സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ആലപ്പുഴയിലെ സംഘടനാ പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്തേക്കും. നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് അംഗങ്ങൾ പാർട്ടി വിട്ടു പോകുന്നതും ലഹരി മാഫിയ ബന്ധവുമാണ് ആലപ്പുഴയിലെ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്. കരുനാഗപ്പള്ളി ലഹരി കേസ് പ്രതി ഇജാസിനെ പുറത്താക്കുകയും ഏരിയ കമ്മറ്റിയംഗം ഷാനവാസിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തെറ്റുതിരുത്തൽ രേഖ നടപ്പിലാക്കുന്ന ഘട്ടത്തിൽ ആലപ്പുഴ ജില്ലയിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. കൂടുതൽ തിരുത്തൽ നടപടികളിലേക്ക് നീങ്ങാൻ സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയേക്കും.
എൽഡിഎഫ് നേതൃയോഗവും ഇന്ന് ചേരും. വൈകീട്ട് മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. സംസ്ഥാന വികസനത്തിനായി തയാറാക്കിയ മാർഗ രേഖയാകും യോഗത്തിന്‍റെ പ്രധാന അജണ്ട. രേഖ എല്ലാ ഘടകകക്ഷികൾക്കും അയച്ച് നൽകുകയും പാർട്ടികളുടെ അഭിപ്രായങ്ങൾ രേഖാമൂലം അറിയിക്കാനും നിർദ്ദേശിച്ചിരുന്നു. ബഫർ സോൺ വിഷയങ്ങൾ യോഗത്തിൽ ഉയർന്നേക്കും.