ലോകത്തില്‍ ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമായി ആന്റി-ബാക്ടീരിയല്‍ പ്രതിരോധം ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. 2019-ല്‍ മാത്രം ഏതാണ്ട് 495 ദശലക്ഷം ജീവനാണ് ബാക്ടീരിയല്‍ എഎംആറുമായി ബന്ധപ്പെട്ട് ഉണ്ടായ രോഗങ്ങളെ തുടര്‍ന്ന് നഷ്ടപ്പെട്ടത്. ബാക്ടീരിയ, ഫംഗസ്, വൈറസ്, പാരസൈറ്റ് പോലുള്ള രോഗാണുക്കള്‍ ആന്റിബയോട്ടിക്കുകളെ ഫലപ്രദമായി ചെറുക്കുമ്പോഴാണ് ആന്റിബാക്ടീരിയല്‍ പ്രതിരോധം ശക്തമാകുന്നത്. ഇത് അവയെ നശിപ്പിക്കുന്നതും അവ മൂലമുണ്ടാകുന്ന രോഗാവസ്ഥകള്‍ കുറയ്ക്കുന്നതും പ്രയാസമുള്ളതാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോഴിതാ ഐബുപ്രൊഫെന്‍, പാരസെറ്റാമോള്‍ പോലുള്ള സാധാരണ മരുന്നുകള്‍ രോഗാണുക്കള്‍ക്ക് ആന്റിബാക്ടീരിയല്‍ പ്രതിരോധം പ്രാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സൗത്ത് ഓസ്ട്രേലിയ സര്‍വകലാശാലയിലെ ക്ലിനിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ആന്റിബയോട്ടിക് ഇതര മരുന്നുകളും സാധാരണ ചര്‍മ്മ, കുടല്‍, മൂത്രനാളി അണുബാധകള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ആയ സിപ്രോഫ്‌ലോക്‌സാസിന്റെയും കുടലിലും മൂത്രനാളിയിലും അണുബാധ ഉണ്ടാക്കുന്ന സാധാരണ ബാക്ടീരിയയായ എസ്‌ഷെറിച്ചിയ കോളി (ഇ. കോളി) എന്നിവയുടെ പ്രതിപ്രവര്‍ത്തനം ഗവേഷകര്‍ വിലയിരുത്തി. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന് പുറമെ ആന്റിമൈക്രോബയല്‍ അല്ലാത്ത മരുന്നുകളും എഎംആറിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഇതിനര്‍ഥം, ഈ മരുന്നുകള്‍ പൂര്‍ണമായും ഒഴിവാക്കണം എന്നല്ല, മറിച്ച് അവ ആന്റിബയോട്ടിക്കുകളുമായി എങ്ങനെ ഇടപഴകുന്നു എന്നതിനെക്കുറിച്ച് നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായിരിക്കുന്നുവെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.