ശബരിമല സ്പോട്ട് ബുക്കിംഗ് ബുക്ക് ചെയ്യുന്നവർ പലരും ദർശനത്തിന് എത്തുന്നില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ഏജൻസികൾ കൂട്ടമായി ബുക്കിംഗ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കും. 5000 സ്ലോട്ടുകൾ അധികമായി ഉൾപ്പെടുത്താൻ ആലോചനയുണ്ടെന്നും ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടിയെന്നും അദ്ദേഹം പറഞ്ഞു.

 

ഡ്രൈഡേ വേണ്ടെന്ന ധനകാര്യ സബ്ജറ്റ് കമ്മിറ്റിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ മറുപടിയുമായി എക്സൈസ് മന്ത്രി എം. ലിജു. ഡ്രൈ ഡേയിൽ മാറ്റം വേണമോ എന്ന് മദ്യ നയത്തിന് ശേഷമാണ് തീരുമാനിക്കുക. മദ്യനയത്തിൽ ചർച്ചകൾ തുടരുകയാണെന്നും ഡ്രൈഡേ ചർച്ചകൾ ഇപ്പോൾ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

 

ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്ന പത്മജ വേണുഗോപാലിന്റെ തീരുമാനത്തിൽ പ്രതികരിക്കാനില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കി. കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മജ കെപിസിസി നേതൃത്വത്തിന് കത്ത് നൽകും. പത്മജയുടെ രാജി നിർഭാഗ്യകരമാണെങ്കിലും പാർട്ടിയെ ബാധിക്കില്ലെന്ന് ബിജെപി നേതൃത്വവും പ്രതികരിച്ചു.

 

ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ദേവസ്വം ജീവനക്കാർ മാന്യമായും ആദരവോടെയും പെരുമാറണമെന്ന് ഹൈക്കോടതി. ഏത് സാഹചര്യത്തിലും ഭക്തരോട് ദേഷ്യപ്പെടാനോ മോശമായി പെരുമാറാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.ഭക്തരുടെ പരാതിയെ തുടർന്ന് സ്വമേധയാ ഇടപെട്ടാണ് കോടതി ഈ നിർദേശം നൽകിയത്.

 

ലയണൽ മെസിയുടെ പേരിലുള്ള ഫുട്‌ബോൾ സ്‌പോൺസർഷിപ്പ് വിവാദത്തിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്‌മാനെ പ്രതിചേർക്കാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കി.

 

മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി. ജില്ലാതല പരീക്ഷകൾ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഫലം പ്രഖ്യാപിക്കാനോ സംസ്ഥാനതല പരീക്ഷ നടത്താനോ പാടില്ലെന്ന് ഹൈക്കോടതി നിർദേശം നൽകി.

 

എസ്എഫ്‌ഐ പ്രതിഷേധം ഭയന്ന് കാലടി ശ്രീശങ്കരാചാര്യ കോളേജിലെ പരിപാടിയിൽ നിന്ന് പിന്മാറിയെന്ന പ്രചാരണങ്ങൾക്കെതിരേ മന്ത്രി റോജി എം ജോൺ. മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ പ്രതിഷേധിച്ചപ്പോഴും 20 മിനിറ്റോളം അവിടെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് മടങ്ങിയത് എന്നും അദ്ദേഹം വ്യക്തമാക്കി.

 

കണ്ണൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ. തനിക്കും മറ്റുള്ളവർക്കുമെതിരെ കോടതിയിൽ കള്ളമൊഴി നൽകിക്കാൻ മുസ്‌ലിംലീഗ് നിരവധി സാക്ഷികളെ തയ്യാറാക്കി നിർത്തിയിരുന്നുവെന്ന് പി.ജയരാജൻ ആരോപിച്ചു.

 

ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. പ്രായപൂർത്തിയാകാത്തവർ പ്രതികളാകുന്ന കേസുകളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് കത്ത്. ഇരകളുടെ ദുരിതം കൂടി പരിഗണിക്കണമെന്നും കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

ഇന്ത്യൻ വ്യോമസേനയുടെ കൈവശം പ്രവർത്തനക്ഷമമായ 32 റഫാൽ വിമാനങ്ങൾ എന്ന വിവാദ റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി. 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽ നിന്ന് വാങ്ങിയിരുന്നത്.ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്തെ സേവനം ചെയ്തിരുന്ന ഇന്ത്യൻ വ്യോമസേന ഉപമേധാവിയായിരുന്ന എയർ മാർഷൽ നർമദേശ്വർ തിവാരിയുടെതാണ് ഈ വെളിപ്പെടുത്തൽ .

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കോംപ്രമൈസ്ഡ് പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി ബിജെപി. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ രാഹുൽ ഗാന്ധിക്ക് പണം ലഭിക്കുന്നുണ്ടോയെന്ന് ബിജെപി വക്താവ് തുഹിൻ സിൻഹ ചോദിച്ചു.

 

രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റവുമായി സിപിഎം. പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ 50 സീറ്റുകളാണ് സിപിഎം നേടിയത്. അഞ്ച് ജില്ലാ പഞ്ചായത്ത് സീറ്റുകളിലും സിപിഎം വിജയിച്ചു. ബിജെപിയുടെ പോക്കറ്റായ ചുരുവിലും സിപിഎമ്മിന് അക്കൌണ്ട് തുറക്കാനായി. രാഷ്ട്രീയ ലോക്തന്ത്ര് പാർട്ടി 354 പഞ്ചായത്ത് സമിതി സീറ്റുകളും രണ്ട് ജില്ലാ പഞ്ചായത്തുകളും നേടിയിട്ടുണ്ട്.

 

മധുര തിരുപ്പരൻകുന്ദ്രം മലയിൽ ദർഗയോട് ചേർന്നുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ഈ മാസം 24ന് ഒറ്റത്തവണ ദീപം തെളിക്കാൻ ആണ് അനുമതി. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ബിജെപിയും ഹൈന്ദവസംഘടനകളും പ്രതികരിച്ചു.

 

നാ‍ർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനുമായി ചേർന്ന് വൻ ലഹരിക്കടത്ത് ശൃംഖല തകർത്തു. ‘ഓപ്പറേഷൻ മൺസൂൺ തണ്ടറി’ലൂടെ ആറു പേരെ അറസ്റ്റ് ചെയ്തു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി അമേരിക്കയിലേക്ക് ലക്ഷക്കണക്കിന് മരുന്നുകളാണ് ഇവർ കടത്തിയത്.

 

 

ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ആണ് റദ്ദാക്കിയത്. നവംബർ 24 വരെ സർവീസുകൾ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നടപടി.

 

താജ്മഹലും നിസാമുദ്ദീൻ ദർഗയും സന്ദർശിക്കണമെന്ന് പാകിസ്ഥാൻ മന്ത്രി മസൂദ് മാലിക്ക് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. ഷാങ്ഹായ് സഹകരണ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ ദില്ലിയിലെത്തിയപ്പോഴാണ് മുസാദിക്ക് മസൂദ് മാലിക്ക് തന്റെ ആ​ഗ്രഹം പറഞ്ഞത്. എന്നാൽ കേന്ദ്രം അനുമതി നൽകിയില്ല.

 

 

ഹൂത്തികളും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. റിയാദിലെ കിം അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് ടവറിന് നേരെ ഹൂതി ആക്രമണത്തെ ലോക രാജ്യങ്ങള്‍ അപലപിച്ചു. അമേരിക്കയ്ക്ക് വീണ്ടും കടുത്ത മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തുവന്നു. ഹോര്‍മൂസില്‍ രണ്ട് മണിക്കൂറിനിടെ 2 എണ്ണ ടാങ്കറുകള്‍ കൂടി സ്ഫോടനത്തിരയായതായി ഐആര്‍ജിസി അറിയിച്ചു.

 

മഴ കാരണം ഒരു പന്തും പോലും എറിയാതെ ഉപേക്ഷിച്ച കാഴ്‌ചപരിമിതരുടെ ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌ ഫൈനലില്‍ പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിച്ചത്‌ വിവാദമായി. ഇന്ത്യന്‍ ടീം സമ്മാനദാന ചടങ്ങ്‌ ബഹിഷ്‌കിച്ചു. നിയമപ്രകാരം ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കണമെന്ന ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ആദ്യ തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്ന്‌ ആരോപിച്ചാണ്‌ ഇന്ത്യന്‍ ടീമിന്റെ പ്രതിഷേധം.

 

സയ്യിദ് മുഷ്താഖ് അലി ടി20യിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് മിന്നും ജയം. ആദ്യം ബാറ്റ് ചെയ്ത ത്രിപുരയെ 121 റൺസിലൊതുക്കിയ കേരളം 5 വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യം കണ്ടു. പുറത്താകാതെ 51 റൺസ് നേടിയ സൽമാൻ നിസാറാണ് കേരളത്തിന് വിജയമൊരുക്കിയത്.

 

അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യമുയർന്നു. ഡോളറിനെതിരെ ഏഴ് മാസത്തെ ഉയർന്ന നിരക്കായ 92.99 എന്ന നിലവാരത്തിലെത്തി. ഏപ്രിൽ 20ന് ശേഷം ആദ്യമായാണ് രൂപ 93 ന് താഴേക്കെത്തുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില കുറഞ്ഞതും വിദേശ നിക്ഷേപം കൂടിയതും നേട്ടമായി. ഓഹരി വിപണിയിലും മുന്നേറ്റം.അതേ സമയം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ കനത്ത ഇടിവ് തുടരുകയാണ്. 2025 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിന് സമീപമാണ് വിലകള്‍. യുഎസ് ഡോളറിന്റെ കരുത്ത്, കടപ്പത്രങ്ങളില്‍നിന്നുള്ള ഉയര്‍ന്ന വരുമാനം, പണപ്പെരുപ്പ സമ്മര്‍ദം, യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പണനയം കൂടുതല്‍ കര്‍ശനമാക്കിയേക്കുമെന്ന വിലയിരുത്തല്‍ എന്നിവയാണ് സ്വര്‍ണവിലയെ സമ്മര്‍ദത്തിലാക്കുന്നത്.

 

ഇലോൺ മസ്‍കിന്റെ സ്റ്റാർലിങ്കിന് കടുത്ത വെല്ലുവിളിയുമായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. ഇന്ത്യയിൽ സ്വന്തം ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖല ഒരുക്കുന്നതിന്റെ ഭാഗമായി 1,600 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനാണ് റിലയൻസിന്റെ നീക്കം. രാജ്യത്തിന്റെ ഇന്റർനെറ്റ് കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനൊപ്പം വിദേശ ഉപഗ്രഹ സേവനദാതാക്കളെ ആശ്രയിക്കുന്നത് കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

 

ഇന്ത്യൻ സ്‌‍മാർട്ട്ഫോൺ വിപണിയിൽ വിൽപ്പന ഇടിയുന്നു. ആഗോളതലത്തിൽ തുടരുന്ന മെമ്മറി ചിപ്പുകളുടെ ക്ഷാമം വിപണിയെ പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോർട്ട്. 2026 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നാം പാദത്തിൽ ഇന്ത്യയിലെ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20% ഇടിവുണ്ടായതായി സൈബർ മീഡിയ റിസർച്ചിന്റെ (സിഎംആർ) റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ വിപണിയിലെ എല്ലാ വിഭാഗങ്ങളെയും പ്രതിസന്ധി ഒരുപോലെ ബാധിച്ചിട്ടില്ല.

 

തിയറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്ന ഗോഥിക് ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം ‘ഭൗമ’ രണ്ടാം വാരത്തിലേക്ക്. 90-ൽ നിന്നും 145 തിയറ്ററുകളുമായാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് റിലീസ് കേന്ദ്രങ്ങളിലെല്ലാം ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിക്കഴിഞ്ഞു. ആദ്യ ഭാഗത്തിലെ ദുരൂഹതകളുടെ തുടർച്ചയായാണ് രണ്ടാം ഭാഗം ഒരുങ്ങുന്നതെന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകിയിരിക്കുന്നത്.

 

യുവത്വത്തിന്റെ സൗഹൃദവും പ്രണയവും ജീവിതക്കാഴ്ചകളും കോർത്തിണക്കി ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ‘മെറി ബോയ്സ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന വർണാഭമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മാനസാണ്. ക്യാമ്പസ് ജീവിതത്തിന്റെ ഊർജവും സൗഹൃദങ്ങളുടെ ആഴവും പ്രണയത്തിന്റെ മനോഹരമായ നിമിഷങ്ങളും പുതിയ തലമുറയുടെ ജീവിതസാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

 

ദിവസവും രണ്ട് ഈന്തപ്പഴം കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

നാരുകൾ, കാർബോഹൈഡ്രേറ്റുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, പോളിഫെനോളുകൾ എന്നിവ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കുറഞ്ഞതോ ഇടത്തരമോ ആയ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതിനാൽ, മിതമായ അളവിൽ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്.ലയിക്കാത്ത നാരുകൾ ആരോഗ്യകരമായ മലവിസർജ്ജനത്തെ സഹായിക്കുമ്പോൾ, ലയിക്കുന്ന നാരുകൾ (soluble fiber) കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. നാരുകൾ മലത്തിന് ആവശ്യമായ വ്യാപ്തി നൽകുകയും, ദഹനവ്യവസ്ഥയിലൂടെയുള്ള ഭക്ഷണാവശിഷ്ടങ്ങളുടെ സഞ്ചാരം സുഗമമാക്കുകയും ചെയ്യുന്നു. മൂന്നാഴ്ച ദിവസവും ഈന്തപ്പഴം കഴിച്ചവരിൽ മലബന്ധ പ്രശ്നം കുറഞ്ഞതായി കണ്ടെത്തി.

 

രാജ്യത്തെ പോളിയോ വിമുക്തമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22 ഞായറാഴ്ച സംസ്ഥാനത്തെ 10 ജില്ലകളിൽ നടക്കുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് പരിപാടി നടക്കുക.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *