ദില്ലി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽഖ്വയ്ദ ഉപസംഘടനയെന്ന് യുഎൻ റിപ്പോർട്ട്. അൽ-ഖ്വയ്ദ ഇന്ത്യൻ ഉപഭൂഖണ്ഡം (AQIS) ആണ് ആക്രമണത്തിന് പിന്നിലെന്ന് യുഎൻ സുരക്ഷാസമിതി നിരീക്ഷണ സംഘം അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട 10 പേർക്ക് AQIS ഉപസംഘടനയായ അൻസാർ ഖസ്‍വാത്ത് ഉൽ ഹിന്ദുമായി ബന്ധമെന്നും കണ്ടെത്തൽ.റൈസിൻ ഉൾപ്പെടെയുള്ള വിഷവസ്തുക്കൾ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ഭീകര ഗ്രൂപ്പുകൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നുവെന്നും പറയുന്നു.
മൺസൂൺ സെഷനിലെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭയിൽ എത്തി. പാർലമെന്റിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും സഭയിലെത്തി. അമിത് ഷാ പാർലമെന്റിലെത്തി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ അവസാന ദിനം മാത്രമാണ് അമിത് ഷാ എത്തിയത്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനൊപ്പം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ അടിമുടി വീഴ്ചകൾ. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് 5 കോടി സെക്യൂരിറ്റി ഡെപ്പോസിറ്റും, വിനോദ നികുതിയും ഒഴിവാക്കി. ക്യാബിനറ്റിന്റെയും ധനകാര്യവകുപ്പിന്റെയും അനുമതി ഇല്ലാതെയുള്ള നടപടി നിയമവിരുദ്ധം.മുഴുവൻ സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും ലാഭം മുഴുവൻ സ്പോൺസർക്ക് ലഭിക്കുന്ന രീതിയിലാണ് കരട് കരാറെന്നും റിപ്പോർട്ട്.
മെസിയുടെ പേരിലെ കള്ളക്കളിയിൽ സ്പോൺസർക്ക് വേണ്ടി അന്നത്തെ സർക്കാരിന്റെ രക്ഷാപ്രവർത്തനവും. സ്പോൺസർക്ക് എഎഫ്എ ഈടാക്കിയ നഷ്ടപരിഹാരം ഒഴിവാക്കാൻ പിണറായി സർക്കാർ നയതന്ത്ര ഇടപെടൽ തേടിയതിന് തെളിവുകൾ പുറത്തുവന്നു. അർജന്റീനയുടെ പിന്മാറ്റം സർക്കാരിനും സാമ്പത്തിക പ്രയാസം ഉണ്ടാക്കുമെന്ന് കായിക വകുപ്പ് സെക്രട്ടറി കത്തിൽ പറയുന്നു.
മെസിയെ കൊണ്ടുവരാൻ എന്ന പേരിൽ നടന്ന കള്ളക്കളികളെ കുറിച്ചുള്ള കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മുൻ കായിക മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ വഴി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന കണ്ടെത്തലിൽ അന്വേഷണം പ്രഖ്യാപിച്ചേക്കും.
മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ കായിക വകുപ്പ് റിപ്പോർട്ട് ഗൗരവതരമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മുൻ സർക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഉചിതമായ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിൻ്റെ നിയമനത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിച്ച് യൂത്ത് ലീഗ്. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെകെ അഷ്റഫിനെ ഓഫീസ് അറ്റൻഡൻ്റ് ആയി നിയമിച്ചതിന് പിന്നാലെയാണ് യൂത്ത് ലീഗിലും എംഎസ്എഫിനും അതൃപ്തി ശക്തമായത്.
അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കോടതിയിൽ ഹാജരായി. കടുത്ത നടപടി എടുക്കുമെന്ന വിചാരണ കോടതിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് പ്രതികൾ എത്തിയത്.കുറ്റം നിഷേധിക്കുകയായിരുന്നു പ്രതികൾ. കേസ് തിങ്കളാഴ്ച പരിഗണിക്കും. വിചാരണ പതിനേഴാം തീയതി ഷെഡ്യൂൾ ചെയ്യാനും തീരുമാനിച്ചു.
മരണശേഷം അവയവങ്ങൾ ദാനംചെയ്യാനുള്ള സമ്മതപത്രം നൽകി എഴുത്തുകാരിയും കെഎം മാണി സെന്റർ ഫോർ ബജറ്റ് റിസർച്ച് ചെയർപേഴ്സണുമായ നിഷ ജോസ് കെ. മാണി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ നോട്ടോ(നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ)യിലാണ് നിഷ ജോസ് കെ.മാണി അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്.
ക്യാബിനറ്റ് റാങ്കുള്ള പദവി വേണമെന്ന യുഡിഎഫ് ഘടക കക്ഷികളുടെ ആവശ്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ്റെ തീരുമാനം ഉടൻ. ഘടക കക്ഷി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രി തീരുമാനമെടുക്കുക. എം കെ മുനീറിനായി മുസ്ലീം ലീഗും പി ജെ ജോസഫിനായി കേരള കോൺഗ്രസുമാണ് രംഗത്തുള്ളത്.
വാഗമണ്ണിലെ കയ്യേറ്റ ഭൂമിയുടെ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി. ലാൻഡ് അസൈൻമെൻറ് കമ്മറ്റി നിലവിലില്ലാത്ത സമയത്ത് കളക്ടറുടെ അനുമതി പോലും ഇല്ലാതെ നൽകിയ പട്ടയം ആണ് റദ്ദാക്കുന്നത്. അമേരിക്കയിലുള്ളവർ ബിനാമി പേരിലാണ് പട്ടയം നേടിയത്.
കേരളത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി മന്ത്രി ഒ.ജെ. ജനീഷ് തുടരുമെന്ന് റിപ്പോർട്ട്. നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിയുന്ന ഡിസംബർ വരെ അദ്ദേഹം തുടരും.
ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയിൽ. കാസർകോട് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകൻ ഗുരുപ്രസാദ് ആണ് ഹർജി നൽകിയത്. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നും അച്ചടക്ക നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.
പുത്തൂർ മൂഴിക്കോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മൂഴിക്കോട് സ്വദേശി ആദർശാണ് (30)കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പ്രതി സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിന് ഇടയിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
വിഴിഞ്ഞം തുറമുഖത്തെ റെയിൽവെ ലൈനുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ അലൈൻമെന്റിൽ മാറ്റം വേണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ. തുരങ്കത്തിൽ നിന്ന് റെയിൽ പാളം തുറമുഖത്തേക്ക് കയറുന്ന വഴിയിൽ മാത്രം 21 വീടുണ്ട്.അതിവേഗം ടെണ്ടർ നടപടികളിലേക്ക് നീങ്ങുകയാണ് സർക്കാർ. പക്ഷെ പ്രദേശത്ത് ആശങ്കകൾ ബാക്കിയാണ്.
പ്രതിശ്രുത വധൂവരന്മാരായ എസ്ബിഐ ജീവനക്കാർ മണിക്കൂറുകളുടെ ഇടവേളയിൽ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കാസർകോട് കാട്ടാമ്പള്ളി സ്വദേശി അനുശ്രീ(26) കണ്ണൂർ ഇരിട്ടി സ്വദേശി അമൽ(26) എന്നിവരുടെ ആത്മഹത്യകളിലാണ് ദുരൂഹത തുടരുന്നത്.ഫോൺ വിശദമായി പരിശോധിക്കുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്.
കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് ഉടമകൾ വീട് ഇടിച്ചുനിരത്തി. വ്യാജ പരാതി നൽകി ദമ്പതികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയത്താണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വീടും കടയും തകർത്തത്. ഇതോടെ കിടപ്പാടം നഷ്ടമായ ദമ്പതികൾ തകർന്ന കെട്ടിടത്തിന് സമീപം അന്തിയുറങ്ങേണ്ടി വന്നു.
കാവേരി ബന്ദ് തള്ളി കർണാടക. ബന്ദിനോട് തണുപ്പൻ പ്രതികരണം. വാഹനഗതാഗതത്തെ ബാധിച്ചില്ല.അതിർത്തിയിലും വാഹനങ്ങൾ തടയുന്നില്ല.അത്തിബലെ അതിർത്തിയിൽ പ്രതിഷേധം മാത്രം .ഗസ്റ്റ് 12 മുതൽ 15 ദിവസത്തേക്ക് തമിഴ്നാടിന് 12,000 ക്യൂസെക്സ് വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെയാണ് വിവിധ കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്.
യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുതെന്ന് ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. യാത്ര ബുക്ക് ചെയ്യുമ്പോൾ ടിപ്പ് നൽകാൻ ആവശ്യപ്പെടുന്ന രീതി ഒഴിവാക്കണമെന്നും ടിപ്പ് നൽകിയാൽ വേഗം വാഹനം ലഭിക്കും എന്ന പ്രേരണയും പാടില്ലെന്നും പറയുന്നു. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ടിപ്പ് ഓപ്ഷൻ കാണിക്കരുതെന്നും നിർദേശിച്ചു.
മറാഠി അറിയില്ലെങ്കിൽ ഇനി മഹാരാഷ്ട്രയിൽ ടാക്സി ഡ്രൈവർമാർക്ക് ലൈസൻസും പെർമിറ്റും ലഭിക്കില്ല. മഹാരാഷ്ട്ര സർക്കാരാണ് ടാക്സി ഡ്രൈവർമാർക്കും ഉടമകൾക്കും മറാഠി ഭാഷ പരിജ്ഞാനം നിർബന്ധമാക്കിയത്. ഇതിന്റെ ഭാഗമായി മഹാരാഷ്ട്ര മോട്ടോർവാഹന ചട്ടം 2026 ഭേദഗതി ചെയ്തു.
മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി. ഇന്ത്യാ സഖ്യം ചായ സത്ക്കാരം കോൺഗ്രസ് ബഹിഷ്കരിച്ചിരുന്നു. അമിത് ഷായുടെ കൂടെ ഇരിക്കാൻ തയ്യാറല്ലാത്തതു കൊണ്ടാണ് ചായസത്ക്കാരം ബഹിഷ്ക്കരിച്ചതെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. കനിമൊഴി പങ്കെടുത്തതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരന്റെ ഹാൻഡ് ബാഗിൽ ഒളിപ്പിച്ച നിലയിൽ തലയോട്ടി കണ്ടെത്തി. മനുഷ്യൻ്റേതിന് സമാനമായ തലയോട്ടിയാണ് കണ്ടെത്തിയത്. ചോദ്യംചെയ്യലിൽ ഇത് കുരങ്ങൻ്റെ തലയോട്ടിയാണെന്ന് യാത്രക്കാരൻ സമ്മതിച്ചു. സിഐഎസ്എഫ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.
ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു. രാമമൂർത്തി നഗറിലെ എൻആർഐ ലേഔട്ടിലാണ് സംഭവം. കമ്പനികൾക്ക് വാടകയ്ക്ക് നൽകിയ സ്കൂട്ടറുകളാണ് കത്തി നശിച്ചത്.
വിപ്ലവനക്ഷത്രം, ഫിദൽ കാസ്ട്രോയ്ക്ക് ഇന്ന് നൂറാം ജന്മവാർഷികം. ലോകത്താകമാനമുള്ള ഇടതുപക്ഷത്തെ പ്രചോദിപ്പിക്കുകയും അന്ത്യം വരെ സാമ്രാജിത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് നേതൃത്വം നൽകുകയും ചെയ്തു.
മെറ്റക്കെതിരായ നിയമയുദ്ധത്തിലെ കോടതി നടപടികൾക്ക് തുടക്കം. 29 യുഎസ് സംസ്ഥാനങ്ങളാണ് ഫെഡറൽ കോടതിയെ സമീപിച്ചിരുന്നത്. കുട്ടികളെ മനപ്പൂർവം ഫേസ്ബുക്കിലും ഇൻസ്റ്റയിലും അടിമപ്പെടുത്താൻ ഫീച്ചറുകൾ ദുരുപയോഗം ചെയ്‌തെന്ന് ആരോപണം.
അമേരിക്കയിൽ ഇന്ത്യൻ വംശജനായ 17കാരൻ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി. മസാച്യുസെറ്റ്സിലെ ആക്ടണിലാണ് സംഭവം. ആക്ടൺ സ്വദേശിയായ അർജുൻ അരവിന്ദ് ആണ് കൃത്യം നടത്തിയത്. 45കാരിയായ സുധ വെങ്കട്ടേശൻ, 14 വയസ്സുള്ള സിദ്ധാർത്ഥ് അരവിന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ അമ്മയുടെ കാറിൽ രക്ഷപ്പെട്ട പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പിതാവ് ഹോര്‍ഹെ മെസിയുടെ വേർപാടിന്‍റെ തീരാവേദനയ്ക്കിടയിലും മൈതാനത്തേക്ക് തിരിച്ചെത്തിയ അർജന്‍റീന ഇതിഹാസം ലയണൽ മെസിയെ ആശ്വസിപ്പിച്ച് എതിർ ടീം താരം. ലീഗ്സ് കപ്പിൽ മെക്സിക്കൻ ക്ലബ്ബായ ലിയോണിനെതിരായ മത്സരത്തിനിടെയാണ് ലിയോണിന്‍റെ കൊളംബിയൻ പ്രതിരോധ താരം ജോഹാൻ റൊമാന മെസിയെ മൈതാനത്തുവെച്ച് സ്നേഹത്തോടെ കെട്ടിപ്പുണർന്നത്.
ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരക്രമം പുറത്തുവിട്ടു. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പുരുഷ-വനിതാ വിഭാഗങ്ങളിൽ ശക്തമായ നിരയുമായാണ് കളത്തിലിറങ്ങുന്നത്. വനിതകളുടെ മത്സരങ്ങൾ സെപ്റ്റംബർ 17-നും പുരുഷന്മാരുടേത് സെപ്റ്റംബർ 24-നും ആരംഭിക്കും.
