സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരേ സര്‍വീസ് സംഘടനകള്‍. ചീഫ് സെക്രട്ടറി വിളിച്ച യോഗം തീരുമാനമെടുക്കാനാകാതെ പിരിഞ്ഞു. ഉപാധികളോടെ നാലാം ശനി അവധി ദിനമാക്കുന്നതും എതിര്‍ത്തു. എല്ലാ ദിവസവും 15 മിനിട്ട് അധികം ജോലി ചെയ്യണം, വര്‍ഷത്തില്‍ അഞ്ചു ക്യാഷ്വല്‍ ലീവ് കുറക്കും എന്നീ ഉപാധികള്‍ അംഗീകരിക്കില്ലെന്നു സംഘടനകള്‍. മരിച്ചാല്‍ ഒരു വര്‍ഷത്തിനകം ജോലി കിട്ടാന്‍ അര്‍ഹതയുള്ളവര്‍ക്കു മാത്രമായി നിയമനം പരിമിതപ്പെടുത്തണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. ഒഴിവു വരുന്ന തസ്തികകളില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമെ ആശ്രിത നിയമനം നടത്താവുവെന്നാണു ഹൈക്കോടതി വിധി. ഒരു വര്‍ഷത്തിനകം നിയമനത്തിനു സാധ്യമല്ലെങ്കില്‍ പത്തു ലക്ഷം രൂപ ആശ്രിത ധനം നല്‍കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ഇടുക്കി ജില്ലയിലെ ഭൂവിനിയോഗ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമം 23 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം ഭേദഗതി ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണു തീരുമാനമെടുത്തത്. വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ വകുപ്പു ചേര്‍ത്താണ് നിയമ ഭേദഗതി.
സംസ്ഥാനത്തെ എട്ടാം ക്ലാസുകള്‍ യുപി വിഭാഗത്തിലാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പിലീല്‍ അടുത്ത മാസം 22 ന് സുപ്രീം കോടതി വാദം കേള്‍ക്കും. കേന്ദ്രനിയമം ഉണ്ടായിട്ടും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കെഇആര്‍ പ്രകാരമാണെന് കാട്ടി യുപി സ്‌കൂളുകളാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്.
ശശി തരൂരിനു പിറകേ, ഇനി പാര്‍ലമെന്റിലേക്കില്ലെന്നും നിയമസഭയിലേക്കു മല്‍സരിക്കുമെന്നു സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതു ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന ശശി തരൂരിന്റെ പ്രഖ്യാപനത്തിനു പിറകേ, ടി.എന്‍. പ്രതാപന്‍ എംപിയും നിയമസഭയിലേക്കു താല്‍പര്യം പ്രകടിപ്പിച്ചിരിക്കേയാണ് സതീശന്റെ പ്രതികരണം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, അടൂര്‍ പ്രകാശ് അടക്കമുള്ള എംപിമാരും നിയമസഭാ തെരഞ്ഞെടുപ്പാണു ലക്ഷ്യമിട്ടിരിക്കുന്നത്.
താരസംഘടനയായ അമ്മ നാലര കോടി രൂപ ജിഎസ്ടി വെട്ടിച്ചെന്ന പ്രചാരണം അസംബന്ധമാണെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു. അമ്മയ്ക്കു ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉണ്ട്. 20 ലക്ഷം രൂപയില്‍ കുറവു വരുമാനമുള്ളതിനാല്‍ ജിഎസ്ടി ബാധകമല്ലെന്നാണു നിയമം. പത്തു വര്‍ഷത്തെ വരുമാന വിവരം ജിഎസ്ടി വകുപ്പ് ആരാഞ്ഞിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടുണ്ട്. പ്രോഗ്രാം അവതരിപ്പിച്ചതിനു ടാക്‌സ് അടച്ചശേഷം മലയാള മനോരമ തന്ന സംഭാവനയ്ക്കു ടാക്‌സ് അടയ്ക്കണമെന്നാണു ജിഎസ്ടിയുടെ ആവശ്യം. ടാക്‌സ് അടച്ചതിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ഇനിയും നടപടി തുടരുകയാണെങ്കില്‍ കോടതിയെ സമീപിക്കേണ്ടിവരുമെന്ന് ഇടവേള ബാബു പറഞ്ഞു.
സംവിധായിക നയന സൂര്യന്റെ മരണത്തില്‍ നടപടി ആവശ്യവുമായി നയനയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അന്വേഷണം ശരിയായ രീതിയില്‍ നീങ്ങിയില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന അവതരണം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. സ്വാഗത ഗാനത്തിന്റെ ട്രയല്‍ കണ്ട ഡയറക്ടറെ തന്നെയാണ് അന്വേഷണത്തിനും നിയോഗിച്ചത്.
കലോത്സവ ഭക്ഷണത്തിന്റെ പേരില്‍ ചിലര്‍ വെറുതെ വിവാദമുണ്ടാക്കിയെന്നും മികച്ച കരിയര്‍ റെക്കോര്‍ഡുള്ള പഴയിടം മോഹനന്‍ നമ്പൂതിരിയെ ക്രൂശിക്കാന്‍ ശ്രമിച്ചെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍ കുട്ടി. വൈവിധ്യങ്ങളുടെ മേളയാണ് കലോത്സവം. ഇനിയും ഈ വിഷയത്തില്‍ കടിച്ചു തൂങ്ങുന്നവരുടെ അജണ്ട തിരിച്ചറിയാനുള്ള മതേതര മനസ് കേരളത്തിനുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
പട്ടിണി കിടക്കുന്നവന്‍ ക്രിക്കറ്റ് കാണാന്‍ വരേണ്ടെന്നു പറഞ്ഞ കായിക മന്ത്രി അബ്ദുറഹ്‌മാനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം സമ്പന്നര്‍ക്കൊപ്പമായെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.
തമിഴ്‌നാട്ടില്‍ ഉള്‍പെടെ ഗവര്‍ണര്‍മാരുടെ ഇടപെടല്‍ ജനാധിപത്യത്തിന് എതിരാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ചെന്നൈയില്‍ രാവിലെ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ച കുഞ്ഞാലിക്കുട്ടി ഉച്ചയ്ക്ക്ുശേഷവും വിമര്‍ശനം ആവര്‍ത്തിച്ചു.
മലപ്പുറം ജില്ലാ കുടുംബ കോടതിക്ക് സമീപം ഭാര്യയുടെ ദേഹത്തു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയിലായി. മേലാറ്റൂര്‍ സ്വദേശി മന്‍സൂര്‍ അലിയാണ് അറസ്റ്റിലാണ്. ഇയാളുടെ ഭാര്യ റുബീനയാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും 17 വര്‍ഷം മുമ്പാണ് വിവാഹിതരായത്.
പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഒന്നേമുക്കാല്‍ കിലോ ചരസ് പിടികൂടി. ഷാലിമാര്‍ – തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒന്നരക്കോടിയോളം വില വരുന്ന ചരസ് കണ്ടെത്തിയത്.
മണ്ണാര്‍ക്കാട് മധു കേസില്‍ പുനരന്വേഷണം നടത്തിയ ഡിവൈഎസ്പി പി ശശി കുമാറിനെ വിസ്തരിച്ചു. കേസില്‍ തുടരന്വേഷണം നടത്തി സപ്ലിമെന്ററി കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത് ശശി കുമാറായിരുന്നു.
കണ്ണൂര്‍ മലപ്പട്ടത്ത് ഭക്ഷ്യവിഷബാധയേറ്റ് 25 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. കഴിഞ്ഞ ദിവസം 20 പേര്‍ ചികിത്സ തേടിയിരുന്നു. ഞായറാഴ്ച മലപ്പട്ടം കുപ്പത്തു നടന്ന വിവാഹ വിരുന്നില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യബാധ ഏറ്റത്.
ഇടുക്കിയില്‍ ബന്ധുവായ പെണ്‍കുട്ടിക്കു മദ്യം നല്‍കി മയക്കിയശേഷം പീഡിപ്പിച്ച വിമുക്തഭടന് അതിവേഗ കോടതി 66 വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോതമംഗലം കുത്തുകുഴി സ്വദേശി 38 കാരനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്.
തലശ്ശേരിയില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി മൂഹമ്മദിനെയാണ് തലശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്.
വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ വിധി പ്രസ്താവിക്കുന്നതു രണ്ടു മാസം വൈകിയതില്‍ മാപ്പു പറഞ്ഞ് സുപ്രീം കോടതി ജഡ്ജി ബി ആര്‍ ഗവായ്. ചണ്ഡീഗഡില്‍ വീടുകള്‍ അപ്പാര്‍ട്ടുമെന്റുകളായി മാറ്റുന്നതിനെതിരേ നല്‍കിയ കേസിന്റെ വിധി പ്രസ്താവമാണു നീണ്ടുപോയത്. പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന വിഷയങ്ങളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം വേണം. കോടതി അഭിപ്രായപ്പെട്ടു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. മൂന്നു വര്‍ഷത്തെ കാലാവധി ജനുവരി 14 ന് അവസാനിക്കാനിരിക്കെയാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള ക്യാബിനറ്റ് അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണ് പത്രയെ വീണ്ടും നിയമിച്ചത്.
കഴിഞ്ഞ വര്‍ഷം ആദ്യ പത്തു മാസത്തിനിടെ 1.83 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ്. ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിക്കുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മോഷണകേസിലെ പ്രതിയുടെ കുത്തേറ്റ് ഡല്‍ഹിയില്‍ എഎസ്‌ഐ മരിച്ചു. മോഷണക്കേസിലെ പ്രതിയായ അനീഷിനെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എ എസ് ഐക്ക് കുത്തേറ്റത്. മയാപുരിയില്‍ കുത്തേറ്റ എ എസ് ഐ ശംഭു ദയാല്‍ ചികിത്സയിലായിരുന്നു.
ശ്രീലങ്കക്കു പിറകേ പാകിസ്ഥാനിലും കടുത്ത സാമ്പത്തിക പ്രതിസന്ധി. കടുത്ത വിലക്കയറ്റവും വിദേശനാണ്യ ശേഖരത്തിലെ തകര്‍ച്ചയും വിദേശകടബാധ്യതയും പിറകേ എത്തിയ പ്രളയവും പാകിസ്ഥാന് തിരിച്ചടിയായി. സഹായത്തിനായി സൗദിയെയും ചൈനയെയും സമീപിച്ചിരിക്കുകയാണ് പാകിസ്ഥാന്‍.
ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടവുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. 2021 നവംബര്‍ മുതല്‍ മസ്‌കിന് ഏകദേശം 15 ലക്ഷം കോടി രൂപ നഷ്ടപ്പെട്ടെന്നാണു ഫോബ്സിന്റെ കണക്കുകള്‍. ഇലോണ്‍ മാസ്‌കിന്റെ ആസ്തി 2021 നവംബറിലെ 32,000 കോടി ഡോളറില്‍ നിന്ന് ഈ മാസം വരെ 13,700 കോടി ഡോളറായി കുറഞ്ഞു. ടെസ്ല ഓഹരികളുടെ വിലത്തകര്‍ച്ചയാണു കാരണം.