night news hd 8

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്‍ 23 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. മതപരമായ ആചാരങ്ങളെ ഒഴിവാക്കും. അന്ധവിശ്വാസങ്ങലും അനാചാരങ്ങളും പ്രോല്‍സാഹിപ്പിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷംവരെ തടവു ശിക്ഷയും അമ്പതിനായിരം വരെ രൂപ പിഴയുമാണ് കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. നിയമ, ആഭ്യന്തര വകുപ്പുകള്‍ ചേര്‍ന്നു തയാറാക്കിയ ബില്‍ മുഖ്യമന്ത്രിയുടെ പരിഗണനയക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.

കേന്ദ്ര ബജറ്റില്‍ മധ്യവര്‍ഗത്തിന്റെ അതൃപ്തി പരിഹരിക്കാനുള്ള പദ്ധതികള്‍ വേണമെന്ന് ആര്‍എസ്എസ്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് ആര്‍എസ്എസ് നിര്‍ദ്ദേശങ്ങള്‍്. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളില്‍ മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്തണമെന്നാണ് നിര്‍ദേശം.

പോലീസ് സ്‌റ്റേഷനില്‍ വനിതാ പോലീസുകാരിയോട് എസ്‌ഐയുടെ അതിക്രമം. ഡ്യൂട്ടി സംബന്ധിച്ച സമ്മര്‍ദത്തിനെതിരേ പരാതിപ്പെട്ട വനിത പൊലീസുകാരിയോട് എസ്‌ഐ തട്ടിക്കയറി മുറിയില്‍നിന്ന് ഇറക്കിവിട്ടു. വിശ്രമമുറിയില്‍ കയറി വാതിലടച്ചു കരഞ്ഞ ഉദ്യോഗസ്ഥയെ എസ്‌ഐ ജിന്‍സണ്‍ ഡോമിനിക്കും സംഘവും വാതില്‍ ചവിട്ടിപ്പൊളിച്ച് പുറത്തിറക്കിയെന്നാണു പരാതി. എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.

മുഖ്യമന്ത്രി കോട്ട് വിഷയത്തില്‍ രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ക്കു പ്രത്യേക കുപ്പായം ഉണ്ടോ? തലേന്നു ധരിച്ച വസ്ത്രം മാറിാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളത്. ബ്രിട്ടീഷുകാരുടെ കാലത്ത് സ്യൂട്ട് ധരിച്ചായിരുന്നു സത്യപ്രതിജ്ഞയെന്ന് കേട്ടിട്ടുണ്ട്. അതൊക്കെ പോയി, ഇപ്പോള്‍ ജനാധിപത്യമല്ലേ. ശശി തരൂര്‍ കേരളത്തില്‍ സജീവമാകുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് അനുമതി നല്‍കിയാല്‍ സംസ്ഥാനത്തെ അക്കാദമിക് രംഗം വിദേശ സര്‍വകലാശാലകള്‍ക്കും വിദേശ മൂലധനത്തിനും കീഴിലാകുമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് എല്‍ഡിഎഫ് തീരുമാനത്തിനെതിരേ പരസ്യ നിലപാട് പ്രഖ്യാപിച്ചത്.

ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തിനായി തിരുവനന്തപുരത്ത് എത്തിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു. മുണ്ടും മേല്‍മുണ്ടും അടക്കമുള്ള കേരളീയ വേഷം ധരിച്ച് താരങ്ങള്‍ ക്ഷേത്രത്തിനു മുന്നില്‍ നിരന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. നാളെയാണ് പരമ്പരയിലെ അവസാന ഏകദിനം. ഇന്നലെ ഇരു ടീമുകളും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. നാളെ രാവിലെ 11 ന് സ്റ്റേഡിയത്തിലേക്കു പ്രവേശനം ആരംഭിക്കും.

ശബരിമല പൊന്നമ്പലമേട്ടില്‍ മകരവിളക്കു തെളിഞ്ഞു. പതിനായിരക്കണക്കിന് ഭക്തര്‍ ശരണം വിളികള്‍ മുഴക്കി മകരവിളക്കു ദര്‍ശനം നടത്തി. മണിക്കൂറുകള്‍ക്കു മുമ്പേ സന്നിധാനവും പരിസരവും തിങ്ങിനിറഞ്ഞിരുന്നു. ആറരക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷമായിരുന്നു പൊന്നമ്പല മേട്ടിലെ മകരജ്യോതി ദര്‍ശനം.

തൃശൂര്‍ പുഴക്കലിലെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന അഭിഭാഷക മരിച്ച നിലയില്‍. അഡ്വ നമിത ശോഭനയെയാണ് മരിച്ചത്. 42 വയസായിരുന്നു. ചൊവ്വാഴ്ച മുതല്‍ നമിതയെ കാണാനില്ലായിരുന്നു. വിവാഹ മോചിതയാണ് നമിത.

കേരള സര്‍വകലാശാല അധ്യാപകന്‍ ഡോ. അരുണ്‍ കുമാറിനെതിരേ കലോല്‍സവത്തിനിടെ ജാതി വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേരള സര്‍വകലാശാലയോട് യുജിസി റിപ്പോര്‍ട്ടു തേടി. പഴയിടം മോഹനന്‍ നമ്പൂതിരിയെ കുറിച്ചുള്ള പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഡോ. അരുണ്‍ കുമാറിനെതിരെ യുജിസി അന്വേഷിക്കുന്നത്.

സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പുറത്താക്കി. അന്വഷണ കമീഷന്‍ റിപ്പോര്‍ടിനെ തുടര്‍ന്നാണ് നടപടി.

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. മണ്ണഞ്ചേരി സ്വദേശിനി സഫ്‌ന സിയാദാണ് (15) മരിച്ചത്.

മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിക്കു വധഭീഷണി. നാഗ്പൂരിലെ ഓഫീസിലേക്കു ഫോണിലൂടെ രണ്ടു തവണ അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തി. ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും പണം നല്‍കിയില്ലെങ്കില്‍ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി.

തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പൂനെ റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്കു വ്യാജ ഫോണ്‍ സന്ദേശം. സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി. സന്ദേശം വ്യാജമായിരുന്നെന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

ബിജെപിക്കെതിരേ മൂന്നാം മുന്നണി സ്വപ്‌നവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ബുധനാഴ്ച നടത്തുന്ന റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ഖമ്മത്ത് നാലു മുഖ്യമന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളും പങ്കെടുക്കും. കോണ്‍ഗ്രസിനു ക്ഷണമില്ല.

തമിഴ്നാട്ടില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ആണ്‍സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു. കാഞ്ചീപുരം ജില്ലയിലെ വിജനമായ സ്ഥലത്ത് സുഹൃത്തിനൊപ്പം യാത്രചെയ്ത ഇരുപതുകാരിയാണു ബലാത്സംഗത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. അഞ്ചു പേരെ അറസ്റ്റു ചെയ്തു. മദ്യപിച്ചെത്തിയ രണ്ടുപേരാണ് ആദ്യം ഇവരെ ആക്രമിച്ചത്.

ഹാരി രാജകുമാരന്റെ പുസ്തകം ‘സ്‌പെയറി’ലെ വിശേഷങ്ങള്‍ വായിച്ച് ലോകം അമ്പരന്നിരിക്കേ, രണ്ടാമതൊരു പുസ്തകം പുറത്തിറക്കാവുന്നത്രയും വിസ്മയകരമായ വിശേഷങ്ങള്‍ ഇനിയും ഉണ്ടെന്ന് ഹാരി രാജകുമാരന്‍. ആദ്യ പുസ്തകത്തിനായി എഴുതിയ പകുതിയോളം ഭാഗങ്ങള്‍ എഡിറ്റു ചെയ്തു മാറ്റി. ഇനിയും കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ അച്ഛന്‍ ചാള്‍സ് രാജാവും കിരീടാവകാശി വില്യം രാജകുമാരനും ഒരിക്കലും പൊറുക്കില്ലെന്നും ഹാരി രാജകുമാരന്‍ പ്രതികരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *