സന്ധിവാതമുള്ളവരെ സംബന്ധിച്ചിടത്തോളം മഞ്ഞുകാലം അതികഠിനമാണ്. എന്നാല്‍ ചെറിയ കരുതലുകള്‍ ഒരു പരിധി വരെ സന്ധിവാതത്തെ തുടര്‍ന്നുള്ള വിഷമതകളെ ലഘൂകരിക്കും. സന്ധിവാതമുള്ളവര്‍ മഞ്ഞുകാലത്ത് ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. വെളുത്തുള്ളി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ‘ഡയാലില്‍ ഡൈസള്‍ഫൈഡ്’ എന്ന ഘടകം സന്ധിവാതത്തോട് പൊരുതാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സാല്‍മണ്‍ പോലുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് സന്ധികളിലെ നീര്‍ക്കെട്ടിന് ആശ്വാസം നല്‍കും. ഒലീവ് ഓയില്‍ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാചകത്തിന് വെളിച്ചെണ്ണയ്ക്കു പകരം ഒലീവ് ഓയില്‍ ശീലമാക്കിയാല്‍ അസ്ഥികളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. നട്‌സും വിത്തുകളുമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഇവ സന്ധികളിലെ നീര്‍ക്കെട്ടിന് ആശ്വാസം നല്‍കും. അതിനാല്‍ ബദാം, വാള്‍നട്‌സ്, പിസ്ത, ചിയ സീഡ്‌സ്, ഫ്‌ലക്‌സ് സീഡ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഗ്രീന്‍ ടീ ആണ് അടുത്തത്. എല്ലാ ദിവസവും ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ അസ്ഥികള്‍ക്ക് ബലം നല്‍കും. പാലും പാലുത്പന്നങ്ങളും ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ഡി, കാത്സ്യം തുടങ്ങിയവ ലഭിക്കാന്‍ പാലും തൈരുമൊക്കെ ധാരാളമായി കഴിക്കാം. ഇവയൊക്കെ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.