മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നു ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. വീണയുടെ കമ്പനിയിലേക്കു വന്ന പണത്തിന്റെ സ്രോതസുകളെക്കുറിച്ച് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ വിദേശ യാത്രകളോടനുബന്ധിച്ചു മകളും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ ദുരൂഹതയുണ്ട്. വിമര്‍ശിക്കുന്നവരെ ജയിലിലടയ്ക്കുകയാണ്. തന്റെ ഭാര്യയേയും ജയിലിലടയ്ക്കാനാണു ശ്രമം. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ മാനനഷ്ടകേസു കൊടുക്കുമെന്നും ജോര്‍ജ് പറഞ്ഞു.
അവധിദിനമായ ഇന്നു ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞവുമായി സര്‍ക്കാര്‍ ജീവനക്കാര്‍. സെക്രട്ടേറിയറ്റിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലുമായി എഴുപത് ശതമാനത്തോളം ജീവനക്കാരും ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ പങ്കാളികളായി. സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളിലായി പ്രതിമാസം ഉണ്ടാകുന്നത് ശരാശരി 20,000 ഫയലുകളാണ്. കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതോടെയാണ് കഴിഞ്ഞ മാസം 15 ന് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം ആരംഭിച്ചത്. സെപ്റ്റംബര്‍ 30 നു മുമ്പു തീര്‍പ്പാക്കണമെന്നാണ് നിര്‍ദേശം.പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത സംഭവത്തിനു രാഷ്ട്രീയവുമായി ബന്ധമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. ജോര്‍ജ് ആരോപിച്ച കാര്യങ്ങളില്‍ തെളിവുണ്ടെങ്കില്‍ കൊടുക്കട്ടെ. വെറുതെ പറയുന്നതില്‍ കാര്യമില്ലെന്നും കാനം പറഞ്ഞു.
ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ പിണറായിയെ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടത്തില്‍ ജനശ്രദ്ധ തിരിച്ചു വിടാനാണ് എകെജി സെന്ററിലെ പടക്കമേറ്. ബുദ്ധിശൂന്യനായ കണ്‍വീനറുടെ കയ്യില്‍ പടക്കം കൊടുത്തുവിടുമ്പോള്‍, അതയാളുടെ കൈയ്യിലിരുന്നുതന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓര്‍ക്കേണ്ടതായിരുന്നുവെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സര്‍ക്കാര്‍ വികസനം നടത്തുമ്പോള്‍ വിവാദങ്ങള്‍ ഉണ്ടാക്കി സര്‍ക്കാരിനെ കുലുക്കാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്. രാഷ്രീയം ആകാം, പക്ഷെ വികസനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ സര്‍ക്കാര്‍ കുലുങ്ങില്ല. പറഞ്ഞത് നടപ്പാക്കുന്നവരാണ് കേരളം ഭരിക്കുന്നത്. ട്രോഫി നേടാനല്ല വികസനം നടപ്പാക്കുന്നതെന്നും മുഹമ്മദ് റിയാസ് കോഴിക്കോട്ട് പറഞ്ഞു.
എകെജി സെന്റര്‍ ആക്രമണകേസില്‍ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്‌കൂട്ടറുകാരന്‍ അക്രമിയല്ലെന്ന് പൊലീസ് . അക്രമം ഉണ്ടാകുന്നതിനുമുമ്പ് രണ്ടു പ്രാവശ്യം ഈ സ്‌കൂട്ടര്‍ എകെജി സെന്ററിനു മുന്നിലൂടെ പോയിരുന്നു. നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്നു തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്. നാളെയും മാറ്റന്നാളും കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അഞ്ചു ദിവസം ഇടിമിന്നലോടെ വ്യാപകമായ മഴയുണ്ടാകും.
ക്വാറി തട്ടിപ്പു കേസില്‍ പി.വി അന്‍വറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ഇഡിക്കു മുന്നില്‍ ഹാജരാകാന്‍ അന്‍വറിന് നോട്ടീസയച്ചു. പരാതിക്കാരന്റെയും ക്വാറി ഉടമയുടെയും മൊഴി നാളെയടുക്കും. ഇബ്രാഹിം, സലീം എന്നിവരുടെ മൊഴിയാണ് എടുക്കുക.
തളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലിം ലീഗ് ഓഫീസ് കത്തിച്ചു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ലീഗ്- സിപിഎം തര്‍ക്കം നിലനിന്നിരുന്നു. മുസ്ലിം ലീഗും സിപിഎം നേതൃത്വം നല്‍കുന്ന മഹല്ല് കമ്മിറ്റിയും തമ്മിലായിരുന്നു തര്‍ക്കം. ഇന്നലെ രാത്രി മഹല്ല് കമ്മിറ്റി സെക്രട്ടറി യാത്ര ചെയ്ത കാര്‍ മുഖം മൂടി സംഘം ആക്രമിച്ചിരുന്നു.
പാലക്കാട്ട് ആറ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍. കള്ളുഷാപ്പ് ലൈസന്‍സികളില്‍നിന്ന് വാങ്ങിയ കോഴപ്പണം പങ്കുവയ്ക്കുന്നതിനിടെ വിജിലന്‍സ് പിടികൂടിയ കേസിലാണ് നടപടി. മാനേജര്‍ രാജേന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ ജയചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ നടേശന്‍, ടൈപ്പിസ്റ്റുമാരായ വിനോദ്, രേവതി, ഡ്രൈവര്‍ കൃഷ്ണകുമാര്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്.
ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്കയുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. സംസ്ഥാനങ്ങളുടെ നിലപാട് കേള്‍ക്കാതെയാണ് സുപ്രീം കോടതി ഉത്തരവ്. പ്രശ്‌ന പരിഹാരത്തിന് കോടതി സംസ്ഥാനങ്ങള്‍ക്ക് അവസരം തുറന്നു തന്നിട്ടുണ്ട്. ഈ വഴിയിലൂടെ പോയി പ്രശ്‌നം പരിഹരിക്കും. മന്ത്രി പറഞ്ഞു.
കൊച്ചിയില്‍ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതി എംഡിഎംഎ ഉപയോഗിച്ചതായി പൊലീസ്. കോഴിക്കോട് സ്വദേശിയായ യുവതിയുടെ ശരീര സ്രവങ്ങളുടെ സാംപിള്‍ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് ലഹരി കേസ് ചുമത്തി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എഴുന്നളളപ്പിന് എത്തിച്ച ആന ഇടഞ്ഞു. ക്ഷേത്രത്തില്‍ രാത്രി ശീവേലി എഴുന്നള്ളിപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയ കൊമ്പന്‍ ബല്‍റാം ആണ് ഇടഞ്ഞത്. പാപ്പാന്‍ സുരേഷിനെ ആനപ്പുറത്തുനിന്ന് കുടഞ്ഞിട്ട് അക്രമിക്കാന്‍ ശ്രമിച്ചു. മറ്റു പാപ്പാന്മാര്‍ സുരേഷിനെ വലിച്ചു നീക്കിയതിനാല്‍ അപകടമുണ്ടായില്ല.
മോഷണക്കേസില്‍ അറസ്റ്റു ചെയ്ത യുവതിയെ മര്‍ദിച്ചതിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിയ്‌ക്കെതിരെ െേകസ്. ഇതര സംസ്ഥാനക്കാരിയായ യുവതി കോടതിയില്‍ പരാതിപ്പെട്ടതനുസരിച്ച് കോടതി ഉത്തരവനുസരിച്ചാണ് കേസെടുത്തത്. അതേസമയം മര്‍ദ്ദിച്ച പൊലീസുകാരിയെ തിരിച്ചറിയാന്‍ പരാതിക്കാരിക്കു കഴിഞ്ഞിട്ടില്ല.
ജിഎസ്ടി നികുതികള്‍ കൃത്യമായി അടച്ചതിനു നടന്‍ മോഹന്‍ലാലിന് കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് ലഭിച്ചു. സര്‍ട്ടിഫിക്കറ്റ് പങ്കുവച്ച് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ദിലീപിനോടും വിജയ് ബാബുവിനോടും താരസംഘടനയായ അമ്മ സ്വീകരിച്ചത് രണ്ട് നിലപാടാണെന്നു ഗണേഷ് കുമാര്‍. പ്രസിഡന്റ് നടന്‍ മോഹന്‍ലാലിന് എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അമ്മയുടെ നേതൃത്വം ചിലര്‍ ഹൈജാക് ചെയ്തു. സെക്രട്ടറി ഇടവേള ബാബുവിനെതിരേയും കത്തില്‍ പരാമര്‍ശമുണ്ട്.
പാലക്കാട് കഞ്ചിക്കോട് വീണ്ടും ഒറ്റയാന്റെ വിളയാട്ടം. ‘ചുരുളി കൊമ്പന്‍’ എന്നു നാട്ടുകാര്‍ വിളിക്കുന്ന ഒറ്റയാനാണ് ജനവാസ മേഖലയില്‍ ജനങ്ങളെ വിറപ്പിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഏറെ പാടുപെട്ടാണ് ഒറ്റയാനെ കാടുകയറ്റിയത്.
അവധി ദിനമായ ഒന്നാം തീയതി അമിത വിലയ്ക്കു വില്‍ക്കാന്‍ കൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവുമായി യുവാവിനെ തിരുര്‍ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ബൈക്കില്‍ മദ്യം കടത്തുകയായിരുന്ന പൊന്മുണ്ടം ചിലവില്‍ രാജന്‍ (31) അറസ്റ്റില്‍ ആയത്.
ശക്തമായ കാറ്റിലും മഴയിലും പെരിന്തല്‍മണ്ണ – വളാഞ്ചേരി സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് ആല്‍മരം ഒടിഞ്ഞുവീണ് അപകടം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കരിങ്ങനാട് സ്വദേശി അല്‍ത്വാഫും ഭാര്യയും കുട്ടിയുമാണ് കാറില്‍ ഉണ്ടായിരുന്നത്. എടയൂര്‍ റോഡിനും മൂര്‍ക്കനാട് റോഡിനുമിടയിലാണ് അപകടമുണ്ടായത്.
പ്രണയിച്ച യുവതിയെ വിവാഹം ചെയ്യാന്‍ സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റിലായി. ഒളിവിലായിരുന്ന കൊട്ടാരക്കര പുത്തൂര്‍ പാങ്ങോട് മനീഷ് ഭവനില്‍ അനീഷിനെയാണ് അറസ്റ്റു ചെയ്തത്. ഓടനാവട്ടം മുട്ടറയില്‍ പ്രാക്കുളം കോളനിയിലെ സന്ധ്യാഭവനില്‍ സന്ധ്യ (22) ഏപ്രില്‍ 27 ന് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്.
മലപ്പുറം ജില്ലയില്‍ അനധികൃതമായി നാടന്‍ തോക്കുകള്‍ കൈവശംവച്ച രണ്ടു പേരെ പൊലീസ് പിടികൂടി. മങ്കട കരിമല സ്വദേശി ചക്കിങ്ങല്‍ തൊടി ജസീം (32), അമ്മിനിക്കാട് പാണമ്പി സ്വദേശി പടിഞ്ഞാറേതില്‍ അപ്പു(50) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവര്‍ രാജ്യം വിടാതിരിക്കാനാണിത്. എന്നാല്‍ ഇതുവരേയും ക്വട്ടേഷന്‍ സംഘത്തിലെ ഒരാളെപ്പോലും പിടികൂടാന്‍ പൊലീസിനു കഴിഞ്ഞില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മുഗു സ്വദേശിയായ പ്രവാസി അബൂബക്കര്‍ സിദ്ദീഖ് കൊല്ലപ്പെട്ടത്.
പത്തനംതിട്ട മലയാലപ്പുഴയില്‍ വൈദ്യുതിവേലിക്കു സമീപം വീട്ടമ്മ മരിച്ചനിലയില്‍. വള്ളിയാനി ചരിവ് പുരയിടത്തില്‍ ശാന്തമ്മ (63) ആണ് മരിച്ചത്. വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റതാണെന്ന് ശാന്തമ്മയുടെ ഭര്‍ത്താവ് എബ്രഹാം തോമസ് പറഞ്ഞു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭര്‍ത്താവിനും വൈദ്യുതാഘാതം ഏറ്റു.
മൂവാറ്റുപുഴ മാറാടിയില്‍ അനധികൃത മണ്ണെടുപ്പ ചോദ്യംചെയ്ത പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി അന്‍സാര്‍ കീഴടങ്ങി. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.
ക്രൈം നന്ദകുമറിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചതിന് യു ട്യൂബ് ചാനല്‍ ഉടമയും അവതാരകനുമായ സൂരജ് പാലക്കാരനെതിരെ കേസെടുത്തു. യുവതിയെ മോശമായി ചിത്രീകരിച്ചതിനാണ് പാലാ കടനാട് സ്വദേശിയായ സൂരജ് വി സുകുമാറിനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്.
ഗുജറാത്ത് കലാപത്തില്‍ മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന സുപ്രീംകോടതി വിധി ചരിത്രപരമെന്ന് ബിജെപി നിര്‍വാഹക സമിതി യോഗത്തില്‍ അമിത് ഷാ. രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ചിതറി പോയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ എല്ലാവരും പരസ്പരം പോരടിക്കുകയാണ്. ഭയംകൊണ്ടാണ് ഗാന്ധി കുടുബം കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തത്. അമിത് ഷാ പറഞ്ഞു.
ബിജെപി മുന്‍ വക്താവിനെതിരായ സുപ്രീംകോടതി പരാമര്‍ശങ്ങളില്‍ വിയോജിപ്പുണ്ടായാലും പുറത്തു പറയുന്നത് ശരിയല്ലെന്ന് നിയമമന്ത്രി കിരണ്‍ റിജിജു. സുപ്രീം കോടതി പരാമര്‍ശിച്ചിട്ടും ഡല്‍ഹി പോലീസ് അറസ്റ്റിനു തയാറായിട്ടില്ല. ഇതേസമയം, നുപുര്‍ ശമ്മയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി.
മഹാരാഷ്ട്രയില്‍ ശിവസേനയില്‍ ശുദ്ധികലശം. പാര്‍ട്ടിയോടും നേതൃത്വത്തിനോടും കൂറുപുലര്‍ത്തുന്നുണ്ടെന്ന് സത്യവാങ്ങ്മൂലം നല്‍കണമെന്ന് ഭാരവാഹികളോട് ശിവസേനാ നേതാവ് ഉദ്ധവ് താക്കറേ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ അമരാവതിയില്‍ കെമിസ്റ്റ് ഉമേഷ് പ്രഹ്ലാദ് റാവു കോല്‍ഹെയെ കൊന്ന സംഭവത്തില്‍ എന്‍ഐഎ എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഐഎസ് മോഡല്‍ കൊലപാതകമാണെന്ന് എന്‍ഐഎ. യുഎപിഎ, കലാപ ശ്രമം, കൊലപാതകം, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. നൂപൂര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരിലാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞിരുന്നു. അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പതിനായിരം രൂപയാണു വാഗ്ദാനം ചെയ്തതെന്നും പോലീസ് പറഞ്ഞിരുന്നു.
യു.എ.ഇയുടെ ആദ്യ ഡിജിറ്റല്‍ ബാങ്കായ സാന്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ.യൂസഫലി. ദുബായ് ബുര്‍ജ് ഖലീഫ ഉള്‍പ്പെടുന്ന എമ്മാര്‍ ഗ്രൂപ്പിന്റെയും മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയായ നൂണ്‍ എന്നിവയുടെ ചെയര്‍മാന്‍ മുഹമ്മദ് അല്‍ ജബ്ബാറാണ് സാന്‍ഡ് ഡിജിറ്റല്‍ ബാങ്ക് ചെയര്‍മാന്‍. അബുദാബി രാജകുടുബാംഗങ്ങള്‍ക്കും നിക്ഷേപമുള്ള ബാങ്കില്‍ എം.എ.യൂസഫലിക്ക് പുറമേ ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയും നിക്ഷേപകരാണ്. ഗള്‍ഫ് രാജ്യങ്ങള്‍ സമ്പദ്രംഗത്ത് കൂടുതല്‍ വൈവിദ്ധ്യവത്കരണത്തിലേക്ക് കടക്കവേയാണ് ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് യൂസഫലിയും ബിര്‍ളയും സാന്നിദ്ധ്യമറിയിക്കുന്നത്.
പരാതികള്‍ക്കൊടുവില്‍ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ആമസോണ്‍. ഉപഭോക്തൃ ഗ്രൂപ്പുകളുടെ പരാതികളെത്തുടര്‍ന്നാണ് യുഎസ് ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ആമസോണ്‍ രംഗത്തെത്തിയിരിക്കുന്നത്. ആമസോണ്‍ ഉപയോക്താക്കള്‍ക്ക് അതിന്റെ ഫാസ്റ്റ് ഷിപ്പിംഗ് ക്ലബ് പ്രൈമിലേക്കുള്ള സബ്സ്‌ക്രിപ്ഷനുകള്‍ രണ്ട് ക്ലിക്കുകളിലൂടെ റദ്ദാക്കുന്നത് ഇനി മുതല്‍ എളുപ്പമായിരിക്കുമെന്ന് ഇതിന് മുന്നോടിയായി യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു. ആമസോണ്‍ പ്രൈമില്‍ നിന്ന് അണ്‍സബ്സ്‌ക്രൈബ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് സങ്കീര്‍ണ്ണമായ നാവിഗേഷന്‍ മെനുകള്‍, വളച്ചൊടിച്ച പദങ്ങള്‍, ആശയക്കുഴപ്പമുണ്ടാക്കുന്ന തിരഞ്ഞെടുപ്പുകള്‍ എന്നിങ്ങനെ നിരവധി തടസ്സങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നുവെന്നായി
ധനുഷിന്റെ ഓരോ സിനിമയും പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ശ്രദ്ധ നേടാറുണ്ട്. വേറിട്ട കഥകളുമായി എത്തുന്ന സംവിധായകരെ പരിഗണിക്കുന്ന ധനുഷ് അരുണ്‍ മതേശ്വരനുമായി കൈകോര്‍ക്കുകയാണ്. അരുണ്‍ മതേശ്വരന്റെ സംവിധാനത്തില്‍ ധനുഷ് നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു. ‘ക്യാപ്റ്റന്‍ മില്ലെര്‍’ എന്ന ചിത്രമാണ് ധനുഷ് നായകനായി പ്രഖ്യാപിച്ചിരിക്കുന്നത്. അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സത്യജ്യോതി ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
മാത്യു തോമസ്, നസ്‌ലെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുധി മാഡിസണ്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നെയ്മര്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന പാന്‍- ഇന്ത്യന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പോണ്ടിച്ചേരിയില്‍ പുരോഗമിക്കുന്നു. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് നിര്‍മ്മാണം. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ നെയ്മറിനു വേണ്ടി സംഗീതമൊരുക്കുന്നു.
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ മിഡ്‌സൈസ് എസ്യുവിയായ അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ അവതരിപ്പിച്ചു. മാരുതിയും ടൊയോട്ടയും ചേര്‍ന്നു വികസിപ്പിച്ച വാഹനത്തിന്റെ വില അടുത്ത മാസം പ്രഖ്യാപിക്കും. 25000 രൂപ നല്‍കി ബുക്ക് ചെയ്യാം. ഉത്സവ സീസണില്‍ വിതരണം തുടങ്ങും. വാഹനത്തിന് ഫുള്‍ ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് പതിപ്പുകളുണ്ട്. രണ്ടും 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ്.
പുതുതലമുറയ്ക്ക് തീര്‍ത്തും അപരിചിതമായ ഒരു കാലഘട്ടത്തില്‍ അടിമകളെപ്പോലെ ജീവിച്ചിരുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. പെരുവണ്ണാന്‍ കണ്ണന്‍ പരമ്പരാഗതമായി തെയ്യം കെട്ടുന്നതിനാലും അത്യദ്ധ്വാനത്തിലൂടെയും വണ്ണാത്തി മാണിക്യത്തോടൊപ്പം അല്ലലില്ലാതെ ജീവിക്കുന്നു. അതിനിടയില്‍ മേലാളന്മാരുടെ ക്രൂരതയാല്‍ ജീവിതം കീഴ്മേല്‍ മറിയുന്നു. അടിമക്കച്ചവടക്കാരുടെ പിടിയില്‍പെട്ട തന്റെ മക്കളെ വീണ്ടെടുക്കാന്‍ കഴിയാതെ നെട്ടോട്ടമോടുന്ന കണ്ണനെ അന്നത്തെ സാമൂഹികവ്യവസ്ഥിതിയില്‍ സഹായിക്കാന്‍ കഴിയാത്ത നിസ്സഹായരായ സുമനസ്സുകളുടെയും കഥ. ‘വയനാട്ടുകുലവന്‍’. ഇരിഞ്ചയം രവി. ഗ്രീന്‍ ബുക്‌സ്. വില 247 രൂപ.
ഡയറ്റ് ചെയ്യുമ്പോള്‍ ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ലീന്‍ ബോഡി മാസ് കുറയാതിരിക്കാന്‍ സഹായിക്കുമെന്നും മെച്ചപ്പെട്ട ഭക്ഷ്യ തിരഞ്ഞെടുപ്പുകളിലേക്ക് നയിക്കുമെന്നും പഠനം. ന്യൂജഴ്‌സിയിലെ റട്ഗര്‍സ് സര്‍വകലാശാലയാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്. വിവിധ ഭാരം കുറയ്ക്കല്‍ പരീക്ഷണങ്ങളില്‍ നിന്നുള്ള ഡേറ്റ പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ വിലയിരുത്തി. ഭക്ഷണത്തിലെ പ്രോട്ടീന്റെ തോത് 18 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്ക് നേരിയ തോതില്‍ വര്‍ധിപ്പിക്കുമ്പോള്‍ പോലും ഒരു വ്യക്തിയുടെ ഭക്ഷണത്തിന്റെ നിലവാരം കാര്യമായി ഉയരുന്നുണ്ടെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. പ്രോട്ടീന്‍ തോത് കൂട്ടുന്നവര്‍ പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യകരമായ ഭക്ഷണം വര്‍ധിപ്പിച്ചതായും റിഫൈന്‍ഡ് ഗ്രെയ്‌നുകളുടെയും പഞ്ചസാരയുടെയും ഉപയോഗം കുറച്ചതായും ഗവേഷകര്‍ പറയുന്നു. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പലരുടെയും ലീന്‍ ബോഡി മാസും പലപ്പോഴും കുറഞ്ഞ് പോകാറുണ്ട്. ശരീരത്തിലെ കൊഴുപ്പ് ഒഴികെയുള്ള എല്ലാ അവയവങ്ങളുടെയും ഭാരത്തിനെയാണ് ലീന്‍ ബോഡി മാസ് എന്ന് പറയുന്നത്. ഇതില്‍ എല്ലുകളുടെയും പേശികളുടെയും ചര്‍മത്തിന്റെയുമൊക്കെ ഭാരം ഉള്‍പ്പെടുന്നു. പ്രോട്ടീന്‍ തോത് ഉയര്‍ന്ന ഡയറ്റ് സ്വീകരിക്കുന്നവരില്‍ ലീന്‍ ബോഡി മാസ് കുറയുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. ഒബീസിറ്റി മെഡിക്കല്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.