കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രത തുടരുകയാണ് കേന്ദ്രം. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നു. മൂക്കിലൂടെ നല്കുന്ന വാക്സീൻ കൊവിൻ ആപ്പിൽ ഉൾപ്പെടുത്തി. വിമാനത്താവളങ്ങളിൽ കൂടുതൽ യാത്രക്കാരെ പരിശോധിക്കാൻ സൗകര്യം ഒരുക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.വിമാനത്താവളങ്ങളിൽ ഇന്നലെ മുതൽ രണ്ട് ശതമാനം യാത്രക്കാരിൽ പരിശോധന തുടങ്ങി. ചൈന ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർ ടി പി സി ആർ പരിശോധന നിർബന്ധമാക്കി.
ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ചൈന, ജപ്പാൻ, തായ്ലാൻഡ്, ഹോങ്കോംഗ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ഇപ്പോൾ ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയത്. നിലവിൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ റദ്ദാക്കിയിട്ടില്ല. ഒരാഴ്ച്ച കൊവിഡ് വ്യാപനം നിരീക്ഷിച്ച ശേഷമാകും കൂടുതൽ നിയന്ത്രണങ്ങൾ തീരുമാനിക്കുക.