ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ പ്രതികളില്‍ രണ്ട് പേര് സിപിഎം പ്രാദേശിക നേതാക്കള്‍. മുഖ്യപ്രതി ഇജാസ് സിപിഎം ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗവും സജാദ്, ഡിവൈഎഫ് ഐ ആലപ്പുഴ വലിയമരം യൂണിറ്റ് സെക്രട്ടറിയുമാണ്. ഇതിനിടെ ആരോപണ വിധേയനായ കൗണ്‍സിലര്‍ എ ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ പാര്‍ട്ടിയിലെ യുവനേതാക്കള്‍ക്കൊപ്പം ഇജാസ് പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. നീചമായ മാര്‍ഗത്തിലൂടെ പണം സമ്പാദിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര് നാസര്‍, പ്രശ്നം ചര്‍ച്ച ചെയ്യാൻ ഇന്ന് വൈകിട്ട് അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുമെന്ന് അറിയിച്ചു.
സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ലഹരികടത്തിയത് വന്‍ വിവാദമാകുമ്പോഴാണ് മുഖ്യപ്രതികളുടെ സിപിഎം ബന്ധവും പുറത്ത് വരുന്നത്. കേസില്‍ മുഖ്യപ്രതിയായി പൊലീസ് ആരോപിക്കന്നത് ഇജാസ് ഇക്ബാലാണ്. സിപിഎം ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗമായ ഇജാസ് ഡിവൈഎഫ്ഐ തുമ്പോളി മേഖലാ ഭാരവാഹിയുമായിരുന്നു. നാല് മാസം മുമ്പ് സമാനമായ കേസില്‍ ഇജാസ് പിടിയിലായിരുന്നു. എന്നിട്ടും ഒരു നടപടിയും പാര്‍ട്ടി സ്വീകരിച്ചില്ല. ഡിവൈഎഫ്ഐ ആലപ്പുഴ വലിയമരം യൂണിറ്റ് സെക്രട്ടറിയാണ് മൂന്നാം പ്രതിയായ സജാദ്. ഇതിനിടെ മുഖ്യപ്രതി ഇജാസുമായി കൗണ്‍സില്‍ എ ഷാനവാസിന്റെ അടുത്ത ബന്ധം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു.
പ്രതികളുമായി തനിക്ക് ഒരു ഇടപാടുമില്ലെന്നായിരുന്നു ഇന്നലെ ഷാനാവാസ് പറഞ്ഞത്. യോഗത്തില്‍ പങ്കെുടത്ത സിപിഎം ജില്ലാ സെക്രട്ടിറി ആര് നാസര്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നും പ്രശ്നം ചര്‍ച്ച ചെയ്യാൻ ഇന്ന് അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റ് ചേരുമെന്നും യോഗത്തെ അറിയിക്കുകയായിരുന്നു. അതേസമയം, ഷാനവാസിനും കേസിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.