Screenshot 20260718 134017 3

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകൾ പ്രഖ്യാപിച്ചു. വിവിധ സേനകളിലെ 1057 പേരാണ് ധീരതയ്ക്കും സേവനത്തിനുമായുള്ള പുരസ്കാരത്തിന് അർഹരായത്.

‎കേരളത്തിൽ നിന്ന് ശശിധരൻ ശങ്കരൻ (SP) , സ്തുത്യർഹസേവനത്തിന് രാജ്പാൽ മീണ (ഐജി), ബിനു ആർ പിള്ള (എസ്പി), രവികുമാർ വിആർ (DySP), ഉജ്വൽ കുമാർ ജി (SP), ജ്യോതിഷ് കുമാർ എസ്.എൽ (SI), സുരേഷ് ബാബു (DySP) എന്നിവരും സ്തുത്യർഹസേവനത്തിന് പുരസ്കാരത്തിന് അർഹരായി. ഫയർ സർവീസിൽനിന്ന് രാജേന്ദ്രൻ നായർ,സെബാസ്റ്റ്യൻ ജോസഫ് എന്നിവരും സുത്യർഹ സേവന പുരസ്‌കാരത്തിന് അർഹരായി. ജയിൽ സർവീസിൽനിന്ന് സുനിൽകുമാർ,മോഹൻദാസ് എം കെ എന്നിവരും രാഷ്ട്രപതിയുടെ മെഡൽ നേടി.

‎മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. പട്ടികയിലെ പരിശോധന പൂർത്തിയാക്കാത്തതാണ് കാരണം. മാർച്ച് മാസത്തിൽ പൊലീസ് ആസ്ഥാനത്തു നിന്നും മെഡലുകൾക്ക് അർഹരായവരുടെ പട്ടിക കൈമാറിയിരുന്നു. എന്നാൽ, സമയബന്ധിതമായി പട്ടികയിൽ പരിശോധന പൂർത്തിയായില്ലെന്നാണ് വിവരം.

‎വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ജൂലൈ 28 മുതൽ ഓഗസ്റ്റ് ഏഴുവരെ നടത്തിയ സർവേയിൽ ലഭിച്ച നിർദേശങ്ങൾ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ സര്‍വേയിൽ 17,000 പേരുടെ നിര്‍ദേശങ്ങൾ ലഭിച്ചു.

‎മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കടയിൽ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിച്ചു. പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

‎ഈ സാമ്പത്തിക വർഷത്തെ ആദ്യ നാല് മാസം കൊണ്ട് തന്നെ സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി ബജറ്റ് പ്രതീക്ഷിച്ചതിന്‍റെ പകുതിയോളമായി. വരുമാനം വർധിച്ചെങ്കിലും അതിനേക്കാൾ കൂടുതൽ ചെലവ് വർധിച്ചതാണ് കമ്മി കുതിച്ചുയരാൻ കാരണം.

‎കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന് യു.ഡി.എഫ് സർക്കാരിന്‍റെ വിശദീകരണം. വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയുണ്ടാകില്ലെന്നും പക്ഷേ പിഎംഎവൈ ബ്രാൻഡിംഗ് ഉണ്ടാകു‌മെന്നും സർക്കാർ വ്യക്തമാക്കി.

‎എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് പത്തനാപുരം താലൂക്ക് യൂണിയൻ. സ്വന്തം പ്രവർത്തികളുടെ ഫലമായാണ് അദ്ദേഹം പൊതുമണ്ഡലങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെട്ടതെന്നും യോഗം കുറ്റപ്പെടുത്തി.

‎മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്ത സംഭവത്തിൽ ഖേദപ്രകടനം നടത്തി സി.ആർ. മഹേഷ് എം.എൽ.എ. തന്റെ ഭാഗത്തുനിന്ന് ഗുരുതരമായ പിഴവ് സംഭവിച്ചതായും ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള വീഴ്ചകൾ ഉണ്ടാകാൻ പാടില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

‎മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും. കായിക വകുപ്പിന്റെ റിപ്പോർട്ട് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. നിയമസാധ്യത പരിശോധിച്ചു അന്വേഷണം ഏതുവിധത്തിൽ വേണമെന്ന ആലോചനയിലാണ് സർക്കാർ.

‎മലപ്പുറം താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. താമിർ ജിഫ്രി മരിച്ച രാത്രിയിലെ താനൂർ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്.

‎വിശാല സംസ്ഥാന സമിതിക്ക് മുന്നോടിയായി നേതൃയോഗം വിളിച്ച് സിപിഐഎം. വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് തയാറാക്കുന്നതിനാണ് യോഗം. സംസ്ഥാന സെക്രട്ടേറിയേറ്റിലും സമിതിയിലും ചെറിയതോതിലുളള അഴിച്ചുപണിക്കാണ് സാധ്യത.

‎പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം.

‎സെൻസസിനുള്ള ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ. ആകെ 40 ചോദ്യങ്ങളാണ് ഉള്ളത്. രാജ്യത്ത് ആദ്യമായി സെൻസസിൽ ജാതിവിവരങ്ങൾ ശേഖരിക്കും. കോവിഡ് വാക്സിനേഷൻ എടുത്ത സ്ഥലം, ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ സാക്ഷരത എന്നിവയും ചോദ്യാവലിയിൽ ഉൾപ്പെടുന്നു.

‎കൊല്ലം കരുനാഗപ്പള്ളിയിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അന്വഷിച്ച് നടപടിയെടുക്കാൻ സിഎംഡിക്ക് നിർദേശം നൽകി എക്സൈസ് മന്ത്രി. ബെവ്‌കോയുടെ ഇന്റേണൽ ഓഡിറ്റ് വിഭാഗം പരാതിയിൽ അന്വേഷണം നടത്തും. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കും.

‎ദക്ഷിണ റെയിൽവേ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു . ഓഗസ്റ്റ് 20ന് ബെംഗളൂരു കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക. ഓഗസ്റ്റ് 21ന് കണ്ണൂരിൽനിന്ന് മടക്കയാത്ര.

‎ സ്പെഷ്യൽ ട്രെയിൻ ബുക്കിങ് ഇന്ന് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചു.

‎കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ബയോ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസറായ  നിഖിൽ ചന്ദ്രനെയാണ് ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശിയാണ്.

‎കൊല്ലത്ത് വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി. പേരൂർ കുറ്റിച്ചിറ സ്വദേശി മനോഹരൻ പിള്ള ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് മനോഹരൻ പിള്ള അയൽവാസിയായ ഷാജഹാനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

‎എയർ ഇന്ത്യ വിമാനം പൂക്കറ്റിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ആകാശത്തുവെച്ച് വിമാനത്തിന്റെ നിയന്ത്രണം നാല് സെക്കൻഡ് നേരത്തേക്ക് പൂർണമായി നഷ്ടപ്പെട്ടതായി ബ്ലാക്ക് ബോക്സിലെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണം.

‎പൈലറ്റ് ലഹരിയുപയോഗിച്ചതിനെ തുടർന്നാണ് വിമാനം അപകടത്തിൽപ്പെട്ടതെന്ന സംശയത്തിന് പിന്നാലെ എയർ ഇന്ത്യ അയ്യായിരത്തിലധികം പൈലറ്റുമാരിൽ ലഹരി പരിശോധന തുടങ്ങി. എയർ ഇന്ത്യക്കൊപ്പം, എയർ ഇന്ത്യ എക്സ്പ്രസിലും പരിശോധന തുടങ്ങി.

 

‎സൗദി അറേബ്യയിൽ സൽമാൻ രാജാവ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും സുപ്രധാന സ്ഥാപനങ്ങളുടെ തലപ്പത്ത് പുതിയ നിയമനങ്ങൾ നടത്തുകയും ചെയ്തു. നിലവിലെ മന്ത്രിസഭ തുടരുമെങ്കിലും ലോക്കൽ കണ്ടൻറ് അതോറിറ്റി, കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി എന്നിവയ്ക്ക് പുതിയ ചെയർമാൻമാരെ നിയമിച്ചു.

‎കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകിയ വിജയ് സർക്കാരിന്‍റെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ദുരന്തത്തിനിരകളായ കുടുംബങ്ങളെ സഹായിക്കാനുള്ള സർക്കാരിന്റെ നയപരമായ തീരുമാനത്തെ എന്തിന് ചോദ്യംചെയ്യുന്നുവെന്നാണ് സുപ്രീംകോടതിയുടെ ചോദ്യം.

‎ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവായി. കർണാടക ഗതാഗത മന്ത്രി ബി.എസ്. ബൈരതി സുരേഷാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

‎ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻ്റ് റിസർച്ചിലെ വിദ്യാർത്ഥികൾ നിയമപരമായി പ്രതിഷേധിക്കുകയാണെങ്കിൽ അതിൽ ഇടപെടാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് എന്താണ് കാര്യമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. യൂണിവേഴ്സിറ്റി നൽകിയ ഹർജി പരിഗണിക്കാൻ കോടതി സമ്മതിക്കുകയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

‎അന്താരാഷ്ട്ര ലഹരിക്കടത്ത് തലവൻ വിരേന്ദർ സിങ് ബസോയയെ യുഎഇയിൽ നിന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി ഇന്ത്യയിലെത്തിച്ചു. 13,000 കോടി രൂപയുടെ മയക്കുമരുന്ന് കടത്ത് കേസിലെ പ്രധാന ആസൂത്രകനാണ് ഇയാൾ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *