കെടി ജലീലിനെതിരെ ആരോപണവുമായി വീണ്ടും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. മലയാളം സർവ്വകലാശാല ഭൂമി തട്ടിപ്പിന് കൂട്ട് നിൽക്കാത്തതിനെ തുടർന്നാണ് മുൻ വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ മാറ്റിയതെന്ന് പികെ ഫിറോസ് ആരോപിച്ചു. രവീന്ദ്രനാഥിനെ മാറ്റിയാണ് കെടി ജലീലിനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആക്കിയത് എന്നും ഫിറോസ് ആരോപിച്ചു.
അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ജാഗ്രത വേണമെന്നും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ കേസുകൾ തിരിച്ചറിയപ്പെടുന്നുണ്ട്. ഇതിലൂടെ കൃത്യമായ ചികിത്സ നൽകി രോഗം മാറ്റി കൊണ്ടുവരാനും സാധിക്കുന്നു. ഉറവിടം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യമില്ലെന്നും ഉറവിടം കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും വീണ ജോർജ്ജ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് സസ്പെൻഡ് ചെയ്ത് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയ കേസുകൾ ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ, അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ എന്ന് മുഖ്യമന്ത്രിയോട് രാഹുൽ ചോദിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് മർദ്ദിച്ച വിഷയത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
സ്ത്രീ ക്ലീനിക്കുകള്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കുള്ള സമര്‍പ്പണമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്താണ്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ ആരും അവഗണിക്കരുത്. ജീവിതത്തിന്റെ മുന്‍ഗണനയില്‍ ആരോഗ്യവും ഉള്‍പ്പെടണം. 6 മാസത്തിലൊരിക്കല്‍ ആരോഗ്യ പരിശോധന നടത്തണം എന്നും മന്ത്രി പറഞ്ഞു.
അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ട്രാഫിക് പൊലീസിന്റെ നിർദ്ദേശം മറികടന്ന് അമിതവേഗതയിൽ ബസ് ഒടിച്ച സംഭവത്തിലാണ് നടപടിയുണ്ടായത്. കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞമാസം 25ന് പെരിന്തൽമണ്ണ താഴെക്കോട് വെച്ചായിരുന്നു സംഭവം.
വെളിച്ചെണ്ണയുൾപ്പെടെ സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി. പി എസ് സുപാൽ എംഎൽഎയ്ക്ക് നൽകിയ മറുപടിയിലാണ് ഭക്ഷ്യ വകുപ്പുമന്ത്രി ജി ആർ അനിൽ ഇക്കാര്യം നിയമസഭയെ അറിയിച്ചത്.പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.
സമസ്ത മുശാവറ അംഗം ഡോ ബഹാഉദ്ദീന്‍ നദ്‌വിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് സിപിഎം പ്രാദേശിക നേതാവിനെ മഹല്ല് കമ്മിറ്റി ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി മടവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. അഖീല്‍ അഹമ്മദിനെയാണ് മടവൂര്‍ സിഎം മഖാം മഹല്ല് കമ്മിറ്റിയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്.
പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി പ്രസംഗവുമായി കെഎസ്‌യു കോഴിക്കോട് ജില്ല പ്രസിഡന്റ് വി ടി സൂരജ്. കോഴിക്കോട് ടൗൺ മുൻ എസിപി ബിജു രാജിന്റെയും കസബ മുൻ സിഐ കൈലാസ് നാഥിന്റെയും തലയടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി ഉയർത്തിയത്. കെഎസ്‌യുവിന്റെ സമരങ്ങളെ ഇനി തടയാൻ വന്നാൽ ഈ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് അക്രമങ്ങൾക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഉപവാസ സമരത്തിലാണ് വി ടി സൂരജ് ഭീഷണി പ്രസംഗം നടത്തിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണ ക്ഷാമമെന്ന് പരാതി. പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി കാർഡിയോളജി മേധാവി കത്ത് നൽകി. മെഡിക്കൽ കോളജ് സൂപ്രണ്ടിനാണ് കത്ത് നൽകിയത്.
കണ്ണനല്ലൂരിൽ എൽസി സെക്രട്ടറി സജീവിനെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് കോൺഗ്രസ്. മുഖ്യമന്ത്രി സഭയിൽ പറഞ്ഞ എഫ്ഐആർ നമ്പർ മറ്റൊരു കേസിൻ്റേതാണ്. തെറ്റായ കാര്യങ്ങൾ എഴുതിക്കൊടുത്ത് പൊലീസ് മുഖ്യമന്ത്രിയെ കബളിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ആവശ്യപ്പെട്ടു.
പാലക്കാട് പുതുപ്പരിയാരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് പൂച്ചിറ സ്വദേശി അനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അനൂപിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 10 നായിരുന്നു 29 കാരിയായ മീര എന്ന യുവതിയെ ഭർത്താവിന്‍റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജീവനക്കാർ പണിമുടക്കിയതോടെ തൃശ്ശൂർ നഗരത്തിൽ മൂന്ന് മണിക്കൂര്‍ വൈദ്യുതി മുടങ്ങി. വൈദ്യുതി വിഭാഗത്തിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതിനെതിരെയാണ് പണിമുടക്കിക്കൊണ്ട് ജീവനക്കാര്‍ സമരം ചെയ്തത്. 229 ജീവനക്കാരെ 103 ആക്കി കുറച്ചുകൊണ്ടുള്ള നടപടിക്കെതിരെയാണ് ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതോടെ തൃശ്ശൂർ കോർപറേഷൻ മേയറെ കോൺഗ്രസ് കൗൺസിലർമാർ തടഞ്ഞുവെച്ചു. 45,000 ഉപഭോക്താക്കളാണ് പണിമുടക്കിനെ തുടര്‍ന്ന് ദുരിതത്തിലായത്.
പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാലുപേർ അറസ്റ്റിലായി. കൽപ്പാത്തിയിൽ നിന്ന് വാഹന പരിശോധനയ്ക്കിടെയാണ് നാല് പേരെയും പിടികൂടിയത്. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടി, ഉമേഷ് മണ്ണാർക്കാട് സ്വദേശികളായ റാസിക്ക്, അനീഷ് എന്നിവരെയാണ് അറസ്റ്റിലായത്. ഉമേഷിന്റെ പോക്കറ്റിൽ നിന്നുമാണ് റൈഫിളിൽ ഉപയോഗിക്കുന്ന വെടിയുണ്ട കണ്ടെത്തിയത്.
കോട്ടയം വൈക്കം റോഡ് സ്റ്റേഷനിൽ ഗുഡ്സ് ട്രെയിന് മുകളിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. എറണാകുളം കുമ്പളം സ്വദേശി എസ് ആർ അദ്വൈത് ആണ് മരിച്ചത്. 18 വയസായിരുന്നു. ഈ മാസം 9 നാണ് ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി പാളം കടക്കുന്നതിനിടെ വിദ്യാർത്ഥിക്ക് ഷോക്കേറ്റത്.ഗുരുതരമായി പൊള്ളലേറ്റ അദ്വൈത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞത്.
പീച്ചി സ്റ്റേഷനിൽ വച്ച് ഹോട്ടൽ ഉടമയുടെ മകനയെും ജീവനക്കാരനെയും മർദ്ദിച്ച എസ്എച്ച്ഒ പിഎം രതീഷിന് സസ്പെൻഷൻ. അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന് രണ്ടര വർഷത്തിന് ശേഷമാണ് നടപടിയുണ്ടായത്. മര്‍ദ്ദന ദൃശ്യങ്ങള്‍ സഹിതം ന്യൂസ് അവർ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് ദക്ഷിണമേഖല ഐജിയുടെ നടപടി. സസ്പെൻഷനല്ല, രതീഷിനെ പിരിച്ചുവിടണമെന്ന് ഹോട്ടലുടമയും പരാതിക്കാരനായ ഔസേപ്പ് ആവശ്യപ്പെട്ടു.
കേരളത്തിൽ വീണ്ടും ഇടിമിന്നലോടെയുള്ള ശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ഇടിമിന്നലോടെ മഴ തിരിച്ചെത്തുമെന്നാണ് പ്രവചനം. ഇത് പ്രകാരം ഇന്ന് മുതൽ 3 ദിവസത്തേക്ക് ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ വിവിധ ജില്ലകളിൽ നാളെയും മറ്റന്നാളും യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ആലപ്പുഴ ഡിവൈഎസ്പി എം ആർ മധു ബാബുവിന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാ പത്രം. കുറുവാ സംഘത്തെ പിടികൂടി കേരളത്തിൽ എത്തിക്കാൻ പ്രവർത്തിച്ചതിന് സംഘത്തിലെ 18 പോലിസ് ഉദ്യോഗസ്ഥർക്കാണ് അംഗീകാരം ലഭിച്ചത്. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥർക്കാണ് പ്രശംസാ പത്രം. എന്നാൽ, ആലപ്പുഴ ഡിവൈഎസ്‍പിയായ എംആര്‍ മധുബാബു കടുത്ത ആരോപണങ്ങളുടെ നിഴലിൽ നിൽക്കുമ്പോഴാണ് ഈ പ്രശംസ തേടി എത്തുന്നത്.
കോഴിക്കോട് വില്യാപ്പള്ളിയിൽ ആർജെഡി നേതാവിനെ വെട്ടിയ കേസിലെ പ്രതി പിടിയിൽ.വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാലിനെയാണ് വടകര പൊലീസ് തൊട്ടിൽപ്പാലം കരിങ്ങാട് വെച്ച് പിടികൂടിയത്. ബെംഗളൂരുവിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി പൊലീസിൻ്റ പിടിയിലായത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ആര്‍ജെഡി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം.ടി.കെ സുരേഷിന് നേരെ ആക്രമണം നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റി ദില്ലി ഹൈക്കോടതി. ഒക്ടോബർ 28, 29 തീയ്യതികളില്‍ വാദം കേൾക്കാനാണ് മാറ്റിയത്. ഉച്ചയ്ക്ക് മൂന്നരയ്ക്ക് രണ്ട് ദിവസം വാദം കേൾക്കും.ഇടക്കാല ഉത്തരവുള്ളതിനാൽ സിഎംആര്‍എല്‍ കേസ് മാറ്റാൻ ശ്രമിക്കുകയാണെന്ന് എസ്എഫ്ഐഒ കോടതിയില്‍ പറഞ്ഞു.
റാപ്പർ വേടനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന കുടുംബത്തിന്‍റെ പരാതി തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. വേടന്‍റെ സഹോദരി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. വേടനെതിരെ തുടരെത്തുടരെ ക്രിമിനൽ കേസുകൾ വരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പരാതി. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറുകയായിരുന്നു.
ഗാസയിൽ രൂക്ഷമായ ഇസ്രയേൽ ആക്രമണം. ശക്തമായ കരയാക്രമണമാണ് ഗാസ മണ്ണില്‍ ഇസ്രയേല്‍ നടത്തിയത്. നഗരം പിടിച്ചെടുക്കാനാണ് കരസേനയുടെ നീക്കം. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു. പകൽ നടക്കുന്ന ആക്രമണങ്ങളിൽ വിവിധ ഇടങ്ങളിൽ മരണം റിപ്പോർട്ട് ചെയ്തു. ആക്രമണത്തില്‍ അറുപതിലേറെ പേരാണ് ഇന്ന് മാത്രം കൊല്ലപ്പെട്ടത്. ജീവന്‍ രക്ഷിക്കാന്‍ ജനങ്ങൾ പലായനം ചെയ്യുന്നുണ്ട്.
ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസില്‍ ശൂചീകരണ തൊഴിലാളി ചിന്നയ്യയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. ബെൽത്തങ്കടി കോടതിയുടേതാണ് തീരുമാനം. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കും എന്ന എസ്ഐടി വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്. ധർമസ്ഥല വെളിപ്പെടുത്തലിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന എന്ന സംശയത്തിലാണ് എസ്ഐടി.
ദില്ലി സർവകലാശാലയിൽ എൻഎസ്‌യുഐ-എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉണ്ടായ വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം അലങ്കോലമാക്കാൻ എബിവിപി പ്രവർത്തകർ മനപ്പൂർവ്വം വിദ്യാർത്ഥികളെ ആക്രമിച്ചതാണെന്ന് എൻഎസ്‌യുഐ ആരോപിച്ചു.
ഒന്നര മാസത്തെ കടുത്ത ഭിന്നതയ്ക്ക് ശേഷം ഇന്ത്യ അമേരിക്ക വ്യാപാര ചർച്ചകൾക്ക് വീണ്ടും തുടക്കമായി. അമേരിക്കൻ ഉപ വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് ദില്ലിയിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ കണ്ട് ചർച്ച നടത്തി. കാർഷിക ഉത്പന്നങ്ങളുടെ തീരുവ അടക്കമുള്ള വിഷയങ്ങൾ യുഎസ് ചര്‍ച്ചയില്‍ ഉന്നയിച്ചു. ഇന്ത്യ അമേരിക്കയോട് വിട്ടുവീഴ്ച ചെയ്യരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അസം സിവിൽ സർവീസ് (എസിഎസ്) ഉദ്യോഗസ്ഥയായ നൂപുർ ബോറയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വസതികളിൽ മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെൽ നടത്തിയ റെയ്ഡിൽ ഏകദേശം 2 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം താനാണ് വെടിനിർത്തൽ ചർച്ചകൾക്ക് നേതൃത്വം നൽകിയതെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയങ്ങളിൽ മൂന്നാം കക്ഷി ഇടപെടലിന് ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്നും ദാർ പറഞ്ഞു. ഇന്ത്യയുമായി ചർച്ചയ്ക്ക് പാകിസ്ഥാൻ തയ്യാറാണെങ്കിലും ഇന്ത്യ അതിന് പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂയോർക്ക് ടൈംസ് പത്രത്തിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 15 ബില്യൻ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് മാനനഷ്ട കേസ് നൽകിയത്. നിരന്തരം അപകീർത്തികരമായ വാർത്തകൾ നൽകുന്നു എന്ന് ആരോപിച്ചാണ് കേസ് നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കമല ഹാരിസിനെ പിന്തുണച്ച ടൈംസിന്റെ മുഖപ്രസംഗം എടുത്തുകാട്ടിയ ട്രംപ് ടൈംസിന്റെ നാല് റിപ്പോർട്ടർമാരെയും ഉൾപ്പെടുത്തിയാണ് കേസ് കൊടുത്തിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ ബഹാവൽപൂർ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി ഭീകര സംഘടന ആദ്യമായി സമ്മതിച്ചു. വൈറലായ ഒരു വീഡിയോയിൽ, ജെയ്‌ഷ് കമാൻഡർ മസൂദ് ഇല്യാസ് കശ്മീരി സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം സംസാരിക്കുന്നുണ്ട്. ഭീകര സംഘടനയ്ക്കുണ്ടായ നഷ്ടങ്ങൾ കശ്മീരി തുറന്നു സമ്മതിച്ചു. മെയ് ഏഴിന് ബഹാവൽപൂരിലെ ജമിയ മസ്ജിദ് സുബ്ഹാൻ അല്ലാഹ് എന്ന ജെയ്‌ഷ് ആസ്ഥാനത്ത് ഇന്ത്യ നടത്തിയ ആക്രമണത്തിൽ അസറിന്റെ കുടുംബം ‘ചിതറിപ്പോയി’ എന്ന് കശ്മീരി പറഞ്ഞു.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പാക് സൈനിക മേധാവി അസിം മുനീറും കൂടിക്കാഴ്ചയിൽ പങ്കെടുക്കുമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എഴുപത്തിയഞ്ചാം ജന്മദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി 21 ഭാഷകളിൽ ഗാനം തയ്യാറാക്കി ഡല്‍ഹി സർക്കാർ. സെപ്റ്റംബര്‍ പതിനേഴിനാണ് പ്രധാന മന്ത്രിയുടെ ജന്മദിനം. സാമൂഹികമാധ്യമമായ എക്‌സിലാണ് രേഖ ഗുപ്ത ഗാനം പങ്കു വെച്ചത്.
ബിഹാറിൽ മഹാസഖ്യത്തിന് യാതൊരുതരത്തിലുള്ള ആശയക്കുഴപ്പവും ഇല്ലെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. സമയമാകുമ്പോൾ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാല്യകാലത്തെക്കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബി.ജെ.പി തയ്യാറെടുക്കുകയാണ്.