സമൂഹമാധ്യമങ്ങളില്‍ വൈറലായി കെഎസ്ആര്‍ടിസി ബസിന്റെ ചിത്രങ്ങള്‍. ടൂറിസ്റ്റ് ബസുകളെ വെല്ലുന്ന സ്‌റ്റൈലിലാണ് പുതിയ ബസുകള്‍ കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. പ്രകാശില്‍ നിര്‍മിച്ച പുതിയ കെഎസ്ആര്‍ടിസി ബസ് ചിത്രങ്ങള്‍ എന്ന തലക്കെട്ടോടെയാണ് പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ത്രിവര്‍ണ പതാകയുടെ നിറങ്ങളും കഥകളിയുടെ ഗ്രാഫിക്‌സും പുതിയ ബസിന് നല്‍കിയിട്ടുണ്ട്. പ്രകാശിന്റെ ക്യാപെല്ല ബോഡിയിലാണ് ഈ ബസുകള്‍ നിര്‍മിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ഹൈബ്രിഡ് ബസുകള്‍ എന്ന് വിശേഷിപ്പിക്കുന്ന സ്ലീപ്പര്‍ കം സീറ്റര്‍ സംവിധാനത്തിലാണ് ഈ ബസുകളുടെ ഉള്‍വശം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുകളില്‍ രണ്ട്, ഒന്ന് ക്രമീകരണത്തില്‍ സ്ലീപ്പറും താഴെ പുഷ് ബാക്ക് സീറ്റുകളും ഒരുക്കിയിരിക്കുന്നു. ലെയ്ലാന്‍ഡിന്റെ 13.5 മീറ്റര്‍ നീളമുള്ള ഗരുഡ ഷാസിയിലാണ് ബസ് നിര്‍മിക്കുന്നത് എന്നാണ് കരുതുന്നത്. 5.33 ലീറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബോ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 185 കിലോവാട്ട് കരുത്തും 900 എന്‍എം ടോര്‍ക്കുമുണ്ട്. ഓണത്തിന് മുന്നോടിയായി പുതിയ ബസുകള്‍ നിരത്തുകളില്‍ ഇറങ്ങുമെന്നാണ് വിവരം.