mid day.psd

കേരളത്തില്‍ ഹൈവേ നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം തരാമെന്ന് കേരള മുഖ്യമന്ത്രിയുടെ വാഗ്ദാനം പാലിക്കുന്നില്ലെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍. നിര്‍മാണ സാമഗ്രികളുടെ റോയല്‍റ്റി ഒഴിവാക്കിയും സര്‍ക്കാര്‍ ഭൂമി സൗജന്യമായി തന്നും റോഡ് നിര്‍മ്മാണത്തോടു സഹകരിക്കണമെന്നു കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഒരു കിലോമീറ്റര്‍ ഹൈവേ നിര്‍മിക്കാന്‍ 100 കോടി രൂപയാണ് ചെലവെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മാനേജര്‍ എം.പി. റിജില്‍ തട്ടിയെടുത്ത പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചെന്നു പോലീസ്. ഏഴു ലക്ഷത്തിലേറെ രൂപ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ നഷ്ടമായെന്നും റിജില്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ഒറ്റക്കാണ് തട്ടിപ്പു നടത്തിയതെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു.

ശബരിമലയില്‍ സൗകര്യങ്ങള്‍ വിലയിരുത്താന്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന അവലോകന യോഗം. മന്ത്രിമാരായ എം ബി രാജേഷ്, എ കെ ശശീന്ദ്രന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. തുടര്‍ച്ചയായി ശബരിമല പാതയില്‍ ഗതാഗത കുരുക്കാണ്. ഈ വിഷയവും ചര്‍ച്ച ചെയ്യും. ഇന്ന് 82,365 തീര്‍ഥാടകരാണ് ദര്‍ശനത്തിനായി ബുക്കു ചെയ്തത്.

കാലത്തിന്റെ മാറ്റങ്ങള്‍ക്കൊത്ത് അധ്യാപക പരിശീലനം പുനക്രമീകരിച്ചിട്ടുണ്ടെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഹൈസ്‌കൂള്‍ വിഭാഗം നവാധ്യാപക സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മലപ്പുറം താനൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി റോഡ് മുറിച്ചുകടക്കവേ വാഹനാപകടത്തില്‍ മരിച്ചത് സ്‌കൂള്‍ ബസില്‍ സഹായി ഇല്ലാതിരുന്നതുകൊണ്ടാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. സഹായിയെ നിയമിക്കാത്തത് സ്‌കൂള്‍ അധികൃതരുടെ ഗുരുതര വീഴ്ചയാണ്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയ മോട്ടോര്‍വാഹന വകുപ്പ് സ്‌കൂളിനെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കണമെന്നു കളക്ടറോടു ശുപാര്‍ശ ചെയ്തു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 141.40 അടി ആയി. പരിമാവധി സംഭരണശേഷി 142 അടിയാണ്. ഡാമില്‍നിന്നു തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നുണ്ട്.

ഗവര്‍ണറുടെ നിലപാടിനെതിരെ മുസ്ലീം ലീഗും ആര്‍എസ്പിയും രംഗത്തുവന്നതോടെ യുഡിഎഫില്‍ പ്രതിസന്ധിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫ് നയം സ്വീകാര്യമെന്ന് ചില യുഡിഎഫ് ഘടകകക്ഷികള്‍ കരുതുന്നത് നല്ല സൂചനയാണ്. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് ഗോവിന്ദന്‍ ഇങ്ങനെ പ്രതികരിച്ചത്.

ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ എന്‍സിപി നേതാവ് തോമസ് കെ തോമസ് എംഎല്‍എക്കും ഭാര്യ ഷേര്‍ളി തോമസിനുമെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ്. നാഷനലിസ്റ്റ് മഹിളാ കോണ്‍ഗ്രസ്  ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആര്‍ ബി ജിഷയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.

അറസ്റ്റു ചെയ്ത സിഐ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയനാക്കിയെന്ന് പോക്‌സോ കേസിലെ പുരുഷനായ പ്രതി. പരാതിയില്‍ തിരുവനന്തപുരം അയിരൂര്‍ സ്റ്റേഷനിലെ മുന്‍ എസ്എച്ച്ഒ ജയസനിലെതിരേ അയിരൂര്‍ പോലീസ് കേസെടുത്തു. അറസ്റ്റു വിവരം മാധ്യമങ്ങളിലൂടെ പുറത്തറിയിക്കാതിരിക്കാന്‍ ക്വാര്‍ട്ടേഴ്‌സിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചെന്നും കൈക്കൂലി വാങ്ങിയെന്നുമാണ് പരാതി. മറ്റൊരു കൈക്കൂലികേസില്‍ സസ്‌പെന്‍ഷനിനാണ് പ്രതിയായ ജയസനില്‍. സംഭവം വര്‍ക്കല ഡിവൈഎസ്പി അന്വേഷിക്കും.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വികെ സജീവന്‍. ഇതിനായി കോടതിയെ സമീപിക്കും. കോര്‍പറേഷനിലെ ചില ഉന്നതര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രത്യേക ചുമതല മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കു നല്‍കും. ആശുപത്രിക്കെതിരേ പരാതികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.

കൂടത്തായി റോയ് വധക്കേസില്‍ ഒന്നാം പ്രതി ജോളിയുടെ വിടുതല്‍ ഹര്‍ജി കോഴിക്കോട് പ്രത്യേക അഡീഷണല്‍ സെഷന്‍സ്  കോടതി തളളി. കേസില്‍ ഈ മാസം 24 ന് വിചാരണ തുടങ്ങും.

മാധ്യമ പ്രവര്‍ത്തകനും കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്സ് കോര്‍ഡിനേറ്ററുമായ കെ.അജിത് അന്തരിച്ചു. 56 വയസായിരുന്നു.

തൃശൂര്‍ തിരുവില്വാമല എഴുന്നള്ളത്ത് കടവിലെ ചെക്ക് ഡാമില്‍ കാര്‍ മറിഞ്ഞു. കാറിലുണ്ടായിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ കൊണ്ടാഴി സ്വദേശി ജോണിയെ മീന്‍പിടുത്തക്കാര്‍ രക്ഷപ്പെടുത്തി. ഡാമിനു മുകളിലൂടെ ഗായത്രി പുഴയ്ക്ക് അക്കരെ കടക്കുന്നതിനിടെ പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം ഉയര്‍ന്നതോടെ കാര്‍ പുഴയിലേക്ക് തെന്നി വീഴുകയായിരുന്നു.

തിരുവനന്തപുരത്ത് ബസ് സ്റ്റോപ്പില്‍ വനിതാ ഡോക്ടറെ കടന്നുപിടിച്ച മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ കടവിള പുല്ലുത്തോട്ടം തയ്യിങ്കളികുന്നില്‍ ശശികുമാറാണ് (52) പിടിയിലായത്.

തിരുവനന്തപുരം ആര്‍സിസിയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ ജീവനക്കാര്‍ ഒരു മണിക്കൂര്‍ സൂചനാ സമരം നടത്തി. ശമ്പളം വര്‍ധിപ്പിക്കുക, അക്കാദമിക് വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

തിരുവന്തപുരം പേരൂര്‍ക്കട വഴയിലയില്‍ നടുറോഡില്‍ സ്ത്രീയെ വെട്ടിക്കൊന്നു. അമ്പതുകാരിയായ സിന്ധുവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പങ്കാളി പത്തനംതിട്ട സ്വദേശി രാകേഷിനെ (46) അറസ്റ്റു ചെയ്തു. സിന്ധു സ്വത്തു തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് ഭാര്യയും മക്കളുമുള്ള രാകേഷ് ഈയിടെ വേറെ വീടു വാടകയ്‌ക്കെടുത്ത് ഒറ്റയ്ക്കു താമസം ആരംഭിച്ചിരുന്നു.

രണ്ടര വയസും നാലര വയസുമുള്ള കുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. തൃശൂര്‍ മൂന്ന്പീടിക ബീച്ച് കോപ്പറേറ്റീവ് റോഡ് പരിസരത്ത് ഇല്ലത്ത്പറമ്പില്‍ ഷിഹാബ് (35) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് കുട്ടികളുമായി യുവാവ് കിണറ്റില്‍ ചാടിയത്.

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കോവിലൂര്‍ കൊങ്കമണ്ടി വീട്ടില്‍ ഹരിച്ചന്ദ്രനെ (ഹരി-25) അറസ്റ്റു ചെയ്തു. പ്ലസ് ടു വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം കണ്ടെത്തിയത്.

രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സഭാനടപടികള്‍ രണ്ടു വട്ടം നിര്‍ത്തിവച്ചു. നോട്ടീസ് നല്‍കിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ നേതാക്കളാണു പ്രതിഷേധം ആരംഭിച്ചത്. ലോക്‌സഭയില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കിയില്ല.

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ തുടരുമെന്നു കരസേന. അരുണാചല്‍ അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈന്യത്തെ എത്തിച്ചെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയില്‍ ഇന്ത്യന്‍ സേന വ്യോമസേനാഭ്യാസം ആരംഭിച്ചിട്ടുണ്ട്. നാളേയും വ്യോമസേന അഭ്യാസ പ്രകടനങ്ങള്‍ തുടരും.

ജനീവയില്‍ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. ‘സഹവര്‍ത്തിത്വത്തിനായി സമാധാനപരമായി പ്രവര്‍ത്തിച്ച വീട്ടുവീഴ്ചയില്ലാത്ത നേതാവ്’ എന്നാണ് യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ഗാന്ധിജിയെ വിശേഷിപ്പിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *