ചെണ്ടമേളവുമായി വധു,
ചുവടുവച്ച് വരനും അതിഥികളും
വധു ചെണ്ടയുമായി വിവാഹ വേദിയില്‍ എത്തിയപ്പോള്‍ പലരും അമ്പരന്നു. കല്യാണവേഷത്തില്‍ സര്‍വാഭരണ വിഭൂഷിതയായ വധു മേള കലാകാരന്മാര്ക്കൊപ്പം ചെണ്ടമേള പ്രകടനവും നടത്തി. ഗുരുവായൂര്‍ ശ്രികൃഷ്ണ ക്ഷേത്രത്തില്‍ താലി കെട്ടിനുശേഷം രാജ വത്സത്തില്‍ ഞായറാഴ്ച നടന്ന വിവാഹ സല്‍ക്കാര ചടങ്ങിലാണ് വധു കല്യാണ വേഷത്തില്‍ ചെണ്ടയില്‍ കൊട്ടിക്കയറിയത്. കണ്ടാണശേരി ചൊവ്വല്ലൂര്‍ സ്വദേശി പാലിയത്ത് ശ്രീകുമാറിന്റെയും രശ്മിയുടെയും മകളായ ശില്പയാണ് ചെണ്ടയില്‍ വിസ്മയം തീര്‍ത്ത നവവധു. ശില്പയുടെ മേളപ്പെരുക്കം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി.
പൊന്നന്‍സ് ശിങ്കാരിമേളത്തിലെ കലാകാരന്മാര്ക്കൊപ്പമാണ് ശില്പ വിവാഹ വേദിയിലെ മേളം തുടങ്ങിയത്. ശില്പയുടെ മേളവൈദഗ്ധ്യം കണ്ട മേളകലാകാരന്മാര് ശില്പയെ നടുവില്‍ മേളപ്രമാണിയാക്കി നിര്‍ത്തി. മേളം മുറുകിയതോടെ അച്ഛനും വരനും അതിഥികളുമെല്ലാം മേളത്തിനൊപ്പം ചുവടുവച്ചു.
മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ ശില്പ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ ഫെസിലിറ്റി മാനേജ്മെന്റ് വിഭാഗത്തില്‍ ജോലി ചെയ്യുന്നു. വരന് കണ്ണൂര്‍ സ്വദേശി ദേവാനന്ദ് യുഎഇയില്‍ എന്‍ജിനിയറാണ്.
എട്ടു വര്‍ഷമായി ചെണ്ടമേളം അഭ്യസിച്ച ശില്പയ്ക്കു പാണ്ടിമേളവും പഞ്ചാരി മേളവും ശിങ്കാരിമേളവും വഴങ്ങും. അച്ഛന് ശ്രീകുമാറും കുടുംബവും 35 വര്‍ഷമായി യുഎഇയിലാണ്. അബുദാബിയിലെ ഗ്ലോബല്‍ ഷിപ്പിംഗ് കമ്പനിയിലാണു ജോലി. യുഎഇയിലെ വിവിധ വേധികളിലും ശില്പ ചെണ്ടയില്‍ വിസ്മയപ്പെരുക്കവുമായി കരഘോഷം നേടിയിട്ടുണ്ട്.