night news hd 6

സംരക്ഷിത വനത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നടപ്പാക്കുമ്പോള്‍ ജനങ്ങളെ കുടിയിറക്കില്ലെന്നും കൃഷിക്കു വിലക്ക് ഏര്‍പ്പെടുത്തില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. കോണ്‍ഗ്രസ് നേതാവ് കെ മുരളിധരന്‍ എംപിക്കു നല്‍കിയ കത്തിലാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിശദീകരണം. സംരക്ഷിത വനമേഖലയിലും ബഫര്‍സോണിലും ഖനനം, ക്വാറി, വന്‍കിട നിര്‍മ്മാണങ്ങള്‍ എന്നിവയ്ക്കു മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തുക. അടിസ്ഥാന സൗകര്യത്തിനുള്ള നിര്‍മ്മാണങ്ങള്‍ക്ക് ഉപാധികളോടെ അനുമതി നല്‍കാന്‍ സംവിധാനമുണ്ടാക്കുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് മരിച്ചത്. 50 വയസായിരുന്നു. കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായത്തിന്റെ ആദ്യ ഗഡു അഞ്ചു ലക്ഷം രൂപ ഉടന്‍ നല്‍കുമെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രഖ്യാപിച്ചു.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യാന്‍ 20 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. മൊത്തം 50 കോടി രൂപയാണ് നല്‍കിയത്. രണ്ടു ദിവസത്തിനകം ശമ്പള വിതരണം പൂര്‍ത്തിയാക്കും. ശമ്പളം ലഭിക്കാത്തതില്‍ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സമരത്തിലാണ്. വിരമിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ രണ്ടു വര്‍ഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ആനുകൂല്യങ്ങള്‍ നല്‍കാന്‍ 83.1 കോടി രൂപ വേണം. പെന്‍ഷന്‍ ആനുകൂല്യ സ്‌കീം പുനരാവിഷ്‌കരിച്ചു ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

നിയമസഭ തെരെഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് കെപിസിസി. ലോക്‌സഭാ തെരഞ്ഞെടുപ്പു മാത്രമാകണം ഇനിയുള്ള അജണ്ടയെന്ന് കെപിസിസി യോഗത്തില്‍ സംസാരിച്ച എ.കെ. ആന്റണി ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചു. എം പിമാര്‍ക്ക് മടുത്തെങ്കില്‍ മാറിനില്‍ക്കാമെന്ന് എം.എം ഹസ്സന്‍ പറഞ്ഞു.

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനെ മുക്കാലിയില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ പരിക്കുള്ളതായി സാക്ഷിമൊഴികളില്ലെന്നു മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് തയാറാക്കിയ മുന്‍ ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജ്. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ പരിക്കുണ്ടായിരുന്നു. പ്രതിഭാഗത്തിന്റെ ചോദ്യത്തിനു ജെറോമിക് ജോര്‍ജ് മറുപടി നല്‍കി. പോലീസ് പ്രതികളാകുന്ന അവസ്ഥയാണിപ്പോള്‍. സാക്ഷി വിസ്താരം പൂര്‍ത്തിയായി. ആകെയുള്ള 127 സാക്ഷികളില്‍ 24 പേര്‍ കുറുമാറി. 24 പേരെ വിസ്തരിച്ചില്ല. 77 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.

ലഹരിക്കടത്തില്‍ പ്രതിയായ ഷാനവാസ് കുറ്റക്കാരനല്ലെന്നു മന്ത്രി സജി ചെറിയാന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ഷാനവാസിനെതിരെ തെളിവില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞിട്ടില്ല. അന്വേഷണത്തിനായാണ് പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചത്. നാസര്‍ പറഞ്ഞു.

കലോത്സവ ഭക്ഷണ വിവാദത്തിനിടെ പഴയിടം മോഹനന്‍ നമ്പൂതിരിയെ കുറിച്ചിത്താനത്തെ വീട്ടില്‍ചെന്നു സന്ദര്‍ശിച്ച് മന്ത്രി വി.എന്‍. വാസവന്‍. കലോത്സവ വേദിയില്‍ ഇനി ഭക്ഷണം പാകം ചെയ്യില്ലെന്ന നിലപാടില്‍നിന്ന് പഴയിടം പിന്മാറുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കൂടിയായ വി എന്‍ വാസവന്‍ പറഞ്ഞു.
സിപിഎം ഗൃഹ സന്ദര്‍ശന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.

തലശ്ശേരി ലോട്ടസ് ടാക്കീസിനു സമീപത്ത വീട്ടില്‍ സ്‌ഫോടനം. പരിക്കേറ്റ് നടമ്മല്‍ ഹൗസില്‍ ജിതിനെ് മെഡിക്കല്‍ കോളജ് ആശുപതിയില്‍ പ്രവേശിപ്പിച്ചു.

വൈപ്പിന്‍ ഞാറക്കലില്‍ ഒന്നര വര്‍ഷം മുമ്പു കാണാതായ രമ്യയെ ഭര്‍ത്താവ് സജീവന്‍ കൊലപ്പെടുത്തിയതാണെന്ന് പോലീസ്. വാച്ചാക്കലില്‍ വാടകക്കു താമസിക്കുകയായിരുന്നു രമ്യയും ഭര്‍ത്താവ് സജീവനും. രമ്യ ബംഗ്ലൂരുവില്‍ ജോലി കിട്ടി പോയെന്നായിരുന്നു സജീവന്‍ പറഞ്ഞിരുന്നത്. ബന്ധുക്കള്‍ അന്വേഷിതോടെ സജീവന്‍ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. അതിനിടെയാണ് പത്തനംതിട്ടയിലെ നരബലി കേസുകളുണ്ടായത്. ഇതേത്തുടര്‍ന്ന് കാണാനില്ലെന്ന പരാതികളെല്ലാം ഗൗരവമായി അന്വേഷിച്ചതോടെയാണ് ഭര്‍ത്താവിനെ പിടികൂടിയത്.

കടുവ സാന്നിധ്യം സ്ഥിരീകരിച്ച വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. രാത്രി വീടിനു പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്. തൊണ്ടര്‍നാട് പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ടോറസ് ഇടിച്ച് ആലപ്പുഴ എടത്വായില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു. എടത്വാ ചങ്ങങ്കരി മുരളീസദനത്തില്‍ മുരളിധരന്‍ നായരുടെ മകള്‍ മഞ്ജുമോള്‍ ആണ് മരിച്ചത്. രാവിലെ 11-ന് നീരേറ്റുപുറം ക്ഷേത്രത്തിനു സമീപമാണ് അപകടം. നടന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവിന് 12 വര്‍ഷം തടവും 70,000 രൂപ പിഴയും ശിക്ഷ. കളത്തിങ്ങല്‍ തണ്ടുപാറയ്ക്കല്‍ അബ്ദുല്‍ഷുക്കൂറി(34)നെയാണ് പെരിന്തല്‍മണ്ണയിലെ കോടതി ശിക്ഷിച്ചത്.

കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്കിടെ സുരക്ഷാ വീഴ്ച. ആള്‍ക്കൂട്ടത്തില്‍ നിന്നു യുവാവ് പൂമാലയുമായി ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിക്ക് അരികിലേക്ക് ഓടിയെത്തി. സുരക്ഷാ ജീവനക്കാര്‍ ഇയാളെ ബലം പ്രയോഗിച്ച് നീക്കി.

തെരഞ്ഞെടുപ്പുകളിലെ പണമൊഴുക്കു തടയാന്‍ ശക്തമായ നടപടികളുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍. 2010 ല്‍ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ തെരഞ്ഞെടുപ്പു ചെലവുകള്‍ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനങ്ങള്‍ തുടരുമെന്നും കോടതിയെ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പുകളില്‍ ഭീമമായി പണമൊഴുക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രിക്കാന്‍ നടപടിയെടുത്തതെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ജനപ്രതിനിധികളുടെ സംഘം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ടു. ഡിഎംകെ സര്‍ക്കാരിനെതിരേ പരാതിയുമായി ഗവര്‍ണറും അടുത്ത ദിവസം രാഷ്ട്രപതിയെ കാണും. തമിഴ്‌നാട് നിയമമന്ത്രി എസ് രഘുപതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ നിയമസഭയില്‍ പൂര്‍ണമായി വായിച്ചില്ല, ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു, സഭവിട്ട് ഇറങ്ങിപ്പോയി എന്നീ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

കഴുത്തില്‍ കത്തിവച്ച് ഒന്നേകാല്‍ കോടി രൂപ തട്ടിയെടുത്ത 24 വയസുള്ള മകനെ അറസ്റ്റു ചെയ്തു. മുംബൈയിലെ ബാന്ദ്രയില്‍ രാഹുല്‍ ദോന്ദ്കര്‍ എന്ന യുവാവിനെയാണു സ്വന്തം മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അറസ്റ്റു ചെയ്തത്.

ഓസ്ട്രേലിയയിലെ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം. മെല്‍ബണിലെ സ്വാമി നാരായണ ക്ഷേത്രത്തിന്റെ ചുവരുകളില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതി. അക്രമം നടത്തിയതു ഖാലിസ്ഥാന്‍ വാദികളാണെന്ന് മെല്‍ബണ്‍ പൊലീസ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *