ഗര്‍ഭകാലത്ത് അമ്മമാര്‍ പാരസെറ്റമോള്‍ കഴിക്കുന്നത് കുഞ്ഞിന് ഓട്ടിസം, ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ തുടങ്ങിയ നാഡീ സംബന്ധ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ബയോമെഡ് സെന്‍ട്രലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഗര്‍ഭിണികള്‍ക്ക് പാരസെറ്റമോള്‍ മരുന്നുകള്‍ പൊതുവെ സുരക്ഷിതമെന്നാണ് കണക്കാക്കുന്നത്. ഗര്‍ഭകാലത്ത് തലവേദന, പനി, വേദന എന്നിവ കൈകാര്യം ചെയ്യുന്നതിന് പാരസെറ്റമോള്‍ അഥവാ അസറ്റാമിനോഫെന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പ്രസവത്തിന് മുന്‍പുള്ള അസറ്റാമിനോഫെന്‍ ഉപയോഗം ഓട്ടിസത്തിന്റെയും എഡിഎച്ച്ഡിയുടെയും അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുഎസിലെ മൗണ്ട് സിനായിലെ ഇക്കാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരുടെ പഠനത്തില്‍ പറഞ്ഞു. ഒന്നിലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത 46 പഠനങ്ങളെ ഗവേഷകര്‍ വിശകലനം ചെയ്ത പുതിയ പഠനമാണ് പുറത്തു വന്നിരിക്കുന്നത്. പാരസെറ്റമോള്‍ ഗര്‍ഭിണികളില്‍ പ്ലാസന്റല്‍ പാളിക്കുള്ളിലേക്ക് കടക്കുകയും ഇത് ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തിന് കാരണമാകുകയും ഹോര്‍മോണുകളെ തടസ്സപ്പെടുത്തുകയും കുഞ്ഞിന്റെ മസ്തിഷ്‌ക വികാസത്തെ തടസ്സപ്പെടുത്തുന്ന എപ്പിജെനെറ്റിക് (ജീന്‍ സ്വഭാവം നിരീക്ഷിക്കാവുന്ന സ്വഭാവവിശേഷങ്ങള്‍ക്ക് കാരണമാകുന്നു) മാറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്‌തേക്കാം എന്ന് ഗവേഷകര്‍ വിശദീകരിച്ചു.