കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിക്കെതിരേ കർണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.തങ്ങളുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ് കോൺഗ്രസ്സ് പറയുന്നത്
നിലവിൽ പകർപ്പ് അവകാശ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് ബംഗളൂരു സിറ്റി സിവിൽ കോടതി ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ തത്ക്കാലത്തേക്ക് മരവിപ്പിക്കാനായിരുന്നു കോടതി നിർദ്ദേശം. വീണ്ടും കേസ് പരിഗണിക്കും വരെ അക്കൗണ്ട് മരവിപ്പിക്കാനാണ് നിർദ്ദേശം.
ഭാരത് ജോഡോ യാത്രക്കിടെ രാഹുൽഗാന്ധി പങ്കെടുത്ത പരിപാടിയുടെ വീഡിയോ കെജിഎഫ് 2 സിനിമയിലെ ഗാനത്തിന്റെ പശ്ചാത്തല സംഗീതം ചേർത്ത് കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ ഹാൻഡിലുകളിലൂടെയും ജയറാം രമേശ് അടക്കമുള്ളവരുടെ ട്വിറ്ററിലൂടെയും ഒക്കെ പങ്കുവെക്കപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി മ്യൂസിക് കംപോസർമാർ തന്നെയാണ് കോടതിയിൽ ഹർജി നൽകിയത്. ഇതേ തുടർന്നാണ് കോടതി ഉത്തരവിറക്കിയത് .