ചാൻസലർ ബില്ലിൽ സംസ്ഥാന നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ചർച്ച. വിരമിച്ച ജഡ്ജിമാര് ചാന്സലറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിരമിച്ച ജഡ്ജിമാർ എല്ലാ കാര്യങ്ങളുടെയും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ് മന്ത്രി പി രാജീവ് പ്രതിരോധിച്ചു.
ചാൻസലർ സ്ഥാനത്തേക്ക് വിരമിച്ച ജഡ്ജിമാർ തന്നെ വേണമെന്ന് പ്രതിപക്ഷം കടുംപിടിത്തം തുടർന്നു. ഇത് ഭരണപക്ഷം അംഗീകരിച്ചില്ല. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
വിസിമാരെ നിയമിക്കാനുള്ള സമിതിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പകരം നിയമസഭാ സ്പീക്കറാവാമെന്ന് ഇരുപക്ഷവും തമ്മിൽ ധാരണയായി. ചരിത്രം മാപ്പ് നൽകില്ലെന്ന് പ്രതിപക്ഷത്തോട് പി രാജീവ് പറഞ്ഞു. തുടർന്ന് നിയമസഭ ബില്ല് പാസാക്കി.
വിസിമാർ രാജി വെക്കേണ്ടതില്ലെന്ന കെസി വേണുഗോപാലിന്റെ പ്രസ്താവന ഉന്നയിച്ചാണ് പി രാജീവ് സംസാരിച്ചത്. മുസ്ലിം ലീഗാണ് ഗവർണ്ണറുടെ രാഷ്ട്രീയ നീക്കം ആദ്യം തിരിച്ചറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു.
സമിതിയിൽ ഭിന്ന നിലപാട് ഉണ്ടെങ്കിലും കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. അതിനാൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരുൾപ്പെട്ട മൂന്നംഗ സമിതിയെ വെക്കാമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പകരം സ്പീക്കർ എന്ന നിലപാട് സ്വാഗതാർഹമാണെന്ന് വിഡി സതീശൻ വ്യക്തമാക്കി.
പ്രതിപക്ഷം ബില്ലിനെ അനുകൂലിക്കണം എന്ന് നിയമ മന്ത്രി ആവശ്യപ്പെട്ടു. മാർക്സിസ്റ്റ് വൽക്കരണത്തെ പ്രതിപക്ഷം ഭയക്കുന്നുവെന്ന് വിഡി സതീശൻ വ്യക്തമാക്കി. ആര് ചാൻസലറാകണമെന്നതിൽ തുടർന്നും തർക്കമുണ്ടായി. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാം. പകരക്കാരുടെ കാര്യത്തിലാണ് ആശങ്കയെന്ന് പ്രതിപക്ഷം പറഞ്ഞു. പിന്നീട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ചരിത്രം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് മന്ത്രി രാജീവ് തിരിച്ചടിച്ചു. സങ്കുചിതമായ രാഷ്ട്രീയ താല്പര്യമാണ് പ്രതിപക്ഷത്തിനെന്ന് രാജീവ് കുറ്റപ്പെടുത്തി.