പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് ഉടനേ അയച്ചുകൊടുക്കണമെന്ന് ഹൈക്കോടതി. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള നടപടികളുണ്ടാകണം. പരസ്യ ബോര്‍ഡുകളില്‍ ഏജന്‍സിയുടെ മുദ്രയുണ്ടാകണമെന്നും കോടതി.
പോപ്പുലര്‍ ഫ്രണ്ട് രഹസ്യ വിഭാഗത്തെ ഉപയോഗിച്ച് ഇതര സമുദായത്തില്‍പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കിയിരുന്നെന്ന് എന്‍ഐഎ. സംസ്ഥാന വ്യാപകമായി റിപ്പോര്‍ട്ടര്‍മാരുടെ ഒരു സംഘം വിവരശേഖരണം നടത്തിയാണു പട്ടിക തയ്യാറാക്കിയത്. എന്‍ഐഎ കോടതിയില്‍ അന്വേഷണ സംഘം വ്യക്തമാക്കി. ഐ.എസ് ബന്ധത്തിന് തെളിവുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയതിലും അന്വേഷണം തുടരുകയാണ്. 14 പ്രതികളുടെ റിമാന്‍ഡ് 180 ദിവസമായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.
മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥിനികള്‍ രാത്രി ഒമ്പതരയ്ക്കുതന്നെ ഹോസ്റ്റലില്‍ എത്തണമെന്ന് ആരോഗ്യ സര്‍വകലാശാല. 18 വയസുള്ള വിദ്യാര്‍ത്ഥികള്‍ക്കു സമ്പൂര്‍ണ സ്വാതന്ത്ര്യം നല്കുന്നതു സമൂഹത്തിനു നല്ലതല്ല. 25 വയസാകുമ്പോഴാണ് പക്വമായ ബുദ്ധിവികാസം നേടൂവെന്നും ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ആരോഗ്യ സര്‍വകലാശാല വ്യക്തമാക്കി. ഹോസ്റ്റലുകള്‍ പഠനകേന്ദ്രങ്ങളാണ്, നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളോ ഹോട്ടലുകളോ അല്ലെന്നും ആരോഗ്യ സര്‍വകലാശാല വ്യക്തമാക്കി.
പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാനസനെ കൊലപ്പെടുത്തിയ കേസ് എന്‍ഐഎ ഏറ്റെടുത്തു. തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ എന്‍ഐഐ പുതുക്കിയ എഫ്ഐആര്‍ സമര്‍പ്പിക്കും. കഴിഞ്ഞ ഏപ്രില്‍ 16 നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി അക്രമികള്‍ വെട്ടിക്കൊന്നത്. ഈ കേസില്‍ 40 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
ഐഎസ്ആര്‍ഒ ചാരക്കേസിനു ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് കേരള ഹൈക്കോടതിയിലെ ജഡ്ജി പിന്മാറി. ജസ്റ്റിസ് വിജു എബ്രഹാമാണ് പിന്മാറിയത്. പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം നല്കിയ ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പിന്നീട് പരിഗണിക്കും. പ്രതികളായ സിബി മാത്യൂസ്, ആര് ബി ശ്രീകുമാര്‍, ഐ.ബി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ് ജയപ്രകാശ്, വി.കെ മൈനി അടക്കമുള്ളവരുടെ ഹര്‍ജിയാണ് പരിഗണനയിലുള്ളത്.
കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന്റെ നിയമനം പുനപരിശോധിച്ചു തീരുമാനമെടുക്കാന്‍ സ്ക്രൂട്നി കമ്മിറ്റിയെ സര്‍വകലാശാല സിന്റിക്കേറ്റ് ചുമതലപ്പെടുത്തി. പ്രിയ വര്‍ഗീസിന്റെ നിയമന തീരുമാനം പുന:പരിശോധിക്കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസറാകാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.
കേന്ദ്രമന്ത്രി വി. മുരളീധരനെ രാജ്യസഭയില്‍ പുകഴ്ത്തി മുസ്ലീം ലീഗ് നേതാവ് പി.വി. അബ്ദുള്‍ വഹാബ്. കേരളത്തിന്റെ അംബാസഡറാണ് മുരളീധരനെന്ന് വഹാബ് വിശേഷിപ്പിച്ചു.
പ്രമുഖ അരി ബ്രാന്‍ഡായ നിറപറ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഏറ്റെടുത്തു. പാക്കേജ്ഡ് ഫുഡ്, സ്പൈസസ് വിഭാഗത്തിലേക്കുള്ള വിപ്രോയുടെ ചുവടുവയ്പാണിത്. ഏറ്റെടുക്കുന്നത് എത്ര തുകയ്ക്കാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
കൊച്ചിയില്‍ ഫൈവ് ജി ആരംഭിച്ചു. ഏതാനും പ്രദേശങ്ങളില്‍ മാത്രമാണ് റിലയന്‍സ് ജിയോയുടെ ഫൈവ് ജി സേവനം ലഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം വലിയശാലയില്‍ ചതുപ്പില്‍ അകപ്പെട്ട ആനയെ കേരള ഫയര്‍ ഫോഴ്സ് എത്തി പുറത്തെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ന്യൂമാറ്റിക് ബാഗ് ഉപയോഗിച്ചാണ് ആനയെ പൊക്കിയെടുത്തത്. കാന്തല്ലൂര്‍ ശിവക്ഷേത്രത്തിലെ ആനയാണ് തളച്ചിട്ടിരുന്ന സ്ഥലത്തിനു സമീപത്തെ ചതുപ്പിലേക്ക് ഊര്‍ന്നുപോയത്.
വൈപ്പിന്‍ ഫിഷിംഗ് ഹാര്‍ബറില്‍ കെട്ടിയിട്ടിരുന്ന 12 മത്സ്യബന്ധന ബോട്ടുകള്‍ കെട്ടുപൊട്ടി കടലിലേക്ക് ഒഴുകി പോയി. മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകിപ്പെകുന്നതു കണ്ട ഉടന്‍ തന്നെ മറ്റു മത്സ്യബന്ധന ബോട്ടുകള്‍ ഇറക്കി ഒഴുകിപ്പോയ ബോട്ടുകളെ തിരികെ കൊണ്ടുവന്നു. വൈപ്പിന്‍ എല്‍എന്‍ജിക്കു സമീപത്താണ് സംഭവം.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും തമ്മില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ചയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി സച്ചിന് അവകാശവാദം ഉന്നയിച്ചത് പാര്‍ട്ടിയില്‍ ഏറെ ചേരിപ്പോരിന് ഇടയാക്കിയിരുന്നു. ‘ശുഭവാര്‍ത്ത പിറകേ വരു’മെന്നാണു കൂടിക്കാഴ്ചയ്ക്കു ശേഷം രാഹുല്‍ പ്രതികരിച്ചത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്വന്തം നിയോജക മണ്ഡലമായ അമേഠിയിലെത്തുന്നത് നാട്യം കാണിക്കാനാണെന്നപരിഹസിച്ച കോണ്‍ഗ്രസ് നേതാവ് അജയ് റായിക്കെതിരെ പൊലീസ് കേസ്. യുപി പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
എഡ്യുടെക്ക് ആപായ ബൈജൂസ് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ദേശീയ ബാലവകാശ കമ്മീഷന്. ഭാവി നശിക്കുമെന്നാണു ഭീഷണി. ബൈജൂസ് ആപിനെതിരേ കേസെടുക്കുമെന്നും കമ്മീഷന് അധ്യക്ഷന്‍ പ്രിയാങ്ക് കനൂംഗോ പറഞ്ഞു.
ഉത്തരേന്ത്യയില്‍ അതിശൈത്യം. പലയിടത്തും മൂടല്‍മഞ്ഞ് ഗതാഗത തടസമുണ്ടാക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദഷഹറില്‍ കനത്ത മൂടല്‍മഞ്ഞുമൂലം റോഡിലെ വാഹനങ്ങള്‍ കാണാനാകാതെ 40 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ദസറ മേല്പാലത്തിലാണ് അപകടമുണ്ടായത്.
ചൈനയില്‍ വീണ്ടും കൊവിഡ് തരംഗം. പ്രതിഷേധങ്ങള്‍ക്കു പിറകേ, നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ രോഗം പടര്‍ന്നുപിടിച്ചു. രാജ്യത്തെ ആശുപത്രികള്‍ കൊവിഡ് ലക്ഷണമുളള രോഗികളെ കൊണ്ട് നിറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം രോഗം ലോകവ്യാപകമാകുമെന്നു പകര്‍ച്ചവ്യാധി വിദഗ്ധനും ഹെല്‍ത്ത് എക്കോണമിസ്റ്റുമായ എറിക് ഫീഗല്‍ ഡിംഗ് ട്വീറ്റ് ചെയ്തു. ചൈനയിലെ ജനസംഖ്യയുടെ 60 ശതമാനവും ലോകജനസംഖ്യയിലെ പത്ത് ശതമാനവും കൊവിഡ് ബാധിതരാകുമെന്നും ഡിംഗ് ട്വീറ്റ് ചെയ്തു.