ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ കേരളത്തിനുള്ള ജിഎസ്ടി നഷ്ട പരിഹാര തുകയായ 718.49 കോടി രൂപ തരാമെന്ന് കേന്ദ്ര ധനമന്തി നിര്‍മ്മല സീതാരാമന്‍. ലോക്സഭയില്‍ ശശി തരൂര്‍ എംപിയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.
ബിജെപി നേതാക്കള്‍ പ്രതികളായ കൊടകര കള്ളപ്പണ കേസിന്റെ വിവരങ്ങള്‍ കേരള പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും തരുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ ഹൈബി ഈഡന്‍ എംപിയുടെ ചോദ്യത്തിനാണ് ധനമന്ത്രാലയം ഇങ്ങനെ മറുപടി നല്‍കിയത്. സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം തുടരുന്നുണ്ട്. കേരള പൊലീസിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.
ശബരിമലയിലെ തിരക്കു നിയന്ത്രിക്കാന്‍ ദര്‍ശനം ദിവസം 90,000 പേര്‍ക്കായി പരിമിതപ്പെടുത്തി. ദര്‍ശന സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു. പതിനെട്ടാം പടിയില്‍ പുതുതായി 100 ഐആര്‍ബി ഉദ്യോഗസ്ഥരെ നിയമിച്ചു. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 420 പൊലീസുകാരെ അധികമായി നിയോഗിച്ചു. തിരക്കു നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍ വിശദീകരിച്ചു.
ഫിന്‍ലാന്‍ഡ് സഹകരണത്തോടെ സംസ്ഥാനത്തു ടാലന്റ് കോറിഡോറും ഇന്നവേഷന്‍ കോറിഡോറും വികസിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫിന്‍ലന്‍ഡ് അംബാസഡര്‍ റിത്വ കൗക്കു റോണ്ടെ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ശൈശവകാല വിദ്യാഭ്യാസവും പരിചരണവും, ശാസ്ത്രം, ഗണിതം, ഐടി അധിഷ്ഠിത വിദ്യാഭ്യാസം, മൂല്യനിര്‍ണയം, അധ്യാപക വിദ്യാഭ്യാസം എന്നിവയാണ് ഫിന്‍ലാന്‍ഡുമായി സഹകരണം ഉറപ്പാക്കുന്ന മേഖലകള്‍.
ലീഗിനെ പുകഴ്ത്തിയ എംവി ഗോവിന്ദന്റെ പ്രസ്താവനയിലൂടെ യുഡിഎഫില്‍ ഐക്യമുണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഏതു സാഹചര്യത്തിലാണ് ഗോവിന്ദന്റെ പ്രസ്താവനയെന്ന് അറിയില്ല. മുന്നണി വിപുലീകരണത്തിന് എല്‍ഡിഎഫില്‍ തീരുമാനമില്ല. മുസ്ലിം ലീഗ് തീവ്ര നിലപാടുകാരോട് സന്ധി ചെയ്യുന്നുണ്ട്. എന്നാല്‍ പോപുലര്‍ ഫ്രണ്ടിനെയോ എസ്ഡിപിഐയെയോ പോലെ മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
വിഴിഞ്ഞം സംഘര്‍ഷത്തിന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്‌ക്കെതിരായി രജിസ്റ്റര്‍ ചെയ്ത പൊലീസ് കേസ് പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഹൈക്കോടതി ഉത്തരവു ലംഘിച്ചാണ് സമരം നടത്തിയത്. നിയമാനുസൃതമായാണ് കേസെടുത്തത്. തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്നും അനൂപ് ജേക്കബ് എംഎല്‍എയുടെ ചോദ്യത്തിനു മറുപടി നല്‍കി.
നടന്‍ ഇന്ദ്രന്‍സിനെ ബോഡി ഷെയ്മിംഗ് പരിഹാസവുമായി നിയമസഭയില്‍ സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍. അമിതാഭ് ബച്ചനേപ്പോലെ ഇരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെപ്പോലെയായി എന്നാണ് പരിഹസിച്ചത്. വിമര്‍ശനം ഉയര്‍ന്നതോടെ സഭാ രേഖകളില്‍നിന്നു നീക്കണമെന്നു മന്ത്രിതന്നെ ആവശ്യപ്പെട്ടു. സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദമായി.
സോളാര്‍ തട്ടിപ്പു കേസുകളിലെ പ്രതി സരിത എസ് നായരുടെ ശരീരത്തില്‍ ഭക്ഷണത്തിലൂടെ രാസവസ്തുക്കള്‍ എത്തിയിട്ടുണ്ടോയെന്നു കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനയുമായി ക്രൈം ബ്രാഞ്ച്. സാമ്പിളുകള്‍ ശേഖരിക്കാന്‍ സരിതയ്ക്കു നോട്ടീസ് നല്‍കുമെന്നും ക്രൈംബ്രാഞ്ച്. രാസവസ്തുക്കള്‍ തന്ന് മുന്‍ ഡ്രൈവര്‍ കൊല്ലാന്‍ ശ്രമിച്ചെന്നാണു സരിതയുടെ പരാതി.
കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് എംപി സ്‌പൈസസ് ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവച്ചു. ഏലം വിലയിടിവില്‍ പ്രതിഷേധിച്ചും കേന്ദ്ര സര്‍ക്കാര്‍ സ്‌പൈസസ് ബോര്‍ഡിനു പിന്തുണ നല്‍കാത്തതില്‍ പ്രതിഷേധിച്ചുമാണ് രാജി.
തളിപ്പറമ്പ് എഴാംമൈലില്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് ബൈക്കിലിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് നാലാം വര്‍ഷ വിദ്യാര്‍ത്ഥി മിഫ്സലു റഹ്‌മാന്‍ ആണ് മരിച്ചത്. മികച്ച ഫുട്ബോള്‍ കളിക്കാരനായ മിഫ്സാലു റഹ്‌മാന്‍ കോഴിക്കോട് രാവിലെ സര്‍വ്വകലാശാല ഫുട്ബോള്‍ ടീം സെലക്ഷനില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.
കോഴിക്കോട് കാരപ്പറമ്പ് ജംഗ്ഷനില്‍ പെരുമ്പാമ്പു കൂട്ടം. കനോലി കനാലിന്റെ തീരത്തെ പെരുമ്പാമ്പുകളെ കാണാന്‍ ജനം തിക്കിത്തിരക്കിയതോടെ പ്രദേശത്തു ഏറെ സമയം ഗതാഗതക്കുരുക്കായി. വിവരമറിഞ്ഞ് വനം വകുപ്പ് ആര്‍ആര്‍എഫ് സംഘം സ്ഥലത്തെത്തി. ഒരു പെരുമ്പാമ്പിനെ ഇവര്‍ പിടികൂടി. മറ്റുള്ളവ കനാലിലേക്ക് ഇറങ്ങിപ്പോയി.
കൈക്കൂലി വാങ്ങുന്നതിടെ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി പിടിയില്‍. പഞ്ചായത്ത് സെക്രട്ടറി ഹാരീസ് ഖാനെ വിജിലന്‍സ് പോലീസാണ് അറസ്റ്റു ചെയ്തത്. കരാറുകാരിക്കു പണം അനുവദിക്കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
ചിറ്റൂരില്‍ വീട്ടുടമ വീടുപൂട്ടി പ്രഭാത സവാരിക്കു പോയ സമയത്ത് കവര്‍ച്ച. മുന്‍ കൗണ്‍സിലര്‍ സുന്ദരേശന്റെ വീട്ടില്‍നിന്ന് 31.5 പവന്‍ സ്വര്‍ണമാണ് അപഹരിച്ചത്.
നിറുത്തലാക്കിയ മൗലാനാ ആസാദ് ഫെല്ലോഷിപ്പ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് ഡല്‍ഹിയില്‍ അറസ്റ്റിലായ എസ്എഫ്‌ഐ, എംഎസ്എഫ് പ്രവര്‍ത്തകരെ കാണാന്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി പോലീസ് സ്‌റ്റേഷനിലെത്തി. മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിയ എംപി പൊലീസ് നടപടിയെയും കേന്ദ്രസര്‍ക്കാര്‍ ഫെല്ലോഷിപ്പ് പിന്‍വലിച്ചതിനേയും വിമര്‍ശിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ തമിഴ്നാട് മന്ത്രിസഭയിലേക്ക്. ഡിഎംകെ യുവജനവിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധിക്കു യുവജന ക്ഷേമവും കായിക വകുപ്പും നല്‍കാനാണ് ധാരണ. നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ലോക്‌സഭയില്‍ ആരുടേയും മതവും ജാതിയും പരാമര്‍ശിച്ചു സംസാരിക്കരുതെന്ന് സ്പീക്കര്‍ ഓം ബിര്‍ല. താന്‍ താഴ്ന്ന ജാതിക്കാരനായതിനാലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ ഹിന്ദിയെ പരിഹസിച്ചതെന്നു കോണ്‍ഗ്രസ് അംഗം എ.ആര്‍. റെഡി ആരോപിച്ചതിനോടു പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍.
രണ്ടായിരം രൂപയുടെ നോട്ട് ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാല്‍ നിരോധിക്കണമെന്ന് ബിജെപി എംപി സുശീല്‍ മോദി. റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടിന്റെ അച്ചടി മൂന്നു വര്‍ഷം മുന്‍പ് നിര്‍ത്തിയതാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ പരമാവധി മൂല്യമുള്ള കറന്‍സി നൂറാണെന്നും സുശീല്‍.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരേ ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രിം കോടതി. ക്രൈസ്തവ സംഘടനകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേയാണ് ഹര്‍ജിയില്‍ മറ്റു മതങ്ങള്‍ക്കെതിരേ അങ്ങേയറ്റം മോശവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയത്. പരാതിക്കാരനായ അശ്വനി ഉപാധ്യായ വിദ്വേഷ പ്രസംഗകേസിലെ പ്രതിയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
വളരുന്ന സമ്പദ്വ്യവസ്ഥയില്‍ ചില എംപമാര്‍ക്ക് അസൂയയാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യയുടെ കറന്‍സി മൂല്യത്തകര്‍ച്ചയെക്കുറിച്ചു കോണ്‍ഗ്രസ് എംപി അനുമുല രേവന്ത് റെഡ്ഡിയുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കുകയാണെന്ന റിപ്പോര്‍ട്ടാണു ലോകം ചര്‍ച്ച ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ ആചാര്യ ദേവവ്രതാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പ്രിയങ്കാ ഗാന്ധിയുടെ മകള്‍. പ്രിയങ്കാ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും ഒപ്പമുണ്ടായിരുന്നു. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ ബാബായിയിലെ തേജജി മഹാരാജ് മാണ്ഡിയില്‍ ആയിരക്കണക്കിനു സ്ത്രീകളാണ് യാത്രയില്‍ അണിചേര്‍ന്നത്. സ്ത്രീശാക്തീകരണം മുദ്രാവാക്യമുയര്ത്തിയായിരുന്
സൗദി അറേബ്യയിലെ ജിദ്ദയില്‍ ശക്തമായ മഴമൂലം അണ്ടര്‍പാസുകള്‍ അടച്ചു. യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മക്ക ഗവര്‍ണറേറ്റ് ദുരന്ത നിവാരണ സമിതി അറിയിച്ചു.