ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി നല്‍കാനുളള സമയം നീട്ടി നല്‍കേണ്ട ആവശ്യമില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. പരാതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനായി കേരളം ശ്രമം തുടരുകയാണെന്നും എ കെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.
ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുളള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ സര്‍ക്കാരിന് മുന്നിലെത്തിയത് 63500 പരാതികളാണ്. ഇതില്‍ 24528 പരാതികള്‍ തീര്‍പ്പാക്കി. മറ്റുളളവ പരിശോധിച്ച് തീര്‍പ്പാക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല. സമയപരിധി നീട്ടി നല്‍കണമെന്ന ജോസ് കെ മാണിയുടെ ആവശ്യത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.