മദ്ധ്യാഹ്ന വാർത്തകൾ 20260825 203009 0000

 

 

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള കേരളീയർക്ക് ഓണം ആശംസകൾ നേരുന്നു. രാജ്യത്തിന്റെ പുരോ​ഗതിക്കായി സംഭാവന നൽകാൻ പൗരന്മാരെ ഓണം പ്രചോദിപ്പിക്കട്ടെന്നും രാഷ്ട്രപതി പറഞ്ഞു.

 

മലയാളികൾക്ക് ഓണാശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. സന്തോഷവും മുന്നോട്ടുള്ള യാത്രയിൽ കരുത്തും നൽകുന്നതാകട്ടെ ഇത്തവണത്തെ തിരുവോണമെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നിൽക്കാനാകണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ് പൊലീസുകാർക്കെതിരേ നടപടി. ഏഴ് പൊലീസുകാരെയും എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി . കേരളത്തിന്റെ ദീർഘകാലമായുള്ള പ്രത്യേക റെയിൽവേ സോൺ ആവശ്യം അവഗണിച്ച് നിലവിലുള്ള ഡിവിഷൻ തന്നെ വിഭജിക്കുന്നത് മലബാറിന്റെ വികസനത്തിന് കനത്ത തിരിച്ചടിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ മാറ്റത്തിന് കളമൊരുക്കിക്കൊണ്ട് മിസൈൽ സാങ്കേതികവിദ്യയും ഇനി സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക അനുമതി നൽകി. ഡിആർഡിഒ വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈൽ സാങ്കേതികവിദ്യകളാണ് ഉൽപ്പാദനത്തിനായി യോഗ്യരായ സ്വകാര്യ കമ്പനികൾക്ക് ലഭ്യമാക്കുന്നത്.

 

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് നാല് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ സ്കൂട്ടറിൽ ഉണ്ടായിരുന്ന യുവതിക്കും ഒരു കുട്ടിക്കും കാറിനുള്ളിലുണ്ടായിരുന്ന മറ്റൊരു കുട്ടിക്കുമാണ് പരിക്കേറ്റത്.സംഭവത്തെ തുടർന്ന് കാർ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്നയാളെയും പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു.

 

കണ്ണൂർ എളയാവൂരിൽ ദേശീയ പാത നിർമാണ മേഖലയിൽ സംരക്ഷണ ഭിത്തി തകർന്ന് വീണ്ടും മണ്ണിടിച്ചിലുണ്ടായി. മണ്ണുപാളി വഴുതിമാറുന്ന പ്രതിഭാസമാണ് ഇതിന് കാരണമെന്ന് എൻഎച്ച്എഐ പ്രാഥമിക റിപ്പോർട്ട് നൽകി.

 

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് നിർദേശത്തിൽ പറയുന്നു.

 

കോക്രോച്ച് ജനത പാർട്ടി പുതിയ ദേശീയ നേതൃത്വത്തെയും സോണൽ കോർഡിനേഷൻ കമ്മിറ്റികളെയും പ്രഖ്യാപിച്ചുകൊണ്ട് സംഘടനാ വിപുലീകരണം നടത്തി. താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലുടനീളം പ്രാദേശിക നേതൃത്വ ശൃംഖല കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

 

ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ഷൂട്ടിങ് കോച്ച് അറസ്റ്റിലായി. കേസിൽ പ്രതിയായ ഷെയ്ഖ് സാദിഖ് ഖാനെയാണ് ഉത്തർപ്രദേശിലെ മീററ്റിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

 

നഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി. കർണാടകയിലെ കോൺ​ഗ്രസ് മന്ത്രി രാമലിം​ഗ റെഡ്ഡിയാണ് കോൺ​ഗ്രസ് സർക്കാരിന്റെ പുതിയ നീക്കത്തിനെതിരേ രം​ഗത്തെത്തിയത്. വാർഷിക ഫീസ് ഏർപ്പെടുത്താനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കത്തും നൽകി.

 

അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം. തുടർച്ചയായ തോൽവികളിൽ പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകരാതിരിക്കാനാണ് തീരുമാനമെന്ന് മായാവതി പറഞ്ഞു

 

തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി നൽകിയ ഹർജിയിൽ 20 വിമത ലോക്സഭാ എംപിമാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ലോക്സഭാ സ്പീക്കറുടെ മുന്നിലുള്ള അയോഗ്യതാ ഹർജികളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കണമെന്നാണ് തൃണമൂൽ കോൺഗ്രസിന്‍റെ ആവശ്യം.

 

വിദ്യാർഥികളും ബി.പി.എസ്.സി പരീക്ഷാർഥികളും ബിഹാർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടിയത്. തുടർന്ന് വിദ്യാർഥികൾക്ക് നേരേ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. സമരക്കാരെ പിരിച്ചുവിടാനായി ലാത്തിച്ചാർജും നടത്തി.

 

ഗുജറാത്തിൽ മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിൽ എതിർപ്പുമായി ഒരു വിഭാഗം വ്യാപാരികൾ രംഗത്ത്. സൂറത്ത് മുനിസിപ്പൽ കോർപറേഷൻ്റെ നടപടിക്കെതിരെയാണ് എതിർപ്പ് ഉയർന്നിരിക്കുന്നത്. വെജിറ്റേറിയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് മത്സ്യച്ചന്തയ്ക്ക് നൽകിയതിനാലാണ് വ്യാപാരികൾ രംഗത്തെത്തിയിരിക്കുന്നത്.

 

 

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം കാരണം പിന്നാക്ക വിഭാഗങ്ങൾക്ക് ഗുണം കിട്ടില്ലെന്നാണ് കോൺ​ഗ്രസിൻ്റെ വിമർശനം. നിലവിലെ ചോദ്യാവലിയിൽ കൃത്യമായ ജാതി രേഖപ്പെടുത്താനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രിക്ക് സംയുക്തമായി കത്തെഴുതി.

 

യുഎസ് സൈന്യത്തിൻ്റെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനം റഷ്യയിൽ ഇറങ്ങിയതായി റിപ്പോർട്ട്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ 24ൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, യുഎസ് വ്യോമസേനയുടെ ബോയിങ് സി-17 ഗ്ലോബ്മാസ്റ്റർ III വിമാനമാണ് മോസ്കോയിലെ വനുക്കോവോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.

 

കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ ഉപനായകന്‍ മുഹമ്മദ് അസറുദ്ദീന് തകര്‍പ്പന്‍ സെഞ്ചുറി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ കൊല്ലത്തിനെതിരെയാണ് സീസണിലെ ആദ്യ സെഞ്ചുറി അസറുദ്ദീന്‍ സ്വന്തമാക്കിയത്. വെറും 51 പന്തില്‍ നിന്ന് 7 സിക്‌സറുകളും 6 ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *