സ്ത്രീകളില്‍ ഈസ്ട്രജന്റെ അഭാവം ഉണ്ടെങ്കില്‍ കൊറോണറി ആര്‍ട്ടറി ഡിസീസ് അഥവാ സിഎഡി വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ഇടുങ്ങുകയും കൊഴുപ്പ് അടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് കൊറോണറി ആര്‍ട്ടറി ഡിസീസ് എന്ന ഹൃദ്രോഗം. സമയത്തിനു ചികിത്സിച്ചില്ലെങ്കില്‍ ഹൃദയത്തിനും തലച്ചോറിനും രക്തവും ഓക്‌സിജനും ലഭിക്കാതെ ഹൃദ്രോഗമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആര്‍ത്തവമുള്ള 95 സ്ത്രീകളിലാണ് പഠനം നടത്തിയത്. അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം ഹോര്‍മോണിന്റെ അഭാവം മൂലം തടസ്സപ്പെടുന്നതാണ് സിഎഡിക്കുള്ള സാധ്യത കൂട്ടുന്നതെന്നു പഠനത്തില്‍ കണ്ടു. പഠനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ചെറുപ്പക്കാരികള്‍ ആയതിനാല്‍, ഹൃദ്രോഗസാധ്യതയ്ക്ക് കാരണം, പോഷകങ്ങളുടെ അഭാവം അതായത് അനൊറെക്‌സിയ, ബുളീമിയ പോലുള്ള ഈറ്റിങ് ഡിസോര്‍ഡര്‍, സ്‌ട്രെസ്, അണ്ഡാശയത്തിന് ആവശ്യമായ ഈസ്ട്രജന്‍ തലച്ചോറ് ഉല്‍പാദിപ്പിക്കാതിരിക്കുക (ഈ അവസ്ഥയാണ് ഹൈപ്പോതലാമിക് അമിനോറിയ), അമിത വ്യായാമം എന്നിവയാണെന്നും പഠനം പറയുന്നു. ഈ ഘടകങ്ങള്‍ എല്ലാം ചേരുമ്പോഴാണ് ഈസ്ട്രജന്റെ അഭാവം ബാധിക്കുന്നത്. ഈസ്ട്രജന്‍ ലെവല്‍ കുറഞ്ഞ സ്ത്രീകളില്‍, രക്തക്കുഴലുകളുടെ ആവരണമായ കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറവായിരിക്കും. സാധാരണ രക്തക്കുഴലുകള്‍ ചില പ്രത്യേക വസ്തുക്കളുമായി ഇടപെടുമ്പോള്‍ രക്തം കടന്നു പോകാനായി അത് വികസിക്കും. എന്നാല്‍ ഈസ്ട്രജന്‍ ലെവല്‍ കുറഞ്ഞ സ്ത്രീകളില്‍ ഇത് സംഭവിക്കുന്നില്ല. ഈ സ്ത്രീകളില്‍ ഈസ്ട്രജന്റെ അഭാവം, വളരെ ചെറിയ പ്രായത്തില്‍ തന്നെ ഹൈപ്പര്‍ടെന്‍ഷനും ഹൃദയത്തകരാറിനും കാരണമാകും.