◾ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെയും അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സിമിയെ നിരോധിച്ചതു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്. സിമി രാജ്യത്തിന്റെ ദേശീയതയ്ക്കെതിരേ പ്രവര്‍ത്തിച്ചെന്നും സത്യവാങ്മൂലത്തില്‍ ആരോപിച്ചു. അവരുടെ നയപരിപാടികള്‍ നിയമവിരുദ്ധമാണെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം ഈടാക്കാനുള്ള ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23 നകം നല്‍കണമെന്നു സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജപ്തി നടപടികള്‍ക്ക് നോട്ടീസ് നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചു.
◾ഗുണ്ടാ ബന്ധമുളള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലാതല പരിശോധന. പൊലീസുകാരുടെയും എസ്ഐമാരുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടു വേണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു ഡിജിപി നിര്‍ദ്ദേശം നല്‍കി. പോലീസിനു രഹസ്യവിവരങ്ങള്‍ നല്‍കേണ്ട സ്പെഷ്യല്‍ ബ്രാഞ്ചിലെ ഡിവൈഎസ്പി ഗുണ്ടാ സംഘങ്ങളുടെ മദ്യവിരുന്നില്‍ പങ്കെടുത്തെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ഇടതുമുന്നണിയിലെ കക്ഷികളായ എല്‍ജെഡിയും ജെഡിഎസും ലയിക്കും. മാത്യു ടി തോമസ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റാകും. എം.വി ശ്രേയാംസ് കുമാറിനു ദേശീയ സെക്രട്ടറി സ്ഥാനം നല്‍കും. ഏഴുവീതം ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളും ഇരു പാര്‍ട്ടികളും പങ്കിടും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ പ്രസിഡന്റ് സ്ഥാനങ്ങള്‍ എല്‍ജെഡിക്കാണ്.
◾മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിനെതിരേ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമെന്ന് ഹൈക്കോടതി. സജി ചെറിയാനെതിരെ തെളിവില്ലെന്നായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെതിരെ തടസ ഹര്‍ജിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
◾സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സംസ്ഥാന അധ്യക്ഷന്‍ പി.കെ ഫിറോസിന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം അവസാനിച്ചതിനു പിറകേ, പ്രവര്‍ത്തകര്‍ അക്രമാസക്തരായി. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കുപ്പികളും ചെരിപ്പുകളും വലിച്ചെറിഞ്ഞു. കല്ലേറും നടത്തി. പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള സമയക്രമം അംഗീകരിച്ചു. തിരുവനന്തപുരത്തു ചേര്‍ന്ന കരിക്കുലം കമ്മിറ്റി – പാഠ്യപദ്ധതി കോര്‍ കമ്മിറ്റി സംയുക്ത യോഗത്തിലാണ് അംഗീകാരം. പ്രീ സ്‌കൂള്‍, 1, 3, 5, 7, 9 ക്ളാസുകള്‍ക്ക് 2024- 25 അക്കാദമിക വര്‍ഷവും 2, 4, 6, 8, 10 ക്ളാസുകള്‍ക്ക് 2025-26 അക്കാദമിക വര്‍ഷവും പുതിയ പാഠപുസ്തകത്തിലാണ് അധ്യയനം നടക്കുക. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി.
◾തൃശൂര്‍ കോര്‍പറേഷന്‍ പാട്ടത്തിനു നല്‍കിയ ഗസ്റ്റ് ഹൗസ് മന്ദിരത്തിന്റെ ചില ഭാഗങ്ങള്‍ നവീകരിക്കാനെന്ന പേരില്‍ വാടകക്കാരന്‍ പൊളിച്ചത് വിവാദമായി. വാടകക്കാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോര്‍പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ്. ഒത്തുകളി ആരോപിച്ച് പ്രതിപക്ഷം സമരവും ആരംഭിച്ചു. തൃശൂര്‍ സ്വരാജ് റൗണ്ടിലെ ബിനി ടൂറിസ്റ്റ് ഹോമിന്റെ പുതിയ വാടകക്കാരായ ഇവന്റ് മാനേജ്മെന്റ് കമ്പനി ഓസ്‌കറിന്റെ ഉടമ ജിനീഷാണു നവീകരണത്തിനായി ചില ചുമരുകള്‍ പൊളിച്ചത്. നേരത്തെ അബ്കാരിയായ വി.കെ അശോകനായിരുന്നു വാടകയ്ക്ക് എടുത്തിരുന്നത്. ഒരു കോടി രൂപ അഡ്വാന്‍സും മാസം ഏഴുലക്ഷം രൂപ വാടകയ്ക്കുമാണു പുതിയ കരാര്‍. 29 ലക്ഷം രൂപയുടെ ആദ്യ ഗഡു അടച്ചതിനു പിറകേയാണ് കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചത്.
◾തൃശൂര്‍ കോര്‍പറേഷനിലെ അരണാട്ടുകരയിലെ പാടം നികത്താന്‍ ബൈക്ക് റേസ് മത്സരം സംഘടിപ്പിച്ചും തട്ടിപ്പ്. ബൈക്ക് റേസിനുള്ള ട്രാക്കിനെന്ന പേരില്‍ 600 ലോഡ് മണ്ണാണ് പാടത്തു നിറച്ചത്. ഈ മണ്ണ് നീക്കം ചെയ്തിട്ടില്ല. മണ്ണ് മാറ്റാന്‍ ജില്ലാ കലക്ടര്‍ മത്സരത്തിന്റെ സംഘാടകര്‍ക്കു നോട്ടീസ് നല്‍കി. രണ്ടു സ്വകാര്യ വ്യക്തികളുടെ എട്ടേക്കര്‍ ഭൂമിയിലായിരുന്നു മത്സരം.
◾പാല നഗരസഭ ചെയര്‍മാന്‍ ആരാകണമെന്നു സിപിഎം തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. പ്രാദേശികമായ കാര്യമാണ്. സിപിഎം ആരെ തീരുമാനിച്ചാലും കേരള കോണ്‍ഗ്രസ് അംഗീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി. ബിനു പുളിക്കകണ്ടത്തെ ചെയര്‍മാനാക്കാന്‍ സിപിഎം തീരുമാനിച്ചാലും കേരള കോണ്‍ഗ്രസ് പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾പാലാ നഗരസഭയുടെ പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയോഗം വൈകുന്നേരം ആറിന്. പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ചു ജയിച്ച ഏക കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കാനാണു സിപിഎം ആദ്യം ആലോചിച്ചത്. എതിര്‍പ്പ് ഉയര്‍ന്നതോടെ നേതൃനിരയില്‍ ധാരണയുണ്ടാക്കിയെങ്കിലും പാര്‍ലമെന്ററി പാര്‍ട്ടി തലത്തില്‍ തീരുമാനിക്കാനാണു യോഗം.
◾
◾വടക്കന്‍ പറവൂരിലെ മറ്റൊരു ഹോട്ടലില്‍നിന്ന് പഴകിയ അല്‍ഫാം പിടികൂടി. കുമ്പാരി ഹോട്ടല്‍ അടപ്പിച്ചു. 68 പേര്‍ക്കു ഭക്ഷ്യവിഷബാധയേറ്റ പറവൂരിലെ മജ്ലിസ് ഹോട്ടലിലെ പാചകക്കാരന്‍ ഹസൈനാരെ കസ്റ്റഡിയിലെടുത്തു. മജ്ലിസ് ഹോട്ടലുടമ ഒളിവിലാണ്.
◾പോപ്പുലര്‍ ഫ്രണ്ട് കേസില്‍ കൊല്ലത്ത് എന്‍ഐഎ റെയ്ഡ്. കൊല്ലം ചാത്തനാംകുളത്തെ പ്രവര്‍ത്തകന്‍ നിസാറുദ്ദീന്റെ വീട്ടിലാണ് പരിശോധന. ഡയറിയും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.
◾ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാത ശിശുക്കള്‍ മരിച്ചു. കാര്‍ത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടകുട്ടികളാണ് മരിച്ചത്. ഉത്തരവാദിത്വമുള്ള ഡോക്ടര്‍ യഥാസമയം ശസ്ത്രക്രിയ നടത്താതിരുന്നതുമൂലമാണ് മരിച്ചതെന്നു ബന്ധുക്കള്‍ ആരോപിച്ചു. ഗര്‍ഭിണിയെ നാലു ദിവസംമുമ്പേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതാണ്. ഇന്നലെ വൈകിട്ട് ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു.
◾കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എസ്ഐയെ ആക്രമിക്കുകയും സ്റ്റേഷന്റെ ജനല്‍ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്ത മദ്യപസംഘം അറസ്റ്റില്‍. ബാറില്‍ സംഘര്‍ഷമുണ്ടാക്കിയതിനു കസ്റ്റഡിയിലെടുത്ത എടവിലങ്ങ് പൊടിയന്‍ ബസാര്‍ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരാണ് അക്രമം നടത്തിയത്.
◾കോഴിക്കോട് കല്ലാച്ചിയില്‍ ഉത്സവത്തിനിടെ പൊലീസിനുനേരെ ആക്രമണം നടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കല്ലാച്ചി സ്വദേശികളായ ഷിജില്‍, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. അക്രമികള്‍ പൊലീസ് വാഹനം തകര്‍ത്തിരുന്നു. പരിക്കേറ്റ പോലിസുകാര്‍ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികില്‍സ തേടി.
◾നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. നെടുമങ്ങാട് മുത്താം കോണം സ്വദേശി മനു(29) ആണ് പൊലീസ് ഉടുമുണ്ട് ഉപയോഗിച്ച് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.
◾പ്രസവ ശസ്ത്രക്രിയക്കിടെ വയറില്‍ കത്രിക മറന്നുവച്ചെന്ന കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് നടത്തിയ സിറ്റിംഗിലാണ് ഇങ്ങനെ അറിയിച്ചത്.
◾ലഹരിക്കടത്തു കേസില്‍ ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ എ ഷാനാവാസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം സംഘര്‍ഷത്തില്‍ കലാശിച്ചു. നഗരസഭ അധ്യക്ഷയെ ഡയസിന് ചുറ്റും ഉപരോധിച്ച പ്രതിപക്ഷാംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് കൗണ്‍സില്‍ ഹാളില്‍നിന്നു മാറ്റി.
◾ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ 49 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി എരമംഗലം ഓര്‍ക്കാട്ടുമീത്തല്‍ ബാബു എന്ന മധുവിനെ(49) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
◾നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വ്യാപാരിയില്‍നിന്ന് മൂവായിരം രൂപ തട്ടിയ വിരുതനെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ അക്ബറാണ് പിടിയിലായത്. പുത്തൂര്‍ ചെറുകുന്നത്തെ വ്യാപാരിയെയാണ് പ്രതി കബളിപ്പിച്ച്ത്.
◾ഇടുക്കിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടി വീണ ആദിവാസിയായ ഗര്‍ഭിണിക്കു ഗുരുതര പരിക്ക്. വീഴ്ചയുടെ ആഘാതത്തില്‍ ഏഴു മാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ ഷെഡുകുടി സ്വദേശിനി അംബിക (36) ആണ് വീണ് പരിക്കേറ്റ് ആശുപത്രിയിലായത്.
◾കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച് മറിഞ്ഞ് 18 വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്. മയ്യനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച സ്വകാര്യ സ്‌കൂള്‍ ബസാണ് മറിഞ്ഞത്.
◾വൈകി എത്തിയ കുട്ടികളെ സ്‌കൂള്‍ കാമ്പസിലേക്കു പ്രവേശിപ്പിക്കാതെ സ്‌കൂള്‍ അധികൃതര്‍ പുറത്തു നിര്‍ത്തി ഗേറ്റ് അടച്ചു. എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലാണ് സംഭവം. ഇരുപതോളം വിദ്യാര്‍ത്ഥികളെയാണ് അകത്തു പ്രവേശിപ്പിക്കാതിരുന്നത്.
◾കണ്ണൂര്‍ നഗരത്തില്‍ തനിച്ചു താമസിക്കുന്ന വയോധികയുടെ വീടിനു തീയിട്ട അയല്‍വാസിയെ അറസ്റ്റു ചെയ്തു. പാറക്കണ്ടിയിലെ സതീഷ് എന്ന ഉണ്ണിയെയാണ് അറസ്റ്റ് ചെയ്തത്.
◾കണ്ണൂര്‍ പന്ന്യന്നൂരില്‍ തിറ മഹോത്സവത്തിനിടെ നടന്ന സംഘര്‍ഷത്തിന് രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എം.കെ അതുല്‍, പി.കെ അനില്‍കുമാര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സന്ദീപിനെ അക്രമിച്ച കേസിലാണ് അറസ്റ്റ്.
◾ബസില്‍ യാത്രക്കാരിയുടെ മാല അപഹരിച്ചു രക്ഷപെടാന്‍ ശ്രമിച്ച യുവതി പിടിയില്‍. തമിഴ്നാട് മധുര സ്വദേശിനി ഭഗവതി (37) യെയാണ് യാത്രക്കാര്‍ പിടികൂടി ആറ്റിങ്ങല്‍ പൊലീസിനു കൈമാറിയത്.
◾തെലങ്കാനയില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി ഇന്നു വൈകുന്നേരം വന്‍ ശക്തിപ്രകടനം. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തെലങ്കാന സന്ദര്‍ശിക്കാനിരിക്കെയാണ് ബിആര്‍എസ്സിന്റെ ശക്തിപ്രകടന റാലി. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പങ്കെടുക്കും.
◾തമിഴ്നാട് ഗവര്‍ണര്‍ എന്‍.ആര്‍. രവിക്കു ഡല്‍ഹിയില്‍ വാതില്‍ തുറക്കാതെ ബിജെപിയും കേന്ദ്ര സര്‍ക്കാരും. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ കാണാനാണ് ഗവര്‍ണര്‍ ഡല്‍ഹിയില്‍ എത്തിയതെങ്കിലും സന്ദര്‍ശന സമയം അനുവദിച്ചിട്ടില്ല. തമിഴ്നാടിന്റെ പേര് തമിഴകം എന്നാക്കണമെന്നു നിയമസഭയില്‍ പ്രസംഗിക്കുകയും ക്ഷണക്കത്തില്‍ തമിഴകമെന്നു അച്ചടിക്കുകയും ചെയ്തത് വിവാദമായിരുന്നു. ഗവര്‍ണറുടെ നടപടികളോടു ബിജെപി അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.
◾പഞ്ചാബിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ മന്‍പ്രീത് സിംഗ് ബാദല്‍ രാജിവച്ചു. ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
◾വിയറ്റ്നാം പ്രസിഡന്റ് നുയെന്‍ ഷ്വാന്‍ ഫുക്ക് രാജിവച്ചു. കൊവിഡ് കിറ്റുകള്‍ വിതരണം ചെയ്തതില്‍ അടക്കമുള്ള അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കേയാണ് രാജി. ആരോപണവിധേയരായ രണ്ട് ഉപപ്രധാനമന്ത്രിമാരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കിയിരുന്നു. അഴിമതിയുടെ ഉത്തരവാദിത്തം പ്രസിഡന്റിനും ഉണ്ടെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിച്ചതോടെയാണ് നുയെന്‍ ഷ്വാന്‍ ഫുക്ക് രാജിവച്ചത്.
◾ന്യൂസിലിണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഹാര്‍ദിക് പാണ്ഡ്യ, ഷാര്‍ദുല്‍ ഠാക്കൂര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടീമിലെത്തി. ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക്, കെ എല്‍ രാഹുല്‍ എന്നിവരാണ് പുറത്തായത്.
◾റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ നിന്ന് പുറത്ത്. യുഎസ്എയുടെ മക്കെന്‍സി മക്‌ഡൊണാള്‍ഡാണ് നിലവിലെ ചാമ്പ്യനായ നദാലിനെ അട്ടിമറിച്ചത്.
◾സൗദി അറേബ്യ ഓള്‍ സ്റ്റാര്‍ ഇലവനും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയും തമ്മിലുള്ള സൗഹൃദ മത്സരം കാണാന്‍ സൗദി വ്യവസായി പൊടിച്ചത് ഏകദേശം 22 കോടിയോളം രൂപ. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന മത്സരം കാണാനാണ് ലേലത്തിനുവെച്ച മത്സരത്തിന്റെ വിഐപി ടിക്കറ്റ് മുഷറഫ് ബിന്‍ അഹമ്മദ് അല്‍-ഗാംദി എന്ന സൗദി വ്യവസായി ഇത്രയും വലിയ തുകക്ക് സ്വന്തമാക്കിയത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഒരു മത്സര ടിക്കറ്റിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. നാളെയാണ് ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ആ മത്സരം.
◾രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക് വിവിധ തരത്തിലുള്ള ഡെബിറ്റ് കാര്‍ഡുകളുടെ സേവന നിരക്ക് വര്‍ദ്ധിപ്പിച്ചു. ഇതിനുപുറമേ, വാര്‍ഷിക നിരക്കുകള്‍, ഡെബിറ്റ് കാര്‍ഡ് റീപ്ലേസ്മെന്റ് ചാര്‍ജുകള്‍ എന്നിവയും പരിഷ്‌കരിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ 2023 ഫെബ്രുവരി 13 മുതലാണ് പ്രാബല്യത്തിലാകുക. പുതുക്കിയ നിരക്കുകള്‍ പ്രകാരം, ക്ലാസിക് കാര്‍ഡിന് 200 രൂപയും, പ്ലാറ്റിനം, ബിസിനസ് കാര്‍ഡുകള്‍ക്ക് 500 രൂപയുമാണ് പ്രതിവര്‍ഷം വാര്‍ഷിക ഫീസ് ഇനത്തില്‍ ഈടാക്കുക. പുതുക്കിയ നിരക്കുകള്‍ അനുസരിച്ച്, 1,000 രൂപയില്‍ താഴെയുള്ള ചെക്ക് തുകയ്ക്ക് 200 രൂപയും 1,000 രൂപ മുതല്‍ 10 ലക്ഷം രൂപയില്‍ താഴെയുള്ള തുകയ്ക്ക് 300 രൂപയുമാണ് നിരക്ക് ഈടാക്കുക. 10 ലക്ഷം മുതല്‍ 50 ലക്ഷം വരെയുള്ളതിന് 500 രൂപയാണ് നിരക്ക്. 50 ലക്ഷം മുതല്‍ ഒരു കോടി വരെയുള്ള ചെക്കുകള്‍ക്ക് 1,000 രൂപയും ഒരു കോടിക്ക് മുകളില്‍ ഉള്ളതിന് 2,000 രൂപയുമാണ് പുതുക്കിയ ചാര്‍ജ്. ഡെബിറ്റ് കാര്‍ഡ് റീപ്ലേസ്മെന്റിന് 150 രൂപയാണ് ഈടാക്കുക. മുന്‍പ് ക്ലാസിക് കാര്‍ഡ് ഉടമകളില്‍ നിന്ന് റീപ്ലേസ്മെന്റ് നിരക്കുകള്‍ ഈടാക്കിയിരുന്നില്ല. പ്രതിവര്‍ഷം ബിസിനസ് ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 300 രൂപയാണ് ഡെബിറ്റ് കാര്‍ഡ് നിഷ്‌ക്രിയ ഫീസ് ഇനത്തില്‍ ഈടാക്കുക.
◾ഏറ്റവും പുതിയ മാക്ബുക്ക് പ്രൊ (14 ഇഞ്ച്, 16 ഇഞ്ച്), മാക് മിനി മോഡലുകള്‍ അവതരിപ്പിച്ച് ആപ്പിള്‍. എം2 പ്രൊ, എം2 മാക്‌സ് ചിപ്പുകളിലാണ് ഈ മോഡലുകള്‍ എത്തുന്നത്. ഇന്ത്യയില്‍ ജനുവരി 24 മുതല്‍ വില്‍പ്പന. പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പുതിയ മാക്ബുക്ക് പ്രൊ മോഡലുകളുടെ ബാറ്ററി 18 മുതല്‍ 22 മണിക്കൂര്‍വരെ ബാറ്ററി നീണ്ടുനില്‍ക്കും. 14 ഇഞ്ച് മോഡലിന്റെ വില തുടങ്ങുന്നത് 1.99 ലക്ഷം രൂപ മുതലാണ്. 16 ജിബിയുടെ യുണിഫൈഡ് മെമ്മറിയും 512 ജിബി എസ്എസ്ഡിയുമാണ് എന്‍ട്രി ലെവല്‍ മോഡലില്‍ ഉള്ളത്. ഒരു ടിബിയുടെ മോഡലിന് 2.49 ലക്ഷം രൂപയാണ് വില. ഇവ രണ്ടും എം2 പ്രൊ പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്. എം2 മാക്‌സില്‍ എത്തുന്ന ഉയര്‍ന്ന മോഡലിന് 32 ജിബിയുടെ യുണിഫൈഡ് മെമ്മറിയും 1 ജിബി എസ്എസ്ഡിയും ആണ് നല്‍കിയിരിക്കുന്നത്. വില- 3.09 ലക്ഷം രൂപ. 16 ഇഞ്ച് മോഡലിന്റെ വില ആരംഭിക്കുന്നത് 2.49 ലക്ഷം രൂപ മുതലാണ്. 16 ജിബിയുടെ യുണിഫൈഡ് മെമ്മറിയും 512 ജിബി എസ്എസ്ഡിയുമാണ് അടിസ്ഥാന മോഡലില്‍ ലഭിക്കുന്നത്. ഒരു ടിബി മോഡലിന് വില 2.69 ലക്ഷമാണ്. എം2 മാക്‌സ് ചിപ്പിലെത്തുന്ന ഉയര്‍ന്ന മോഡലിന് (32 ജിബി/1 ജിബി എസ്എസ്ഡി) 3.49 ലക്ഷം രൂപയാണ് വില. എം2, എം2 പ്രൊ പ്രൊസസറുകളുമായി എത്തുന്ന മാക് മിനിയുടെ വില ആരംഭിക്കുന്നത് 59,900 രൂപ മുതലാണ്. 8 ജിബി യുണിഫൈഡ് മെമ്മറിയും 256 ജിബി എസ്എസ്ഡിയുമാണ് കുറഞ്ഞ മോഡലില്‍ നല്‍കിയിരിക്കുന്നത്. 512 ജിബി എസ്എസ്ഡി മോഡലിന് 79,900 രൂപാണ് വില.
◾വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ‘അനുരാഗമധുചഷകം’ പോലെ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. പി ഭാസ്‌കരന്റെ വരികള്‍ക്ക് എം എസ് ബാബുരാജ് ഈണം പകര്‍ന്ന ഒറിജിനല്‍ ഗാനം പുനരാവിഷ്‌കരിച്ചിരിക്കുന്നത് ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ്. എസ് ജാനകി ആലപിച്ച ആദ്യ ഗാനത്തിന്റെ പുതിയ രൂപം കെ എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികയായ റിമ കല്ലിങ്കലിന്റെ പിറന്നാള്‍ ദിനത്തിലാണ് ഗാനം പുറത്തെത്തിയിരിക്കുന്നത്. ഭാര്‍ഗവീനിലയത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, പി ജെ ആന്റണി എന്നിവര്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളെയാണ് യഥാക്രമം ടൊവിനോ തോമസ്, റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അവതരിപ്പിക്കുന്നത്. കുതിരവട്ടം പപ്പു ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഭാര്‍ഗവിനിലയം. ഈ കഥാപാത്രത്തെ നീലവെളിച്ചത്തില്‍ രാജേഷ് മാധവനാണ് അവതരിപ്പിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയ, ജയരാജ് കോഴിക്കോട്, ഉമ കെ പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്‌നിം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അതരിപ്പിച്ചിരിക്കുന്നത്.
◾ധനുഷിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് തമിഴിലും തെലുങ്കിലും ഒരേ സമയം എത്തുന്ന ചിത്രമാണ്. തെലുങ്ക് സംവിധായകന്‍ വെങ്കി അട്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പേര് ‘വാത്തി’ എന്നാണ്. തെലുങ്ക് പതിപ്പിന്റെ പേര് ‘സര്‍’ എന്നും. ഇപ്പോഴിതാ വാത്തിയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘നാടോടി മന്നന്‍’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് യുഗഭാരതിയാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസന്‍ ആണ്. കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. ബാലമുരുകന്‍ എന്നാണ് തമിഴ് പതിപ്പില്‍ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സംയുക്ത മേനോന്‍ ആണ് നായിക. സായ് കുമാര്‍, തനികെല്ല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, നര ശ്രീനിവാസ്, പമ്മി സായ്, ഹൈപ്പര്‍ ആദി, ശര, ആടുകളം നരേന്‍, ഇളവരശ്, മൊട്ട രാജേന്ദ്രന്‍, ഹരീഷ് പേരടി, പ്രവീണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾2023 ബിഎംഡബ്ല്യു എക്സ് 7 ഫെയ്സ്ലിഫ്റ്റ് 1.22 കോടി രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളില്‍ പ്രാദേശികമായി നിര്‍മ്മിച്ച ഈ എസ്യുവി ബുക്ക് ചെയ്യാം. പുതിയ എക്സ് 7ന്റെ ഡെലിവറി 2023 മാര്‍ച്ച് മുതല്‍ ആരംഭിക്കും. പരിഷ്‌ക്കരിച്ച സ്‌റ്റൈലിംഗ്, കൂടുതല്‍ കരുത്തുറ്റ എഞ്ചിനുകള്‍, നവീകരിച്ച ക്യാബിന്‍ എന്നിവയോടെയാണ് ഇത് വരുന്നത്. 40ഐ എംസ്പോര്‍ട് പെട്രോള്‍, 40ഡി എംസ്പോര്‍ട് എന്നീ രണ്ട് വേരിയന്റുകളില്‍ പുതിയ എക്സ് 7 ഫേസ്ലിഫ്റ്റ് ലഭ്യമാണ്. യഥാക്രമം 1.22 കോടി രൂപയും 1.24 കോടി രൂപയുമാണ് വില. ഇത് മൂന്ന് മെറ്റാലിക് പെയിന്റ് ഓപ്ഷനുകളില്‍ ലഭ്യമാണ്. മിനറല്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍, കാര്‍ബണ്‍ ബ്ലാക്ക്. ഇതോടൊപ്പം, എസ്യുവി ദ്രാവിറ്റ് ഗ്രേ, ടാന്‍സാനൈറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട് എക്സ്‌ക്ലൂസീവ് ബിഎംഡബ്ല്യു വ്യക്തിഗത നിറങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ക്യാബിന്‍ അപ്ഹോള്‍സ്റ്ററി ടാര്‍ട്ടുഫോ, ഐവറി വൈറ്റ്, ബ്ലാക്ക് എന്നീ മൂന്ന് ഷേഡുകളിലും ലഭ്യമാണ്.
◾മരണത്തിലും നിഷ്‌കളങ്കമായ മുഖമായിരുന്നു അയാളുടേത്. പാരീസിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുവിടങ്ങളിലൊന്നില്‍വെച്ച്, രാത്രിയുടെ മദ്ധ്യത്തിലാണ് അയാളുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് അയാള്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ഷൂള്‍ മെയ്‌ഗ്രേയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം വേണം എന്നുമായിരുന്നു ആവശ്യം. അയാളുടെ വ്യക്തിത്വം പെട്ടെന്നുതന്നെ മെയ്‌ഗ്രേയെ ആകര്‍ഷിച്ചിരുന്നു. ഏറെ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തന്നോടു സഹായം ആവശ്യപ്പെട്ട ഒരാള്‍ക്ക് അതു നല്കാന്‍ പാരീസുകാരുടെ പ്രിയപ്പെട്ട കുറ്റാന്വേഷകനു കഴിയാതെവരുന്നു. തന്റെ ‘പരേതനെ’ ആ അവസ്ഥയിലെത്തിച്ചവരെ കണ്ടെത്താനായി ചീഫ് ഇന്‍സ്‌പെക്ടര്‍ തീരുമാനിക്കുന്നു. ലോകസാഹിത്യത്തിലെ എക്കാലത്തെയും വലിയ എഴുത്തുകാരിലൊരാളായ ഷോര്‍ഷ് സിമെനോന്റെ പ്രസിദ്ധ കുറ്റാനേഷ്വണപരമ്പരയായ മെയ്‌ഗ്രേ കഥകളിലെ ഇരുപത്തിയൊന്‍പതാമത്തെ കേസ്. ഷോര്‍ഷ് സിമെനോന്റെ 3 നോവലുകള്‍. ‘മെയ്‌ഗ്രേയുടെ പരേതന്‍, മെയ്‌ഗ്രേ മൂന്നു വിധവകളുടെ വഴിയില്‍, മെയ്‌ഗ്രേ കെണിയൊരുക്കുന്നു’. മാതൃഭൂമി ബുക്സ്. വില 666 രൂപ.
◾തണുപ്പു കാലത്ത് രക്തസമ്മര്‍ദം ഉയരുന്നത് പക്ഷാഘാതവും ഹൃദയാഘാതവും ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്ന് പഠനം. അതിശൈത്യം ആഞ്ഞടിക്കുന്ന ഉത്തര്‍പ്രദേശില്‍ ഹൃദയാഘാത, പക്ഷാഘാത കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. മലമ്പ്രദേശത്തേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഉയരത്തില്‍ ഓക്സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാം. ദിവസങ്ങളോളം വെയില്‍ കാണാതെ വീടുകളില്‍ അടച്ചിരിക്കുന്നവര്‍ക്ക് സമ്മര്‍ദമുണ്ടാകാമെന്നും ഇതും പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. താപനില കുറവുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണം. രക്തസമ്മര്‍ദം നിയന്ത്രണത്തില്‍ നിര്‍ത്താനും കൃത്യസമയത്തു പരിശോധന നടത്താനും ബിപി രോഗികള്‍ ശ്രദ്ധിക്കണം. തണുപ്പു കാലത്ത് വിയര്‍ക്കാതിരിക്കുന്നത് ശരീരത്തില്‍ സോഡിയത്തിന്റെ തോത് ഉയരാനിടയാക്കും. ഇതും ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്കു നയിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് പുറമേ പ്രമേഹം, അമിതവണ്ണം, ചയാപചയ പ്രശ്നങ്ങള്‍, അലസ ജീവിതശൈലി, ഓക്സിജന്‍ ഇല്ലായ്മ, പുകവലി എന്നിവയും പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കാം. രോഗികള്‍ രക്തസമ്മര്‍ദത്തിനുള്ള മരുന്ന് കഴിക്കാന്‍ മടിക്കുന്നതും നിലവില്‍ കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ അത് നിര്‍ത്തുന്നതും സ്ഥിതി വഷളാക്കും. തണുപ്പു കാലത്ത് വൈറ്റമിന്‍ ഡി ഗുളിക കഴിക്കുന്നത് ഗുണം ചെയ്യും. തണുപ്പ് അധികം ഉള്ളപ്പോള്‍ പ്രഭാതനടത്തത്തിന് പുറത്തു പോകുന്നതും നന്നല്ല.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.39, പൗണ്ട് – 100.35, യൂറോ – 88.25, സ്വിസ് ഫ്രാങ്ക് – 88.84, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.19, ബഹറിന്‍ ദിനാര്‍ – 215.90, കുവൈത്ത് ദിനാര്‍ -266.36, ഒമാനി റിയാല്‍ – 211.43, സൗദി റിയാല്‍ – 21.67, യു.എ.ഇ ദിര്‍ഹം – 22.27, ഖത്തര്‍ റിയാല്‍ – 22.16, കനേഡിയന്‍ ഡോളര്‍ – 60.92.