ഉയര്‍ന്ന അളവിലുള്ള ഉപ്പിന്റെ ഉപഭോഗം സ്ഥിരമായി കഴിച്ചാല്‍ ആമാശയ പാളിയെ നശിപ്പിക്കുകയും ഹെലിക്കോബാക്റ്റര്‍ പൈലോറി (എച്ച്. പൈലോറി) എന്ന ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ഇത് വയറ്റിലെ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിദിനം ഒരാള്‍ക്ക് ഉപയോഗിക്കാവുന്ന പരമാവധി ഉപ്പിന്റെ അളവ് അഞ്ച് ഗ്രാം ആണ്. എന്നാല്‍ ആഗോളതലത്തില്‍ പ്രതിദിനം ഒരാള്‍ ശരാശരി 9-12 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നുണ്ട്. അമിതമായ ഉപ്പ് ഉപഭോഗം ആമാശയത്തിലെ സംരക്ഷിത പാളിയെ നശിപ്പിക്കുന്നു. ഇത് കാലക്രമേണ വിട്ടുമാറാത്ത വീക്കത്തിനും കോശനാശത്തിനും കാരണമാകും. കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. ഉയര്‍ന്ന ഉപ്പിന്റെ ഉപഭോഗം ഹെലിക്കോബാക്റ്റര്‍ പൈലോറി എന്ന ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. അത് അള്‍സറിന് കാരണമാവുകയും കാന്‍സറിലേക്ക് നയിക്കുകയും ചെയ്യാം. ഉപ്പിലിട്ട അച്ചാര്‍, ഉണക്കമീന്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ നൈട്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലെ ആസിഡുമായി സംയോജിക്കുകയും അര്‍ബുദകാരികളായ സംയുക്തങ്ങളായി മാറുകയും ചെയ്യും. അമിതമായി ഉപ്പ് കഴിക്കുന്നത് കുടല്‍ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ മാറ്റിമറിച്ചേക്കാം. ഇത് ആമാശയത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
ഉയര്‍ന്ന അളവിലുള്ള ഉപ്പിന്റെ ഉപഭോഗം കാന്‍സര്‍ വരുത്തും
