കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സ് രശ്മി രാജിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ അണുബാധ മൂലമാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോർട്ട്. ഏതു തരത്തിലുള്ള അണുബാധയാണ് ഏറ്റതെന്ന് സ്ഥിരീകരിക്കാൻ രാസപരിശോധനാ ഫലം ലഭിക്കണം. ശരീര ശ്രവങ്ങൾ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം റീജണൽ ലാബിലേക്ക് അയക്കും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി കഴിഞ്ഞ മാസം 29 നാണ് ഓൺലൈനിലൂടെ കോട്ടയം സംക്രാന്തിയിലുള്ള പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചത്. ഒരു മണിക്കൂറിനുള്ളിൽ അവശയായ രശ്മിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുമ്പും ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ ഹോട്ടലിന് നോട്ടീസ് നൽകി. പക്ഷേ പിന്നീടും നിർബാധം പ്രവർത്തിച്ചു.