കാണു നടപടി. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട് .

കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിനെതിരേ ശശി തരൂര്‍ എഐസിസി നേതൃത്വത്തെ സമീപിക്കുന്നു. സോണിയ ഗാന്ധിയെയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും ശശി തരൂര്‍ കാണും. തന്നെ ക്ഷണിക്കുന്ന പരിപാടികളില്‍ പ്രസംഗിക്കന്നതിനെതിരേ അനാവശ്യ വിവാദമുണ്ടാക്കുകയും തടസമുണ്ടാക്കുകയും ചെയ്യുന്നതിനെതിരേയാണ് പരാതി. തന്നെ ക്ഷണിച്ച പരിപാടികളില്‍നിന്ന് പിന്മാറില്ലെന്നാണ് തരൂരിന്റെ തീരുമാനം.

പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്കു സിപിഎം ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി ജോസീന്‍ ബിനോയെ സ്ഥാനാര്‍ത്ഥിയാക്കി. നഗരസഭയിലെ ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎമ്മിന്റെ ആദ്യ ശ്രമം. എന്നാല്‍ കേരള കോണ്‍ഗ്രസ് നീരസം പ്രകടിപ്പിച്ചതോടെയാണ് സിപിഎം വഴങ്ങിയത്.

പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടെങ്കിലും പാര്‍ട്ടി മാറ്റിനിര്‍ത്തിയ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിക്കയച്ച തുറന്ന കത്ത് വിവാദമായി. ‘മോഹങ്ങള്‍ ഉണ്ടായിരുന്നു പക്ഷേ മോഹഭംഗമില്ല’ എന്ന തലക്കെട്ടോടെയാണ് കത്ത്. തെരഞ്ഞെടുപ്പില്‍ ജനം തിരസ്‌കരിക്കുന്നതിനേക്കാള്‍ വേദനാജനകമാണ്, തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം വ്യക്തി വിരോധത്തിന്റെ പേരില്‍ അംഗീകാരങ്ങള്‍ നിഷേധിക്കപ്പെടുന്നത് എന്നും കത്തില്‍ കുറിച്ചിട്ടുണ്ട്.

എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് യുവജന കമ്മീഷന്‍ ശിപാര്‍ശ നല്‍കി.

പീഡന ശ്രമത്തിന് വനിത സഹപ്രവര്‍ത്തകയുടെ പരാതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്. അതിരപ്പിള്ളി കൊന്നക്കുഴിയില്‍ ഫോറസ്റ്റ് ബിറ്റ് ഓഫിസര്‍ എം.വി വിനയരാജിനെതിരെയാണ് അതിരപ്പിള്ളി പൊലീസ് കേസെടുത്തത്.

മരിച്ചാല്‍ പതാക പുതപ്പിക്കാന്‍ പാര്‍ട്ടിക്കാര്‍ വരരുതെന്ന് നിക്ഷേപത്തട്ടിപ്പു നടന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് സെക്രട്ടറിക്ക്ുകത്തെഴുതി ചികിത്സാ സഹായം നിഷേധിക്കപ്പെട്ട നിക്ഷേപകന്‍. 82 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപമുള്ള മാപ്രാണം സ്വദേശി ജോഷി ആന്റണി എന്ന സിപിഎം അനുഭാവിയാണ് ആശുപത്രിക്കിടക്കയില്‍ ബാങ്ക് അധികൃതര്‍ക്ക് വാട്‌സാപ്പ് സന്ദേശമയച്ചത്.

മൂന്നാറിലെ കാട്ടാന പടയപ്പയെ പ്രകോപിപ്പിച്ചെന്ന് ആരോപിച്ച് മൂന്നാര്‍ കടലാര്‍ എസ്റ്റേറ്റ് സ്വദേശി ദാസിന്റെ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ദാസിനെതിരെ കേസെടുത്തിട്ടുണ്ട്.

സിനിമാ -നാടക നടി ലീന ആന്റണി 73 ാം വയസില്‍ പത്താം ക്ലാസ് പരീക്ഷ പാസായി. അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സാക്ഷരതാ മിഷന്റെ തുല്യത കോഴ്‌സിലൂടെയുള്ള തുടര്‍പഠന സൗകര്യം പ്രയോജനപ്പെടുത്തിയാണ് ലീന ആന്റണി പത്താം തരം പരീക്ഷ പാ,ായത്.

നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്ന കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും. തെലങ്കാനയില്‍ ഏഴായിരം കോടി രൂപയുടെ വികസനപദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും. 699 കോടി രൂപ മുടക്കി നവീകരിക്കുന്ന സെക്കന്തരാബാദ് സ്റ്റേഷന്റെ വികസനപദ്ധതിക്കും മോദി തുടക്കം കുറിക്കും. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാറാലിയില്‍ മോദി പ്രസംഗിക്കും. വിശാഖപട്ടണത്ത് നിന്ന് സെക്കന്തരാബാദിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസും മോദി ഫ്‌ളാഗ് ഓഫ് ചെയ്യും.

അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന മേഘാലയയിലും ത്രിപുരയിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി. നാഗാലാന്‍ഡില്‍ സഖ്യചര്‍ച്ച ഉടന്‍ പൂര്‍ത്തിയാക്കും. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്‍ഡിലും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് രണ്ടിനാണു മൂന്നിടത്തും വോട്ടെണ്ണല്‍.

ഭാരത് ജോഡോ യാത്ര ഇന്നു വൈകുന്നേരം ആറു മണിയോടെ ജമ്മു കാഷ്മീരിലേക്ക്. അതിര്‍ത്തിയായ ലഖന്‍പൂരില്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള യാത്രയെ സ്വീകരിക്കും. 23 ന് പൊതു റാലിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. റിപ്പബ്‌ളിക് ദിനത്തില്‍ ബനി ഹാളില്‍ രാഹുല്‍ പതാകയുയര്‍ത്തും. 30 ന് ശ്രീനഗര്‍ ഷെര്‍ ഇ കാഷ്മീരി സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഡയറക്ട് മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ചട്ടങ്ങള്‍ വേണമെന്ന് ഡല്‍ഹി ഹൈക്കോടതി. നന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യാജ സ്ഥാപനങ്ങള്‍ വെല്ലുവിളിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ അടുത്ത മാസം ഏഴിന് രാജിവയ്ക്കും. കാലാവധി തീരാന്‍ പത്തുമാസം ശേഷിക്കെയാണ് രാജി. ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിയും. ഒരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജം ഇല്ലെന്ന് ജസീന്ത പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *