നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് മുന്‍ ഭാരവാഹികളുടെ വീടുകളില്‍ പുലര്‍ച്ചെ രണ്ടു മുതല്‍ എന്‍.ഐ.എ റെയ്ഡ് . സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. മിക്കയിടത്തും മുന്‍ഭാരവാഹികള്‍ സ്ഥലത്തുണ്ടായില്ല. വീടുകളില്‍നിന്ന് നിരവധി രേഖകളും മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് എറണാകുളം റൂറലിലാണ്. 12 കേന്ദ്രങ്ങളിലായിരുന്നു ഇവിടെ റെയ്ഡ്. ഡല്‍ഹിയില്‍നിന്നുളള എന്‍.ഐ.എ ഉദ്യോഗസ്ഥരും റെയ്ഡിനായി എത്തിയിട്ടുണ്ട്.
ആയുര്‍വേദ റിസോര്‍ട്ട് ഉള്‍പെടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി ജയരാജന്റെ ആരോപണം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായേക്കും. റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് ഇ.പി. ജയരാജന്‍ വിശദീകരിക്കും. മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന റിസോര്‍ട്ടിന്റെ മുന്‍ എംഡി കെപി രമേഷ് കുമാറിന്റെ വാക്കുകേട്ടാണ് പി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇപിയുടെ വാദം.
ഇ.പി. ജയരാജനെതിരായ ഗുരുതര ആരോപണങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രതികരിക്കാത്തത് ദുരൂഹമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇ.പി. ജയരാജന്‍ ഒന്നാം പിണറായി സര്‍ക്കാരിലെ രണ്ടാമനും പിണറായിയുടെ സന്തത സഹചാരിയുമായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചെന്നിത്തല പറഞ്ഞു.
ഇ.പി ജയരാജനെതിരായ ആരോപണത്തില്‍ പരാതി ഇല്ലാതെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം നടത്താനാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ഒരാളെക്കുറിച്ച് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ആരോപണം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് അദ്ഭുതകരമാണെന്നും മുരളീധരന്‍.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ അനാരോഗ്യ മത്സരങ്ങളുടെ വേദിയാക്കരുതെന്ന് ഹൈക്കോടതി. ദരിദ്ര ചുറ്റുപാടുകളില്‍നിന്നുള്ള കഴിവുള്ള കുട്ടികള്‍ക്കു താങ്ങാനാവാത്ത ചെലവാണ്. ഒന്നാം സ്ഥാനം എന്നതിനേക്കാള്‍ പങ്കെടുക്കുക എന്നതാണ് പ്രധാനം. പരാജയം ഉള്‍ക്കൊള്ളാന്‍ കുട്ടികളെ രക്ഷിതാക്കള്‍ സജ്ജരാക്കണം. റവന്യൂ ജില്ലാ കലോത്സവ വിധി നിര്‍ണയത്തിനെതിരായ ഒരു കൂട്ടം ഹര്‍ജികള്‍ തളളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി പി ജയരാജനെ രക്ഷിക്കാനായി ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ ഇടപെട്ടെന്ന ആക്ഷേപം വെറും കെട്ടുകഥയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കണ്ണൂരിലെ അഭിഭാഷകന്റെ ആരോപണം വിചിത്രമാണ്. ആരോപണത്തിന് പിന്നില്‍ മറ്റു ഉദ്ദേശ്യങ്ങളുണ്ട്. മറ്റാരോ പറയിപ്പിച്ചതാണ്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണം എറണാകുളത്തെ പാര്‍ട്ടി നേതാക്കളുടെ പിഴവാണെന്ന് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഇന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയും നാളെ സംസ്ഥാന സെക്രട്ടേറിയേറ്റും പരിഗണിക്കും. മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച അഡ്വ അരുണ്‍കുമാറിന്റെ പേരില്‍ ചുവരെഴുത്ത് നടത്തിയത് അണികളിലടക്കം ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. മുന്‍മന്ത്രി എ.കെ ബാലനും ടി പി രാമകൃഷ്ണനും ഉള്‍പ്പെട്ട സമിതിയാണ് അന്വേഷണം നടത്തിയത്.
ഇലന്തൂര്‍ നരബലി കേസിന്റെ കുറ്റപത്രം തയാര്‍. കൊച്ചി സിറ്റി പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുണ്ട്. 150 സാക്ഷികളുമുണ്ട്. ദൃക്‌സാക്ഷികളില്ല. എറണാകുളത്തും കാലടിയിലുമായി രണ്ട് കേസുകളാണുള്ളത്. തമിഴ്‌നാട് സ്വദേശിനി പദ്മയെ ഇലന്തൂരില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയാറായത്. പാരമ്പര്യ ചികിത്സ നടത്തിയിരുന്ന ഇലന്തൂരിലെ ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരാണ് മറ്റു പ്രതികള്‍.
ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി ആന്ധ്രപ്രദേശ് സ്വദേശി രാമചന്ദ്ര റെഡ്ഡി മരിച്ചു. ഒരു ജീവനക്കാരന്‍ അടക്കം നാല് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണ്ണാര്‍ക്കാട് നെച്ചുള്ളിയില്‍നിന്നു പത്തു വര്‍ഷം മുമ്പ് കാണാതായ അമ്മയുടേയും മകളുടേയും തിരോധനം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. സൈനബയെയും മകള്‍ ഫര്‍സാനയേയും കാണാതായത് അന്വേഷിക്കാന്‍ മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ ബോബന്‍ മാത്യുവിന്റെ കീഴില്‍ എട്ടസംഘത്തെയാണ് നിയോഗിച്ചത്.
ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ഭക്ഷണശാലയില്‍ മോഷണം. അലമാരയില്‍ സൂക്ഷിച്ച നാല്‍പതിനായിരം രൂപയാണു കവര്‍ന്നത്. മാതാപറമ്പ് മുഹമ്മദ് കുട്ടിയുടെ ആര്യഭവന്‍ എന്ന ഭക്ഷണശാലയിലാണ് മോഷണം നടന്നത്.
ജാര്‍ഖണ്ഡ് നടി റിയ കുമാരിയെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഭര്‍ത്താവും സിനിമാ നിര്‍മാതാവുമായ പ്രകാശ് കുമാറിനെ ബംഗാള്‍ പൊലീസ് അറസ്റ്റു ചെയ്തു. കാറില്‍ യാത്ര ചെയ്യവേ ബംഗാളിലെ ഹൗറയില്‍ നടിയെ കൊള്ളസംഘം കൊലപ്പെടുത്തിയെന്നാണ് പ്രകാശ് കുമാര്‍ പറഞ്ഞിരുന്നത്. പ്രകാശ്കുമാറിനെ ചോദ്യം ചെയ്തതോടെയാണ് വെടിവച്ചത് പ്രകാശ്കുമാര്‍തന്നെയാണെന്നു വ്യക്തമായത്. കാറില്‍ രണ്ട് വയസുള്ള മകളും ഉണ്ടായിരുന്നു.
കര്‍ണാടകയിലെ ഹാസനില്‍ കൊറിയര്‍ സ്ഥാപനമായ ഡിറ്റിഡിസിയില്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍ പൊട്ടിത്തെറിച്ചതിനു പിന്നില്‍ പ്രണയപ്പകയാണെന്ന് റിപ്പോര്‍ട്ട്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയോടു നടത്തിയ പ്രണയാഭ്യര്‍ത്ഥന ഫലിക്കാതായപ്പോള്‍ അപായപ്പെടുത്താന്‍ മിക്‌സിയില്‍ സ്‌ഫോടക വസ്തു കൊറിയര്‍ ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അയച്ചത് ആരാണെന്ന് വ്യക്തമല്ലാത്തതിനാല്‍ യുവതി കൊറിയര്‍ സ്വീകരിക്കാതെ മടക്കി. പാക്കേജ് തുറന്നു നോക്കാനുള്ള കൊറിയര്‍ സ്ഥാപനമുടമ ശ്രമിച്ചപ്പോഴാണു സ്‌ഫോടനമുണ്ടായത്.
കര്‍ണാടക ശിവമോഗയില്‍ ഹിന്ദുക്കള്‍ ആയുധം മൂര്‍ച്ചകൂട്ടണമെന്നു പ്രകോപനപരമായി പ്രസംഗിച്ച ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂറിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കവേ മുസ്ലീങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് ഭോപ്പാല്‍ എംപിക്കെതിരായ പരാതി.