ലിയോണൽ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുണ്ടായ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദു റഹ്മാനെ പ്രതിചേർത്തു. മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി എന്നിവരും പ്രതികളാണ്. തിങ്കളാഴ്ച കളമശ്ശേരി കോടതിയിൽ റിപ്പോർട്ട് നൽകും. ആർ ബി സി ക്കായി മുൻമന്ത്രി വഴിവിട്ട് ഇടപെട്ടുവെന്നും നേരായ ഉദ്ദേശത്തോടെയാണോ എന്ന് സംശയിക്കണമെന്നുമാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്.
മെസി തട്ടിപ്പ്, കേരളത്തെ കബളിപ്പിച്ച സംഭവമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വി. അബ്ദുറഹ്മാനെ പ്രതിചേർത്ത നടപടിയിൽ ഗവർണറുടെ അനുമതി കിട്ടിയിരുന്നു. ദുരൂഹമായ ഇടപാടുകളാണ് നടന്നത്. നിക്ഷ്പക്ഷമായി അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
മെസ്സി വിഷയത്തിൽ വലിയ വഞ്ചനയാണ് നടത്തിയതെന്ന് കെ മുരളീധരൻ. എസ് ഐ ടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഗവർണറും അനുമതി നൽകിയിരുന്നു. വരാത്ത മെസ്സി വരുമെന്ന് പ്രചരണം നടത്തിയെന്നും സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ കോടികൾ അടിച്ചുമാറ്റിയെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു.
കേരളത്തിൽ പഠിച്ച് ഇറങ്ങുമ്പോൾ തന്നെ ജോലി കിട്ടുന്ന സാഹചര്യം വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ കോഴ്സുകൾ തുടങ്ങാൻ ഉന്നത വിദ്യാഭ്യാസം റിസർച്ച് ഓറിയെന്റേഡ് ആയിരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സർക്കാരും AI ഉപയോഗത്തിലേക്ക് കടക്കാൻ പോകുകയാണെന്നും ഫയലുകൾ തീർപ്പാക്കാൻ AI സഹായം ഉപയോഗിക്കാൻ പോകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കെ മുരളീധരൻ. മന്ത്രി സഭാ യോഗത്തിലെ തർക്കത്തിൽ ആര് എന്ത് കളിച്ചിട്ടും കാര്യമില്ല. 5 വർഷം വി ഡി സതീശൻ പൂർത്തിയാക്കും. ജനാധിപത്യ രീതിയിൽ ചില വിമർശനങ്ങൾ ഉണ്ടാകും. മുഖ്യമന്ത്രി ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സർക്കാർ എങ്ങനെ പ്രവർത്തിച്ചുകൂടാ എന്നതിന് ഉദാഹരണമാണ് യുഡിഎഫ് സർക്കാരെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഉദ്യോഗസ്ഥരെ ശത്രുപക്ഷത്ത് എന്ന നിലയിലാണ് സർക്കാർ കാണുന്നത്. അങ്ങനെയൊരു സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
ശബരിമലയിലെ മാസ് ബുക്കിങ്ങിൽ അന്വേഷണം. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ വൻകിട ട്രാവൽ ഏജൻസികൾ ദർശനസമയം കൂട്ടത്തോടെ ബുക്ക് ചെയ്തു മറിച്ചുവിറ്റ് കൊള്ളലാഭമുണ്ടാക്കുന്നതാണു ശബരിമലയിലെ തീർഥാടക പ്രവാഹത്തിൽ കുറവുവരാൻ കാരണമെന്നു പൊലീസിന്റെയും റവന്യു വകുപ്പിന്റെയും പ്രാഥമിക വിലയിരുത്തൽ.
ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കി ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. പാലാ ഡിപ്പോയിലെ കണ്ടക്ടറായ കെ.എം. അരുൺ വികസിപ്പിച്ച ‘ട്രംപറ്റ്’ എന്ന ആപ്പ് വഴിയുള്ള ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനം മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിച്ചേക്കും.
ബാനറിൽ കെ സി വേണുഗോപാൽ എംപിയുടെ ഫോട്ടോയ്ക്ക് വലുപ്പം കൂടിയതിൽ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. ഉദ്ഘാടകനായ തന്റെ ഫോട്ടോ ചെറുതായി വെച്ചുവെന്നും പങ്കെടുക്കാത്തവരുടെ വലിയ ഫോട്ടോ എന്തിനെന്നുമാണ് വിമർശനം.
ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രതിയായ സെഷൻസ് കോടതി ജഡ്ജി മോട്ടോർ വാഹനവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. തന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയതെന്നും, ആർ സി റദ്ദാക്കരുതെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
ബിജെപി വിട്ട പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തം. മടക്കം ആഗ്രഹിച്ച് നേതൃത്വത്തിന് ഉടൻ കത്ത് നൽകില്ല. എതിർപ്പുകൾ ശക്തമായതോടെയാണ് കാത്തിരിക്കാന്‍ നീക്കം. കത്ത് കിട്ടുന്ന മുറക്ക് ചർച്ച ചെയ്യാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.
പത്മജയുടെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച വിഷയത്തിൽ എതിർപ്പ് പരസ്യമാക്കി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. പ്രവർത്തകരുടെ വികാരം നേതൃത്വം പരിഗണിക്കണം. പത്മജ ഇപ്പോഴും സംഘപരിവാർ സ്തുതി നടത്തുന്നുവെന്നും അവർ ബിജെപിയിലേക്ക് പോയത് പലതും പ്രതീക്ഷിച്ചാണെന്നും ദീപ്തി മേരി വർഗീസ് ചൂണ്ടിക്കാട്ടി.
കോൺഗ്രസ് പ്രവർത്തകരോട് ക്ഷമാപണം നടത്തി പത്മജ വേണുഗോപാൽ. ബിജെപിയിലേക്ക് പോയത് തെറ്റാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്. പദവി മോഹിച്ചല്ല കോൺഗ്രസിലേക്കുള്ള മടക്കം ആഗ്രഹിച്ചതെന്നും എഫ് ബി പോസ്റ്റിൽ വ്യക്തമാക്കുന്നു.
മയിൽപ്പീലി യങ് സ്കോളർ പരീക്ഷാ വിവാദത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ദേശവിരുദ്ധ സംഘടനകളെ സന്തോഷിപ്പിക്കാനാണ് പരീക്ഷയ്ക്ക് അനുമതി നിഷേധിച്ചത്. മയിൽപ്പീലി എന്ന പദത്തോടാണോ ഇവർക്ക് ഹറാം എന്നും അദ്ദേഹം ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി. രണ്ടു കേസുകളിലാണ് ഇപ്പോൾ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും അന്തിമ കുറ്റപത്രം നൽകുക.കേസിൽ അന്വേഷണം പൂര്‍ത്തിയായെന്ന് എസ്.ഐ.ടി വ്യക്തമാക്കി.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയെയും ചെയർപേഴ്സൺ രവീന്ദ്രന്റെ നേതൃത്വത്തെയും പ്രവർത്തനങ്ങളെയും പ്രശംസിച്ച് സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പി. സി.പി. സി. വിഷ്ണുനാഥ്. 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയൊരുക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സർക്കാർ സഹായം ഏത് ഘട്ടത്തിലും നൽകാൻ സർക്കാർ സന്നദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
ഗോവ മുൻഗവർണർ പി.എസ്. ശ്രീധരൻപിള്ള വീണ്ടും അഭിഭാഷകവേഷത്തിൽ കോടതിയിൽ. എസ്.ഡി.പി.ഐ നേതാവായിരുന്ന കെ.എസ്. ഷാൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്കു വേണ്ടി വാദിക്കാൻ ആലപ്പുഴ സെഷൻസ് കോടതിയിലാണ് അദ്ദേഹം ഹാജരായത്.
നിലയ്ക്കലിൽ അയ്യപ്പഭക്തരെ എത്തിച്ച ഡ്രൈവറെ മർദിച്ച എഎസ്ഐ ജിജോയെ സസ്പെൻഡ് ചെയ്യാൻ നിർദേശം. പാർക്കിംഗ് ഏരിയയിലേക്ക് കയറാനുള്ള ആശയ കുഴപ്പത്തിനിടെ എറണാകുളം സ്വദേശിയായ ഡ്രൈവറെ കയ്യേറ്റം ചെയ്തെന്നാണ് ആരോപണം. വടക്കൻ പറവൂർ സ്വദേശിയായ പ്രശാന്തിനാണ് പൊലീസിന്റെ മർദനമേറ്റത്.
ഇൻസ്റ്റാഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീമിലെ വിഷബാധ മൂലം ഗുരുതര വൃക്കരോഗം ബാധിച്ച് 17കാരി. പരിശോധനയിൽ ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി. പരാതിപ്പെട്ടിട്ടും കമ്പനി ഗൗനിക്കാതെ വന്നതോടെ നിയമനടപടിക്ക് ഒരുങ്ങുകയാണ് 17കാരി.
കഞ്ചാവ് വില്‍പ്പന പൊലീസില്‍ അറിയിച്ചതിലുള്ള വൈരാഗ്യത്തില്‍ കല്ലൂര്‍ പുല്ലുത്തിയില് ലഹരി സംഘം യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട് ആക്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് തൃക്കൂര് മണ്ഡലം പ്രസിഡന്റ് റിന്റോ പുതുപ്പള്ളിവളപ്പിലിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
ശ്വാസകോശത്തില്‍ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. പറപ്പൂക്കര തോട്ടുങ്ങല്‍ പുതുപ്പുള്ളിപറമ്പില് റൂബി -അനു ദമ്പതികളുടെ മകന് ഏയ്ബലാണ് മരിച്ചത്. തൊണ്ടയില്‍ മിഠായി കുടുങ്ങിയന്നാണ് ആദ്യം കരുതിയിരുന്നത്.
നാഗർകോവിലിൽ ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കന്യാകുമാരി സ്വദേശി അയ്യപ്പനെ നാഗർകോവിൽ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.
നിയമപഠനത്തിന് പ്രവേശനം തേടുന്ന വിദ്യാർഥികൾ സ്ഥാപനങ്ങളുടെ ആധികാരികതയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരവും സ്വന്തം നിലയിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ബി.സി.ഐ.
നവംബർ 19-ന് ബി.സി.ഐ. ഇതുസംബന്ധിച്ച ജാഗ്രതാനിർദ്ദേശം പുറത്തിറക്കി.
കുട്ടിയെ കണ്ടെത്താൻ തമിഴ്നാട് വിഴുപ്പുറത്തെ പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം. പ്രദേശത്തുള്ള ഏഴു വയസുകാരിയായ ഹേമാവതിയെയാണ് ഒക്ടോബർ 12 മുതൽ കാണാതായത്. ഇതുവരെയും ഒരു വിവരവും ഇല്ല. പൊലീസ് വീഴ്ച പ്രതിപക്ഷം ആയുധമാക്കിയതോടെ ആണ് സ്റ്റേഷനിൽ ഹോമം.
ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി ആം ആദ്മി പാർട്ടി സഖ്യത്തിന് സാധ്യത. എഎപി എംപി സഞ്ജയ് സിങ് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായി ലഖ്നൗവിൽ കൂടിക്കാഴ്ച നടത്തി.
രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ദേശീയതലത്തിൽ ആയുധമാക്കി കോൺഗ്രസ്. രാജ്യത്തെ ഗ്രാമങ്ങളുടെ ശബ്ദത്തിൻ്റെ പ്രതിഫലനമാണിതെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയതിനും, കർഷകരെ കടക്കെണിയിലാക്കിയതിനും കേന്ദ്രസർക്കാറിന് ലഭിച്ച മറുപടിയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
യൂത്ത് കോൺഗ്രസ് നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ച് ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റയുടെ ഓഫീസിലേക്ക് ഇരച്ചുകയറി തെലങ്കാനയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഹൈദരാബാദിലെ റായ്ദുർഗിലുള്ള മെറ്റ ഓഫീസിലാണ് അതിക്രമം നടന്നത്. സംസ്ഥാന അധ്യക്ഷൻ ജക്കിടി ശിവ ചരൺ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം.
സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആർമി ഡ്രൈവർക്കെതിരേ പിഴ ചുമത്തിയ അസമിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ സമീം സുൽത്താനയെ രണ്ടുദിവസത്തെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തിയെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. അതേസമയം, ഡ്രൈവിങ് ലൈസൻസിന്റെ പേരിലല്ല സൈനിക ഡ്രൈവർക്കെതിരേ പിഴ ചുമത്തിയതെന്നും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് മാത്രമാണെന്നും ഡിടിഒ സ്ഥിരീകരിച്ചു.
സ്പൈസ് ജെറ്റിന് ഡിജിസിഎ നോട്ടീസ് നൽകി. തുടർച്ചയായ വിമാനം റദ്ദാക്കൽ, വൈകൽ എന്നിവ കാരണം നവംബർ 17-ന് നൽകിയ നോട്ടീസിന് ഏഴ് ദിവസത്തിനകം മറുപടി നൽകണം. ഭൂരിഭാഗം വിമാനങ്ങളും കൃത്യമായി സർവീസ് നടത്തുകയോ അംഗീകൃത സമയക്രമം പാലിക്കുകയോ ചെയ്യുന്നില്ല എന്നാണ് പരാതി.
സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതർ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ഡ്രോണും സൈന്യം ആകാശത്തുവെച്ച് തന്നെ തകർത്തു. ഇതേ തുടർന്ന് സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകള്‍ റദ്ദാക്കി എയർലൈനുകൾ.
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ വ്യാജ കരാറിൽ എത്താൻ ശ്രമം നടത്തുകയാണെന്നും ഇറാൻ 51 വർഷമായി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാന് കരാർ ഉണ്ടാക്കാൻ ആഗ്രഹമുണ്ടെങ്കിലും തനിക്ക് സ്വീകാര്യമായ കരാറിന് അവർ തയ്യാറാല്ലെന്നും ട്രംപ് പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് 118 റണ്‍സിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ്. കളി നിര്ത്തുമ്പോറള് നാല് വിക്കറ്റ് നഷ്ടത്തില്‍ 486 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. കെ എല്‍ രാഹുല്‍ (136) സെഞ്ചുറി നേടി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 98 റണ്‍സെടുത്ത് മടങ്ങി. റിഷഭ് പന്ത് (55), അന്‍ഷൂല്‍ കാംബോജ് (0) എന്നിവരാണ് ക്രീസില്‍.
ഷവോമിയുടെ പുതിയ സ്മാർട്ട്ഫോണായ റെഡ്മി നോട്ട് 18 5ജിയിൽ വൻ ബാറ്ററി അപ്ഗ്രേഡ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. 8,888 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയുമായി ഫോൺ എത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ചൈനീസ് വിപണിയിലെത്തുന്ന പതിപ്പിലായിരിക്കും ഇത്രയും വലിയ ബാറ്ററി ഉണ്ടാകുകയെന്നാണ് വിവരം. എന്നാൽ ആഗോള വിപണിയിൽ ബാറ്ററി ശേഷിയിൽ ചെറിയ കുറവുണ്ടായേക്കും.
ആപ്പിളിന്റെ പുതിയ ഐഫോൺ നിരയിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾ ഇതിനകം അവതരിപ്പിച്ചെങ്കിലും സാധാരണ ഐഫോൺ 18നെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബർ 2026ൽ പുറത്തിറങ്ങേണ്ടിയിരുന്ന സാധാരണ മോഡൽ 2027 മാർച്ചിലേക്ക് മാറ്റിയേക്കും. പുതിയ 2 നാനോമീറ്റർ എ20 ചിപ്പ്, കൂടുതൽ റാം, മെച്ചപ്പെട്ട ബാറ്ററി കാര്യക്ഷമത എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകളായി പുറത്തുവരുന്ന സൂചനകൾ. എന്നാൽ ക്യാമറയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് റിപ്പോർട്ടുകൾ. ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷന്റെ റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ ഫോണിന്റെ അടിസ്ഥാന വില 100 ഡോളർ വർധിച്ച് 999 ഡോളറിലെത്തിയേക്കും. ഇന്ത്യയിൽ ഏകദേശം 1 ലക്ഷം രൂപയ്ക്ക് അടുത്തായിരിക്കും വിലയെന്നാണ് സൂചന.
കാനാൻ ദേശത്ത് നിന്നും കച്ചവടവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തി പിന്നീട് കേരളത്തിലേക്ക് കുടിയേറിപ്പാർത്ത യഹൂദ പാരമ്പര്യത്തിലുള്ള ക്രൈസ്തവസംഘത്തിന്റെ മേധാവിയായ ക്നായി തോമായുടെ കഥ പറയുന്ന ചിത്രമാണ് ക്നായി തൊമ്മന്. പ്രശസ്ത സംവിധായകനായ വിജി തമ്പിയാണ് ക്നായി തൊമ്മൻ എന്ന ചരിത്ര നായകനെ അവതരിപ്പിക്കുന്നത്. വിജി തമ്പിയുടെ തന്നെ ശിഷ്യനായ പ്രസാദ് വാളച്ചേരിലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മേൽക്കാരപ്പുറത്ത് പിക്ചേഴ്സിന്റെ ബാനറിൽ ടോമി മേൽക്കാരപ്പുറത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. സജി സോമൻ, അംബിക, മല്ലിക സുകുമാരൻ, മുരളി മോഹൻ, ജയകൃഷ്ണൻ, കോട്ടയം രമേഷ്, ഇബ്രാഹിം കുട്ടി, ഇസഹാക്ക്, ജയൻ ചേർത്തല എന്നിവരും പ്രധാന അഭിനേതാക്കളാണ്.
മുടിയുടെ ആരോഗ്യം നിർണ്ണയിക്കുന്നതിൽ പോഷകാഹാരത്തിന് വലിയ പങ്കുണ്ട്. മുടിയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഘടകങ്ങളിൽ ഒന്നാണ് കാൽസ്യവും പ്രോട്ടീനുകളും. മുടിയുടെ വളർച്ചയിൽ ബയോട്ടിനും നിർണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്. ദിവസവും നട്സുകളും വിത്തുകളും കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും സഹായകമാണ്. ബദാം, വാൾനട്ട്, നിലക്കടല, സൂര്യകാന്തി വിത്തുകൾ എന്നിവ ലഘുഭക്ഷണമായി നേരിട്ടോ, അല്ലെങ്കിൽ സാലഡുകൾ, സ്മൂത്തികൾ, മധുരപലഹാരങ്ങൾ എന്നിവയിൽ ചേർത്തോ കഴിക്കാവുന്നതാണ്. ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിനുകളായ എ, സി, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ നൽകിക്കൊണ്ട് മുടി വളർച്ചയെ സഹായിക്കാൻ പാലക്ക് ചീരയ്ക്ക് കഴിയും. അതേസമയം ഇരുമ്പിന്റെ കുറവ് മുടി കൊഴിച്ചിലിന് ഒരു സാധാരണ കാരണമാണ്. മഞ്ഞക്കരു ഉൾപ്പെടെയുള്ള ഒരു മുട്ടയിൽ 10 മൈക്രോഗ്രാം ബയോട്ടിൻ അടങ്ങിയിട്ടുണ്ടെന്ന് ഇന്റർനാഷണൽ ഫുഡ് ഇൻഫർമേഷൻ കൗൺസിൽ ഫൗണ്ടേഷൻ വ്യക്തമാക്കുന്നു.പാൽ, ചീസ്, തൈര് എന്നിവയുൾപ്പെടെയുള്ള എല്ലാ പാൽ ഉല്‍പ്പന്നങ്ങളിലും ഗണ്യമായ അളവിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. മികച്ച ആരോഗ്യത്തിനും മനോഹരമായ മുടി ലഭിക്കുന്നതിനും ഇത്തരം ഭക്ഷണങ്ങൾ പതിവായി കഴിക്കേണ്ടതാണ്.
ഇന്നത്തെ സ്വർണവില
22 കാരറ്റ് സ്വർണം ഗ്രാമിന് 11465 രൂപയും, പവന് 91720 രൂപയുമായി.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 92.97, പൗണ്ട് – 121.93, യൂറോ – 102.15, സ്വിസ് ഫ്രാങ്ക് – 110.43, ഓസ്ട്രേലിയന്‍ ഡോളര്‍ – 61.78, ബഹ്റൈന്‍ ദിനാര്‍ – 246.48, കുവൈത്ത് ദിനാര്‍ – 298.00, ഒമാനി റിയാല്‍ – 241.00, സൗദി റിയാല്‍ – 24.80, യു.എ.ഇ ദിര്‍ഹം – 25.31, ഖത്തര്‍ റിയാല്‍ – 25.45.
