ഭരണഘടനക്കെതിരേ പ്രസംഗിച്ച മന്തി സജി ചെറിയാന്‍ രാജിവക്കില്ല. സിപിഎം അവെയ്ലബിള്‍ സെക്രട്ടേറിയറ്റ് ചേര്‍ന്നാണ് തത്കാലം രാജിവേണ്ടെന്നു തീരുമാനിച്ചത്. സജി ചെറയാന്‍ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന വിമര്‍ശനം യോഗത്തില്‍ ഉണ്ടായി. ഭരണകൂടം എന്നതിനു പകരം ഭരണഘടന എന്നു നാക്കുപിഴ സംഭവിച്ചതാണെന്നു വ്യാഖ്യാനിക്കാനാണ് തീരുമാനം. എന്തിനു രാജിവയ്ക്കണം, പ്രതിപക്ഷമൊന്നും ഒരു കാര്യവുമില്ലെന്നാണു സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം പുറത്തിറങ്ങവേ മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചത്. എന്നാല്‍ ഉചിതമായ നടപടിയുണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.
മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിനെതിരെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ പരാതി. എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലാണ് പരാതി നല്‍കിയത്. ഇന്നലെ ഇയാള്‍ പത്തനംതിട്ട എസ്പിക്ക് നല്‍കിയ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.
മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം ചര്‍ച്ചയാക്കാന്‍ അനുവദിക്കാതെ സ്പീക്കര്‍ ഇന്നത്തെ നിയമസഭാ സമ്മേളനം പിരിച്ചുവിട്ടു. സഭാനടപടികള്‍ നിര്‍ത്തിവച്ച് അടിയന്തര പ്രമേയം അനുവദിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ നിരസിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ ബഹളംവച്ചു. ഗൗനിക്കാതെ സ്പീക്കര്‍ ചോദ്യോത്തര വേളയിലേക്കു കടന്നു. പ്രതിപക്ഷം ബഹളം തുടരുന്നതിനിടെ ഭരണകക്ഷി അംഗങ്ങളും എഴുന്നേറ്റു ബഹളംവച്ചു. ഇതോടെ സ്പീക്കര്‍ സഭ പിരിച്ചുവിട്ട് ഇറങ്ങിപ്പോകുകയായിരുന്നു. നിയമസഭ വെറും എട്ടു മിനിറ്റു മാത്രമാണ് ചേര്‍ന്നത്.
വിഷയം നിയമസഭയില്‍ അവതരിപ്പിക്കാന്‍പോലും അനുവദിക്കാതെ നിയമസഭ ഇന്നത്തേക്ക് പിരിച്ചുവിട്ട നടപടിയില്‍ സ്പീക്കറെ നേരില്‍ക്കണ്ട് പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം. പുറത്തിറങ്ങിയ പ്രതിപക്ഷ നേതാക്കള്‍ സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നു കുറ്റപ്പെടുത്തി. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ അംബേദ്കറുടെ ചിത്രവുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തിന്റെ ദൃശ്യങ്ങള്‍ സഭാ ടിവിയില്‍ കാണിച്ചില്ല.
സജി ചെറിയാന്റെ രാജിക്കാര്യം സിപിഎം അവെയ്ലബിള്‍ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. രാജിക്കാര്യം സംബന്ധിച്ച് പാര്‍ട്ടി തീരുമാനം ഒന്നും എടുത്തിട്ടില്ല. അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് എല്ലാ ദിവസവും ചേരുന്നതാണ്. സിപിഎം സെക്രട്ടറിയേറ്റ് യോഗം നാളെ ചേരുമെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരേ നാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്തു തലത്തില്‍ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സമരപരിപാടികള്‍ പിറകേ വരുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടി. രാജിവച്ചില്ലെങ്കില്‍ നിയമപരമായി ചോദ്യം ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില 50 രൂപ വര്‍ധിപ്പിച്ചു. കൊച്ചിയില്‍ സിലിണ്ടറിന് 1060 രൂപയായി. രണ്ടു മാസത്തിനിടയില്‍ മൂന്നാം തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില കൂട്ടുന്നത്.
സ്വപ്ന സുരേഷിനെ എച്ച് ആര്‍ ഡി എസ് പുറത്താക്കി. സ്വപ്ന സുരേഷിനു ജോലി നല്‍കിയതിന്റെ പേരില്‍ സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളും എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും നിരന്തരം വേട്ടയാടുന്നതിനാലാണ് പിരിച്ചുവിട്ടതെന്ന് എച്ച് ആര്‍ ഡി എസ് ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞു. ഓഫീസിലെ ഏറ്റവും താഴെയുള്ള ജീവനക്കാരന്‍ മുതല്‍ ഉയര്‍ന്ന തലത്തിലുള്ളവര്‍ വരെയുള്ള എല്ലാവരേയും പോലീസ് ഇടക്കിടെ വിളിച്ചു ചോദ്യം ചെയ്തു ശല്യപ്പെടുത്തുന്നതുമൂലം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുകയാണെന്നും എച്ച് ആര്‍ ഡി എസ് വിശദീകരിച്ചു.
ലൈംഗിക പീഡന കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലില്‍ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരായില്ല. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സ്വപ്ന ഇഡിയെ അറിയിച്ചു. സ്വപ്നയെ ആശുപത്രിയില്‍ കൊണ്ടു പോകേണ്ടതിനാല്‍ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സരിതും അറിയിച്ചു. അതേസമയം ഗൂഢാലോചനാ കേസില്‍ സരിത് ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യംചെയ്യലിനു ഹാജരായി.
മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം പൊലീസ് പരിശോധിക്കും. നിലവില്‍, ഭരണഘടനാ അവഹേളന പ്രസംഗത്തില്‍ മന്ത്രിക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കിട്ടിയ പരാതികള്‍ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറി. പരാതികളില്‍ എന്തു നടപടി വേണമെന്ന് പൊലീസ് തീരുമാനിച്ചിട്ടില്ല.
പാര്‍ട്ടി സമ്മേളനത്തില്‍ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഫേസ് ബുക്കിലൂടെ പോസ്റ്റ് ചെയ്തിരുന്നെങ്കിലും പാര്‍ട്ടിക്കു പുറത്തേക്കു ചോര്‍ന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് മല്ലപ്പിള്ളി ഏരിയാ കമ്മിറ്റി.
എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രസ്ഫോടന ശേഷിയില്ലാത്ത വസ്തുക്കളെന്ന് ഫൊറന്‍സികിന്റെ പ്രാഥമിക നിഗമനം. സ്ഥലത്തുനിന്ന് ഫൊറന്‍സിക്കിനു കിട്ടിയത് വെടിമരുന്നിന്റെ അംശം മാത്രമാണ്. ലോഹചീളുകളോ, കുപ്പി ചില്ലുകളോ സ്ഫോടക വസ്തുവിനൊപ്പം ഉപയോഗിച്ചിട്ടില്ല. നാടന്‍ പടക്കത്തിന് സമാനമായ സ്ഫോടക വസ്തുവാണെന്നാണു റിപ്പോര്‍ട്ട്. അതേസമയം എകെജി സെന്റര്‍ ആക്രമണം നടത്തിയ പ്രതിയെക്കുറിച്ച് ഒരു വിവരവും പൊലീസിനു ലഭിച്ചിട്ടില്ല.
കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് പാലൊളി മുക്കില്‍ കടയിലേക്കു സ്ഫോടക വസ്തു എറിഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പാലൊളിമുക്കില്‍ ഷൈജല്‍ എന്നയാള്‍ നടത്തുന്ന അലൂമിനിയം ഫ്രാബ്രിക്കേഷന്‍ കടയിലേക്കായിരുന്നു ആക്രമണം.
ഇടുക്കിയില്‍ പെണ്‍കുട്ടിയുടെ അശ്ലീല ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉത്തമപാളയം സ്വദേശിയും കോയമ്പത്തൂരില്‍ ബിരുദ വിദ്യാര്‍ത്ഥിയുമായ സഞ്ജയ് (20)നെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പ് കേസില്‍ അനധികൃതമായി കെട്ടിട നമ്പര്‍ തരപ്പെടുത്തിയ മരപ്പാലം സ്വദേശി അജയഘോഷിനേയും പ്രതി ചേര്‍ക്കും. തട്ടിപ്പ് നടത്തിയതിന് നടപടി നേരിട്ട താത്കാലിക ജീവനക്കാര്‍, കാല്‍ നൂറ്റാണ്ടിലേറെ നഗരസഭയില്‍ ജോലി ചെയ്യുന്നവരാണെന്നും അന്വേഷണസംഘം കണ്ടെത്തി.
പീഡനക്കേസില്‍ പി.സി ജോര്‍ജ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് നിയമോപദേശം തേടി. കോടതി അനുമതിയോടെ കേസെടുത്താല്‍ മതിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് നേതൃ ക്യാമ്പിനിടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗം വിവേക് നായരെ പുറത്താക്കി. തിരുവനന്തപുരം സ്വദേശിയായ വനിതാ നേതാവിനോട് ക്യാമ്പിനിടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണു നടപടി.
പൊറോട്ടയുടെ വില കൂടിയെന്ന് ആരോപിച്ച് നാലംഗ സംഘം ഹോട്ടല്‍ ഉടമയുടെ തല അടിച്ചു പൊട്ടിച്ചു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ആറ്റിങ്ങല്‍ മൂന്നുമുക്ക് ബി.എല്‍ നിവാസില്‍ ഡിജോയ് (34)യെ വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വയനാട് മാനന്തവാടി കബനി പുഴയില്‍ തലയില്ലാത്ത നിലയില്‍ മൃതദേഹം. ചങ്ങാടകടവ് പാലത്തിനു സമീപമാണ് രാവിലെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചത്തെ പഴക്കമുണ്ട്. പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് തൂങ്ങിമരിക്കാന്‍ കെട്ടിയ നിലയിലുള്ള കയര്‍ ലഭിച്ചതായി മനന്തവാടി പൊലീസ് അറിയിച്ചു.
ചെക്ക് ഉപയോഗിച്ച് പണം കൈമാറുന്നവര്‍ ഇനി മുതല്‍ ‘പോസിറ്റീവ് പേ’ നിര്‍ബന്ധിതമായും ചെയ്തിരിക്കണം. പോസിറ്റീവ് പേ സ്ഥിരീകരണം നല്‍കാത്ത ചെക്കുകള്‍ അടുത്ത മാസം മുതല്‍ ബാങ്കുകള്‍ സ്വീകരിക്കില്ല. അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലുള്ള ചെക്കുകള്‍ക്കാണ് പോസിറ്റീവ് പേ നിര്‍ബന്ധമാക്കുന്നത്.
അഗ്നിപഥ് വഴി വ്യോമസേനയിലേക്ക് റിക്കാര്‍ഡ് അപേക്ഷകര്‍. ഏഴു ലക്ഷത്തി നാല്‍പ്പതിയൊമ്പതിനായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയൊമ്പത് പേരാണ് അപേക്ഷിച്ചത്. അപേക്ഷിക്കാനുള്ള തീയതി ഇന്നലെ അവസാനിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഇസ്ലാം മത നേതാവിനെ മുംബൈയില്‍ നാലംഗ അജ്ഞാത സംഘം വെടിവച്ചു കൊന്നു. 35 കാരനായ ഖ്വാജ സയ്യദ് ചിഷ്തിയെയാണ് കൊലപ്പെടുത്തിയത്. യോല ടൗണിലെ എംഐഡിസി ഏരിയയില്‍ ഇന്നലെ വൈകുന്നേരമാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ നേരിട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന് മറ്റൊരു തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ താരങ്ങള്‍ക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴ ലഭിച്ചതിനു പിന്നാലെ ഇതേ കാരണത്താല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ രണ്ട് പോയന്റുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇന്ത്യ പാകിസ്താനു പിന്നില്‍ നാലാം സ്ഥാനത്തേക്ക് വീണു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. തുടര്‍ച്ചയായ രണ്ട് ദിനം ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിനു 400 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസംകൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിനു 280 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 38,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 50 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4760 രൂപയാണ്. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3930 രൂപയാണ്.
ജൂണില്‍ വ്യാപാരക്കമ്മി റെക്കാഡ് ഉയരത്തിലെത്തി. കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 2021 ജൂണിലെ 961 കോടി ഡോളറില്‍ നിന്ന് 2,563 കോടി ഡോളറിലേക്കാണ് കഴിഞ്ഞമാസം കുതിച്ചുകയറിയത്. ക്രൂഡോയില്‍, കല്‍ക്കരി, സ്വര്‍ണം ഇറക്കുമതിയിലെ വന്‍ വര്‍ദ്ധനയാണ് വ്യാപാരക്കമ്മി കൂടാനുള്ള മുഖ്യകാരണം. നടപ്പുവര്‍ഷത്തെ ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) വ്യാപാരക്കമ്മി 7,025 കോടി ഡോളറാണ്. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 3,142 കോടി ഡോളറായിരുന്നു. 16.78 ശതമാനം വര്‍ദ്ധിച്ച് കയറ്റുമതി കഴിഞ്ഞമാസം 3,794 കോടി ഡോളറിലെത്തി. ഇറക്കുമതി 51 ശതമാനം മുന്നേറി 6,358 കോടി ഡോളറായി. ജൂണില്‍ 169 ശതമാനം വളര്‍ച്ചയുമായി 261 കോടി ഡോളറിന്റെ സ്വര്‍ണം ഇന്ത്യ വാങ്ങി.
ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലീ ഒരുക്കുന്ന ജവാനില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് വിജയ് സേതുപതിയെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി അദ്ദേഹം അടുത്ത ആഴ്ച തന്നെ മുംബൈയില്‍ എത്തും. അടുത്തവര്‍ഷം ജൂണ്‍ 2നാണ് ജവാന്‍ റിലീസ് ചെയ്യുക. റാണ ദഗുബതിയെയായിരുന്നു ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ തിരക്കുകള്‍ മൂലം ചെയ്യാന്‍ സാധിക്കാതിരിക്കുകയും ആ കഥാപാത്രം സേതുപതിയെ തേടി എത്തുകയുമായിരുന്നു. അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ രണ്ടാം ഭാഗത്തിലും വിജയ് സേതുപതിയാണ് വില്ലന്‍.
വലിയൊരു ഇടവേളയ്ക്കു ശേഷം അക്ഷയ് കുമാര്‍ ഒരു കുടുംബ നായക പരിവേഷത്തിലെത്തുന്ന ചിത്രമാണ് രക്ഷാബന്ധന്‍. സഹോദര ബന്ധത്തിന്റെ ഊഷ്മളതയെക്കുറിച്ച് സംസാരിക്കുന്ന ചിത്രത്തിലെ ഒരു പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. കങ്കണ്‍ റൂബി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഇര്‍ഷാദ് കാമില്‍ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ഹിമേഷ് രഷമിയയാണ്. നാല് സഹോദരിമാരുടെ സഹോദരനാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ കഥാപാത്രം. അവരുടെ വിവാഹത്തിനു ശേഷം മാത്രം മതി ബാല്യകാലസഖിയുമായുള്ള തന്റെ വിവാഹം എന്ന് തീരുമാനിച്ചയാളുമാണ് ഈ നായകന്‍.
ഹംഗേറിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കീവേ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കെ-ലൈറ്റ് 250വി ക്രൂയിസര്‍ ബൈക്ക് കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. കീവേ ഇന്ത്യ വാഹനം കഴിഞ്ഞദിവസം 2.89 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയില്‍ പുറത്തിറക്കി. മൂന്ന് കളര്‍ ഗ്രേഡുകളില്‍ ബൈക്ക് വാങ്ങാം. മാറ്റ് ബ്ലൂവിന് 2,89,000 രൂപ, മാറ്റ് ഡാര്‍ക്ക് ഗ്രേ, മാറ്റ് ബ്ലാക്ക് എന്നിവയ്ക്ക് യഥാക്രമം 2,99,000 രൂപ, 3,09,000 എന്നിങ്ങനെയാണ് വില. 249 സിസി വി-ട്വിന്‍ എഞ്ചിനാണ് കീവേ കെ-ലൈറ്റ് 250വി ക്രൂയിസറിന്റെ ഹൃദയം. 8500 ആര്‍പിഎമ്മില്‍ 18.7 എച്ചപി പരമാവധി പവര്‍ ഔട്ട്പുട്ടും 5500 ആര്‍പിഎമ്മില്‍ 19എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഈ എഞ്ചിന് സാധിക്കും.
അലഞ്ഞുതിരിയുന്ന മാനസികരോഗികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രമായ പാലാ മരിയസദനത്തിന്റെ കഥ പറയുന്ന പുസ്തകം. രണ്ടുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ആരംഭം, വളര്‍ച്ച, മറികടന്ന പ്രതിസന്ധികള്‍ എന്നിവയെല്ലാം വിവരിക്കുന്നതാണു പുസ്തകം. മരിയസദനം സ്ഥാപകനും ഡയറക്ടറുമായ സന്തോഷ് മരിയസദനം ആത്മകഥാരൂപത്തില്‍ എഴുതിയിരിക്കുന്ന പുസ്തകം. ‘കാനാട്ടുപാറയിലെ കാലിത്തൊഴുത്ത്’. വിസി ബുക്സ്. വില 237 രൂപ.
സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ശരീരം സ്വാഭാവികമായി ഉല്‍പാദിപ്പിക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഡി. എല്ലുകളെ ശക്തമാക്കാനും ക്ഷയവും പൊട്ടലും തടയാനും ശരീരത്തിന് ഇതു കൂടിയേ തീരൂ. വൈറ്റമിന്‍ ഡി യുടെ അഭാവം കുട്ടികളില്‍ റിക്കറ്റ്സ് രോഗം ഉണ്ടാക്കും. ശരീരത്തിനാവശ്യമായ വൈറ്റമിന്‍ ഡി ലഭിക്കാന്‍ എല്ലാ ദിവസവും 15 മുതല്‍ 20 മിനിറ്റ് വരെ വെയിലു കൊണ്ടാല്‍ മതിയാകും. വൈറ്റമിന്‍ ഡി യുടെ അഭാവം എല്ലുകളെ ഗുരുതരമായി ബാധിക്കും. എല്ലുകളെ നിര്‍മിക്കാനും ആരോഗ്യമുള്ളതാക്കാനും ശരീരത്തിലെ കാത്സ്യത്തെ വൈറ്റമിന്‍ ഡി സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി ലഭിച്ചില്ലെങ്കില്‍ അത് റിക്കറ്റ്സിനും ഓസ്റ്റിയോ പോറോസിസിനും കാരണമാകും. വൈറ്റമിന്‍ ഡി യുടെ അഭാവം മുടികൊഴിച്ചിലിനു കാരണമാകും. മുടി കൊഴിച്ചില്‍ മാത്രമല്ല കഷണ്ടിക്കും വിറ്റമിന്‍ ഡിയുടെ അഭാവം കാരണമാകും. വൈറ്റമിന്‍ ഡി വളരെ കുറഞ്ഞാല്‍ ശരീരം ഇന്‍സുലിന്‍ റസിസ്റ്റന്റ് ആകും. ശരീരം ഇന്‍സുലിനെ പ്രതിരോധിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നു. ഇത് വൃക്കരോഗങ്ങള്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുന്നു. അണുബാധകളെയും അലര്‍ജികളെയും എല്ലാം പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്നത് വൈറ്റമിന്‍ ഡി ആണ്. അതുകൊണ്ടുതന്നെ ഇതിന്റെ അഭാവം അലര്‍ജിക്കു കാരണമാകും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.30, പൗണ്ട് – 94.93, യൂറോ – 81.39, സ്വിസ് ഫ്രാങ്ക് – 81.90, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.01, ബഹറിന്‍ ദിനാര്‍ – 210.35, കുവൈത്ത് ദിനാര്‍ -258.11, ഒമാനി റിയാല്‍ – 206.24, സൗദി റിയാല്‍ – 21.13, യു.എ.ഇ ദിര്‍ഹം – 21.59, ഖത്തര്‍ റിയാല്‍ – 21.78, കനേഡിയന്‍ ഡോളര്‍ – 60.86.