സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസീനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച. പോലീസിനെതിരേ ആഞ്ഞടിച്ച പ്രതിപക്ഷം കള്ളന് കപ്പലില്തന്നെയാണെന്നും സിപിഎം കലാപമുണ്ടാക്കുകയാണെന്നും ആരോപിച്ചു. കോണ്‍ഗ്രസുകാരെ സംശയമുണ്ടെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. പി.സി വിണുനാഥ് ചര്‍ച്ചക്കു തുടക്കമിട്ടു. ഇരുപക്ഷത്തു നിന്നുമായി 12 അംഗങ്ങളാണു സംസാരിച്ചത്. ആരോപണങ്ങള്‍ക്കു ചുട്ട തിരിച്ചടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്.
മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയ്ക്കു വിശ്വാസ വോട്ടെടുപ്പില്‍ ജയം. 164 പേരുടെ പിന്തുണ നേടി. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 143 പേരുടെ പിന്തുണ. 40 ശിവസേന എംഎല്‍എമാര്‍ ഷിന്‍ഡെയെ പിന്തുണച്ചു. രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടി കൂറുമാറി ഷിന്‍ഡെയ്ക്കൊപ്പം ചേര്‍ന്നു. 99 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. മൂന്നംഗങ്ങള്‍ വിട്ടുനിന്നു. ഇന്നലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പിലും ബിജെപി സഖ്യം 164 പേരുടെ വോട്ട് നേടിയിരുന്നു.
ഫാരിസ് അബൂബക്കര്‍ കേരളത്തിന്റെ നിഴല്‍ മുഖ്യമന്ത്രിയാണെന്ന് പി.സി ജോര്‍ജ്. പിണറായി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നു എന്നേ ഉള്ളൂ, നിയന്ത്രണം ഫാരിസിനാണ്. 2009 ല്‍ കോഴിക്കോട് ലോക്സഭ സീറ്റില്‍ വീരേന്ദ്രകുമാറിനെ മാറ്റി ഫാരിസിനു കൊടുത്തു. ഫാരിസിന്റെ സ്ഥാനാര്‍ഥിയാണ് മുഹമ്മദ് റിയാസ്. ആ റിയാസാണ് ഇപ്പോഴത്തെ മന്ത്രി. 2004 ലെ മലപ്പുറം സമ്മേളനം മുതല്‍ പിണറായിയുടെ മെന്റര്‍ ആണ് ഫാരിസ്. മലപ്പുറത്ത് ഒളിച്ചു താമസിച്ചു പണമെറിഞ്ഞാണ് ഫാരിസ് വി എസിനൊപ്പമുള്ള പ്രതിനിധികളെ മറിച്ചത്. പി.സി ജോര്‍ജ് പറഞ്ഞു.
രാഹുല്‍ഗാന്ധിയുടെ കല്പറ്റ ഓഫിസില്‍ എസ്എഫ്ഐ നടത്തിയ ആക്രമണത്തില്‍ മഹാത്മ ഗാന്ധിയുടെ ഫോട്ടോ തകര്‍ത്തത് എസ്എഫ്ഐ പ്രവര്‍ത്തകരല്ലെന്ന പൊലീസ് റിപ്പോര്‍ട്ട് സഭയില്‍ വച്ച് മുഖ്യമന്ത്രി. എസ് എഫ് ഐ പ്രവര്‍ത്തകരുടെ അക്രമം ഉണ്ടായശേഷം അറസ്റ്റിന് പൊലീസ് എത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കി വയനാട് എസ്പി നല്കിയ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി സബ്മിഷനു മറുപടിയായി നല്‍കിയത്.
വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് തടയുന്നതില്‍ പൊലീസിന് വീഴ്ച്ചയുണ്ടായെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ചുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 200 ലധികം പ്രവര്‍ത്തകരെത്തിയപ്പോള്‍ തടയാന്‍ കല്‍പ്പറ്റ ഡിവൈഎസ്പിയും 25 പൊലിസുകാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാരിക്കേഡ് വച്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ തടഞ്ഞില്ല. വാഴയുമായി അകത്തു കയറാനുള്ള നീക്കവും തടഞ്ഞില്ല. എഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഹുല്‍ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ എസ്എഫ്ഐക്ക് പങ്കില്ലെന്ന പോലീസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ കഥക്ക് പോലീസിന്റെ തിരക്കഥയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. അക്രമികളെ പോലീസ് പുറംതട്ടി പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളുണ്ട്. വാദിയെ പ്രതിയാക്കാനുള്ള ശ്രമമാണിത്. എസ്ഡിപിഐ ക്കാര് എകെജി സെന്ററിലെത്തിയതിനെക്കുറിച്ച് സിപിഎം വിശദീകരിക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
കോടതിയിലുള്ള കേസിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി സഭയുടെ മേശപ്പുറത്തുവച്ചത് ചട്ടലംഘനമാണെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. മുഖ്യമന്ത്രിക്ക് എങ്ങനെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടി. അന്വേഷണം നടക്കുന്ന കേസിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ അധികാരം കോടതിക്കു മാത്രമാണ്. അദ്ദേഹം പറഞ്ഞു.
എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോട്ടയം ഡിസിസി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രവീണ്‍ തമ്പി, ജോയിന്റ് സെക്രട്ടറി കെ.മിഥുന് , കമ്മറ്റിയംഗം വിഷ്ണു ഗോപാല്‍ , വിഷ്ണു രാജേന്ദ്രന് , അരുണ്‍കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ കേസ് എടുത്തതും അറസ്റ്റ് ചെയ്തതും.
പ്രസവത്തിനിടെ യുവതിയും നവജാതശിശുവും മരിച്ച സംഭവത്തില്‍ പാലക്കാട്ടെ തങ്കം ആശുപത്രിയില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. ചിറ്റൂര്‍ തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. കുഞ്ഞ് ഇന്നലെ മരിച്ചിരുന്നു. മരണത്തിനു കാരണം ഡോക്ടര്‍മാരുടെ അശ്രദ്ധയും അനാസ്ഥയുമാണെന്ന് ആരോപിച്ചാണ് ബന്ധുക്കളുടെ പ്രതിഷേധം. പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്കു നല്കിയ കത്ത് പുറത്ത്. കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്നു വിശേഷിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനു കത്തയച്ചത്.
കൂളിമാട് പാലം തകരാന്‍ കാരണം ഹൈഡ്രോളിക് ജാക്കിയുടെ അപാകതയാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍. ജീവനക്കാര്‍ക്ക് നൈപുണ്യം ഉണ്ടായിരുന്നു. ഗുണനിലവാര പരിശോധനാ ഫലവും തൃപ്തികരമാണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
ഡിജിറ്റല്‍ റീസര്‍വേ നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാകുമെന്ന് റവന്യൂമന്ത്രി കെ രാജന്. ‘എന്റെ ഭൂമി’ എന്ന പേരില്‍ ഒരു ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ തുടങ്ങും. യുണീക്ക് തണ്ടപേര് സംവിധാനം വരുന്നതോടെ കേരളത്തില്‍ എവിടെ ഭൂമി ഉണ്ടെങ്കിലും ഒറ്റ തണ്ടപേരില്‍ അറിയുമെന്നും രാജന് പറഞ്ഞു. ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഒരു കുടക്കീഴില് ലഭ്യമാകും.
സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജ് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നാളെ രാവിലെ 11 ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ കേസുകളില്‍നിന്ന് പിന്മാറാന് ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരേ ഷാജ് കിരണ്‍ ചില വെളിപെടുത്തലുകള്‍ നടത്തുകയും ചെയ്തിരുന്നു. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ സ്വപ്ന സുരേഷിനെ ഇഡി ഇന്നു ചോദ്യം ചെയ്യുന്നുണ്ട്.
എകെജി സെന്ററിലെ ആക്രമണത്തിനെതിരേ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ നേതാക്കള്‍ എത്തിയതു സംബന്ധിച്ചു വിശദീകരണവുമായി എകെജി സെന്റര്‍. സിപിഎം നേതാക്കള്‍ അവരുമായി കൂടിക്കാഴ്ചയ്ക്കു തയാറാകാതെ മടക്കിയയക്കുകയാണു എകെജി സെന്റര്‍ ചെയ്തതെന്നാണ് വിശദീകരണം. എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍ വന്നതിന്റെ ദൃശ്യങ്ങള്‍ പല വ്യാഖ്യാനങ്ങളുമായി പ്രചരിക്കുന്നതിനിടെയാണ് വിശദീകരണം.
നിയമസഭാ സമ്മേളനത്തിനിടെ എംഎല്‍എമാരെ വിമര്‍ശിച്ച് സ്പീക്കര്‍ എംബി രാജേഷ്. അംഗങ്ങള്‍ നിയമസഭയില്‍ കൂട്ടം കൂടി നിന്നു സംസാരിക്കുന്നത് ശരിയല്ല. സഭാ നടപടികളില്‍ ആരും ശ്രദ്ധിക്കുന്നില്ല. രാഷ്ട്രീയ വിവാദങ്ങളില്‍ മാത്രമാണ് എംഎല്‍എമാര്‍ക്ക് താത്പര്യമെന്നും സ്പീക്കര്‍ വിമര്‍ശിച്ചു.
പൊലീസിനെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് പനമരം പൊലീസ് രണ്ടു മക്കളെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്നു മാതാപിതാക്കള്‍. നീര്‍വാരം വെട്ടുപാറപ്പുറത്ത് ലക്ഷ്മണനും ഭാര്യ കനകമ്മയുമാണ് ആരോപണമുന്നയിച്ചത്. പനമരം എസ്.ഐ പി.സി. സജീവനെ മക്കളായ രഞ്ജിത്തും ശ്രീജിത്തും ചേര്‍ന്ന് കൈയേറ്റം ചെയ്തെന്നാണു കള്ളക്കേസ്. മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
കൊച്ചി മരടില്‍ സ്കൂള്‍ ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. എട്ടു കുട്ടികളടക്കം പത്തു പേരാണ് ബസിലുണ്ടായിരുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല. ഇലക്ട്രിക്ക് പോസ്റ്റില്‍ ഉണ്ടായിരുന്ന കേബിളില്‍ ബസ് തട്ടിയാണ് പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണത്. തൃപ്പൂണിത്തുറ ഏരൂര്‍ ഗുരുകുല വിദ്യാലയത്തിന്റെ ബസാണ് അപകടത്തില്‍ പെട്ടത്.
ഇടുക്കി ഏലപ്പാറക്കടുത്ത് കോഴിക്കാനം എസ്റ്റേറ്റില്‍ ലയത്തിന് പുറകില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീ മരിച്ചു. കോഴിക്കാനം രണ്ടാം ഡിവിഷന് 13 മുറി ലയത്തില്‍ രാജുവിന്റെ ഭാര്യ പുഷ്പ (52) ആണ് മരിച്ചത്. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. ജോലിക്ക് പോകുന്നതിനു പുലര്‍ച്ചെ അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് മണ്ണിടിഞ്ഞു വീണത്.
അട്ടപ്പാടിയില്‍ തോക്കു വാങ്ങുന്നതിനുള്ള സാമ്പത്തിക തര്‍ക്കത്തിനിടെ നന്ദകിഷോറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പത്താമത്തെ പ്രതിയും പിടിയില്‍. ഭൂതുവഴി സ്വദേശി കാര്‍ത്തിക്ക് (23), ദോണിഗുണ്ട് സ്വദേശി അഖില്‍(24), മേലെ കണ്ടിയൂര്‍ സ്വദേശി ജോമോന്(22), താവളം സ്വദേശി അനന്തു (24) എന്നിവരെ അറസ്റ്റു ചെയ്തു.ഇതോടെ കേസിലെ 10 പ്രതികളും അറസ്റ്റിലായി.
പൊള്ളാച്ചി ജനറല്‍ ആശുപത്രിയില്‍നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പാലക്കാട് കൊടുവായൂര്‍ സ്വദേശി ഷംനയയെ പൊള്ളാച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍തൃവീട്ടിലും നാട്ടിലും ഗര്‍ഭിണിയാണെന്ന് നുണ പറഞ്ഞതിനെ സാധുകരിക്കാനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.
ഹിമാചലിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കുളുവില്‍ ബസ് അപകടം. 16 പേര് മരിച്ചു. രാവിലെ എട്ടരയോടെ ബസ് ഗര്‍ത്തത്തിലേക്ക് മറിയുകയായിരുന്നു. മരിച്ചവരില്‍ സ്കൂള്‍ കുട്ടികളും ഉണ്ട്. ഇരുപതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല്പതോളം വിദ്യാര്‍ത്ഥികള്‍ ബസിലുണ്ടായിരുന്നു.
ശിവസേനയുടെ ചീഫ് വിപ്പായി ഭരത് ഗഗവാലയെ സ്പീക്കര്‍ അംഗീകരിച്ചതിനെതിരെ സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി മാറ്റിവച്ചു. ഹര്‍ജി അടിയന്തരമായി കേള്‍ക്കില്ലെന്നും ഈ മാസം 11 ന് മറ്റു ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാമെന്നുമാണ് കോടതി തീരുമാനിച്ചത്.
ഫെമിന മിസ് ഇന്ത്യ കിരീടം കര്‍ണാടകയുടെ സിനി ഷെട്ടിക്ക്. ജിയോ വേള്‍ഡ് കണ്വന്ഷന് സെന്ററില്‍ നടന്ന ഫിനാലെയിലാണ് സിനി ഷെട്ടി മിസ് ഇന്ത്യ കിരീടം ചൂടിയത്. ഫസ്റ്റ് റണ്ണര്‍ അപ്പായി രാജസ്ഥാന്റെ രുബാല്‍ ഷെഖാവത്തും സെക്കന്‍ഡ് റണ്ണറപ്പായി ഉത്തര്‍ പ്രദേശിന്റെ ശിനാത്താ ചൗഹാനും തെരഞ്ഞെടുക്കപ്പെട്ടു.
മഹാരാഷ്ട്രയിലെ ഷിന്‍ഡെ സര്‍ക്കാര്‍ ആറു മാസത്തിനകം വീഴുമെന്നും തെരഞ്ഞെടുപ്പിനായി ഒരുങ്ങണമെന്നും എന്‍സിപി നേതാവ് ശരത് പവാര്‍. മന്ത്രിമാരും വകുപ്പകളും തീരുമാനിക്കുന്നതോടെ ഷിന്‍ഡെ പക്ഷത്ത് കലഹം മൂക്കുമെന്ന് പവാര്‍ പറഞ്ഞു.
മുംബൈയുടെ ‘ഗ്രീന്‍ ലംഗ്’ എന്നറിയപ്പെടുന്ന ആരെയ് കോളനിയിലെ റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗിനു താഴെ പുള്ളിപ്പുലി. കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലാണ് പുള്ളിപ്പുലി വിലസുന്ന വിവരം പ്രദേശവാസികള്‍ അറിഞ്ഞത്.
ഡെന്മാര്ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ മാളിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. വെടിവെപ്പ് നടന്ന കോപ്പന്‍ഹേഗന്‍ സിറ്റി സെന്ററിനും വിമാനത്താവളത്തിനും ഇടയിലുള്ള വലിയ ഫീല്‍ഡ് മാളിന് ചുറ്റും സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ 35 റണ്‍സടിച്ച് റെക്കോഡിട്ടതിനു പിന്നാലെ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരില്‍ ചേര്‍ത്ത് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ. ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡാണ് ബുംറ സ്വന്തമാക്കിയത്. എജ്ബാസ്റ്റണില്‍ ഒന്നാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഈ പരമ്പരയിലെ ബുംറയുടെ വിക്കറ്റ് നേട്ടം 21 ആയി. 2014-ല്‍ നടന്ന പരമ്പരയില്‍ 19 വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ റെക്കോഡാണ് ബുംറ പഴങ്കഥയാക്കിയത്.
പ്രമുഖ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്സിയും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കും തമ്മിലുള്ള ലയനത്തിന് അംഗീകാരം. രാജ്യത്തെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബോംബെ സ്റ്റോക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചുമാണ് ലയന നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. ഇനി റിസര്‍വ് ബാങ്ക് ഉള്‍പ്പെടെ വിവിധ റെഗുലേറ്ററി ഏജന്‍സികളുടെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ ലയനനടപടി പൂര്‍ത്തിയാവുകയുള്ളൂ. 4000 കോടി ഡോളറിന് ഏറ്റെടുക്കാനാണ് ഇരുവിഭാഗവും സമ്മതിച്ചത്. ഇരുകമ്പനികളും ഒന്നാകുന്നതോടെ മൊത്തം ആസ്തി 18ലക്ഷം കോടി രൂപയായി ഉയരും. 8.36 കോടി രൂപയാണ് എച്ചഡിഎഫ്സി ബാങ്കിന്റെ മാത്രം ആസ്തി. 2024 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തോടെ ലയന നടപടികള്‍ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിനു 200 രൂപയാണ് വര്‍ധിച്ചത്. ശനിയാഴ്ച രണ്ട് തവണയാണ് സ്വര്‍ണവില പരിഷ്കരിച്ചത്. രാവിലെ 320 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ ഉച്ചയായപ്പോള്‍ ഒരു പവന് സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ വില ഇന്ന് 38,400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4800 രൂപയാണ്. ശനിയാഴ്ച രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ ഉച്ചയ്ക്ക് 25 രൂപ കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 20 രൂപയാണ് ഉയര്‍ന്നത്. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,965 രൂപയാണ്.
നസ്രിയ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ‘അണ്ടേ സുന്ദരാനികി’ ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നെറ്റ്ഫ്ളിക്സില്‍ ആണ് ചിത്രം സ്ട്രീം ചെയ്യുക. ജൂലൈ 10ന് ആണ് ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുക. ജൂണ്‍ 10ന് ആയിരുന്നു തിയറ്ററില്‍ റിലീസ് ചെയ്തത്. നാനിയായിരുന്നു നായകന്. ‘ലീല തോമസ്’ എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. നദിയ മൊയ്തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹര്‍ഷ വര്ദ്ധന്, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നു.
സ്വവര്‍ഗ്ഗ പ്രണയത്തിന്റെ വേറിട്ട വര്‍ണ്ണങ്ങള്‍ ചാലിച്ച പുതിയ ആല്‍ബം അമോര്‍ യൂട്യൂബില്‍ റിലീസായി. ഫൈസല്‍ റാസി സംഗീതം നല്കി നിര്‍മ്മിച്ച അമോറില്‍ ആലപിച്ചിരിക്കുന്നത് ഗായിക ശിഖ പ്രഭാകറാണ്. പ്രണയവും വേര്‍പിരിയലും പ്രണയനൊമ്പരങ്ങളും നിറയുന്ന ഈ സംഗീത ആല്‍ബത്തിന് വരികള്‍ രചിച്ചത് ധന്യ സുരേഷ് മേനോനാണ്. ശിഖ പ്രഭാകാറും നര്‍ത്തകി സായ് പ്രിയയുമാണ് അമോറില്‍ നിറയുന്ന അഭിനേതാക്കള്‍. ഛായാഗ്രഹണം റഹീം ഇബ്നു റഷീദും കൊറിയോഗ്രഫി വരദയും നിര്‍വഹിച്ചിരിക്കുന്നു.
എസ്.യു.വി ശ്രേണിയില്‍ സാന്നിദ്ധ്യം ശക്തമാക്കാനായി മാരുതി സുസുക്കി അവതരിപ്പിക്കുന്ന പുതുപുത്തന്‍ ബ്രെസ വിപണിയില്‍. 7.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. മാരുതിയുടെ വരുംതലമുറ കെ-സീരീസ് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണുള്ളത്. സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്നോളജിയും ലിറ്ററിന് 20.15 കിലോമീറ്റര്‍ വരെ മൈലേജുമാണ് സവിശേഷത. മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ട്രാന്സ്മിഷന് ഓപ്ഷനുകളുണ്ട്. ഇലക്ട്രിക് സണ്‍റൂഫ്, ഹെഡ്-അപ്പ് ഡിസ്പ്ളേ, ഡിജിറ്റല്‍ 360 ഡിഗ്രി കാമറ, മറ്റ് 40 കണക്ടഡ് ഫീച്ചറുകള്‍ എന്നിങ്ങനെയും സവിശേഷതകള്‍. ആറ് എയര്‍ ബാഗുകളും ഹില്‍-ഹോള്‍ഡ് അസിസ്റ്റും ഉള്‍പ്പെടെ 20ലേറെ സുരക്ഷാ ഫീച്ചറുകളുമുണ്ട്.
മലയാള സിനിമാ ചരിത്രത്തില്‍ ശ്രദ്ധേയ സാന്നിധ്യമായിത്തീര്‍ന്ന ചലച്ചിത്രത്തിന്റെ തിരക്കഥ. ഒപ്പം തിരക്കഥ രൂപപ്പെടുത്തിയ ചെറുകഥ. ഒരു സാഹിത്യസൃഷ്ടിയില്‍ നിന്ന് എങ്ങനെ ഒരു തിരക്കഥ രൂപപ്പെടുന്നു എന്ന് കുറിപ്പുകള്‍ സഹിതം പ്രതിപാദിക്കുന്ന രചനാശൈലി. സിനിമാ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുന്ന തിരക്കഥ. ‘ഒന്നു മുതല്‍ പൂജ്യം വരെ’. രഘുനാഥന് പറളി. ഗ്രീന്‍ ബുക്സ്. വില 247 രൂപ.
രുചിക്ക് പുറമെ ദഹനം മെച്ചപ്പെടുത്താനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും തൈര് സഹായിക്കുന്നു. കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം വിറ്റാമിന്‍ ബി-2, വൈറ്റമിന്‍ ബി-12 എന്നിങ്ങനെ നിരവധി അവശ്യ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരോട് ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്താന്‍ പോഷകാഹാര വിദഗ്ദ്ധര്‍ പറയാറുണ്ട്. ഭക്ഷണത്തില്‍ ദിവസവും ഒരു ബൗള്‍ തൈര് ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ 61% കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. പലരുടെയും പ്രശ്നമായ വയറ് കുറയ്ക്കാനും ഇത് സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കത്തിച്ചുകളയാന്‍ തൈര് കഴിക്കുന്നതിലൂടെ സഹായിക്കുന്നുവെന്ന് അമേരിക്കന്‍ ഡയറ്ററ്റിക് അസോസിയേഷന് നടത്തിയ ഗവേഷണത്തില്‍ തെളിയിച്ചിട്ടുണ്ട്. കാല്‍ഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകള്‍ക്ക് ബലം തരുന്നതിനും തൈര് സഹായിക്കുന്നു. 100 ഗ്രാം തൈരില്‍ ഏകദേശം 80മില്ലിഗ്രാം കാല്‍ഷ്യം ഉണ്ട്. പ്രോബയോട്ടിക്സ് അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം മെച്ചപ്പെടുത്തി ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ സ്വാംശീകരിക്കുന്നതിന് സഹായിക്കുന്നു. തൈരില്‍ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിശപ്പ് കുറയ്ക്കാനും ഇതിന് കഴിയും. ഒരു ചെറിയ ബൗള്‍ തൈര് ഭക്ഷണത്തിന് ശേഷം കഴിക്കുക. രുചി വര്‍ദ്ധിപ്പിക്കുന്നതിനായി തേന്‍, പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ചേര്‍ക്കാം. എന്നാല്‍ ഇതൊന്നും അമിതമായ അളവില്‍ ചേര്‍ക്കാന്‍ പാടില്ല. നിങ്ങള്‍ക്ക് ഏത് ഭക്ഷണത്തിനുമൊപ്പം തൈര് കഴിക്കാവുന്നതാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.00, പൗണ്ട് – 95.71, യൂറോ – 82.35, സ്വിസ് ഫ്രാങ്ക് – 82.29, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.17, ബഹറിന്‍ ദിനാര്‍ – 209.53, കുവൈത്ത് ദിനാര്‍ -257.42, ഒമാനി റിയാല്‍ – 205.45, സൗദി റിയാല്‍ – 21.05, യു.എ.ഇ ദിര്‍ഹം – 21.51, ഖത്തര്‍ റിയാല്‍ – 21.70, കനേഡിയന്‍ ഡോളര്‍ – 61.41.