ഉന്നതവിദ്യാഭ്യാസത്തിനൊപ്പം വ്യവസായ നിക്ഷേപങ്ങൾക്കും അവസരം തുറന്ന് സംസ്ഥാനത്ത് നോളജ് വാലി വരുന്നു. വിദേശ സർവകലാശാലകളുടെ ക്യാമ്പസ്, പുതിയ കമ്പനികൾ, പുത്തൻ കോഴ്സുകൾ അടക്കം അടിമുടി മാറ്റം നിർദ്ദേശിക്കുന്ന പുതിയ ബിൽ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.
കോൺഗ്രസിലെ ഉൾപാർട്ടി പോരുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ചർച്ചകൾ സജീവമാകുന്നതിനിടെ മുഖ്യമന്ത്രിയും ഡൽഹിയിലേക്ക്. മുഖ്യമന്ത്രി ഇന്ന് രാത്രി ഡൽഹിയിൽ എത്തും. എഐ സി സി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് രാഹുൽ ഗാന്ധിയെ കാണും. സർക്കാർ, പാർട്ടി തലങ്ങളിലെ പ്രതിസന്ധി രാഹുൽ ഗാന്ധിയെ ധരിപ്പിക്കും. സംസ്ഥാന കോൺഗ്രസിലെ സാഹചര്യം അതീവ ഗുരുതരമെന്ന് സണ്ണി ജോസഫ് ഇന്നലെ നേരിട്ട് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശന് പിന്തുണയുമായി സണ്ണി ജോസഫ്. മുഖ്യമന്ത്രി ആക്രമണത്തിന് ആഹ്വാനം ചെയ്തിട്ടില്ല. സിപിഐഎം ഭരണത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റു. ആ ചോരക്ക് രാഷ്ട്രീയമായി പകരം ചോദിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശന്റെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നല്കി ഹൈക്കോടതി അഭിഭാഷകൻ പി എം ഷമീർ. രാഷ്ട്രീയ പ്രതികാരത്തിനും അക്രമത്തിനും പ്രേരണ നൽകുന്ന പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
എയിംസിൽ സംസ്ഥാന സർക്കാരും കോഴിക്കോടിനെ അവഗണിച്ചുവെന്ന് പി എ മുഹമ്മദ് റിയാസ്. LDF സർക്കാർ ആദ്യഘട്ട സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി. എന്നാൽ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ അവഗണന തുടരുന്നു. സംസ്ഥാന സർക്കാരിന് കൃത്യമായി നിലപാടില്ല. എയിംസ് നഷ്ടമായാൽ ഒന്നാം പ്രതി കേന്ദ്രവും രണ്ടാം പ്രതി സംസ്ഥാന സർക്കാരുമാണെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.
സ്ത്രീശാക്തീകരണത്തിന് പുതിയ പദ്ധതിയുമായി വനിതാശിശുവികസനവകുപ്പ് .സ്വയം തിരിച്ചറിയാനും മാനസികവും വൈകാരികവുമായ കരുത്ത് പകരാനുമാണ് ഉള്ളം എന്ന പദ്ധതി ആരംഭിക്കുന്നത്. കോഴിക്കോട് ജില്ലയിലാണ് ’ഉള്ളം’ പദ്ധതി തുടങ്ങുന്നത്.
ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റതായി ദേവസ്വം വിജിലൻസ് കണ്ടെത്തൽ. സോഫ്റ്റ്വെയറിലെ സുരക്ഷാ പിഴവ് മുതലെടുത്ത് ഒറ്റ മൊബൈൽ നമ്പറിൽ നിന്ന് നിരവധി ബുക്കിങ്ങുകൾ നടത്തി. ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്ലോട്ടുകൾ തീർന്നതോടെയാണ് തീർത്ഥാടകർ പണം നൽകി ട്രാവൽ ഏജൻസികളെ സമീപിച്ചത്.
സന്നിധാനത്തും പരിസരങ്ങളിൽനിന്നും പ്രതിദിനം നീക്കം ചെയ്യുന്നത് 60 ലോഡ് മാലിന്യം. മാളികപ്പുറത്താണ് കൂടുതൽ പ്ലാസ്റ്റിക് കവറുകൾ കൂട്ടിയിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി സാനിറ്റേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആയിരം പേരടങ്ങുന്ന വിശുദ്ധിസേനയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്നത്. r
വിശാല കൊച്ചി വികസന അതോറിറ്റിയുടെ ചെയർമാൻ സ്ഥാനത്തേക്ക് മുൻ മന്ത്രി കെ. ബാബുവിനെ നിയമിച്ചേക്കും. കോൺഗ്രസ് നേതൃത്വം ഇക്കാര്യം തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. മറ്റ് ബോർഡ്-കോർപ്പറേഷൻ ചർച്ചകളുമായി ബന്ധപ്പെട്ടു വരുന്ന നിർദേശങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ജി.സി.ഡി.എ. ചെയർമാന്റെ പ്രഖ്യാപനം ഉണ്ടാവും.
മിഷൻ ചക്കക്കൊമ്പൻ ദൗത്യത്തിൽ ഉദ്യോഗസ്ഥർ മികച്ച രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക സമ്മർദം നേരിൽ കണ്ട് മനസ്സിലാക്കിയിരുന്നു. മൂന്നാം ദിവസവും ഫലം കണ്ടില്ലെങ്കിൽ ദൗത്യം താത്ക്കാലികമായി നിർത്തിവെയ്ക്കണമെന്നത് രണ്ടാം ദിനം രാത്രി തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
മിഷൻ ചക്കക്കൊമ്പൻ ദൗത്യം താത്ക്കാലികമായി ഉപേക്ഷിച്ചെങ്കിലും ആന വനംവകുപ്പിന്റെ നിരീക്ഷണത്തിൽ തുടരുന്നു. ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്. തീറ്റ തിന്ന് ആരോഗ്യവാനായി നിൽക്കുന്ന ചക്കക്കൊമ്പന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ടിഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം. മധുസൂദനന്റെ പ്രസംഗം പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗത്തിൽ വ്യക്തമാക്കി.
കോഴിക്കോട് എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മരുന്നിന് വേണ്ടി നടത്തുന്ന ക്യാമ്പയിനോട് പ്രതികരിച്ച് മന്ത്രി കെ മുരളധരൻ. മരുന്ന് സർക്കാരിൻറെ കയ്യിൽ ലഭ്യമാണ്. പിന്നെ എന്തിനാണ് ക്യാമ്പയിൻ. 12 വയസ്സ് വരെയുള്ളവർക്ക് മരുന്ന് സൗജന്യമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പേരിലുള്ള ലോൺ വാഗ്ദാനം ചെയ്ത് വർക്കലയിൽ അമ്മയെയും മകളെയും കബളിപ്പിച്ചു ഒരു കോടി രൂപയോളം തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്കെതിരെ അയിരൂർ പൊലീസ് കേസെടുത്തു.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള ചുവരെഴുത്തിൽ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്. രാജേന്ദ്ര മൈതാനത്തെ ശുചിമുറിയുടെ ചുമരിലാണ് അധിക്ഷേപ പരാമർശം. കലാപാഹ്വാനത്തിനാണ് പൊലീസ് കേസെടുത്തത്.
എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ രണ്ട് മത്സ്യബന്ധന ബോട്ടുകളിലുണ്ടായിരുന്ന 23 മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റും ലൈഫ് ഗാർഡുകളും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. കൊല്ലം ശക്തികുളങ്ങര സ്വദേശി ജോർജ് സെറിലിന്റെ ഉടമസ്ഥതയിലുള്ള ബോട്ടും, വിൽസൺ വിൻസെന്റിന്റെ ‘ബെഥേൽ’ എന്ന ബോട്ടുമാണ് തകരാറിലായത്
പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറി കവർച്ചാക്കേസിലെ പ്രതികൾക്കായി തമിഴ്നാട്ടിൽ വ്യാപക പരിശോധന. പ്രതികൾ പഴനിയിലേക്ക് കടന്നുവെന്ന സൂചനയ്ക്ക് പിന്നാലെയാണ് തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയത്.
ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്. കൊല്ലപ്പെട്ട ഗംഗ തന്നെ ഒഴിവാക്കുകയാണോ എന്ന് ഗോകുൽ കൃഷ്ണ സംശയിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായ വഴക്കിനൊടുവിലായിരുന്നു കൊലപാതകം.
പ്രസവത്തിന് പിന്നാലെ 14 വയസ്സുകാരി ഭർത്താവിന്റെ മർദനമേറ്റ് മരിച്ചു. ഇറാനിലെ കെർമാൻ പ്രവിശ്യയിലെ സൊഗാന്ദ് മൊഷ്തരേകിയാണ് ഭർത്താവിന്റെ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 20-കാരനായ ഭർത്താവ് കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട് .
തിരുപ്പരൻകുണ്ഡ്രത്ത് ദീപംതെളിയിക്കണമെന്ന സുപ്രീംകോടതി നിർദേശത്തെ ജയ് വിളികളോടെ സ്വാഗതംചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വെട്രിവേൽ മുരുകന് ഹരോഹര.. എന്ന് മോദി എക്സിൽ കുറിപ്പ് പങ്കുവെച്ചു.
വിദേശത്തുള്ള എംപിമാരോട് അടിയന്തരമായി മടങ്ങിവരാൻ നിർദേശം നൽകി ഇന്ത്യാ സഖ്യ നേതൃത്വം. മണ്ഡല പുനർനിർണയ, വനിതാ ബില്ലുകൾ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ നാളെ രാവിലെ 10 മണിയോടെ മുഴുവൻ എംപിമാരും ദില്ലിയിലെത്തണമെന്നാണ് നിർദേശം. നിലവിൽ കെ. സുധാകരൻ ചികിത്സാർത്ഥo യുഎഇയിലാണ്.
മണ്ഡല പുനർനിർണയ ബില്ലിൽ നിർണായക തീരുമാനവുമായി ഡിഎംകെ. ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചു. 25 വർഷത്തേക്ക് മണ്ഡല പുനർനിർണയം വേണ്ടെന്ന് 2025 മാർച്ചിൽ ആവശ്യപ്പെട്ട പാർട്ടിയാണ് ഡിഎംകെ. തമിഴ്നാടിൻ്റെ താൽപ്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ലോക്സഭാ മണ്ഡല പുനർനിർണയ ബില്ലിനെ അനുകൂലിക്കാനുള്ള എൻസിപി (ശരദ് പവാർ പക്ഷം) ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വർക്കിങ് പ്രസിഡന്റ് പി.സി. ചാക്കോ. മണ്ഡല പുനർനിർണയ ബില്ലിനെ എൻസിപി പിന്തുണയ്ക്കരുതെന്ന് ആവശ്യപ്പെട്ട ചാക്കോ, വിഷയത്തിൽ പാർട്ടി സർക്കാർ പക്ഷത്തുനിൽക്കരുതെന്നും കൂട്ടിച്ചേർത്തു.
യുഎസ് വ്യോമസേനയുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോം ഹാക്ക് ചെയ്യപ്പെട്ടു. സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ജോലികൾക്കിടെ കഴിഞ്ഞ മാസമാണ് നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. വ്യോമസേനയുടെ ഐടി ആവശ്യങ്ങൾക്കായുള്ള ഒരു ഏകജാലക സംവിധാനമായി 2017-ലാണ് ക്ലൗഡ് വൺ ആരംഭിച്ചത്.
സൗദി അറേബ്യയുടെ ദക്ഷിണ മേഖല ലക്ഷ്യമാക്കി ഹൂതി ഭീകരർ തൊടുത്തുവിട്ട ഡ്രോൺ വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി യെമനിലെ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.
ഇറ്റലിയിലെ വിദ്യാലയങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കുകയും ഒന്നാം വർഷ ക്ലാസുകളിൽ വിദേശ വംശജരായ വിദ്യാർഥികളുടെ എണ്ണം 30 ശതമാനമായി പരിമിതപ്പെടുത്തുകയും ചെയ്യുന്ന വിവാദപരമായ വിദ്യാഭ്യാസ പരിഷ്കരണത്തിന് അംഗീകാരം ലഭിച്ചു. ‘ഡെക്രെറ്റോ സ്കൂള’ എന്നാണ്.ഈ നിയമനിർമ്മാണത്തിന് പേരിട്ടിരിക്കുന്നത്.
ഇസ്രയേലിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി, യാഷർ പാർട്ടി അധ്യക്ഷൻ ഗാഡി ഐസൻകോട്ടുമായി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി പദം പങ്കിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതിയ ധാരണ പ്രാബല്യത്തിൽ വരികയാണെങ്കിൽ സർക്കാർ അധികാരത്തിൽ എത്തുന്നതിന്റെ ആദ്യ പകുതിയിൽ ഐസൻകോട്ടും രണ്ടാം പകുതിയിൽ നെതന്യാഹുവും പദവി വഹിക്കും
ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിന്റെ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലൻഡിനെ 356 റൺസിന് പുറത്താക്കി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയിൽ. ന്യൂസിലന്‍ഡ് സ്കോറിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയിൽ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്.
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് രാവിലെ സ്വർണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,720 രൂപയാണ് ശനിയാഴ്ച രാവിലത്തെ വില. പവന് 93,760 രൂപയും. വെള്ളി വിലയിൽ മാറ്റമില്ല. 170 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില. 10 ഗ്രാമിന് 1700 രൂപയും.
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ പുതിയ മോഡലുകളുമായി വാഹന നിർമാതാക്കൾ. ടാറ്റ, മഹീന്ദ്ര, റെനോ, ഹോണ്ട, വിൻഫാസ്റ്റ് തുടങ്ങിയ കമ്പനികൾ വരും വർഷങ്ങളിൽ പുതിയ ഇലക്ട്രിക് എസ്യുവികൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ബ്രിഡ്ജർ എന്ന പേരിൽ പുതിയ കോംപാക്ട് എസ്യുവി അവതരിപ്പിക്കാനാണ് റെനോയുടെ പദ്ധതി. ഗരുഡ എന്ന രഹസ്യനാമത്തിൽ പുതിയ തലമുറ നെക്സോൺ ഇവിയുടെ നിർമാണത്തിലാണ് ടാറ്റ മോട്ടോഴ്സ്. മഹീന്ദ്രയുടെ ഥാർ ഇലക്ട്രിക് ഏറെക്കാലമായി വാഹനലോകത്ത് ചർച്ചയാണ്. ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ ഇലക്ട്രിക് എസ്യുവിയായ ആൽഫ അവതരിപ്പിക്കാൻ ഹോണ്ട ഒരുങ്ങുകയാണ്. 2025ലെ ആൽഫ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള മോഡൽ 2026 ഡിസംബർ 2ന് ആഗോളതലത്തിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ
ഇൻസ്റ്റഗ്രാം വീഡിയോകൾ ഇനി ഇന്ത്യക്കാർക്ക് ടെലിവിഷൻ സ്ക്രീനിലും അനായാസം കാണാൻ സാധിക്കും. ഇൻസ്റ്റാഗ്രാം ഫോർ ടിവി ഉടൻ ഇന്ത്യയിൽ ലഭ്യമാകുമെന്ന് മെറ്റ. പേര് സൂചിപ്പിക്കുന്നത് പോലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ ഉള്ളടക്കം ടെലിവിഷനിലേക്ക് എത്തിക്കുന്നതാണ് ഇൻസ്റ്റാഗ്രാം ഫോർ ടിവി. റീൽസിനും സ്റ്റോറികൾക്കുമാണ് ഇതിൽ മുൻഗണന. ഇവ ഫോണിൽ ഒരാൾ കാണുന്നതിന് പകരം കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് ആസ്വദിക്കാവുന്ന തരത്തിലേക്ക് മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് മെറ്റ പറയുന്നു. ഉപയോക്താക്കൾക്ക് ഇനി ടെലിവിഷനിൽ ഇൻസ്റ്റഗ്രാം വീഡിയോകൾ കാണാനും, റീൽസ് ബ്രൗസ് ചെയ്യാനും, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വലിയ സ്ക്രീനിൽ ഉള്ളടക്കങ്ങൾ ആസ്വദിക്കാനും സാധിക്കും.
പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറും ആസ്പദമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രത്തിന് അയോധ്യയിലെ ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ നടന്ന പൂജാച്ചടങ്ങോടെ തുടക്കമായി. ആക്ഷൻ കിങ് അർജുൻ സർജ സംവിധാനം ചെയ്യുന്ന ചിത്രം പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹനാണ് നിർമിക്കുന്നത്. വിരമിച്ച കരസേനാ ഉദ്യോഗസ്ഥനായ മേജർ വിജയ് ഭാർഗവാണ് തിരക്കഥ ഒരുക്കുന്നത്. രാജ്യത്തിന്റെ വീര്യത്തിനും ധൈര്യത്തിനും അതിജീവനശേഷിക്കുമുള്ള ആആദരമായാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.
പേശികളുടെ വളർച്ചയ്ക്ക് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് പ്രോട്ടീൻ. എൻസൈമുകളും ഹോർമോണുകളും ഉൽപ്പാദിപ്പിക്കുന്നതിനും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീൻ സഹായിക്കുന്നു. മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഒരു വലിയ മുട്ടയിൽ ഏകദേശം 6 ഗ്രാം ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.ശരീരത്തിന് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇതൊരു ‘കംപ്ലീറ്റ് പ്രോട്ടീൻ’ ഉറവിടമായി കണക്കാക്കപ്പെടുന്നു. കൂടാതെ, വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ, സെലിനിയം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ ധാരാളമായുണ്ട്. ഇവ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്.
ഇന്നത്തെ വിനിമയ നിരക്ക് –
ഡോളര്‍ – 92.98, പൗണ്ട് – 121.85, യൂറോ – 101.77, സ്വിസ് ഫ്രാങ്ക് – 111.28, ഓസ്ട്രേലിയന്‍ ഡോളര്‍ – 61.83, ബഹ്റൈന്‍ ദിനാര്‍ – 247.28, കുവൈത്ത് ദിനാര്‍ – 297.70, ഒമാനി റിയാല്‍ – 241.81, സൗദി റിയാല്‍ – 24.79, യു.എ.ഇ ദിര്‍ഹം – 25.32, ഖത്തര്‍ റിയാല്‍ – 25.54.
