ചാന്‍സലര്‍ സ്ഥാനത്തേക്കു വിരമിച്ച ജഡ്ജിമാര്‍ വേണ്ടെന്നു നിയമസഭയില്‍ ഭരണപക്ഷം. വിരമിച്ച ജഡ്ജിമാര്‍ എല്ലാ കാര്യങ്ങളുടെയും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് നിയമ മന്ത്രി പി രാജീവ് പറഞ്ഞു. വിസിമാരെ നിയമിക്കാന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സ്പീക്കര്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ ഇരുപക്ഷവും തമ്മില്‍ ധാരണയായി. നിയമന സമിതിയിലേക്കു പ്രതിപക്ഷം നിര്‍ദേശിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പകരം സ്പീക്കര്‍ മതിയെന്നു മന്ത്രി രാജീവ് നിര്‍ദേശിക്കുകയായിരുന്നു.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റിക്കു വിട്ട ബില്ലില്‍ എല്ലാ സര്‍വകലാശാലകള്‍ക്കും ഒറ്റ ചാന്‍സലറായി റിട്ടയേഡ് ജഡ്ജിയെ നിയോഗിക്കണമെന്ന പ്രതിപക്ഷ നിര്‍ദേശം തള്ളി. ഇതോടെ സഭയില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഭരണപക്ഷം ബില്ല് പാസാക്കിയശേഷം നിയമസഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. ബില്‍ അടുത്ത ദിവസംതന്നെ രാജ്ഭവനിലേക്കു ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.