സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം വേണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കുറച്ച കടമെടുപ്പു പരിധി വര്‍ധിപ്പിക്കണം. കേന്ദ്ര ബജറ്റിന്ുമുന്നോടിയായി ധനമന്ത്രാലയം സംസ്ഥാനങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കായാണ് ധനമന്ത്രി ഡല്‍ഹിയില്‍ എത്തിയത്.
അഞ്ചു വര്‍ഷത്തിലേറെ ശിക്ഷാ കാലാവധിയുള്ള കേസുകളുടെ അപ്പീല്‍ അടക്കമുള്ള ഹര്‍ജികള്‍ വേഗത്തില്‍ ലിസ്റ്റ് ചെയ്യണമെന്നു സുപ്രീം കോടതി. ഇതുസംബന്ധിച്ച് രജിസ്ട്രിയ്ക്ക് നിര്‍ദേശം നല്കി. ഇത്തരം ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കുമെന്നു ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അഭിഭാഷകന് രഞ്ജിത്ത് മാരാര്‍ ചൂണ്ടിക്കാണിച്ചതോടെയാണ് സുപ്രീം കോടതി ഇടപെട്ടത്.
സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാറിന് നല്കി നിര്‍വഹിച്ചു. കായികോത്സവത്തിന്റെ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡിസംബര്‍ മൂന്നു മുതല്‍ ആറു വരെ തിരുവനന്തപുരത്താണ് കായികോത്സവം.
വിവാഹിതയ്ക്കു വിവാഹ വാഗ്ദാനം നല്കി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ പീഡനമാകില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയാല് പുരുഷനെതിരെ ബലാത്സംഗ കേസെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൌസര്‍ എടപ്പഗമാണ് ഉത്തരവിട്ടത്.
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയില്‍ യുവമോര്‍ച്ച ഉപരോധം. കോര്പ്പറേഷന് ജീവനക്കാര്‍ക്ക് അകത്തു പ്രവേശിക്കാനായില്ല. ഇതോടെ ജീവനക്കാരും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ട് കോര്‍പറേഷനു പിറകിലെ ഗേറ്റ് ഉപരോധിച്ചവരെ അറസ്റ്റു ചെയ്താണ് ജീവനക്കാര്‍ക്ക് അകത്തു പ്രവേശിക്കാനായത്.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പുറത്തിറങ്ങി നിയമന ശുപാര്‍ശക്കത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. തന്റെ കത്ത് വ്യാജമാണെന്ന് മേയര്‍ കോടതിയെ അറിയിച്ചു. ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ മുന്‍ കൗണ്‍സിലര്‍ ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
മാധ്യമപ്രവര്ത്തകന് കെ.എം ബഷീറെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നരഹത്യാകുറ്റം നിലനില്‍ക്കുമോയെന്നു പരിശോധിക്കാമെന്ന് കോടതി അറിയിച്ചു.
താന്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്കു വേണ്ടിയാണെന്ന് ശശി തരൂര്‍. ചെണ്ടയ്ക്കു താഴെയാണ് എല്ലാ വാദ്യങ്ങളുമെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനു പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍. തിരുവനന്തപുരം നഗരസഭയിലെ സമരത്തിന്റെ പേരില്‍ ജയിലിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തരൂര്‍ സന്ദര്‍ശിച്ചു. ഇവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുമെന്ന് തരൂര്‍ പറഞ്ഞു.
ശശി തരൂരിനെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവരേയും പങ്കെടുപ്പിച്ച് പൊതുപരിപാടി സംഘടിപ്പിക്കുമെന്നു പ്രൊഫഷണല്‍ കോണ്‍ഗ്രസ്. ഡോ.എസ് എസ് ലാലും മാത്യു കുഴല്നാടന് എംഎല്‍എയുമാണ് പ്രധാന സംഘാടകര്‍. ‘ഡിക്കോഡ്’ എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷകനായിട്ടാണ് തരൂരിനു ക്ഷണം.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പിജി ഡോക്ടര്‍മാര്‍ സമരത്തില്‍. വനിത ഡോക്ടറെ മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് സമരം. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല. പൊലീസ് സ്റ്റേഷന് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്സ് സഹകരണ സംഘത്തില്‍ കോടികളുടെ വെട്ടിപ്പ്. ബിഎസ്എന്‍എല്ലില്‍നിന്ന് സ്വയം വിരമിക്കുമ്പോള്‍ കിട്ടിയ ലക്ഷങ്ങളാണ് സഹകരണ സംഘത്തില്‍ കാണാനില്ലാത്തത്. നിക്ഷേപകരുടെ പേരില്‍ അവരറിയാതെ ലക്ഷങ്ങള്‍ വായ്പ എടുത്തെന്നാണു പരാതി.
വിഴിഞ്ഞം സമരം ശക്തമായി തുടരുമെന്നു സമരസമിതി. ബുധനാഴ്ചയും ഇന്നലെയുമായി നടന്ന സമരസമിതി ചര്‍ച്ചയിലും അതിരൂപതയില്‍ നടന്ന വൈദികരുടെ ചര്ച്ചയിലുമാണു തീരുമാനം. കോടതി ഇടപെട്ടതിനാല്‍ മത്സ്യത്തൊഴിലാളികള്‍ സമരം നിര്‍ത്തുമെന്ന അഭ്യൂഹത്തിനിടയിലാണ് തങ്ങള്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരാന്‍ തീരുമാനിച്ചത്.
തലശേരിയില്‍ ലഹരി വില്പന ചോദ്യം ചെയ്തതിനു രണ്ടു സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പു നടത്തി. കൊല നടത്താനുപയോഗിച്ച ആയുധം കണ്ടെത്തി. പാറായി ബാബു ആണ് ആയുധം ചൂണ്ടിക്കാണിച്ചത്. കൊലപാതത്തിനു വിളിച്ച ഓട്ടോയും കണ്ടെത്തി.
ജയില്‍ മോചനം ആവശ്യപ്പെട്ട് പ്രവീണ്‍ വധക്കേസ് പ്രതി മുന്‍ ഡിവൈഎസ്പി ആര് ഷാജി സുപ്രിം കോടതിയില്‍ ഹര്‍ജി നല്കി. ജീവപര്യന്തം തടവുശിക്ഷയുടെ കാലാവധി കഴിഞ്ഞെന്നും 17 വര്‍ഷമായി ജയിലാണെന്നും വിട്ടയ്ക്കണമെന്നുമാണ് ഷാജി ഹര്‍ജിയില്‍ പറയുന്നത്. കഴിഞ്ഞ തവണ ജയില്‍ മോചനത്തിനുള്ള ശുപാര്‍ശ പട്ടികയില്‍ ഷാജി ഉള്‍പ്പെട്ടിരുന്നു.
ഷാജി പുറത്തിറങ്ങിയാല്‍ തനിക്കും ഷാജിയുടെ രണ്ടാം ഭാര്യയായ അമ്മയ്ക്കും സുരക്ഷാ പ്രശ്നമുണ്ടെന്ന് ചൂണ്ടികാട്ടി രണ്ടാം ഭാര്യയിലെ മകന് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് മോചനപട്ടികയില്നിന്നു ഷാജിയെ ഒഴിവാക്കിയത്.
മൂന്നാറില്‍ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരന് തൃശൂര്‍ സ്വദേശി ബിമല്‍ (32) കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകനായ മണികണ്ഠനെ പൊലീസ് അറസ്റ്റു ചെയ്തു. ആനയെ തളക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിനു കാരണം.
തൃശൂര്‍ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്കു മറിഞ്ഞു മുപ്പതോളം പേര്‍ക്കു പരിക്ക്. തൃശൂരില്‍ നിന്ന് തിരുവില്വാമലയിലേക്കു പോകുകയായിരുന്ന സുമംഗലി ബസാണ് മറിഞ്ഞത്.
ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണ പരിപാടിക്കിടെ ഡ്രോണ്‍ പറത്തി സുരക്ഷ വീഴ്ച. ബാവ്ലയില്‍ തെരഞ്ഞെടുപ്പു റാലിക്കിടെയാണു സ്വകാര്യ ഡ്രോണ്‍ പറന്നത്തിയത്. ഡ്രോണും അത് പറത്തിയ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
േൈബനാകുലറിനുള്ളില് മദ്യം ഒളിപ്പ് ലോകകപ്പ് സ്റ്റേഡിയത്തിലേക്കു കടക്കാന്‍ ശ്രമിച്ച ഫുട്ബോള്‍ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. മെക്സിക്കോ-പോളണ്ട് മത്സരം കാണാനായി സ്റ്റേഡിയത്തില്‍ പ്രവേശിക്കാനെത്തിയ മെക്സിക്കന്‍ ആരാധനാണ് കുടുങ്ങിയത്.